TopTop

അല്ലയോ വിദ്യാഭ്യാസ മന്ത്രി, ഇയാളുടെ പ്രസംഗം കേട്ട് കൂവിയ ആ വിദ്യാർത്ഥിയുടെ ആർജ്ജവം ഓര്‍ക്കുക

അല്ലയോ വിദ്യാഭ്യാസ മന്ത്രി, ഇയാളുടെ പ്രസംഗം കേട്ട് കൂവിയ ആ വിദ്യാർത്ഥിയുടെ ആർജ്ജവം ഓര്‍ക്കുക
ആദരിക്കുന്നത് ചെറിയ കക്ഷിയൊന്നുമല്ല. വായന വാരത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രജത്കുമാറിനെ ആദരിക്കുന്നത് കേരള ഗവർണർ പി സദാശിവം ആണ്. ആരോഗ്യ വിഷയങ്ങളിൽ ആധികാരികമായി മണ്ടത്തരങ്ങൾ പറയുന്ന, സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗങ്ങൾ മാത്രം പറയുന്ന രജത്കുമാറിനെ പോലെ ഒരു വ്യക്തിയെ ആദരിക്കുന്നതിലൂടെ അദ്ദേഹം പറയുന്ന മണ്ടത്തരങ്ങളെ കൂടി ന്യായീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. മനപ്പൂർവ്വം ആണെങ്കിലും അല്ലെങ്കിലും ഇതുപോലുള്ള നിരവധി പേർക്ക് സ്വീകാര്യത കിട്ടാൻ ഇതുപകരിക്കും.

സ്പൈനൽ അനസ്തേഷ്യയിൽ നട്ടെല്ലിനുള്ളിലേക്ക് സ്റ്റിറോയിഡ് മരുന്നുകൾ കുത്തിവയ്ക്കും, മുജ്ജന്മ പാപം മൂലമാണ് ഓട്ടിസം ബാധിച്ച കുട്ടികൾ ഉണ്ടാകുന്നത്, ജീൻസ് ധരിച്ചാൽ പ്രത്യുൽപാദനശേഷി ഇല്ലാതാവും, സ്ത്രീകൾ ഓടുകയോ ചാടുകയോ ചെയ്താൽ യൂട്ടറസ് സ്ലിപ്പാവും, കുഞ്ഞുങ്ങൾക്ക് സെറിബ്രൽ പാൾസി ഉണ്ടാവുന്നത് അമ്മമാർ നിഷേധികളായതുകൊണ്ടാണ് തുടങ്ങിയ എമണ്ടൻ മണ്ടത്തരങ്ങൾ നിരവധി വേദികളിൽ പ്രസംഗിച്ചിട്ടുണ്ട് ഈ മാന്യദേഹം. ഇത്തരം അബദ്ധങ്ങൾ നിറഞ്ഞ പ്രസംഗങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നുള്ളതാണ് മനസിലാക്കേണ്ട കാര്യങ്ങളിലൊന്ന്. അതുകൊണ്ടാണ് ഇത്രയധികം വേദികൾ ഇദ്ദേഹത്തിന് ലഭിക്കുന്നതും. കേരളീയരുടെ ബൗദ്ധിക നിലവാരത്തോടുള്ള വെല്ലുവിളികളാണ് രജത്കുമാറിന്റെ ഓരോ പ്രസംഗങ്ങളും.

മന്ത്രിയും ഗവർണറും അടങ്ങിയ വേദിയിൽ ഗവർണറാൽ തന്നെ ആദരിക്കപ്പെടുമ്പോൾ, ആ വ്യക്തിയുടെ സ്വീകാര്യത അതിരുകളില്ലാതെ വളരുന്നു. അശാസ്ത്രീയതയുടെ വക്താക്കളായ, സമൂഹത്തെ ബാധിച്ച പല കാൻസറുകളും ഇങ്ങനെയാണ് വളരുന്നത്. വ്യക്തികളുടെ ശരിയായ ചികിത്സ തടഞ്ഞ് അവരെ കൊലയ്ക്ക് കൊടുക്കാൻ ശ്രമിക്കുന്ന ജേക്കബ് വടക്കൻചേരി, മോഹനൻ തുടങ്ങിയവരോടൊപ്പം വേദി പങ്കിടുന്നവരും ഇത് തന്നെയാണ് ചെയ്യുന്നത്. എംഎൽഎ അനിൽ അക്കര, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ തുടങ്ങിയവർ ഇവരുടെ വേദികളിൽ ഉദ്ഘാടകരാകുമ്പോൾ, എം എ ബേബിയെ പോലുള്ള രാഷ്ട്രീയ നേതാക്കൾ ഇവരെ പിന്തുണയ്ക്കുമ്പോൾ ജനങ്ങൾ ഇവർ പറയുന്ന മണ്ടത്തരങ്ങൾക്ക് ഇരയാകുന്ന സാഹചര്യമുണ്ടാകുന്നു.

ഒരു ഹൃദ്രോഗിയുടെ ചികിത്സ മുടങ്ങാൻ കാരണക്കാരനായതിന് കോടതി ശിക്ഷ വിധിച്ചിട്ടുള്ള വ്യക്തിയാണ് ജേക്കബ് വടക്കൻചേരി. ഒരു വ്യാജ ഡോക്ടർക്ക് 20 വർഷം തടവ് ശിക്ഷ ലഭിച്ച വാർത്ത ഇന്നത്തെ പത്രങ്ങളിലുണ്ട്. അദ്ദേഹത്തെ ആദരിക്കുന്ന ചിത്രങ്ങൾ ഇനി പുറത്ത് വരുമോ എന്നറിയില്ല.

എന്തൊക്കെ പറഞ്ഞാലും, അശാസ്ത്രീയതയുടെയും ജനവിരുദ്ധതയുടെയും വക്താക്കളാകുന്ന രജത്കുമാറുമാർക്ക് സ്വീകാര്യത നൽകുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് വളരെ വലുതാണ്. ജനദ്രോഹികളായ ഇമ്മാതിരി മണ്ടന്മാരോടൊത്ത് വേദി പങ്കിടാനല്ല ജനങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത്. നിങ്ങളെ പോലെ ഒരു നേതാവ് ഇവരോടൊപ്പം വേദി പങ്കിട്ടാൽ, നിങ്ങളെ പോലെ ഒരാളാൽ ആദരിക്കപ്പെട്ടാൽ, ആ ഒരു കാരണം കൊണ്ട് മാത്രം നിരവധി സാധാരണക്കാർ അവരുടെ ജല്പനങ്ങൾ വിശ്വസിക്കുന്ന സ്ഥിതിവിശേഷം സംജാതമാകും.

ജാഗ്രത പാലിക്കേണ്ടത് ജനപ്രതിനിധികളാണ്. ജനങ്ങളോടാണ് പ്രതിബദ്ധതയെങ്കിൽ മാത്രം ചെയ്താൽ മതി.

ഇയാളുടെ പ്രസംഗം കേട്ട് കൂവിയ ആ വിദ്യാർത്ഥിയുടെ ആർജ്ജവം നിങ്ങൾ കാണിക്കണ്ട. പക്ഷേ ജാഗ്രത പുലർത്തുകയെങ്കിലും വേണം.

(ഡോ. ജിനേഷ് പി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

http://www.azhimukham.com/news-wrap-deendayal-upadhyaya-centenary-contest-in-schools-of-kerala-sajukomban/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories