UPDATES

വായന/സംസ്കാരം

ആകാശത്തേക്ക് നീളുന്ന ഇടവഴികള്‍

അഭിലാഷ് മേലേതിലിന്റെ ‘പൊറ്റാളിലെ ഇടവഴികൾ’ ഒരു വായന

ഒരു നാട്ടിലെ ഒരുപറ്റം ചെറുപ്പക്കാര്‍, അതില്‍ മിക്കവാറും പേര്‍ കൗമാരക്കാരാണ്, അവരുടെ ചിന്തയും വളര്‍ച്ചയുംകൊണ്ട് ആ നാട്ടിന്‍പുറത്തേയും സമൂഹത്തേയും അതുവഴി അന്നത്തേയും പില്‍ക്കാലത്തേയും ജാതി, സമുദായ, ദേശ രാഷ്ട്രീയത്തേയും അടയാളപ്പെടുത്തുന്നതാണ് അഭിലാഷ് മേലേതിലിന്റെ ‘പൊറ്റാളിലെ ഇടവഴികൾ’ എന്ന നോവൽ.

മലപ്പുറം ജില്ലയിലെ ഒരു നാട്ടിന്‍പുറമാണ്‌ പൊറ്റാള്‍. ചെങ്കല്ലിന്‍റെയും ചെമ്മണ്ണിന്‍റെയും പാടത്തെ പശിമയുള്ള മണ്ണിന്‍റേയും നിറവും മണവുമുള്ള, മലപ്പുറത്തിന്‍റെ പേര്‌ സൂചിപ്പിക്കുന്നപോലെ നിമ്നോന്നത ഭൂപ്രകൃതിയുള്ള നാട്. ഇരുപത്തഞ്ചോളം കഥാപാത്രങ്ങള്‍ സ്വഗതാഖ്യാനങ്ങളായി കഥ പറഞ്ഞുപോവുന്ന ആഖ്യാനശൈലിയാണ്‌ ഇതിന്‍റെത്, മലയാളനോവലില്‍ പുതുമയുള്ള ഒരു രീതി. വര്‍ത്തമാനത്തിന്‍റെ ഒരു രീതി പിന്‍തുടരുന്നതിനാല്‍ സ്വഗതാഖ്യാനങ്ങള്‍ക്ക് സ്വാഭാവിക സംസാരത്തിന്‍റെ ഒരൊഴുക്കുണ്ട്, ലാളിത്യമുണ്ട്, സാധാരണമനുഷ്യരുടെ ചിന്തകളുടെ തെളിമയുണ്ട്, ഇടംവലം തിരിച്ചിലുകളുണ്ട്, ഇടര്‍ച്ചകളുണ്ട്. മറ്റ് ഇടങ്ങളിലേയ്ക്കും കഥയിലേയ്ക്കും കഥാപാത്രങ്ങളിലേയ്ക്കും ഉപകഥകളിലേയ്ക്കുമൊക്കെയുള്ള ഹൈപ്പര്‍ലിങ്കുകളുടെ കുഴിമൈനുകള്‍ നോവലിസ്റ്റ് സമര്‍ത്ഥമായി ഒളിപ്പിക്കുന്നത് ഇവയ്ക്കിടയിലാണ്‌. ക്രിക്കറ്റുകളിയുടെ പശ്ചാത്തലത്തിലാണ്‌ ആദ്യഭാഗത്ത് പൊറ്റാളിന്‍റെ രസതന്ത്രം അനാവരണം ചെയ്യുന്നത്.

