TopTop
Begin typing your search above and press return to search.

അത്രമേൽ പ്രിയപ്പെട്ട സഖാവ് പിണറായി വിജയൻ അറിയാൻ

അത്രമേൽ പ്രിയപ്പെട്ട സഖാവ് പിണറായി വിജയൻ അറിയാൻ
പ്രളയാനന്തരം കേരളം മുന്നോട്ടു പോകുമ്പോൾ തീർച്ചയായും ചില പാഠങ്ങൾ പഠിക്കേണ്ടതും, ഓർക്കേണ്ടതും അത്യന്താപേക്ഷിതമാണ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒരു പേമാരിയെ കുറ്റമറ്റ രീതിയിൽ തന്നെയാണ് ഭരണ പ്രതിപക്ഷം കൈകാര്യം ചെയ്തത്. എന്നാൽ ഇവിടെ ഒന്നും അവസാനിക്കുന്നില്ല കേരളത്തിന്റെ പുനർ സൃഷ്ടിക്കു തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഗൗരമായി പരിഗണിക്കേണ്ട ചില വിഷയങ്ങൾ മാധ്യമ പ്രവർത്തക മനില സി മോഹൻ ചൂണ്ടി കാണിക്കുന്നു.


അത്രമേൽ പ്രിയപ്പെട്ട സഖാവ് പിണറായി വിജയൻ,

ഒരു ഭരണാധികാരിയോട് സ്നേഹം തോന്നേണ്ട കാര്യമുണ്ടോ എന്ന് ആലോചിച്ചു. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ പ്രത്യേകിച്ചും. വിമർശനങ്ങളും എതിർപ്പുകളും തുടർന്നും ഉന്നയിക്കാൻ, സ്ഥിരമായി ഭരണകൂടത്തിന്റെ പ്രതിപക്ഷമായിരിക്കാൻ, സ്നേഹത്തിന്റെ ഒരു ആനുകൂല്യവും ഒരൊറ്റ വാക്കിലും കലരാതിരിക്കാൻ, സ്നേഹം അഴിമതിയായി മാറാതിരിക്കാൻ ഭരണാധികാരികളോട് സ്നേഹം തോന്നരുത് എന്നാണ് ബോധ്യം.

പക്ഷേ പ്രളയ - പ്രളയാനന്തര കാലത്ത് താങ്കളോട് സ്നേഹം തോന്നുന്നുണ്ട്. ഭരണാധികാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും. അതിനു കാരണം താങ്കൾ നിരന്തരം മാനവികതയെയും അതിജീവനത്തെയും കുറിച്ച് പറയുന്നതാണ്. സ്റ്റേറ്റ് മെഷിനറിയുടെ എല്ലാ ഭാഗങ്ങളേയും പ്രവർത്തനനിരതമാക്കി നിലനിർത്താൻ പ്രേരണയാകുന്നതിനാലാണ്. ഇവിടത്തെ യുവാക്കളുടെ സമർപ്പണത്തെ ബഹുമാനിക്കുകയും ചേർത്തു പിടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതു കൊണ്ടാണ്. താങ്കളുടെ കരുതലിനെ സംഘാടനത്തെ, മാനിക്കുന്നു.

തകർന്നു തരിപ്പണമായിപ്പോയ ഇൻഫ്രാസ്ട്രക്ചറും ഇക്കോണമിയും നമ്മൾ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. അത് നമ്മൾ ഓരോ കേരളീയരുടേയും ആത്മവിശ്വാസമാണ്. ഈ ദുരന്തകാലത്തും കേരളത്തെ ഇന്ത്യയുടെ ഭാഗമായിക്കാണാൻ സാധിക്കാത്ത സംഘപരിവാർ രാഷ്ടീയത്തേയും നമ്മൾ അതിജീവിക്കും. അതിൽ പ്രധാനമന്ത്രി മുതൽ, വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന് പ്രഖ്യാപിക്കുന്ന ക്രൂര ബുദ്ധികൾ മുതൽ, റിലീഫ് ക്യാമ്പുകളിൽ ചെന്ന് വിഷം പരത്തുന്ന സംഘപരിവാർ അണികൾ വരെ ഒറ്റ അച്ചിൽ വാർത്തെടുത്ത രാഷ്ട്രീയ ശരീരങ്ങളാണുള്ളത്. അവരെ അതിജീവിക്കുന്നതിൽപ്പരം അഭിമാനം നമുക്ക് വേറെന്താണുള്ളത്?

