Top

മിസ് കുമാരിയുടെ കൊലപാതകം മുതൽ അഭയ കേസ് വരെ: അന്തരിച്ച ഫോറൻസിക് സർജൻ ഡോ. ഉമാദത്തന്റെ ജീവിതം

മിസ് കുമാരിയുടെ കൊലപാതകം മുതൽ അഭയ കേസ് വരെ: അന്തരിച്ച ഫോറൻസിക് സർജൻ ഡോ. ഉമാദത്തന്റെ ജീവിതം
മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാ കേസ് വരെയുള്ള സംഭവങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചതുകൊണ്ടുവരാന്‍ സഹായിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ. ബി ഉമാദത്തന്‍ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രമാദമായ പല കൊലപാതക കേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ പോലീസിനെ സഹായിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍, കേരളാ പൊലീസിന്റെ മെഡിക്കല്‍ ലീഗല്‍ വിദഗ്ധന്‍, തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ച ശേഷവും പല കേസുകളിലും പൊലീസിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നു.

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഡോ ബി ഉമാദത്തന്റെ പുസ്തകം ശ്രദ്ധനേടിയിരുന്നു. നാല്പത്തിയൊന്ന് അദ്ധ്യായങ്ങളിലായി തന്റെ അനുഭവക്കുറിപ്പുകള്‍ അദ്ദേഹം പുസ്തകത്തില്‍ അവതരിപ്പിച്ചിരുന്നത്.

'മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ.' പുസ്തകത്തിന്റെ മുഖവുരയിലെ വാക്കുകളാണിത്. ജീവിതത്തിന്റേയും മരണത്തിന്റേയും നിഗൂഢതകളെ കണ്ടെത്തിയ ഈ പുസ്തകം മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

10 മിനിറ്റിനകം ശരീരത്തിനുള്ളിലെ എല്ലാ കാര്യങ്ങളും അറിയാനാവും. എന്ത് വിഷമാണ് ശരീരത്തിലെത്തിയത്. എത്രത്തോളം അളവില്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ട് എന്നോക്കെ അറിയാന്‍ കഴിയും. എന്നാല്‍ ഇവിടെ ദിവസങ്ങളോളം കഴിഞ്ഞാലും റിപ്പോര്‍ട്ട് കിട്ടില്ല. കിട്ടിയാല്‍തന്നെ ശരീരത്തില്‍ വിഷത്തിന്റെ അളവ് വളരെ കുറവെന്ന നിഗമനത്തിലാകും എത്തുക. അതാണ് ഇന്ത്യന്‍ കുറ്റാന്വേഷണത്തിന്റെ ന്യൂനത എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭയമില്ലാതെ സത്യങ്ങളെ തുറന്നു പറയാനുള്ള ധൈര്യം ഡോ ബി ഉമാദത്തന്‍ എന്നും കാണിച്ചിരുന്നു എന്നതിന് തെളിവാണ് ഈ വാക്കുകള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ്സും എംഡിയും നേടിയ ശേഷം തിരുവനന്തപുരം ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറും പോലീസ് സര്‍ജനുമായി പ്രവര്‍ത്തിച്ചു. 1995ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി. 2001ല്‍ റിട്ടയര്‍ ചെയ്തു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രമാണ് മറ്റൊരു പ്രധാന പുസ്തകം.

1946 മാര്‍ച്ച് 12നാണ് ഡോ ബി ഉമാദത്തന്‍ ജനിച്ചത്. പിതാവ് പ്രശസ്ത സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. കെ. ബാലരാമപ്പണിക്കരാണ്. മാതാവ് ചാവര്‍കോട് ജി. വിമല.

തിരുവനന്തപുരം സ്വദേശിയാണെങ്കിലും എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. ഭാര്യ പത്മകുമാരി വീട്ടമ്മയാണ്.

നെടുങ്കണ്ടം: പണം പിരിച്ചത് ശാലിനി; മലപ്പുറത്താണ് ഹെഡ് ഓഫീസെന്നും നാസർ ആണ് ഉടമയെന്നും രാജ് കുമാർ പറഞ്ഞു


Next Story

Related Stories