TopTop

നടക്കാന്‍ വയ്യാത്ത വോട്ടര്‍ക്ക് പകരം പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യട്ടേയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

നടക്കാന്‍ വയ്യാത്ത വോട്ടര്‍ക്ക് പകരം പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യട്ടേയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി സൗഹൃദ വോട്ടെടുപ്പ് ആയിരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും നേരത്തെ തന്നെ തുടങ്ങിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പിഡബ്ല്യൂഡി എന്ന ആപ്പും അവര്‍ പുറത്തിറക്കി. ഭിന്നശേഷിക്കാര്‍ക്ക് പൂര്‍ണമായും ഉപയോഗപ്രദമാകുന്ന തരത്തിലുള്ള ഈ ആപ്പ് മുഖേന ഒരാള്‍ക്ക് ഭിന്നശേഷി രേഖപ്പെടുത്താനും വോട്ടെടുപ്പില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും ഉപകരിക്കുമെന്നും പറഞ്ഞിരുന്നു.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബൂത്തില്‍ മുന്‍ഗണന ലഭിക്കുമെന്നും വീല്‍ചെയര്‍, റാമ്പ് ബ്രെയില്‍ സംവിധാനം, കേള്‍വിക്കുള്ള ഉപകരണങ്ങള്‍, ചവിട്ടുപടികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുമെന്നുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ആവശ്യമുള്ളവര്‍ക്കായി പ്രത്യേക വാഹനങ്ങളും ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുനല്‍കിയിരുന്നു. ഇവരെ ബൂത്തുകളിലേക്കെത്തിക്കാനുള്ള ചുമതല ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കുമാണ്. വോട്ട് രേഖപ്പെടുത്താന്‍ സഹായിയുടെ ആവശ്യമുണ്ടെങ്കില്‍ അതും അനുവദിക്കും. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെട്ട ബൂത്ത് താഴത്തെ നിലയില്‍ തന്നെയായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഭിന്നശേഷി സൗഹൃദ പ്രചാരണത്തിനായി പ്രത്യേക വീഡിയോയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. എന്നാല്‍ ഭിന്നശേഷി സൗഹൃദ വോട്ടെടുപ്പ് എന്നത് വാഗ്ദാനമായി മാത്രം നിന്നുവെന്നാണ് ഇന്നലെ കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

മെഷിയനും ചുവരിനുമിടയില്‍ നടന്നു വരുന്ന ഒരാള്‍ക്ക് മാത്രം നില്‍ക്കാനുള്ള ഇടമേയുള്ളൂവെന്നതിനാല്‍ പകരക്കാരനായി പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യട്ടേയെന്നാണ് അരവിന്ദ് കുഞ്ഞുണ്ണിയെന്ന വ്യക്തിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. അപ്പോള്‍ പിന്നെ താന്‍ വന്നത് എന്തിനാണെന്ന് അരവിന്ദ് കടുപ്പിച്ച് ചോദിച്ചപ്പോഴാണ് അവര്‍ മേശ നീക്കിയിട്ട് ഇദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. പേരൂര്‍ക്കട കണ്‍കോര്‍ഡിയ ലൂഥറന്‍ എച്ച്എസ്എസിലെ ബൂത്തിലാണ് കാലിന് ചലനശേഷിയില്ലാത്ത അരവിന്ദിന് തിക്താനുഭവമുണ്ടായത്. അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

