Top

'കളി' തുടങ്ങിക്കഴിഞ്ഞു; ആദ്യ 'ഇര' സ്വാമി സന്ദീപാനന്ദ ഗിരി

പുരോഗമന വാദിയായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേർക്കുണ്ടായ ആക്രമണവും ശബരിമല വിഷയത്തിൽ കാസർഗോഡ് മുതൽ പമ്പ വരെ രഥയാത്ര നടത്താനുള്ള ബി ജെ പിയുടെ തീരുമാനവും മലമുകളിൽ പ്രക്ഷോഭത്തിനു തയ്യാർ എന്നു പറഞ്ഞുകൊണ്ട് വോക്കി ടോക്കികളുമായി നിൽക്കുന്ന രാഹുൽ ഈശ്വറിന്റെ ഇൻസ്റ്റാഗ്രാം ചിത്രവുമൊക്കെ നൽകുന്നത് ഒരേ മുന്നറിയിപ്പ് തന്നെയാണ്. അതായത് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പേരു പറഞ്ഞു രാജ്യത്താകമാനം കലാപം അഴിച്ചുവിട്ടതുപോലെ ശബരിമലയെ കൂട്ടുപിടിച്ചു കേരളത്തിൽ ഒരു തീക്കളി നടത്താൻ തന്നെയാണ് സംഘപരിവാർ ലക്‌ഷ്യം വെക്കുന്നത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്തയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇന്നു പുലർച്ചക്കാണ് അദ്ദേഹത്തിന്റെ ആശ്രമം ആക്രമിക്കപ്പെട്ടത്. പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികൾ തീയിട്ടു നശിപ്പിച്ചു. വിശ്വാസത്തിന്റെ കാര്യത്തിൽ എന്നും സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ചുപോരുന്ന സ്വാമി സന്ദീപാനന്ദ ഗിരി മുൻപും ആക്രമണത്തിനു വിധേയനായിട്ടുണ്ട്.

ബാബരി മസ്ജിദ് തകർത്തു അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമിക്കും എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പണ്ട് എൽ കെ അദ്വാനി നടത്തിയതുപോലുള്ള ഒരു രഥ യാത്ര ശബരിമല വിഷയത്തിൽ കേരളത്തിൽ നടത്താനാണ് ബി ജെ പി ഒരുങ്ങുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നയിക്കുന്ന രഥയാത്ര കാസർഗോഡ് ജില്ലയിൽ നിന്നാരംഭിച്ചു പമ്പയിൽ അവസാനിക്കും.

കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബി ജെ പി രഥയാത്രക്കൊരുങ്ങുന്നതിനിടയിൽ തന്നെയാണ് മലമുകളിൽ പ്രക്ഷോഭം എന്ന ആശയവുമായി രാഹുൽ ഈശ്വറും രംഗത്തു വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള മനോരമ ഇന്നത്തെ പത്രത്തിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ; 'മലമുകളിൽ പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നു എന്ന അറിയിപ്പുമായി രാഹുൽ ഈശ്വറിന്റെ പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ. അയ്യപ്പ ഭക്തർക്ക് പരസ്പരം ആശയവിനിമയം നടത്താനായി ഒരുക്കിയ വോക്കി ടോക്കികളുമായി നിൽക്കുന്ന ചിത്രമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. അതേസമയം, ചിത്രത്തിലുള്ള വോക്കി ടോക്കി സംവിധാനം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി അമേച്വർ റേഡിയോ ഓപ്പറേറ്റർമാർ രംഗത്തു വന്നു. ബാവോഫെങ് എന്ന ചൈനീസ് ജനറിക് വോക്കി ടോക്കി സംവിധാനമാണ് ചിത്രത്തിലുള്ളത്. ഇതിനു ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ അനുമതി ഒരിക്കലും കിട്ടില്ലെന്ന്‌ വിദഗ്‌ധർ പറയുന്നു. ഫ്രീക്വന്‍സി പ്രോഗ്രാം ചെയ്യാൻ കഴിയുന്നതിനാൽ പോലീസ് വയർലസ് ഫ്രീക്വൻസിയിൽ നുഴഞ്ഞുകയറി സന്ദേശങ്ങൾ ചോർത്താൻ കഴിയുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.'

രാഹുൽ ഈശ്വറുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നും അയാൾ തങ്ങൾക്കെതിരായാണ് പ്രവർത്തിക്കുന്നതെന്നുമൊക്കെ ബി ജെ പിയും ഇതര സംഘപരിവാർ സംഘടനകളും ആവർത്തിക്കുന്നതിനിടയിൽ രാഹുലിന്റെ ഈ പുതിയ തീക്കളി. നേരത്തെ സന്നിധാനത്തു ചോര വീഴ്ത്താൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ കേസിൽ കുടുങ്ങിയ ആളാണിപ്പോൾ മലമുകളിലെ വിപ്ലവകാരിയുടെ വേഷം എടുത്തണിഞ്ഞിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് സംഘപരിവാർ എന്തുതന്നെ പറഞ്ഞാലും അവരും രാഹുൽ ഈശ്വറുമൊക്കെ ഒരേതൂവൽ പക്ഷികൾ തന്നെയാണെന്നും ഇരുകൂട്ടരുടെയും ലക്‌ഷ്യം ഒന്നു തന്നെയാണെന്നുമാണ്.

https://www.azhimukham.com/newswrap-political-importance-of-amitshah-visits-kerala-during-sabarimala-womenentry-protest-saju/

https://www.azhimukham.com/offbeat-sabarimala-women-entry-karma-samithi-says-no-to-rahul-easwer-and-pratheesh-viswanath-participation-in-protest/

https://www.azhimukham.com/offbeat-communal-remarks-by-pssreedharanpillai-to-deeparahuleswar/

https://www.azhimukham.com/newswrap-tgmohandas-rahuleswar-rebuilds-polarised-kerala-after-sabarimala-womenentry-verdict-writes-saju/

https://www.azhimukham.com/newswrap-ajaytharayil-leader-of-congress-or-bjp-writes-saju/


Next Story

Related Stories