താങ്കൾ അധികം ഊന്നൽ കൊടുക്കാത്ത ഒരു വിഷയത്തെക്കുറിച്ച് പറയണമെന്ന് തോന്നി. അത് കേരളത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചാണ്. അത് പറയേണ്ട സന്ദർഭം ഇതാണോ എന്ന സംശയത്താലായിരിക്കാം ഒരു പക്ഷേ താങ്കൾ ഈ വിഷയത്തെക്കുറിച്ച് അധികം പറയാത്തത്. പക്ഷേ ഇതാണ് ഏറ്റവും ഫലപ്രദമായ സന്ദർഭം എന്ന് ഒരു സംശയവുമില്ലാതെ പറയാം.

ആ ജാഗ്രത സർക്കാരിന്റെ നയരൂപീകരണം മുതൽ വ്യക്തിയുടെ ശീലങ്ങളിലേക്ക് വരെ പടർന്നു കിടക്കേണ്ട ഒന്നാണ് സഖാവേ.

വിഴിഞ്ഞം തുറമുഖം വേണ്ടെന്ന് പറയാൻ, അതിനായി ഇനിയൊരു തുണ്ട് പാറയും പശ്ചിമഘട്ടത്തിൽ നിന്ന് പൊട്ടിച്ചെടുക്കേണ്ടെന്ന് തീരുമാനിക്കാൻ മറ്റൊരു സന്ദർഭം തേടിപ്പോവേണ്ടതില്ല.

തണ്ണീർത്തടങ്ങളും നെൽപ്പാടങ്ങളും നികത്തിയെടുക്കുക എന്ന ഗൂഢലക്ഷ്യത്തോടെ നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ താങ്കളുടെ സർക്കാർ പാസാക്കിയത് ഈ അടുത്ത കാലത്തല്ലേ? ആ ഭേദഗതി ഉപേക്ഷിക്കാൻ താങ്കളുടെ സർക്കാർ തയ്യാറാവണം.

പശ്ചിമ ഘട്ടത്തിൽ നിയമപരമായും അല്ലാതെയും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ക്വാറികളുണ്ടെന്ന് താങ്കൾക്കും അറിവുള്ളതല്ലേ? അവയോരോന്നും നമ്മുടെ നാടിനുണ്ടാക്കിയ ആഘാതം ഇപ്പോൾ മനസ്സിലാവുന്നില്ലേ? ഉരുൾപൊട്ടലിന്റേയും മണ്ണിടിച്ചിലിന്റേയും കാരണങ്ങളന്വേഷിച്ച് മറ്റെവിടേയും പോവേണ്ടതില്ല, ക്വാറികളും വനനശീകരണവുമൊക്കെത്തന്നെയാണ് അതിനു കാരണം.

ജനസാന്ദ്രത കൂടുതലും സ്ഥലം കുറവുമുള്ള നമ്മുടെ സംസ്ഥാനത്ത് മനുഷ്യർക്ക് താമസിക്കാൻ സ്ഥലം വേണ്ടേ എന്നുള്ള ചോദ്യം യാഥാർത്ഥ്യമാണ്. പക്ഷേ കൃത്യമായ ആസൂത്രണവും നിയന്ത്രണയും ഉണ്ടായേ തീരൂ സഖാ. കുന്നിടിച്ചും മല തുരന്നും പാടം നികത്തിയും വൻകിട കെട്ടിടങ്ങൾ വകതിരിവില്ലാതെ നിർമ്മിച്ചുകൂട്ടിയിരിക്കുന്നത്, താമസിക്കാൻ സ്ഥലമില്ലാത്തവരല്ല, വൻകിട ഭൂമാഫിയകളാണ്. അവർക്കത് സാധിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടുമാണ്. അത്തരം സ്വാധീനശേഷിയുള്ളവർ ഇടതുപക്ഷത്തും വലതുപക്ഷത്തും ധാരാളമുണ്ട് എന്ന് താങ്കൾക്കും അറിയാമല്ലോ? താങ്കളുടെ ഇച്ഛാശക്തിയുള്ള ഒറ്റ തീരുമാനം മതിയാവും നിലനിൽക്കുന്ന നിയമങ്ങൾ വെള്ളംചേർക്കാതെ നടപ്പിലാക്കിയെടുക്കാൻ.