'പേരൂര്‍ക്കട കണ്‍കോര്‍ഡിയ ലൂഥറന്‍ എച്ച് എസ് എസില്‍ അമ്മയുടെ കൂടെ പോയി വോട്ട് ചെയ്തു.. ജീവിതത്തിലെ മൂന്നാമത്തെ വോട്ട്.. പോളിങ് ബൂത്ത് കെട്ടിടത്തിന്റെ ഒരു മുക്കിലായി റാമ്പ് ഉണ്ടായിരിന്നു.. വിരലില്‍ മഷി പുരട്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ പ്രീസൈഡിങ് ഓഫീസര്‍: 'നടക്കാന്‍ കഴിയുമോ?'
ഇല്ല എന്ന് പറഞ്ഞപ്പോള്‍ ചുവരിനും, മെഷീനും ഇടയില്‍ നടന്നു വരുന്ന ഒരാള്‍ക്കു നില്‍ക്കാനുള്ള ഗ്യാപ്പ് ഉള്ളു. മെഷീന്‍ ഇരിക്കുന്ന മേശ നീക്കാന്‍ സാധിക്കില്ല, അപ്പോള്‍ ഇനി എങ്ങനെ വോട്ട് ചെയ്യും എന്നായി അവര്‍.
എനിക്ക് സമ്മതിദാനാവകാശം നല്‍കാനുള്ള സൗകര്യം ഒരുക്കേണ്ടത് അവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ കടമയാണെന്നു ചിരിച്ചു കൊണ്ട് പറഞ്ഞ ഉടനെ പോളിങ് ഓഫീസര്‍ വക വരുന്നു അടുത്ത കമ്മന്റ്, എനിക്ക് വേണ്ടി പ്രീസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യട്ടെ..
അപ്പോള്‍ പിന്നെ ഞാന്‍ എന്തിനാ വന്നതെന്ന് അര്‍ത്ഥശങ്കകള്‍ക്കു ഇടം കൊടുക്കാതെ തന്നെ കനപ്പിച്ചു ചോദിച്ചതും ഇപ്പോള്‍ ശരിയാക്കി തരാമെന്നു പറഞ്ഞു മേശ നീക്കി തന്നു..
ഇത് ആദ്യമേ ആവാമായിരുന്നില്ലേ എന്നാലോചിച്ചു പട്ടികയിലെ മൂന്നാമത്തെ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തു.. വീല്‍ച്ചെയറില്‍ ഇരുന്നു കാണാന്‍ പറ്റാത്ത ഉയരത്തില്‍ ഇരിക്കുന്ന വി വി പി എ ടി മെഷീനില്‍ ഞാന്‍ ചെയ്ത വോട്ട്, ഞാന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ ആയതെന്നറിയാതെ ബൂത്തിലെ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞിറങ്ങി'. പാലോട് പെരിങ്ങമല സ്വദേശിയായ മോളി എന്ന ഭിന്നശേഷിക്കാരിക്കും സമാനമായ അനുഭവമാണ് ഉണ്ടായത്.വോട്ടെടുപ്പ് കേന്ദ്രത്തിലെത്തിയ ഇവര്‍ക്ക് പോളിംഗ് ബൂത്തിലേക്ക് എത്തിച്ചേരാനുള്ള ചക്രക്കസേരയ്ക്കായി കാത്തിരിക്കേണ്ടി വന്നത് ഒന്നര മണിക്കൂറാണ്. വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമല ഇക്ബാല്‍ കോളേജ് 117-ാം ബൂത്തിലെത്തിയ മലമാരി ലക്ഷം വീട് സ്വദേശിനിയാണ് കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത ഇവര്‍. പോളിംഗ് ബൂത്തില്‍ റാമ്പും ചക്രക്കസേരയും ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നെങ്കിലും സഹോദരന്‍ ജോയിയോടൊപ്പം ബൂത്തിലെത്തുമ്പോള്‍ ഇവിടെയെത്താന്‍ വഴി പോലുമുണ്ടായിരുന്നില്ല. വിവരം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാനായില്ല. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മോളിയുടെ സഹോദരനും നെടുമങ്ങാട് തഹസില്‍ദാരെ വിവരം അറിയിക്കുകയും ഒന്നര മണിക്കൂറിനു ശേഷം ചക്രക്കസേര എത്തിച്ച് ഇവരെ പോളിംഗ് ബൂത്തിലെത്തിക്കുകയുമായിരുന്നു.

അതേസമയം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മറുപടി നല്‍കിയതായി അരവിന്ദ് അഴിമുഖത്തോട് അറിയിച്ചു. 'ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പറഞ്ഞത് പോലെ ചിലര്‍ പെരുമാറിയിട്ടുണ്ട്. എന്നാല്‍ വോട്ടര്‍ അമര്‍ത്തിയ ബട്ടണിലുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെയാണ് വോട്ട് പോയതെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന് അതില്‍ യാതൊരു സംശയവും വേണ്ട. ഇത് ശ്രദ്ധയില്‍ക്കൊണ്ടുവന്നതിന് നന്ദി. പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതാണ്.' എന്നായിരുന്നു ടിക്കാറാം മീണയുടെ മറുപടി.

Next Story

Related Stories