UPDATES

ട്രെന്‍ഡിങ്ങ്

എന്ത് കല, എന്ത് കലോത്സവം, എന്ത് സൌഹൃദം; സ്വരാജ് റൗണ്ടില്‍ കണ്ണുരുട്ടുന്ന (സദാചാര) പോലീസ്

ലോകത്തെ മുഴുവന്‍ സദാചാരവും സംരക്ഷിക്കുന്നവര്‍ തങ്ങളാണ് എന്ന് നമ്മുടെ പോലീസ് സേനയ്ക്ക് തോന്നാറുണ്ടല്ലോ. ആ തോന്നല്‍ ദൃഢമാവുകയാണ് അവര്‍ക്കിടയില്‍ ഈ കലോത്സവ കാലത്ത്

നിങ്ങള്‍ തൃശൂരില്‍ പോയിട്ടുണ്ടോ? തേക്കിന്‍കാട് മൈതാനം കണ്ടിട്ടുണ്ടോ? ഒരു തവണയെങ്കിലും വടക്കുംന്നാഥനെ വലംവെച്ച് മൈതാനത്തിലൂടെ നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ കാണാം മൈതാനത്ത് പലയിടത്തായി മരച്ചുവടുകളില്‍ ചങ്ങാതിക്കൂട്ടങ്ങള്‍. ചിലയിടത്ത് ചീട്ടുകളി സംഘങ്ങള്‍, ചുറ്റിലും കളി കണ്ടും ആവേശം പകര്‍ന്നും കാഴ്ചക്കൂട്ടം. പൂരത്തിന് വടക്കുന്നാഥന്റെ അനുമതി വാങ്ങി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മതിലകം വിട്ട് പുറത്തിറങ്ങുന്ന തെക്കേ ഗോപുരനടയില്‍ എപ്പോഴും കാണാം പ്രണയവും സൗഹൃദവും പങ്കിട്ട് പലര്‍. സ്വവര്‍ഗ്ഗ രതി ആഗ്രഹിക്കുന്നവരും ലൈംഗിക തൊഴിലാളികളും ഏതു നഗരത്തിലും എന്നതുപോലെ ഇവിടെയും കാണാം. എന്നാല്‍, അവരവരുടെ ഇടങ്ങളില്‍ വ്യാപൃതരാവുക എന്നതില്‍ കവിഞ്ഞ് അപരന്റെ ആനന്ദം അപഹരിക്കല്‍ ആരുടെയും ലക്ഷ്യമാകാറില്ല. എന്നാല്‍, അതിപ്പോള്‍ സംഭവിക്കുന്നു. ലോകത്തെ മുഴുവന്‍ സദാചാരവും സംരക്ഷിക്കുന്നവര്‍ തങ്ങളാണ് എന്ന് നമ്മുടെ പോലീസ് സേനക്ക്, പ്രത്യേകിച്ച് വനിതാ പോലീസ് അംഗങ്ങള്‍ക്ക് ഇടക്കിടെ തോന്നാറുണ്ടല്ലോ. ആ തോന്നല്‍ ദൃഢമാവുകയാണ് അവര്‍ക്കിടയില്‍ ഈ കലോത്സവ കാലത്ത്.

മൈതാനത്തെ മരച്ചുവടുകളില്‍ ഒന്നിച്ചിരുന്ന് ചിരിയും കളിയും പൊതിച്ചോറും പങ്കിടുന്ന ആണ്‍, പെണ്‍ വിദ്യാര്‍ത്ഥി കൂട്ടങ്ങളെ വീട്ടിലേക്ക് ആട്ടിപ്പായിക്കാന്‍ തിരക്ക് കൂട്ടുകയാണ് വനിതാ പോലീസ് അംഗങ്ങളില്‍ ചിലര്‍. കലോത്സവം കാണാന്‍ വന്നാല്‍ മത്സരയിനങ്ങള്‍ കണ്ട് ഉടന്‍ തിരിച്ചു പോകണം എന്നാണ് കല്‍പ്പന. അടുത്തിരിക്കാനോ സ്പര്‍ശിക്കാനോ പാടില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് മീതെ നിരീക്ഷണം ശക്തമാണ്. ഔദ്യോഗികമായ ഉത്തരവ് ഒന്നുമല്ല, അപ്രകാരം തെറ്റിദ്ധരിക്കേണ്ടതില്ല. വനിത പോലീസ് സേനയിലെ ചിലര്‍ക്ക് മാത്രമാണ് ചൊറിച്ചില്‍. കൂട്ടത്തില്‍ ഒരു വനിതാ പോലീസ് അംഗത്തിന്റെ നിരീക്ഷണ ദൃശ്യങ്ങള്‍ ഒരു മാധ്യമം പുറത്തു വിട്ടതോടെയാണ് തേക്കിന്‍കാട് മൈതാനത്തിലെ സദാചാര പോലീസിംഗ് ചര്‍ച്ചയായത്.