താങ്കൾ അധികാരമേറ്റെടുത്ത കാലത്തൊരിക്കൽ പറഞ്ഞത് ഓർമയിലുണ്ട്. 'വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സർക്കാർ ലക്ഷ്യം' എന്ന്. പരിസ്ഥിതി സംരക്ഷണത്തെ മുരടിപ്പിക്കാത്ത വികസനമാണ് സർക്കാർ ലക്ഷ്യമാവേണ്ടത് എന്ന് താങ്കൾ ഇനിയെങ്കിലും തിരുത്തണം. വികസനമെന്ന കാഴ്ചപ്പാട് തന്നെ സർക്കാർ സംവിധാനങ്ങൾ തിരുത്തണം. ഒരു ആലോചനയുമില്ലാതെ കെട്ടിടങ്ങൾ കെട്ടിപ്പടുക്കുമ്പോൾ നാടു മുഴുവൻ ടൈലിട്ട് ‘ ഭംഗിയാക്കി ‘ വെക്കുമ്പോൾ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുമ്പോൾ, വേണ്ട എന്ന് പറയാൻ കരുത്തുള്ള ഭരണാധികാരിയാണ് താങ്കൾ. പ്രകൃതി പ്രകൃതി എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവരെ പരിസ്ഥിതി മൗലികവാദികൾ എന്ന് അടച്ചാക്ഷേപിക്കുന്ന സ്വാർത്ഥ താൽപര്യക്കാരുടെ കൂടെ ഇടതു സർക്കാരിനെ നയിക്കുന്ന താങ്കൾ ഇനിയെങ്കിലും ചേരരുത്.

മറ്റെല്ലാ പ്രസ്ഥാനങ്ങളിലുമെന്നപോലെ പരിസ്ഥിതി സംഘടനകളിലും കള്ളനാണയങ്ങൾ ഉണ്ട്. പക്ഷേ കാടിനെക്കുറിച്ചും പുഴയെക്കുറിച്ചും മണ്ണിനെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്ന ഈ മൗലികവാദികൾക്കിടയിൽ എത്രയോ എത്രയോ വിദഗ്ധരുണ്ട് സഖാവേ. ഒരു ലാഭവും നോക്കാതെ പഠനങ്ങൾ നടത്തുന്നവർ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ, എഴുതിക്കൊണ്ടിരിക്കുന്നവർ. അവരുടെ വൈദഗ്ധ്യത്തെക്കൂടി നയങ്ങൾ രൂപപ്പെടുത്തുമ്പോൾ ഉപയോഗിക്കാൻ കഴിയണം. ഈ പ്രളയത്തിൽ വീടും രേഖകളും ഒക്കെ നഷ്ടപ്പെട്ടവരിൽ വികസനത്തിനു വേണ്ടി വാദിച്ചവരും പരിസ്ഥിതിയ്ക്ക് വേണ്ടി വാദിച്ചവരും ഒരുപോലെ ഉൾപ്പെട്ടിട്ടുണ്ട് എന്നത് എത്രമാത്രം വൈരുദ്ധ്യാത്മകമാണ്! നമ്മൾ എന്ന് അങ്ങ് ഇപ്പോൾ ആവർത്തിച്ച് പറയുമ്പോൾ ആ നമ്മളിലെ വൈവിധ്യത്തെക്കുറിച്ചും വൈരുദ്ധ്യത്തെക്കുറിച്ചും ഓർക്കുകയാണ്.

ഈ സന്ദർഭത്തിൽ മറ്റൊന്നുകൂടെ ഓർമിപ്പിക്കട്ടെ. താങ്കൾക്ക് അറിയാത്തതൊന്നുമല്ല എങ്കിലും. സംഘപരിവാർ, പരിസ്ഥിതി സമരങ്ങളെ ഹൈജാക്ക് ചെയ്യുന്ന രീതിയെക്കുറിച്ചാണ്. ഏറ്റവുമൊടുവിൽ നമ്മളതു കണ്ടത് കീഴാറ്റൂരിലാണ്. ഇടതുപക്ഷം ഏറ്റെടുക്കേണ്ട പരിസ്ഥിതി വിഷയങ്ങൾ അവർ അവർക്ക് വളരാനുള്ള വിഷയമാക്കി മാറ്റുകയാണ്. മനുഷ്യരുടെ വൈവിധ്യത്തേപ്പോലും മനസ്സിലാക്കാൻ കഴിയാത്ത മതമൗലികവാദികൾ പ്രകൃതിയെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുന്നത് പോലും ക്രൂരവും ഗൂഢവുമായ ലക്ഷ്യം വെച്ചാണ്. നമ്മൾ, ഇടതുപക്ഷം ദുർബലമായ എല്ലായിടത്തും അവർ നിലമുറപ്പിച്ചിട്ടുണ്ട്. ആ ഇടങ്ങളെല്ലാം നമുക്ക് തിരിച്ച് പിടിക്കണം.