നാട്ടിന്‍പുറമാണ് കഥ നടക്കുന്നയിടമെങ്കിലും, പേരിലും ആ സൂചനയുണ്ട്, അവിടെ ഒതുങ്ങുന്ന നോവലല്ല ഇത്. പുറംലോകത്തെ അതിന്‍റെ സാമൂഹ്യരാഷ്ട്രീയ മാറ്റങ്ങളോടെ പിടിച്ചെടുക്കുകയും വിചാരങ്ങളും ജീവിതവും അതനുസരിച്ച് മാറുന്നതിന്‌ പരിഭ്രമമന്യേ സാക്ഷ്യം വഹിക്കുകയും അതേസമയം ആളുകളെയും അവരുടെ പ്രവര്‍ത്തനങ്ങളേയും പുറത്തേയ്ക്ക് എയ്തുവിടുകയും ചെയ്യുന്നു പൊറ്റാള്‍. അഥവാ, പൊറ്റാള്‍ ഒരു അടഞ്ഞ നാടല്ല, നന്മകളാല്‍ സമൃദ്ധമല്ല. ജീവിതത്തിന്‍റെയും ബന്ധങ്ങളുടേയും വിശ്വാസങ്ങളുടെയും വൈരാഗ്യത്തിന്‍റേയും പ്രണയത്തിന്‍റേയും രതിയുടെയും പകയുടെയും കഥകള്‍, പൊറ്റാളിലും അവയുടെ സാര്‍വലൌകിക സ്വഭാവങ്ങളോടെ പ്രതിഫലിക്കുന്നു. പൊറ്റാളില്‍ തുടങ്ങി പൊറ്റാളില്‍ അവസാനിക്കുന്നവയല്ല ഈ ഇടവഴികള്‍. ആകാശത്തേയ്ക്ക് നീണ്ട്, അവിടെനിന്ന് ഭൂമിയിലെല്ലായിടത്തേയ്ക്കും എത്തുന്നവയാണ് പൊറ്റാളിലെ ഇടവഴികള്‍.

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമായി ഇന്ത്യന്‍ രാഷ്ട്രീയവും സമൂഹവും അടപടലേ മാറിത്തുടങ്ങി. രാമായണം, മഹാഭാരതം ടിവി സീരിയലുകള്‍, കര്‍സേവ, മണ്ഡല്‍ സമരങ്ങള്‍, പള്ളിപൊളിക്കല്‍ തുടങ്ങിയവയോടോപ്പം ആഗോളവല്‍ക്കരണത്തിന്‍റെ തുടക്കവും ഇക്കാലത്താണ്‌. അപ്പോള്‍ത്തന്നെയാണ്‌ നോവലിലെ മിക്കവാറും കഥാപാത്രങ്ങള്‍ രാഷ്ട്രീയവിദ്യഭ്യാസം നേടുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നോവലില്‍ വിഷയീഭവിക്കുന്നില്ല, പക്ഷെ ആ സാമൂഹിക പശ്ചാത്തലം സൂക്ഷ്മവായനയില്‍ തെളിഞ്ഞുകാണാം.

