TopTop
Begin typing your search above and press return to search.

മോദിയുടെ തന്ത്രം അഥവ പ്രേമചന്ദ്രനെ കൊല്ലം ബൈപ്പാസ് വഴി തേടി വന്ന പാര

മോദിയുടെ തന്ത്രം അഥവ പ്രേമചന്ദ്രനെ കൊല്ലം ബൈപ്പാസ് വഴി തേടി വന്ന പാര

വേലയും കാണാം താളിയും ഒടിക്കാം എന്ന് പറഞ്ഞതുപോലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദര്‍ശനം. പറഞ്ഞുവരുമ്പോള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഉദ്ദേശ്യം കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോകസഭ മണ്ഡലങ്ങളിലെ എന്‍ഡിഎ കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള പൊതു യോഗം, കൊല്ലത്തെ ബൈപാസ് ഉദ്ഘാടനം, തിരുവനന്തപുരം ശ്രീ പദമനാഭ സ്വാമി ക്ഷേത്ര ദര്‍ശനം എന്നൊക്കെയാണ്. എന്നാല്‍ മോദിയുടെ പ്രധാന ലക്ഷ്യം കേരളത്തില്‍ ശബരിമല കര്‍മ്മ സമിതിയെ കൂട്ടുപിടിച്ചു ബിജെപിയും ആര്‍എസ്എസും സജീവമാക്കി നിറുത്തിയിട്ടുള്ള ശബരിമല രാഷ്ട്രീയം ഒന്നുകൂടി ആളിക്കത്തിക്കാനും അതുവഴി അടുത്ത് നടക്കാനിരിക്കുന്ന ലോകസഭ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഒരു ശ്രമം നടത്തുക എന്നത് തന്നെയായിരുന്നു. ബൈപാസ് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം എന്‍ ഡി എ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ കേരള സന്ദര്‍ശന ദൗത്യം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ലജ്ജാകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസിനെയും വെറുതെ വിട്ടില്ല. ശബരിമലയുടെ കാര്യത്തില്‍ പത്തനംതിട്ടയില്‍ പറയുന്നതല്ല കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി, കോണ്‍ഗ്രസിനെ ആക്രമിച്ചത്. ചരിത്രം, സംസ്‌ക്കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കാത്ത കമ്മ്യൂണിസ്റ്റുകാരോട് കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കാനും മറന്നില്ല. മുത്തലാഖ് ബില്ലിന്റെ കാര്യം പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ മുസ്ലിം ലീഗിനും കൊടുത്തു ഒരു കൊട്ട്. ചുരുക്കത്തില്‍ ഉടനെ നടക്കാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിനായുള്ള കേരളത്തിലെ മോദി വക പ്രചാരണത്തിന്റെ കര്‍ട്ടന്‍ റൈസര്‍ തന്നെയായിരുന്നു ഇന്നലത്തെ പ്രസംഗം.

സത്യത്തില്‍ കൊല്ലത്തു മോദി ആടിത്തിമിര്‍ക്കുക തന്നെ ചെയ്തു. ഇതിനിടയില്‍ പുലിവാല് പിടിച്ച അവസ്ഥയില്‍ ഒരാള്‍ കൊല്ലത്തുണ്ടായിരുന്നു. മറ്റാരുമല്ല സ്ഥലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ. തന്റെ കൂടി ശ്രമഫലമായി നിര്‍മിച്ച ബൈപ്പാസിന്റെ ഉദ്ഘാടനം നീണ്ടു പോകുന്നുവെന്ന് തോന്നിയപ്പോള്‍ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടു നിവേദനം നടത്തിയതിന്റെ പേരില്‍ ഏറെ പഴികേട്ട ആളാണ് പ്രേമചന്ദ്രന്‍. തന്റെ നിവേദനം മോദി ഇത്ര വലിയ ഒരു രാഷ്ട്രീയ ആയുധമായാക്കി മാറ്റുമെന്ന് അദ്ദേഹം സ്വപനത്തില്‍ പോലും കരുതിയിരിക്കാന്‍ ഇടയില്ല.

അല്ലെങ്കില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടിക്കാന്‍ പോലും സമയം കണ്ടെത്താന്‍ കഴിയാതിരുന്ന പ്രധാന മന്ത്രി ചാടിപ്പിടിച്ചു ബൈപാസ് ഉദ്ഘാടിക്കാന്‍ എത്തുമെന്ന് ആരെങ്കിലും കരുതുമോ. പഴികേട്ടു മടുത്തതും പോരാഞ്ഞു നിലവിളക്കു കൊളുത്തല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസ്സരവും, സ്ഥലം എംപിക്കു നഷ്ടമായെന്ന് പറഞ്ഞാല്‍ മതിയല്ലോ. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിനെ വലിച്ചു താഴെയിട്ടു അധികാരം പിടിക്കാന്‍ ഓപ്പറേഷന്‍ താമര പയറ്റുന്ന മോദി പാര്‍ട്ടി കൊല്ലത്തു നടപ്പിലാക്കിയ തന്ത്രം മറ്റൊന്നായിരുന്നു. അതാവട്ടെ പ്രേമചന്ദ്രന്‍ എംപി ക്കു വല്ലാത്തൊരു പാര തന്നെയായെന്നു പറഞ്ഞാല്‍ മതിയല്ലോ.


Next Story

Related Stories