ഇതൊരു നിർണ്ണായകമായ സന്ദർഭമാണ്, ജീവനാശവും പരിസ്ഥിതി നാശവും കുറേയേറെ ഉണ്ടായിട്ടുണ്ട്. ഗ്രാമങ്ങൾ തന്നെ ഇല്ലാതായി. ആയിരക്കണക്കിനാളുകളുടെ ജീവനോപാധികൾ നാമാവശേഷമായി. മനുഷ്യനിർമിതമായ എല്ലാം നമുക്ക് തിരിച്ചുപിടിക്കാനാവും. നഷ്ട ജീവനുകൾ ഒഴികെ. താങ്കളുടെ നേതൃത്വത്തിന് അതിനുള്ള കരുത്തുണ്ട് എന്ന് തന്നെ കരുതുന്നു. പക്ഷേ മുന്നോട്ടു പോവാൻ അത് മാത്രം മതിയാവില്ല സഖാ. അത്രയേറെ നാശങ്ങൾ നമ്മൾ പരിസ്ഥിതിയ്ക്ക് / പ്രകൃതിയ്ക്ക് മേൽ വരുത്തിയിട്ടുണ്ട്. വീടുകളിലടിഞ്ഞു കിടന്ന മണ്ണും ചളിയും മാത്രമല്ല, തെങ്ങിൻ തലപ്പുകളിൽ ഞാന്നു കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ പോലും നമ്മോട് നമ്മുടെ വിവേകശൂന്യതയെക്കുറിച്ച് പറയുന്നുണ്ട്.

സ്വയം സമർപ്പിതരായി വന്ന യുവാക്കളുടെ ഊർജ്ജത്തെ താങ്കൾ ആ രീതിയിൽക്കൂടി മനസ്സിലാക്കണം. മനസ്സിൽ നന്മയും സ്നേഹവുമുള്ള നമ്മുടെ കുട്ടികളോട്, മുതിർന്നവരോടും നമ്മളത് ഇനിയെങ്കിലും ഉറച്ച് പറഞ്ഞേ മതിയാവൂ. പശ്ചിമഘട്ടം തകർന്നാൽ ഇല്ലാതായിപ്പോവാനുള്ള വലിപ്പമേ ഈ കേരളത്തിനുള്ളൂ. പരിസ്ഥിതി വിരുദ്ധമായ എല്ലാ നയങ്ങളും തിരുത്തണം. ക്വാറികൾക്ക് നൽകുന്ന അനധികൃത അനുമതി മുതൽ വീടു നിർമിക്കാനുപയോഗിക്കുന്ന മെറ്റീരിയലിലുൾപ്പെടെ നമ്മൾ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു.

താങ്കളിൽ എനിക്ക് വിശ്വാസമുണ്ട് പ്രിയപ്പെട്ട മുഖ്യമന്ത്രീ.. കേരളത്തിന്റെ പുനർനിർമാണം എന്നാൽ കൂടുതൽ മികച്ച കേരളത്തിന്റെ നിർമിതിയായിരിക്കണം. പരിസ്ഥിതിയെന്നാൽ സിംഹവാലൻ കുരങ്ങും നിലാവും കവിതയുമാണെന്ന പരിഹാസങ്ങളോട് ഭരണനിർവ്വഹനത്തിന്റെ മനോഹരമായ കവിതയെഴുതി താങ്കളും താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാരും മറുപടി പറയണം. താങ്കളെഴുതാനിരിക്കുന്ന ആ കവിത നവകേരളത്തിന്റെ മാനിഫെസ്റ്റോ ആയി മാറുമെന്ന് ഉറപ്പാണ്.

ലാൽ സലാം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories