TopTop
Begin typing your search above and press return to search.

സ്മാര്‍ട്ട് സിറ്റികളെക്കുറിച്ചും നഗര പുനരുദ്ധാരണത്തെക്കുറിച്ചും സംസാരിക്കുന്ന നമ്മള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യുന്നുണ്ട്? ആര്‍കിടെക്റ്റ് ബാലകൃഷ്ണ ദോഷി/അഭിമുഖം

സ്മാര്‍ട്ട് സിറ്റികളെക്കുറിച്ചും നഗര പുനരുദ്ധാരണത്തെക്കുറിച്ചും സംസാരിക്കുന്ന നമ്മള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യുന്നുണ്ട്? ആര്‍കിടെക്റ്റ് ബാലകൃഷ്ണ ദോഷി/അഭിമുഖം

അമേരിക്കയിലെ വിഖ്യാതമായ പ്രിറ്റ്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരം ഈ വര്‍ഷം നേടിയത് ഒരു ഇന്ത്യക്കാരനാണ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാലകൃഷ്ണ ദോഷി. 90 ആം വയസ്സിലെത്തിയ ഈ അന്താരാഷ്ട്ര അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ ബാലകൃഷ്ണ ദോഷിയും 'ആര്‍ക്കിടെക്ട്' മാഗസിന്റെ ലേഖകന്‍ എഡ്വേര്‍ഡ് കീഗനും നടത്തിയ സംഭാഷണത്തിന്റെ മലയാള പരിഭാഷ:

അഭിനന്ദനങ്ങള്‍! ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനയായ ആര്‍ക്കിടെക്ട് എന്ന പദവിയിലെത്തിയിരിക്കുന്നു. എന്താണ് തോന്നുന്നത്?

എന്താണ് പറയേണ്ടത്? നമ്മള്‍ എഴുപത് വര്‍ഷം ജോലി ചെയ്യുന്നു. അവസാനം ഇത്തരമൊരു നേട്ടം. അത് വെറും അപ്രതീക്ഷിത ആഹ്‌ളാദത്തിനുമൊക്കെ മേലെയാണ്. ഒരുപാട് സന്തോഷമുള്ള നിമിഷം.

ഇന്ത്യയില്‍ നിന്നും പ്രിറ്റ്‌സ്‌കര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് താങ്കള്‍. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ഈ പുരസ്‌കാരം ഇവിടെ എത്താന്‍ വൈകിയതിനെ കുറിച്ച്?

1962 ല്‍ ഞാന്‍ ഇന്ത്യയില്‍ ഒരു ആര്‍ക്കിടെക്ചര്‍ സ്‌കൂള്‍ തുടങ്ങിയിരുന്നു. എന്നാര്‍ ഈ മേഖല ഇവിടെ ആ വിധം മാര്‍ഗ്ഗദര്‍ശിയായി വളര്‍ന്നിട്ടില്ല. 55 വര്‍ഷം മുമ്പ് തുടങ്ങിയ ഒരു ലക്ഷ്യത്തെ മുന്നോട്ട് കുതിപ്പിക്കാന്‍ ഈ അവാര്‍ഡ് സഹായിക്കും. നഗരവല്‍ക്കരണം, ആസൂത്രണം, പാര്‍പ്പിട നിര്‍മ്മാണം, ജീവിത നിലവാരം തുടങ്ങിയവയിലൊക്കെ ഇന്ത്യക്ക് ചെയ്യാന്‍ പറ്റുന്നതിനെയെല്ലാം സ്വപ്നം കാണുന്ന ഒരു തലമുറയെ സൃഷ്ടിക്കാനും ഈ രാജ്യത്തിനും ഞങ്ങള്‍ക്കുമൊക്കെ ഇത് വളരെ പ്രധാനപ്പെട്ടതാണ്.

1950 കളില്‍ ലേ കോര്‍ബസിയറിന് ഒപ്പവും 1960 കളില്‍ ലൂയിസ് കാന്‍ ഒപ്പവും താങ്കളുണ്ടായിരുന്നു. ഒരു ആര്‍ക്കിടെക്ട് എന്ന നിലയില്‍ അവരെങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?

