TopTop
Begin typing your search above and press return to search.

പി.സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍ അത് തകര്‍ക്കപ്പെടുക തന്നെ വേണം

പി.സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍ അത് തകര്‍ക്കപ്പെടുക തന്നെ വേണം

തലപ്പലം പഞ്ചായത്തില്‍ കൊലവളവെന്നൊരു സ്ഥലമുണ്ട്. അവിടെ പതിനെട്ടാന്മാര്‍ എന്നൊരു സംഘമുണ്ട്. ക്രിസ്ത്യാനികളുടെ വലിയൊരു വിശേഷാവസരമാണ് പേപ്പറത്ത. അന്ന് ഈ പതിനെട്ടാന്മാരെല്ലാവരും ഒരുമിച്ചുകൂടും. എന്നിട്ട് തങ്ങളുടെ എതിരാളികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയങ്ങു കുത്തിക്കൊല്ലും. ഇനിയാരെയും കിട്ടിയില്ലെങ്കില്‍ ഈ പതിനെട്ടു പേരും കൂടിച്ചേര്‍ന്ന് കുറിയിടും. കുറി വീഴുന്നയാളെ ബാക്കിയുള്ളവര്‍ കുത്തിക്കൊല്ലും. ഇങ്ങനെയൊക്കെയുള്ള ഒരുനാട്ടിലെ എംഎല്‍എ ആണ് ഞാന്‍.

പി സി ജോര്‍ജ് തന്നെ ഒരിക്കല്‍ പറഞ്ഞ കാര്യമാണ്. ഒരു വീരസ്യം പറച്ചില്‍. ഇന്നിപ്പോള്‍ തുടര്‍ച്ചയായി പി സി നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ പതിനെട്ടാന്മാരേക്കാള്‍ ഭീകരനാണ് പൂഞ്ഞാര്‍ എംഎല്‍എ എന്നു തോന്നുകയാണ്. പി സിയുടെ കത്തി (അതോ തോക്കോ) സ്വന്തം നാവാണ്. അതുകൊണ്ട് ആരെയെങ്കിലുമൊക്കെ എന്നും കുത്തിക്കൊണ്ടിരിക്കണം ജോര്‍ജിന്. ഇപ്പോള്‍ അതിനിരിയായിക്കൊണ്ടിരിക്കുന്നത് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും ആ പെണ്‍കുട്ടിക്ക് പിന്തുണയുമായി നില്‍ക്കുന്നവരുമാണ്; വനിത കമ്മിഷന്‍ ഉള്‍പ്പെടെ.

ഒരു പെണ്‍കുട്ടി, അതിക്രൂരമായ രീതിയില്‍ പീഢിപ്പിക്കപ്പെടുന്നു. എന്നാല്‍ തനിക്കു നേരിട്ട അക്രമത്തില്‍ തകര്‍ന്നുപോകാതെ അവര്‍ തന്നെ ആക്രമിച്ചവരെയും അതിനു ഗൂഡാലോചന നടതിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊരുതി നിന്നു. പൊതുസമൂഹവും സഹപ്രവര്‍ത്തകരില്‍ ചിലരും നല്‍കിക്കൊണ്ടിരിക്കുന്ന ഉറച്ച പിന്തുണയിലാണ് അവരുടെ പോരാട്ടം. പക്ഷേ, ഇതുവരെ അവര്‍ കാണിച്ച ധൈര്യം ചോര്‍ന്നുപോകുന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അയച്ച കത്ത്. അതിലവര്‍ പരാതിപ്പെടുന്നത് 28,000 ല്‍ അധികം വോട്ടുകള്‍ നേടി ജയിച്ചവനെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വിളിച്ചു കൂവുന്ന ഒരു ജനപ്രതിനിധിക്കെതിരേയാണ്. താന്‍ ആത്മഹത്യ ചെയ്യണോ എന്നവരെക്കൊണ്ട് ചോദിപ്പിക്കുന്നതില്‍ വരെയെത്തി പി സിയുടെ ജല്‍പ്പനങ്ങള്‍. അയാളുടെ ന്യായം താന്‍ നിരപരാധിയാണെന്നു വിശ്വസിക്കുന്ന ഒരു നടനെ ജയിലില്‍ ഇട്ടിരിക്കുന്നതിനെതിരെയാണ് പറയുന്നതും ചെയ്യുന്നതെന്നുമാണ്. പക്ഷേ ഒരു മനുഷ്യജീവിതത്തില്‍ നേരിടേണ്ടി വന്നതില്‍ വച്ച് ഏറ്റവും ക്രൂരമായ ദുരന്തത്തിന് ഇരയായിട്ടും പിടിച്ചു നിന്നു പോരാടാന്‍ തയ്യാറായി എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി തീര്‍ന്ന ഒരു പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്തുകൊണ്ടാണ് പി സി ജോര്‍ജ് എന്ന, ഭരണഘടനാനുസൃതമായൊരു പദവി വഹിക്കുന്നയാള്‍ നടത്തുന്ന 'നീതി വിളംബരം' എന്നതാണ് അശ്ലീലം.

ഒരു തവണയല്ല, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്. ബലാത്സംഗ കേസുകള്‍ കോടതിയില്‍ വരുമ്പോള്‍ ഇരയോട് പ്രതിഭാഗം വക്കീല്‍ ചോദിക്കുന്ന കുറെ ചോദ്യങ്ങളും സംശയങ്ങളുമുണ്ടല്ലോ. പല സംഭവങ്ങളിലും കേസും കൂട്ടവുമൊന്നും വേണ്ടെന്ന് ഇരകളായവര്‍ക്ക് തോന്നുന്നത് ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്. വീണ്ടും പീഡിപ്പിക്കപ്പെടുന്നതിന് തുല്യമാണ് ആ അവസ്ഥയെന്ന് അവര്‍ പറയും. ഇവിടെ അതുപോലൊരു വക്കീലായി നിന്നാണ് പി സിയും ആ പെണ്‍കുട്ടിയെ വേട്ടയാടുന്നത്. തന്റെ സംശയങ്ങള്‍ ഉയര്‍ത്തുകയാണെന്നാണ് പറയുന്നത്. പീഢനത്തിനിരയായ ഒരു പെണ്ണ് പിറ്റേദിവസം ജോലിക്കു പോകുമോയെന്നാണ് അതിലൊന്ന്. നിങ്ങളുടെ എവിടെയൊക്കെ പിടിച്ചു, എന്തൊക്കെ ചെയ്തു, എത്രനേരം, ആരൊക്കെ, എങ്ങനെയൊക്കെ എന്ന് ചോദിക്കുന്ന വക്കീലിന്റെ വഷളന്‍ ചോദ്യങ്ങള്‍ പോലെ. ആ പെണ്‍കുട്ടിയുടെ വിശ്വാസ്യതയെയാണ് ജോര്‍ജ് തന്റെ നിയന്ത്രണമില്ലാത്ത നാവിനാല്‍ തച്ചുടയ്ക്കാന്‍ നോക്കിയത്.

പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് പൂഞ്ഞാറില്‍ ഒരുപക്ഷേ ഇപ്പോഴും പുലിയെന്നൊക്കെ തന്നെയായിരിക്കാം അറിയപ്പെടുന്നത്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ, ആ മണ്ഡലത്തില്‍ നിന്നും ജയിച്ചു വരാന്‍ കഴിയുമ്പോള്‍ ഒന്നുമില്ലെങ്കില്‍ സ്വയമെങ്കിലും പുലിയെന്നു വിശേഷിപ്പിക്കാന്‍ ജോര്‍ജിന് അവകാശമുണ്ട്. എന്നാല്‍ ആ 'പുലിത്തരം' കേരളത്തിലെ എല്ലാ ജനങ്ങളുടെമേലും പ്രയോഗിക്കാന്‍ മാത്രമൊന്നും ഒരു രാഷ്ട്രീയ ഇടനിലക്കാരന്‍ മാത്രമായ ജോര്‍ജിന് കഴിയില്ല. എന്നിട്ടും കുറെ കാലങ്ങളായി അയാള്‍ പലരോടും പുലയാട്ട് നടത്തുന്നു. തോക്കെടുത്ത് ഭീഷണിപ്പെടുത്തുന്നു, ചാനല്‍ മുറികളില്‍ വന്നിരുന്ന് നുണകളും വ്യാജ അവകാശങ്ങളും നടത്തുന്നു. പൊതുസമൂഹത്തില്‍ പലവട്ടം അപമാനിതനായിട്ടും പി സി ജോര്‍ജ് ഇപ്പോഴും വിശ്വസിക്കുന്നത് താന്‍ രാഷ്ട്രീയ കേരളത്തിലെ ഒരു അവതാരമാണെന്നാണ്. ഇടപെടാത്ത വിഷയങ്ങള്‍ ഇല്ല. അഴിമതിയാണെങ്കിലും ഗൂണ്ടായിസമാണെങ്കിലും പീഢനമാണെങ്കിലുമൊക്കെ അതിലൊക്കെ ഒരു പി സി എഫക്ട് ഉണ്ടാക്കി ആളാകാന്‍ നോക്കുകയും അവസാനം അപഹാസ്യനാവുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ജോര്‍ജിന്റെ വിജയം എവിടെയാണെന്നോ, അയാള്‍ ഇങ്ങനെ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നിടത്ത്.

2013 ല്‍, അന്ന് മന്ത്രിയായിരുന്ന ഗണേശ് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളിലും പതിവുപോലെ ഇടപെട്ട് നില്‍ക്കുന്ന സമയം. ഗൗരിയമ്മ തനിക്കെതിരേ നടത്തിയ പരാമര്‍ശത്തിനു മറുപടിയായി പി സി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ നടത്തിയ പ്രതികരണം കേരളം മറന്നു കാണില്ല; 'തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടുള്ള കിഴവിയാണ് എനിക്കെതിരേ പറയുന്നത്. തന്തയില്ലാത്ത ഏര്‍പ്പാടാണ് ആ.... എനിക്കെതിരേ ചെയ്തത്. ഗൗരിയമ്മ ഇടതുപക്ഷ മന്ത്രിയാ അന്ന്. രണ്ടായിരം രൂപ എന്നൊക്കൊണ്ടു കൊടുപ്പിച്ചു. തീര്‍ത്തെന്ന്... അവടമ്മേ കെട്ടിക്കാന്‍. ടി.വി. തോമസ് വഴിനീളെ ... നടന്നതുപോലെ പി.സി. ജോര്‍ജ് നടക്കുമോ? ടി.വി തോമസിനു വഴിനീളെ മക്കളുണ്ട് എനിക്കറിയാം. ഞാന്‍ ആകെ ചെയ്ത തെറ്റെന്നാ. രാജ്യം മുഴുവന്‍ നടന്ന് പെണ്ണുപിടിച്ച് നടക്കുന്ന... മോന്‍ ഇവനാണെന്നു പറഞ്ഞുപോയതാണോ'. ഇതു പറയുമ്പോഴും ജോര്‍ജ് എംഎല്‍എ ആയിരുന്നു.ഇന്നിപ്പോള്‍ ആ പെണ്‍കുട്ടിയെ പരിഹസിക്കുമ്പോഴും ജോര്‍ജ് സാമാജികനാണ്. ജോര്‍ജിന്റെ വിജയവും അതല്ലേ.

ഏതെങ്കിലും രാഷ്ട്രീയ മുന്നണിയുമായി ബന്ധമുള്ളപ്പോഴും ഭരണാധികാരികളുടെ പ്രീതിയുണ്ടായിരുന്നപ്പോഴും ഇതൊന്നും ഇല്ലാതിരിക്കുമ്പോഴും ഒരുപോലെ 'തോന്ന്യാസങ്ങള്‍' കാണിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ പൂഞ്ഞാറില്‍ മാത്രമല്ല, നമ്മുടെ രാഷ്ട്രീയ-ഭരണാധികാരികള്‍ക്കിടയിലും ജോര്‍ജിന്‌ ഒരു പുലി ഇമേജ് ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ ഇനിയെങ്കിലും അയാളെ നിയന്ത്രിക്കണം.

രാഷ്ട്രീയക്കാരെയും സര്‍ക്കാരിനെയും വിടാം. അവര്‍ സ്വജനപക്ഷപാതം നടത്താം. പക്ഷേ മാധ്യമങ്ങള്‍ എങ്കിലും ജോര്‍ജിനെ എതിര്‍ക്കാന്‍ തയ്യാറാകണം. അയാളെ ഇനിയും ഒരു ബ്രേക്കിംഗ് എലമെന്റ് ആയി കാണരുത്. പൊങ്ങച്ചം പറച്ചിലും ഭത്സനങ്ങളും കൂടി നിന്നു കേട്ടു ചിരിക്കരുത്. ജോര്‍ജ് ഒരു സ്റ്റാര്‍ ഒന്നുമല്ല. അതിനാണ് ശ്രമിക്കുന്നതെങ്കിലും. അതിനയാളെ സഹായിക്കരുത്. കാരണം ആ വഴി ശരിയല്ല. ഏതാണ് ആ നടി? ആരാണ് ഈ ഇര? എനിക്കറിയില്ലല്ലോ എന്ന് പരിഹാസപൂര്‍വം ഇന്ന് എത്ര തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ നിന്ന് ജോര്‍ജ് വിളിച്ചുകൂവിയത്. അതു കേട്ടു നിന്നതല്ലാതെ, ഒരാള്‍ക്കുപോലും ആലപ്പുഴയില്‍ തൊട്ട് ഇന്നുവരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ പെണ്‍കുട്ടിക്കെതിരേ നടത്തിയ പ്രസ്താവനകള്‍ പിന്നെ ആരെ ഉദ്ദേശിച്ചായിരുന്നുവെന്ന് ചോദിക്കാമായിരുന്നു. പി സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍, അത് തകര്‍ക്കപ്പെടുക തന്നെ വേണം. അതുകൊണ്ട് മാധ്യമങ്ങളെങ്കിലും അയാള്‍ക്കു മുന്നില്‍ നിശബ്ദരാകരുത്.


Next Story

Related Stories