അടുത്തിരിക്കാനും ഉമ്മ വയ്ക്കാനും പോലീസിനെ പേടിക്കേണ്ട ഗതികേടേ, നിന്റെ പേരാണ് കേരളം

കലോത്സവത്തില്‍ എന്തായാലും മത്സരത്തില്‍ വിജയിക്കുന്നവര്‍, അവര്‍ ആണും പെണ്ണുമെങ്കില്‍ ആഹ്ലാദ പ്രകടനം നിയന്ത്രിക്കാന്‍ ശ്രമിക്കും. തിരുവനന്തപുരത്ത് ഒന്ന് കെട്ടിപ്പിടിച്ചതിന്റെ കുഴപ്പം തീര്‍ന്ന് വരുന്നതേയുള്ളൂ. ഇതിപ്പോള്‍ അതല്ല പ്രശ്‌നം. മത്സരത്തില്‍ പങ്കെടുക്കുന്നവരോ, കാണാന്‍ വന്നവരോ ആകട്ടെ, അടുത്തിരുന്നാല്‍, വിരലുകള്‍ കോര്‍ത്താല്‍ വനിത പോലീസിന്റെ പിടി വീഴും. എത്രയോ തവണ കേരളം എഴുതുകയും ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു ഈ വിഷയം. എന്നിട്ടും സ്‌ക്കൂളില്‍ ആശാന്മാരും പുറത്ത് പോലീസും തുടരുന്ന ഈ തോന്ന്യാസത്തോട് ഇനിയുമെങ്ങനെ പ്രതികരിക്കാനാണ്?

കൂടിയിരിക്കുന്നവരില്‍ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തി വിശദമായ ചോദ്യം ചെയ്യലാണ്. എവിടെ നിന്ന് വരുന്നു, എവിടെ പഠിക്കുന്നു, എന്തിന് ഇവിടെയിരിക്കുന്നു തുടങ്ങി ചോദ്യങ്ങള്‍ നീളും. മറുപടി തൃപ്തികരമല്ലെങ്കില്‍ കണ്ണുരുട്ടലും രക്ഷിതാവിനെ വിളിച്ചു വരുത്തുമെന്ന ഭീഷണിയും. വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കല്‍ നല്ല കാര്യം. പക്ഷെ, ഒന്നിച്ചിരിക്കുന്നവര്‍ എല്ലാം അപകടകാരികള്‍ എന്ന മട്ടിലുള്ള ഈ പോലീസിംഗ് അനുവദിക്കാനാകില്ല, അതും തേക്കിന്‍കാട്ടില്‍, ‘സദാചാരം സദാ ചാര’മായി മാറുമോ എന്നെഴുതിയ മുല്ലനേഴി മാഷിന്റെ സ്വന്തം തട്ടകത്തില്‍.

‘രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?’ തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയിലും സദാചാര പോലീസിന്റെ ചോദ്യം

നടരാജനാണ് വടക്കുംന്നാഥന്‍. തൊട്ടപ്പുറത്ത് തിരുവമ്പാടി കണ്ണനും ഇപ്പുറം പാറമേക്കാവിലമ്മയും. നാദവും വാദ്യവും മേളവും ഒന്നിക്കുന്നിടം. മധുരം പൊഴിയും മഠത്തില്‍വരവും ഇരമ്പമായി ഇലഞ്ഞിത്തറ മേളവും സംഗമിക്കുന്നിടം. പകല്‍ വെയിലിന്റെ പഞ്ചാരിയില്‍, രാവിന്റെ തീവെട്ടി പ്രഭയില്‍ കലയും കാലവും കൈ കോര്‍ക്കുമ്പോള്‍ വെറുതെ എന്തിനീ അപസ്വരങ്ങള്‍ എന്നൊരു നിമിഷം ഓര്‍ക്കൂ, സ്വരാജ് റൗണ്ടിലെ കണ്ണുരുട്ടല്‍ മതിയാക്കൂ.

ഒന്നിച്ചിരിക്കുന്ന രണ്ടു പേർക്കിടയിൽ നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന അകലമെത്രയാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