TopTop

സവർക്കറുടെ രാഷ്ടീയഹിന്ദു മുതല്‍ മോദിയുടെ കോർപ്പറേറ്റ് ഹിന്ദു വരെ; വെറുപ്പിന്റെ ചരിത്രം, നീതിരാഹിത്യത്തിന്റെയും

സവർക്കറുടെ രാഷ്ടീയഹിന്ദു മുതല്‍ മോദിയുടെ കോർപ്പറേറ്റ് ഹിന്ദു വരെ; വെറുപ്പിന്റെ ചരിത്രം, നീതിരാഹിത്യത്തിന്റെയും
സവര്‍ക്കര്‍ വീണ്ടും ചര്‍ച്ചകളിലെത്തുന്നു. വീരസവര്‍ക്കറില്‍ നിന്ന് ഭീരുസവര്‍ക്കറിലേക്കുള്ള ദൂരമളക്കുന്ന ചര്‍ച്ചകള്‍ വീണ്ടും ഉയരുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഇതൊരു പുതിയ കാര്യമല്ല. സവര്‍ക്കര്‍ എന്ന പേര് എപ്പോഴും വെളിച്ചത്തിലില്ല എന്നു മാത്രമേയുള്ളൂ, ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കത്തക്ക വിധം ശക്തമായ രാഷ്ടീയസാനിദ്ധ്യമായി സവര്‍ക്കര്‍ ഏറെക്കാലമായി രംഗത്തുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ധൈഷണികനായ ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ സാദ്ധ്യമായ ഭരണഘടനയും ശാസ്ത്രാവബോധത്തിലൂന്നി ഇന്ത്യയെ ആധുനികവല്‍ക്കരിക്കാനുള്ള ദീര്‍ഘകാലശ്രമങ്ങള്‍ നടത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മതേതരത്വബോധവും മുതല്‍ അനേകധാരകളില്‍ വികസിച്ചു വന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ വെട്ടാനുള്ള കത്തി, നിര്‍മ്മിച്ചത് സവര്‍ക്കര്‍ ആണ്. ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള സംഘിബുദ്ധികള്‍ അതിനു മൂര്‍ച്ചകൂട്ടിയിട്ടേയുള്ളൂ. ടിപ്പിക്കല്‍ ആര്‍ എസ് എസ് പ്രധാനമന്ത്രി ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയിലടക്കം സവര്‍ക്കര്‍ പറഞ്ഞുനിര്‍ത്തിയിടത്തു നിന്നും സംഘിധൈഷണികത ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. ഒരു നവീകരണത്തിന്റെ അനിവാര്യതകളെ തുടര്‍ന്ന് ആര്‍ എസ് എസ് ഇത് നേരിട്ടിട്ടുമില്ല. ഏത് നവീകരണത്തെയും അകമേ അടച്ചുകളയുന്ന പ്രേരകശക്തിയായി സവര്‍ക്കര്‍ ഹിന്ദുത്വതീവ്രവാദത്തില്‍ ഊന്നി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും തുടര്‍ന്നുള്ള ദേശീയപരിണാമങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും പരിചയപ്പെടേണ്ട നേതാവാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷകളുടെ ഒറ്റ സ്‌നാപ്പില്‍ ഒതുക്കേണ്ടതല്ല സവര്‍ക്കറുടെ ജീവിതം. ഇന്ത്യയിലെ മതരാഷ്ടീയപഠനത്തില്‍ സൂക്ഷ്മാപഗ്രഥനത്തിനു