ലോകത്തെ ഒരു ശിശുവിന്റെ കൗതുകത്തോടെ നോക്കാനാണ് ലേ കോര്‍ബസിയര്‍ ശീലിപ്പിച്ചത്. അമൂല്യവും നിഷ്‌കപടവുമായി നില്‍ക്കാനായിരുന്നു ലൂയിസ് കാന്‍ ഉപദേശിച്ചത്. ആത്മീയമായ ഈ സാഹചര്യങ്ങള്‍ എനിക്ക് വലിയ പ്രധാനമാണ്. അവര്‍ രണ്ട് പേരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തരായ മനുഷ്യരായിരുന്നു. ജീവിതത്തിന്റെയും, പാര്‍പ്പിടത്തിന്റെയും വാസ്തുവിദ്യയുടേയുമൊക്കെ അര്‍ത്ഥത്തെ തിരഞ്ഞിരുന്നവര്‍.

സാമ്പ്രദായിക വിദ്യാഭ്യാസത്തിനുപരി, ഏറെ നാളത്തെ പ്രാക്ടീസ് പഠിപ്പിച്ച പാഠങ്ങള്‍ എന്താണ് ?

ഞാന്‍ സ്‌കൂളുകളില്‍ നിന്ന് അധികമൊന്നും പഠിച്ചിട്ടില്ല. കാരണം അവ ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്റെ മുത്തച്ഛനില്‍ നിന്ന് കിട്ടിയ പാഠങ്ങളാണ് പ്രധാനം. സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് ലഭിക്കാത്ത വിധമുള്ള ജീവിത വീക്ഷണങ്ങളാണ് അദ്ദേഹം പഠിപ്പിച്ചത്. ജീവിതം ആഘോഷിക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും നമ്മള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കിടെക്ട് എന്ന നിലയ്ക്കുള്ള കടമ നാം നിര്‍വ്വഹിച്ചു കഴിഞ്ഞു.

എങ്ങനെയാണ് ഒരു പ്രോജക്ടിനെ സമീപിക്കുക?

ഏറ്റവും ആദ്യം സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇതൊരു സുസ്ഥിരമായ സംഗതിയാണോ? പ്രാദേശികമായ സാങ്കേതിക വിദ്യ, പ്രാദേശികമായ നിര്‍മ്മാണ രീതി, സാമ്പത്തികമായ അനിശ്ചിതത്വം ഇവയോടൊക്കെ ഒപ്പമാണ് നമ്മുടെ ജോലി. ഇതിനെയെല്ലാം ഒരുമിച്ച് കൂട്ടി പുതിയതെന്തെങ്കിലും ഉണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുക. ഈ അനിശ്ചിതത്വങ്ങള്‍ ചില സമയത്ത് വലിയ സാധ്യതകളാകും. പരീക്ഷണങ്ങളെന്റെ ശീലമാണ്. ഏത് സമയത്തും മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യം വരാം, അനിശ്ചിതത്വങ്ങള്‍ സംഭവിക്കാം. അവയെയൊക്കെ പരിഹരിച്ച് എങ്ങനെ എന്തെങ്കിലും ഉണ്ടാക്കാമെന്നതിലാണ്.

1989 ല്‍ ഇന്‍ഡോറില്‍ താങ്കളൊരു പദ്ധതി പൂര്‍ത്തീകരിച്ചിരുന്നു. ആരണ്യ ലോ കോസ്റ്റ് ഹൗസിങ്ങ് എന്ന ആ പദ്ധതി പ്രകാരം 8000 പേര്‍ക്കാണ് വീടുണ്ടായത്. ഏറെ പേര്‍ക്ക് താമസിക്കാവുന്ന വീട് എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

അവര്‍ കുടിയേറ്റക്കാരായിരുന്നു. വീട് ഒരത്യാവശ്യമായിരുന്നവര്‍. സര്‍ക്കാര്‍ എല്ലാവര്‍ക്കും മുപ്പത് സ്‌ക്വയര്‍മീറ്റര്‍ സ്ഥലവും വെള്ളവും വൈദ്യുതിയും അടുക്കളയും ടോയ്‌ലറ്റും നല്‍കി. പ്രത്യേക തരം കെട്ടിടങ്ങള്‍ നിര്‍മിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ഞാന്‍ പറഞ്ഞു. പ്രാദേശികമായി ലഭ്യമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച്, അവരുടെ കൂടെ പങ്കാളിത്തത്തോടെ, വ്യത്യസ്ത പ്ലാനുകളിലായി 16 കെട്ടിടങ്ങള്‍ നിര്‍മിച്ചു. സാമൂഹ്യമായ കൂടിക്കലരല്‍ ഉണ്ടായി. സാംസ്‌കാരികമായ കൈമാറ്റവും. ഓരോരുത്തരും ഈ സ്ഥലത്തെ തങ്ങളുടേതായ രീതിയില്‍ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചു.

നിങ്ങള്‍ ഒരവസരം കൊടുത്താല്‍ ആളുകള്‍ ഉരുത്തിരിഞ്ഞ് വരും. അവര്‍ കൂടുതല്‍ സഹിഷ്ണുതരും മനസ്സിലാക്കുന്നവരുമാകും. മാനസികവും വൈകാരികവുമായി മാറ്റങ്ങളുണ്ടാകും.

എന്താണ് നല്ല വാസ്തുവിദ്യയിലേക്കുള്ള വഴി?

നമ്മളെപ്പോഴും ഒരു പ്രത്യേക സമയ പരിധിയെ കുറിച്ചാണ് ആലോചിക്കുക. ഡിസൈനിംഗ് ഘട്ടം, നിര്‍മ്മാണ ഘട്ടം അങ്ങനെ. ഒരിക്കലും നമ്മള്‍ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ മനുഷ്യരായി വളര്‍ന്ന, ജീവിച്ച വഴികളെ കുറിച്ചോര്‍ക്കില്ല. നമ്മള്‍ കൂടുതല്‍ സഹിക്കുന്നവരായി, സഹകരിക്കുന്നവരായി, നമ്മളെ തന്നെ കണ്ടെത്തി. എന്ത് കൊണ്ട് അതേ കോണിലൂടെ ആര്‍ക്കിടെക്ചറിനേയും കണ്ടു കൂടാ? ലോകത്തെ വാസസ്ഥലങ്ങള്‍ എടുക്കൂ, അവ നൂറ്റാണ്ടുകളിലൂടെ കടന്ന് പോയിരിക്കുന്നു. അത് അവയെ സമൃദ്ധവും വൈവിധ്യപൂര്‍ണവും ആക്കുകയാണ്.

പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് താങ്കള്‍. എന്താണ് ഭാവി പരിപാടികള്‍ ?

ഈ അവാര്‍ഡ് ഇന്ത്യയില്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഞാന്‍ സ്‌കൂള്‍ തുടങ്ങുന്ന കാലത്തെ എട്ടെണ്ണം ഉണ്ടായിരുന്നിടത്ത്, ഇന്ന് 600 ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്. സ്മാര്‍ട്ട് സിറ്റികളെ കുറിച്ചും നഗരങ്ങളുടെ പുനരുദ്ധാരണത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. എന്നാല്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവിടെയാണ് ഈ അവാര്‍ഡിന് സ്വാധീനം ചെലുത്തേണ്ടത്. ഓരോ ആര്‍ക്കിടെക്ടും ഈ പദ്ധതി അനുകരണീയമാണോ എന്ന് പരിശോധിക്കാന്‍ തുടങ്ങിയാല്‍ അവിടെ എന്തെങ്കിലും ഗുണമുണ്ടാകും.

'ആര്‍കിടെക്റ്റ്' മാഗസിന്‍ പ്രസിദ്ധികരിച്ച അഭിമുഖത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

http://www.architectmagazine.com/awards/q-a-balkrishna-doshi-2018-pritzker-prize-laureate_o


Next Story

Related Stories