പൊള്ളുന്ന ആ ബാബരിക്കാലത്തെ, മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലപ്പുറം ജില്ല എങ്ങനെ കൈകാര്യം ചെയ്തു, അതില്‍ രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങള്‍ വഹിച്ച പങ്ക്, മുതലായ കാര്യങ്ങള്‍ നോവലില്‍ വിഷയമാവുന്നുണ്ട് (മലപ്പുറം ജില്ലയ്ക്ക് മാത്രമായി ഇക്കാര്യത്തില്‍ എന്ത് പ്രത്യേകത എന്ന് ആര്‍ക്കും തോന്നാം. അങ്ങനെയൊരു പ്രത്യേകത ആ നാട്ടിന്‌, നാട്ടിനു പുറത്തുള്ളവര്‍ ചാര്‍ത്തിക്കൊടുത്തതാണ്‌, അല്ലാതെ അവിടെയുള്ളവര്‍ക്ക് അങ്ങനെ തോന്നിയിട്ടല്ല എന്നതാണ്‌ അതിനുത്തരം). മുസ്ലിം സമുദായത്തിലെ വ്യക്തികള്‍ ബാബരിപള്ളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അകപ്പെട്ടിരുന്ന ആശയക്കുഴപ്പത്തെ വിശദമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട് ഇവിടെ. അതേകാലത്ത് മുസ്ലിം സമുദായവും സമുദായ രാഷ്ട്രീയവും നേരിട്ട വെല്ലുവിളികളും മുസ്ലിം സംഘടനകള്‍ക്കുണ്ടായ പരിണാമങ്ങളും പുതിയ സംഘടനകള്‍ രംഗപ്രവേശം ചെയ്യുന്നതുമെല്ലാം കഥാകാരന്‍ സ്പര്‍ശിച്ച് പോവുന്നുണ്ട്. കൂട്ടത്തില്‍ മത, ജാതി അടിസ്ഥാനത്തില്‍ ഹൈന്ദവര്‍ സംഘടിക്കാന്‍ തുടങ്ങിയതും. എന്നാല്‍ ശ്രദ്ധേയമായ ഒരു കാര്യം, പള്ളി വിഷയത്തിലെ ഹിന്ദുവീക്ഷണകോണുകള്‍ നോവലില്‍ പ്രകടമായില്ല എന്നതാണ്‌. പലഭാഗങ്ങളുള്ള ഒരു ബൃഹദ്കഥയുടെ ആദ്യഭാഗമാണ്‌ ഈ നോവലെന്നതിനാല്‍ ഇനിവരാനുള്ള ഭാഗങ്ങളില്‍ ഒരുപക്ഷെ അത്തരം കാര്യങ്ങള്‍ ഉണ്ടാവുമായിരിക്കാം.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദം ഫുട്ബോളാണ്‌. മലപ്പുറത്താണെങ്കില്‍ ആ ഇഷ്ടം അതിന്‍റെ പാരമ്യത്തിലുമാണ്‌. പക്ഷെ കൌതുകകരമെന്ന് പറയട്ടെ, നോവലിലെ ചെറുപ്പക്കാരുടെ കളി ക്രിക്കറ്റാണ്‌. പന്തുകളിക്കുന്നവര്‍ ഇല്ലെന്നല്ല, നോവലില്‍ ആ തലമുറയിലെ ചെറുപ്പക്കാരുടെ കളി ക്രിക്കറ്റാണ്‌, കഥ വികസിക്കുന്നതിലെ ചില സംഭവങ്ങള്‍ നടക്കുന്നത് ക്രിക്കറ്റുകളിയുമായി ബന്ധപ്പെട്ടാണ്‌. കേരളത്തിലെ ഉള്‍നാടുകളില്‍ ക്രിക്കറ്റുകളി പ്രചാരത്തിലാവുന്നതും കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്നതും എണ്‍പതുകളുടെ അവസാനത്തോടെയാണ്‌. ടിവിയും അതിലൂടെ ക്രിക്കറ്റും പ്രചുരപ്രചാരം നേടിയ കാലത്താണ്‌ കഥ നടക്കുന്നത്. പന്തുകളി അത്രമേല്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു നാട്ടിലേക്ക് അപാരവിപണിമൂല്യമുള്ള മറ്റൊരു കളി പ്രചരണോപാധികളുടെ സഹായത്തോടെ കടന്നുവരികയും മറ്റേതിനെ മാറ്റി തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു, നോവലിലെ കഥയ്ക്ക് മുന്നേ. ടിവി വഴി നേരിട്ട് വീട്ടിനകത്തേയ്ക്ക് ഇറങ്ങിവന്നതിനാലും ദിവസം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുന്നതാകയാലും സ്ത്രീപുരുഷഭേദമെന്യേ, പ്രായഭേദമെന്യേ സ്വീകാര്യത ലഭിച്ചു ക്രിക്കറ്റിന്‌. ഫുട്ബോളിന്‌ നമ്മുടെ നാട്ടില്‍ എന്നുമുള്ള ഒരു ആണ്‍കളി ഇമേജിനെക്കൂടി, കാഴ്ചയുടെ കാര്യത്തിലെങ്കിലും, വെല്ലുവിളിക്കാന്‍ ക്രിക്കറ്റിനായി. പറഞ്ഞുവന്നത്, പൊറ്റാളിലെ പാടത്തെ ക്രിക്കറ്റ് കളി, പന്തുകളിയ്ക്ക് പകരം എങ്ങനെ നോവലിലെ കളിയായി എന്നതിന്‍റെ പശ്ചാത്തലം ഇതായിരിക്കാമെന്നതാണ്‌. അതൊഴിച്ചാല്‍ ഈപ്പറഞ്ഞ കാര്യങ്ങളും ചിന്തകളും നോവലിനു പുറത്തുമാണ്‌.

ഇടവഴികള്‍ നാടിന്‍റെ രക്തചംക്രമണ വ്യവസ്ഥ പോലെയാണ്‌. നാട്ടുശരീരത്തിന്‌ ആവശ്യമായതെല്ലാം അതിലൂടെ കേറിയിറങ്ങിപ്പോവും. ഇടവഴികള്‍ അതുമാത്രമല്ല, മറ്റുപലതുമാണ്‌. പാടങ്ങളിലേയ്ക്കും തോടുകളിലേയ്ക്കും മഴവെള്ളമൊഴുകിപ്പോവാനുള്ള ചാലുകളുമാണ്‌ ഇടവഴികള്‍, ഇത്തരം ഭൂപ്രദേശങ്ങളില്‍ ഇടവഴികള്‍ മഴക്കാലത്തെ സേഫ്റ്റി വാല്‍വുകളുമാവുന്നു. നാടിന്‍റെ പരിണാമത്തിന്‍റെ സൂചകങ്ങളുമാണ്‌ പിന്നൊരിക്കല്‍ നിരത്തുകളായി മാറുന്ന ഇടവഴികള്‍. ഒരുപക്ഷെ നോവലിസ്റ്റിന്‌ കുറേക്കൂടി വികസിപ്പിക്കാമായിരുന്ന ഒരു രൂപവും രൂപകവുമായിരുന്നു ഇടവഴികളെന്ന് തോന്നിയാല്‍ അതിനെ തെറ്റുപറയാനാവില്ല.

മഴവെള്ളമൊഴുകുന്ന വഴികളെപ്പറ്റി പൊറ്റാളിന്‍റെ കഥയെഴുത്തുകാരനോ വൃത്താന്തകാരനോ ആയ കഥാപാത്രം വിവരിക്കുന്നുണ്ട്. മഴവെള്ളം ഇടവഴികളിലൂടെയും തോട്ടിലൂടെയും ഒഴുകുന്നതും കല്ലുവെട്ടുകുഴികളിലേയ്ക്കും പാടത്തേയ്ക്കും കുളങ്ങളിലേയ്ക്കും വെള്ളം മറിയുന്നതും ഒഴുക്കിന്‍റെ ജലചാക്രികത പൂര്‍ത്തിയാവുന്നതും, വായനക്കാര്‍ക്ക് മുന്നില്‍ വെളിപ്പെടുന്ന, പരസ്പരം കെട്ടുപിണഞ്ഞ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ആളുകളും അവരുടെ ജീവിതങ്ങള്‍ തന്നെയുമാണ്‌. ഇടവഴിയിലൂടെ വെള്ളമൊഴുകുന്ന ഒച്ച കേട്ടുകൊണ്ട് രാത്രി കിടക്കുമ്പോള്‍ (ഒന്നിലധികം അവസരങ്ങളില്‍ ഇതേ കാര്യം പറയുന്നുണ്ട്) അവര്‍ ശ്രവിക്കുന്നത് സ്വന്തം ജീവിതത്തിന്‍റെ ശബ്ദം തന്നെയാണെന്ന് തോന്നിപ്പോവും.

അസാധാരണമായി തോന്നിയ ഒരു കാര്യമെന്തെന്നാൽ, പൊറ്റാൾ എന്ന നാട്ടിന് പൊതുവായൊരു സാർവലൗകികസ്വഭാവം ഉണ്ടെങ്കിലും ചുറ്റുമുള്ളതിനെയെല്ലാം കുടഞ്ഞെറിഞ്ഞ് നാട്ടിനും അവിടത്തെ ജീവിതത്തിനും പുറത്തേയ്ക്ക് ചാടാനുള്ള ത്വര, പൊറ്റാള്‍ എന്ന കുണ്ടില്‍ നിന്നും പുറത്തുകടക്കാന്‍ നോവലിലെ മിക്കവാറും കഥാപാത്രങ്ങൾക്കൊന്നും ആഗ്രഹമുണ്ടായതായി കാണുന്നില്ല, ലോകത്തോട് പൊറ്റാളിനെ ബന്ധിപ്പിക്കുന്ന ഒരു ഹൈവേ തൊട്ടടുത്തുതന്നെയുണ്ടെങ്കിലും. അവരുടെ പ്രായത്തെയും ജീവിതസാഹചര്യങ്ങളെയും ആ കാലത്തെ പുറംലോകത്തേയും ഒക്കെ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. പൊറ്റാള്‍ ഒരു ഉട്ടോപ്പ്യയോ നന്മ പുത്തുലഞ്ഞ് നില്‍ക്കുന്ന നാടോ അല്ലല്ലൊ. പുറത്തുപോവുന്നവരില്‍ ഒരാള്‍ തിരിച്ചുവരുമെന്ന് പറയുന്നുമുണ്ട്.

രാത്രി മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ നിലാവത്ത് അറ്റമില്ലാതെ കിടക്കുന്ന മരുഭൂമി പൊറ്റാള്‍ പാടം പോലെ തോന്നുന്നുണ്ട് ഒരു കഥാപാത്രത്തിന്‌. അയാള്‍ കണ്ണെടുക്കുന്നില്ല. ഗൃഹാതുരത, ഭൂതക്കാലക്കുളിര്‍ ആകുമ്പോഴാണ്‌ അതിനു വാഴ്ത്തുകളും സ്തുതികളും ഉണ്ടാവുന്നത്. തിരിച്ചുപോക്കുകള്‍ സാഹചര്യങ്ങളിലേക്കും വ്യക്തികളിലേക്കും പ്രിയപ്പെട്ടവയിലേക്കും മാത്രമാകാതാവുന്നത്. പില്‍ക്കാലങ്ങളെ നിഷേധിക്കുന്നത്. സ്തുതിക്കപ്പെടാതെതന്നെ ഗൃഹാതുരമായ ചിലതുകളെ തേടുന്നു ഇതിലെ ചില കഥാപാത്രങ്ങള്‍. ചിലര്‍ അതില്‍നിന്നൊക്കെ ഓടിമാറുകയും (എന്ന് വായനക്കാര്‍ക്ക് തോന്നും).

നോവലിന്‍റെ ആദ്യഭാഗത്തുള്ള തീഷ്ണതയ്ക്ക് മൂന്നാംഭാഗമെത്തുമ്പോള്‍ ഇടിവ് വരുന്നുണ്ട്. അതേസമയം വികാരവിചാരങ്ങളുടെ ഒഴുക്കിന്‍റെ വേഗവും സംഭവങ്ങളുണ്ടാവുന്ന ആവൃത്തിയും നോവലില്‍ കൃത്യമായി ഇഴുകിച്ചേരുന്നുമുണ്ട്. നേരത്തേ സൂചിപ്പിച്ച സ്വഗതാഖ്യാനങ്ങളുടെ രീതി രണ്ടുതരം വായനകള്‍ സാധ്യമാക്കുന്നു. ഒന്ന്, ആരാണ്‌ പറയുന്നതെന്നതില്‍ വലിയ ഊന്നല്‍ കൊടുക്കാതെ, കഥയുടെയും സംഭവങ്ങളുടെയും കൂടെപ്പോകാമെന്നതാണ്‌. മറ്റേത്, പുസ്തകം വായിക്കുമ്പോള്‍ത്തന്നെ ഓരോ കഥാപാത്രങ്ങളേയും, അവരുടെ ചിന്തയേയും പരിണാമങ്ങളേയും വളര്‍ച്ചയേയും വര്‍ഷങ്ങളിലൂടെ പിന്‍തുടരാമെന്നതാണ്‌.

പ്രശാന്ത് കളത്തില്‍

പ്രശാന്ത് കളത്തില്‍

ബ്ലോഗര്‍, ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