വിധേയമാകേണ്ട അപൂര്‍വ്വജീവിതമാണത്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ നിന്ന് മനുഷ്യവിരുദ്ധമായ ജീവിതനിലയിലേക്ക് അനേകം മനുഷ്യരെ അനായാസമായി നയിക്കുകയും മരണത്തിനു ശേഷം അരനൂറ്റാണ്ടാകുമ്പോഴും അതിശക്തമായ മതരാഷ്ടീയവിഭാവനമായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുകയും ചെയ്ത അപൂര്‍വ്വജീവിതമാണ് സവര്‍ക്കര്‍. അമ്പത്താറിഞ്ച് നെഞ്ചളവിന്റെ കോമാളിനാടകങ്ങളും നിരന്തരമായി ആവര്‍ത്തിക്കുന്ന അസംബന്ധങ്ങളും നിലനില്‍ക്കുന്ന വര്‍ഗീയഭരണകൂടത്തിന്റെ ഉപരിതലത്തിനടിയില്‍, ഇന്നും സവര്‍ക്കര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്ത്യന്‍ മതരാഷ്ടീയത്തിന്റെ പ്രാരംഭം തീര്‍ച്ചയായും സവര്‍ക്കറിലല്ല. ദീര്‍ഘകാലത്തെ ഇന്ത്യന്‍ മതരാഷ്ടീയപാരമ്പര്യങ്ങളില്‍ നിന്ന് സവര്‍ക്കര്‍ വ്യത്യസ്തനായത് മതത്തെ അതിന്റെ സാമൂഹികപ്രയോഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയാണ്. വ്യക്തിപരമായ ധ്യാനവും യോഗവും മിസ്റ്റിക് വെളിപാടുകളുമായി ജീവിച്ച അരവിന്ദഘോഷിനെപ്പോലുള്ളവരില്‍ നിന്ന് ആമൂലാഗ്രം വ്യത്യസ്തനായിരുന്നു സവര്‍ക്കര്‍. വ്യക്തിജീവിതത്തില്‍ ഇന്നു മനസ്സിലാക്കപ്പെടുന്ന തരം ഒരു ഹിന്ദു തന്നെയായിരുന്നില്ല അദ്ദേഹം. ഒരു കേവലയുക്തിവാദിയോട് ചേര്‍ന്നുനിന്ന വ്യക്തിജീവിതമാണ് സവര്‍ക്കറുടേത്. ഒരു മതാചാരങ്ങളിലും സവര്‍ക്കറിനു താല്പര്യമുണ്ടായിരുന്നില്ല. തന്റെ മരണശേഷം ഒരു മതപരമായ ചടങ്ങുകളും ചെയ്യരുതെന്നും മൃതശരീരം മനുഷ്യര്‍ ചുമക്കരുതെന്നും വണ്ടിയില്‍ കൊണ്ടുപോയി ഇലക്ട്രിക്ക് ക്രിമിറ്റോറിയത്തില്‍ സംസ്‌കരിക്കണമെന്നും സവര്‍ക്കര്‍ നിര്‍ദേശിച്ചിരുന്നു. സവര്‍ക്കറുടെ ഭാര്യ മരിച്ചപ്പോള്‍ അവര്‍ക്ക് മരണാനന്തരകര്‍മ്മകള്‍ വേണമെന്ന ആവശ്യവുമായി സവര്‍ക്കറുടെ വീട്ടുപടിക്കല്‍ സ്ത്രീകളുടെ ഉപവാസം നടന്നു. സവര്‍ക്കര്‍ എന്നിട്ടും അതിനു സമ്മതിച്ചില്ല. ഒരു മരണാനന്തരചടങ്ങുകളും ഇല്ലാതെ ഭാര്യയുടെ മൃതശരീരം സംസ്‌കരിച്ചു. ആധുനികമനുഷ്യന്റെ ഏറ്റവും ശക്തമായ മതം ശാസ്ത്രമാണ് എന്ന് സവര്‍ക്കര്‍ ആവര്‍ത്തിച്ചു പറഞ്ഞു. മിസ്റ്റിക് അന്വേഷണങ്ങളോട് തന്നെ സവര്‍ക്കര്‍ക്ക് പുച്ഛമായിരുന്നു. ''വേദാന്തവും ദൈവവും അതുണ്ടാക്കുന്ന കടങ്കഥകളും എല്ലാം വയസ്സായവര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും കളിച്ചുരസിക്കാന്‍ മാത്രം കൊള്ളാവുന്നതാണ്'' എന്നുവരെ സവര്‍ക്കര്‍ പരിഹസിച്ചു.ഇതെല്ലാം ഇങ്ങനെയിരിക്കേ, ഹിന്ദുരാഷ്ട്രത്തിന്റെ പ്രഖ്യാപനവും രാഷ്ടീയഹിന്ദുവിന്റെ നിര്‍മ്മിതിയും നടത്തിയത് സവര്‍ക്കര്‍ ആണ്! ഇതാണ് അതിവിചിത്രമായ മതരാഷ്ടീയത്തിന്റെ ചരിത്രപാഠം. ഒറ്റവായനയില്‍ അതിസങ്കീര്‍ണ്ണമെന്ന് തോന്നുമെങ്കിലും അതീവലളിതമായിരുന്നു സവര്‍ക്കറുടെ രാഷ്ടീയനില. ഒറ്റക്കാര്യത്തിലാണ് സവര്‍ക്കര്‍ തന്റെ രാഷ്ടീയത്തെ പണിതെടുത്തത്. നൈതികതയുടെ സമ്പൂര്‍ണ്ണനിരാസം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാനോ ബ്രിട്ടീഷുകാരുടെ മുന്നില്‍ മുട്ടിലിഴയാനോ മാപ്പെഴുതിക്കൊടുത്തു തടികാക്കാനോ മടിയില്ലാത്തതു പോലെ, താന്‍ നിലയുറപ്പിക്കുന്ന മതബോധ്യങ്ങള്‍ ഒരുശതമാനം പോലും നൈതികധാരണകളോ പ്രേരണകളോ ആയി സ്വീകരിക്കില്ല എന്നും അവയെ അവയുടെ ആശയപ്രപഞ്ചത്തില്‍ നിന്നു തന്നെ മുക്തമാക്കി 'രാഷ്ടീയഹിന്ദു'വിനെ നിര്‍മ്മിക്കും എന്നും തീരുമാനിക്കാന്‍ മടിയില്ലാത്ത നൈതികതാരാഹിത്യം. പച്ചമലയാളത്തില്‍ ഉളുപ്പില്ലായ്മ.

വളരെ ചെറുപ്പത്തിലേ ഉണ്ടായിരുന്ന അപരവിദ്വേഷവും വര്‍ഗീയതയും ചേര്‍ന്നാണ് ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ ആദ്യകാലവാദങ്ങളിലേക്ക് തന്നെ സവര്‍ക്കര്‍ എത്തിച്ചേരുന്നത്. The first war of indian independene- 1857 എന്ന തന്റെ ആദ്യകാലഗ്രന്ഥത്തില്‍ സവര്‍ക്കര്‍ ഹിന്ദു മുസ്ലീം - ബ്രാഹ്മണ ശൂദ്ര വ്യത്യാസങ്ങള്‍ മറന്ന് ഇന്ത്യന്‍ ജനത ഒന്നിച്ച് സമരത്തിനിറങ്ങുന്നതിനേക്കുറിച്ച് ആവേശം കൊള്ളുന്നതൊക്കെ കാണാം. 1909 ല്‍ ലണ്ടനില്‍ വെച്ച് ഗാന്ധിയും സവര്‍ക്കറും ഒരു യോഗത്തില്‍ ഒന്നിച്ചു പങ്കെടുക്കുന്നുണ്ട്. അന്ന് ഗാന്ധി ഇന്ത്യയിലെ വലിയ ജനനേതാവല്ല. എന്നാല്‍ മുപ്പതുകളിലെത്താത്ത സവര്‍ക്കര്‍ എന്ന യുവാവ് അപ്പൊഴേ ഇന്ത്യയിലെ നേതാവായിക്കഴിഞ്ഞിരുന്നു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇരുവരും രാമായണത്തെ ഉദാഹരിച്ചു സംസാരിച്ചു. ഗാന്ധി സഹനത്തെയും ത്യാഗത്തെയും കുറിച്ച് രാമനെ ഉദാഹരിച്ചപ്പോള്‍ രാവണനെ കൊല്ലേണ്ട അനിവാര്യതയില്‍ നിന്ന് സവര്‍ക്കര്‍ സംസാരിച്ചു. ഇങ്ങനെ, വ്യതിരിക്തമെങ്കിലും ഇന്ത്യന്‍ ദേശരാഷ്ട്രത്തിലും അതിന്റെ പരമാധികാരത്തിലും അഭിമാനം കൊള്ളുന്ന ഒരു ചെറുപ്പക്കാരനായ സവര്‍ക്കറിനെ നമുക്കു കാണാം. വളരെ കുറഞ്ഞൊരു കാലം.

1910 ല്‍ സവര്‍ക്കര്‍ ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടു. കഴുത്തിലിട്ട തകിടില്‍ പേരും തീയ്യതികളും കുറിച്ചുവെച്ചിരുന്നു. വിനായക് ദാമോദര്‍ സവര്‍ക്കര്‍. തടവിലാക്കപ്പെട്ടത് :1910. മോചിപ്പിക്കപ്പെടേണ്ടത്: 1960. അമ്പതുവര്‍ഷത്തെ ജയില്‍ശിക്ഷ. മുഴുവന്‍ കുടുംബസ്വത്തുക്കളും ജപ്തി ചെയ്യപ്പെട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ണടകളും വരെ ലേലം ചെയ്യപ്പെട്ടു. ബോംബെ യൂണിവേഴ്‌സിറ്റി സവര്‍ക്കറുടെ ഡിഗ്രി റദ്ദാക്കി. അവിടെ നിന്നാണ് മാപ്പപേക്ഷകളില്‍ നിന്നും ജയിലിലെ നല്ലകുട്ടിയില്‍ നിന്നും സവര്‍ക്കര്‍ പുറത്തുവരുന്നത്. പുറത്തുവന്ന സവര്‍ക്കര്‍ പലതരത്തില്‍ പരിണമിച്ചിരുന്നു. ബ്രിട്ടീഷുകാരോടുള്ള അചഞ്ചലമായ കൂറും വിശ്വസ്തതയും എഴുതിക്കൊടുത്തു പുറത്തുവന്ന സവര്‍ക്കര്‍, പിന്നീട് ഇടപെട്ടത് മുഴുവന്‍ മതരാഷ്ടീയത്തിലായിരുന്നു. എഴുതിക്കൊണ്ടിരുന്നതൊന്നും താത്വികഗ്രന്ഥങ്ങളല്ല, നോവലുകളാണ്. 1857 നെക്കുറിച്ചുള്ള കൃതിയ്ക്കും 1937ല്‍ സവര്‍ക്കര്‍ എഴുതുന്ന കാലാപാനി എന്ന നോവലിനുമിടയിലെ ഏകാന്തതടവും ഇന്ത്യയിലെ ഏകാന്തജീവിതവുമെല്ലാം സവര്‍ക്കര്‍ ചിലവാക്കിയത് ഹിന്ദു മുസ്ലീം വൈരത്തെ ഊതിക്കത്തിക്കുന്ന നോവലുകള്‍ എഴുതിയാണ്. മുസ്ലീങ്ങള്‍ എന്ന ഭീഷണിയെ ഹിന്ദുക്കള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ അനിവാര്യത മാത്രമായി സവര്‍ക്കറുടെ വിഷയം. മുന്‍പെഴുതിയ 1857ലെ സമരം ഒരു വിസ്മരിക്കപ്പെട്ട അദ്ധ്യായമായി. തീവ്രമായ മതസ്പര്‍ദ്ധയാണ് തുടര്‍ന്നുള്ള സവര്‍ക്കര്‍ സാഹിത്യം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ 'അപരിഹാര്യമായ വൈരുദ്ധ്യങ്ങള്‍' മാത്രമാണുള്ളത് എന്ന് സവര്‍ക്കര്‍ ആവര്‍ത്തിച്ചു. 'മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാരേക്കാള്‍ വലിയ ഭീഷണിയാണ്' സവര്‍ക്കര്‍ അസന്ധിഗ്ധമായി പ്രഖ്യാപിച്ചു. അതിനോട് അനുക്തസിദ്ധമെന്നോണം, ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരോട് സഖ്യത്തിലേര്‍പ്പെടുകയാണ് വേണ്ടത് എന്ന ആഹ്വാനമുണ്ടായിരുന്നു. ടാഗോറിനെപ്പോലുള്ള മാനവവാദികളെ സവര്‍ക്കര്‍ ക്രൂരമായി പരിഹസിച്ചുകൊണ്ടിരുന്നു. 'ഏതെങ്കിലും അന്യഗ്രഹജീവികള്‍ വന്ന് ആക്രമിച്ചാലല്ലാതെ മാനവസമുദായം ഒന്നിക്കുമെന്ന് സ്വപ്നം കണ്ടുകൂടാ' എന്ന് മനുഷ്യസ്വപ്നങ്ങളെ പുറംകാലിനു ചവിട്ടിപ്പുറത്താക്കി.

ഇവയുടെ അടുത്ത പരിണിതിയായാണ് ‘Essentials of hinduthwa’ എന്ന പുസ്തകത്തിലേക്ക് സവര്‍ക്കര്‍ പ്രവേശിക്കുന്നത്. ആധുനിക ഇന്ത്യന്‍ ദേശരാഷ്ട്രത്തെ തള്ളിക്കളഞ്ഞ്, ഹിന്ദുരാഷ്ട്രവാദം സവര്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുമഹാസഭ എന്ന 1920കളില്‍ രാഷ്ടീയകക്ഷിയായി രൂപീകരിക്കപ്പെട്ട ഹിന്ദുക്കളുടെ രാഷ്ടീയപ്രയോഗത്തിന്റെ നേതൃത്വം സവര്‍ക്കര്‍ ഏറ്റെടുത്തു. ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം, അഖണ്ഡഭാരതം എന്നായിരുന്നു മുദ്രാവാക്യം. ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക, കേന്ദ്രീകൃതശക്തിയായി ഹിന്ദുരാഷ്ട്രത്തെ ഉയര്‍ത്തുക, സൈനികശക്തിക്ക് പരമോന്നതപദവി നല്‍കുക എന്നിങ്ങനെയായിരുന്നു ലക്ഷ്യങ്ങള്‍. കൃത്യമായ ഫാഷിസ്റ്റ് സ്റ്റേറ്റിന്റെ രൂപമാതൃകയെ ഇന്ത്യയില്‍ അവതരിപ്പിക്കുകയായിരുന്നു സവര്‍ക്കര്‍. തന്റെ രാജ്യത്തിന്റെ ദേശിയ ചിഹ്നങ്ങളെ സവര്‍ക്കര്‍ വ്യക്തമായി നിര്‍വ്വചിച്ചു: ''കുണ്ഡലിനി, ഓംകാരം, കൃപാണം, സ്വസ്തികം തുടങ്ങിയ ചിഹ്നങ്ങളോട് കൂടിയ ഒരു ഹിന്ദുപതാകയുടെ കീഴിലാണ് ഈ രാഷ്ട്രം പ്രവര്‍ത്തിക്കുക. ഹിന്ദിയായിരിക്കും രാഷ്ട്രഭാഷ. ദേവനാഗിരി (സംസ്‌കൃതം) ആയിരിക്കും രാഷ്ടീയലിപി.''

ആന്തമാനില്‍ നിന്ന് മടങ്ങിവന്ന സവര്‍ക്കര്‍ക്ക് ഒരു വീരപരിവേഷം മഹാരാഷ്ട്രയിലുണ്ടായിരുന്നു. ഗാന്ധി രത്‌നഗിരിയില്‍ ചെന്ന് സവര്‍ക്കറെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. 'ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി' എന്നെല്ലാം തത്വവിചാരം നടത്തിപ്പിരിഞ്ഞ ഗാന്ധി, സവര്‍ക്കറെ കോണ്‍ഗ്രസിലെക്ക് വിളിക്കുകയുണ്ടായില്ല. ക്രമേണ സ്വാതന്ത്ര്യത്തിനുശേഷം സവര്‍ക്കറുടെ ജനസ്വാധീനം കുറഞ്ഞു. ആധുനിക ഇന്ത്യ മതേതരവും നാനാത്വത്തില്‍ അധിഷ്ഠിതവുമായ രാഷ്ടീയവിചാരങ്ങളിലൂടെ കടന്നുപോയി. ഹിന്ദുക്കളുടെ വക്താവായി തന്നെ അവര്‍ കാണുമെന്ന് സവര്‍ക്കര്‍ പ്രതീക്ഷിച്ചിരുന്നു. അതുപോലും സംഭവിച്ചില്ല. ഗാന്ധിയാണ് അക്കാര്യത്തില്‍ കൂടുതല്‍ അനുയോജ്യമായി ജനങ്ങള്‍ കണ്ടത്. ക്രമേണ വീണ്ടും സവര്‍ക്കര്‍ ഉള്‍വലിഞ്ഞു. ആര്‍ എസ് എസ് പ്രത്യക്ഷരാഷ്ടീയത്തില്‍ നിന്ന് മാറിയത് സവര്‍ക്കര്‍ക്ക് യോജിക്കാനായില്ല. പിന്നീട് പ്രത്യക്ഷരാഷ്ടീയകക്ഷിയായി ജനസംഘം രൂപീകരിച്ചപ്പോള്‍ സവര്‍ക്കര്‍ ക്ഷണിക്കപ്പെട്ടെങ്കിലും സവര്‍ക്കര്‍ ചെന്നില്ല. കാരണം വിചിത്രമായിരുന്നു ജനസംഘം എല്ലാ മതക്കാര്‍ക്കും മെമ്പര്‍മാരാവാനുള്ള അനുമതി നല്‍കി. അതു പാടില്ലെന്നായിരുന്നു അവസാനകാലത്തെ സവര്‍ക്കറുടെ വാദം. ഹിന്ദുക്കള്‍ക്ക് മാത്രം മെമ്പര്‍ഷിപ്പുള്ള ഹിന്ദുസംഘടന നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് മാത്രമേ ഹിന്ദുരാഷ്ടം സ്ഥാപിക്കാനാവൂ എന്ന് അദ്ദേഹം കരുതി. 1966ല്‍ അദ്ദേഹം സ്വയം ഉപവസിച്ച് മരിച്ചു.ഇതിനിടയില്‍ സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കേസുകളില്‍ സവര്‍ക്കറുടെ സാന്നിധ്യമുണ്ടയിരുന്നു. ഗാന്ധിവധത്തിന്റെ സൂത്രധാരന്‍ സവര്‍ക്കറാണ് എന്ന് തെളിവുകളോടെ വാദിക്കപ്പെട്ടു. സവര്‍ക്കര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടു. ഗാന്ധി കൊല്ലപ്പെട്ട ജനുവരി ആദ്യവാരങ്ങളില്‍ ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ സന്ദര്‍ശിച്ചിരുന്നു എന്നും അവരോട് സവര്‍ക്കര്‍ 'വിജയിച്ചു വരൂ' എന്ന് ആശംസിച്ചതായും കേസില്‍ മാപ്പുസാക്ഷിയായ ദിഗംബര്‍ ബാദ്ഗെ മൊഴിനല്‍കി. മാപ്പുസാക്ഷിയുടെ മൊഴി മറ്റൊരാള്‍ ബലപ്പെടുത്തണം എന്ന നിയമം ഉള്ളതിനാല്‍ മാത്രം സവര്‍ക്കര്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ഗാന്ധിയുടെ കൊലയാളികള്‍ സവര്‍ക്കറുടെ മുംബൈയിലെ വീട്ടില്‍ ഒത്തുകൂടിയിരുന്നു എന്ന് സവര്‍ക്കറുടെ മരണശേഷം വീണ്ടും തെളിയിക്കപ്പെട്ടു. ബ്രിട്ടീഷുകാരോടുള്ള സമരം അവസാനിപ്പിക്കാനും മുസ്ലീങ്ങളെ കൊല ചെയ്യാനുമായി സവര്‍ക്കര്‍ ചന്ദ്രശേഖര്‍ ആസാദിന് പണം വാഗ്ദാനം ചെയ്ത രേഖകള്‍ യശ്പാല്‍ തന്റെ ആത്മകഥയില്‍ പുറത്തുകൊണ്ടുവന്നു. ഇത്തരത്തിലുള്ള നിരവധി വെറുപ്പിന്റെയും നീതിരാഹിത്യത്തിന്റെയും ചരിത്രമാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍.

ഇത്രയും വിശദീകരിച്ച സവര്‍ക്കര്‍ ചരിത്രം ധാരാളമാണ് ഇന്നത്തെ കോര്‍പ്പറേറ്റ് ഹിന്ദുത്വത്തിന് എങ്ങനെ സവര്‍ക്കര്‍ പ്രിയപ്പെട്ടവനാകുന്നു എന്ന് മനസ്സിലാക്കാന്‍. രാഷ്ടീയഹിന്ദു കോര്‍പ്പറേറ്റ് ഹിന്ദുവിന്റെ പരകായപ്രവേശമാണ്. സവര്‍ക്കര്‍ക്ക് എന്തായിരുന്നോ ബ്രിട്ടീഷുകാര്‍, അതുതന്നെയാണ് മോദിക്ക് കോര്‍പ്പറേറ്റുകള്‍. സവര്‍ക്കര്‍ക്ക് ഹൈന്ദവതത്വങ്ങളോടോ മോദിക്ക് ഹിന്ദുജീവിതത്തോടോ പ്രത്യേകിച്ച് കൂറൊന്നുമില്ല. സവര്‍ക്കര്‍ പലതവണ പേപ്പറില്‍ മാപ്പെഴുതിക്കൊടുത്തു പുറത്തുവന്നു, പിന്നീടുള്ള ജീവിതത്തിലുടനീളം ഹിന്ദുവര്‍ഗീയവാദത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഒന്നാന്തരം ചട്ടുകമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. മോദിയുടെ മാപ്പപേക്ഷാനാടകങ്ങള്‍ നമ്മള്‍ പൊതുജനത്തോട് മാത്രമാണ്; എന്നെ കല്ലെറിഞ്ഞോളൂ എന്ന നോട്ടുനിരോധന സെന്റിമെന്റ് ഓര്‍ക്കുക. അത്തരം നാടകങ്ങള്‍ക്കപ്പുറത്ത് സവര്‍ക്കര്‍ക്കെന്താണോ ബ്രിട്ടീഷുകാര്‍ അതാണ് മോദിക്ക് കോര്‍പ്പറേറ്റുകള്‍. ഒന്നുമാത്രം സവര്‍ക്കര്‍ക്ക് അധികാരം ലഭിച്ചില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ അത്രമേല്‍ മലിനമാക്കപ്പെട്ടു കഴിഞ്ഞിരുന്നില്ല. അംബേദ്കര്‍ മുതല്‍ നെഹ്രൂ വരെ ഇവിടെയുണ്ടായിരുന്നു. മോദിക്ക് അധികാരം ലഭിച്ചു. ഭരണഘടന മുതല്‍ നിര്‍മ്മിച്ചെടുക്കപ്പെട്ട ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനകള്‍ ആടിയുലയുന്ന സ്ഥിതിയില്‍ നാം കടന്നുപോകുന്നു. ബി ജെ പി പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാനവ്യക്തിത്വങ്ങളിലൊന്നായി സവര്‍ക്കര്‍ വാഴ്ത്തപ്പെട്ടവനാകുന്നു. വീണ്ടും വീണ്ടും മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത് വീണ്ടും ബ്രിട്ടീഷുകാരോട് പോരാടാനായിരുന്നു എന്ന കല്ലുവെച്ച നുണ വരെ ചാനലുകളില്‍ വന്നിരുന്നു പറയാന്‍ മടിയില്ലാത്തവര്‍ അരങ്ങിലെത്തുന്നു. തങ്ങള്‍ക്കൊരിക്കലും കൈവിടാനാവാത്ത, തങ്ങളെ ഉരുവപ്പെടുത്തിയ നേതാവായി ഇന്ന് ബി ജെ പിയും സംഘപരിവാറും സവര്‍ക്കറെ ചേര്‍ത്തുപിടിക്കുകയാണ്. ചരിത്രം വാചാടോപങ്ങള്‍ കൊണ്ട് വികലമാക്കാം എന്നു വിശ്വസിക്കുന്ന, ചരിത്രബോധമില്ലാത്ത പൊതുജനത്തെ ഞങ്ങള്‍ ഇഷ്ടം പോലെ പരിഹസിക്കുമെന്ന് തീരുമാനിക്കുന്ന ബൗദ്ധികപ്രമുഖുകള്‍ ചാനലുകളില്‍ തങ്ങളുടെ കസേരകളുറപ്പിച്ചിരിക്കുന്നു.

സവര്‍ക്കര്‍ ദിനം പുണ്യദിനമാകുന്ന കാലം വിദൂരമല്ല. ഗാന്ധിയുടെ കൊലപാതകത്തിന്റെ ആഹ്ളാദദിനമോ മറ്റോ ആയി ജനുവരി 30 മാറിത്തീരാനും.

Next Story

Related Stories