TopTop
Begin typing your search above and press return to search.

തെയ്യത്തിന്റെ വേഷപ്പകര്‍ച്ച: മുറിച്ചു മാറ്റുന്നത് കീഴാളത്തത്തിന്റെ പൊക്കിള്‍ക്കൊടി

തെയ്യത്തിന്റെ വേഷപ്പകര്‍ച്ച: മുറിച്ചു മാറ്റുന്നത് കീഴാളത്തത്തിന്റെ പൊക്കിള്‍ക്കൊടി
മലബാറില്‍ സാമൂഹ്യജീവിതം തീര്‍ക്കുന്നതും സാമൂഹ്യജീവിതത്തെ നിര്‍മ്മിക്കുന്നതുമായ അനുഷ്ഠാനരൂപമാണ് തെയ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പേ തീര്‍ത്ത ജാതിശ്രേണിയില്‍ താഴെപ്പടിയില്‍ നില്‍ക്കുന്നവരോ ജാതിഘടനയ്ക്ക് പുറത്തുനില്‍ക്കുന്നവരോ ആണ് കെട്ടിയാടുന്നതെങ്കിലും അത് കൊണ്ടാടുന്നവര്‍ ജാതിശ്രേണിയുടെ എല്ലാപടികളിലും ഉളളവരാണ്. ജാതിയേയും ജാതിശ്രേണിയേയും നേരിട്ടോ അല്ലാതെയോ ചോദ്യം ചെയ്തപ്പോള്‍ നിഷ്‌കാസിതതരായവരുടെ ദൈനംദിന ജീവിതത്തിന്റെ സന്തോഷവും വേവലാതികളും നിറഞ്ഞാടുന്നതുമാണ് തെയ്യം. അല്ലാതെ മരണാനന്തരജീവിതത്തില്‍ നിന്നുമുള്ള മോക്ഷത്തിനായി ഓരോരുത്തരും നടത്തുന്ന അദ്ധ്യാത്മിക കര്‍മ്മമല്ല.

ദൈനംദിനജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന അനുഷ്ഠാനമായി തെയ്യത്തെ കാണുന്നതിനുപകരം അതിനെ പരലോക മോക്ഷമായി നടത്തേണ്ട ആത്മീയ ആചാരമായി മാറ്റാന്‍ ചിലര്‍ ബോധപൂര്‍വ്വം പ്രയത്‌നിക്കുന്നുണ്ട്. ഈ മാറ്റിമറിക്കല്‍ തുടങ്ങിയിട്ട് അധികകാലമായില്ല. എന്തുകൊണ്ടാണ് ചിലര്‍ തെയ്യത്തെ ഈ ലോകത്തുനിന്നും അടര്‍ത്തിമാറ്റി പരലോകത്തെ സുകൃതത്തിനായുള്ള മാര്‍ഗ്ഗമാക്കിമാറ്റുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. പലകാരണങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും ഒന്നുരണ്ടുകാര്യങ്ങള്‍ മാത്രം വിശദീകരിക്കാം.

ഒന്നാമതായി, എത്ര തരം തെയ്യങ്ങളുണ്ടെന്ന കാര്യത്തില്‍ ഇന്ന് കൃത്യമായ വിവരങ്ങളില്ല. അതിനു കഴിയാത്തത് ഒരു പരാജയമല്ല. തെയ്യം എല്ലാ കാലത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നതും തെയ്യം കാലത്തിനും ദേശത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് അത് സാധിക്കാത്തത്. ഈ എണ്ണിതിട്ടപ്പെടുത്തലുകള്‍ക്കും തളച്ചിടലുകള്‍ക്കും ഒന്നും വഴങ്ങാത്തതാണ് തെയ്യത്തിന്റെ ആന്തരിക ശക്തി. അങ്ങനെയങ്കിലും, പൊതുവെ നോക്കുമ്പോള്‍ സ്ത്രീ തെയ്യങ്ങളാണ് കൂടുതല്‍ എന്നു കാണാനാവും. സമകാലീന സമൂഹത്തില്‍ തെയ്യത്തെ ഈലോകത്തുനിന്നും പരലോകത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്ത്രീകള്‍ ഗൃഹണികളായി അടങ്ങി ഒതുങ്ങികഴിയേണ്ടവരാണ്. അങ്ങനെയല്ലാത്തവര്‍ അവര്‍ക്ക് കുലടകളായിരിക്കും. തെയ്യത്തിലൂടെ ആരാധിക്കപ്പെടുന്ന സ്ത്രീകള്‍ ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അതുവഴി പുറത്താക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ അടങ്ങിയൊതുങ്ങി ഗൃഹസ്ത്രീകളായി കഴിയുന്നതിനുപകരം പുറത്തിറങ്ങി അനീതിക്കും അസമത്വത്തിനും എതിരെ പൊരുതിയവര്‍.അങ്ങനെയുള്ളവര്‍ ആണ്‍കോയ്മാസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഗൃഹസ്ത്രീകളല്ല മറിച്ച് കുലടകളാണ്. രണ്ടാമതുപറഞ്ഞകൂട്ടര്‍ക്ക് നിലവിലുള്ള സാമൂഹ്യാവസ്ഥയെ എതിര്‍ക്കാനുള്ള ശക്തിയുണ്ട്. അതേസമയം ആദ്യഗണത്തില്‍പ്പെട്ടവര്‍ അച്ചടക്കമുള്ളവരുമാണ്. ഇന്ന് തീവ്രവലതുപക്ഷരാഷ്ട്രീയത്തിനും അവര്‍ കൊണ്ടുനടക്കുന്ന ആശയങ്ങള്‍ സ്വാംശീകരിച്ചവര്‍ക്കും ഗൃഹസ്ത്രീകളെയാണാവശ്യം. അല്ലാതെ നിലവിലുള്ള അവസ്ഥയെ എതിര്‍ക്കുന്ന ''കുലടകളെ''യല്ല. അപ്പോള്‍ മാത്രമേ പുരുഷമേധാവിത്വം പുനരുത്പാദിപ്പിക്കപ്പെടുകയുളളൂ. ഇത് സാധ്യമാക്കാനുള്ള മാര്‍ഗ്ഗം ഈ ലോകത്തെ ജീവിതത്തിന്റെ കഥ പറയുന്ന തെയ്യങ്ങളെ, അത് മാക്കമായാലും, തോട്ടുംകരപോതിയായാലും, പണയക്കാട്ട് പോതിയായാലും ശരി, പാര്‍വ്വതിയായും ദുര്‍ഗ്ഗയായും കാളിയായും മാറ്റുക എന്നതാണ്. ഈ പുനര്‍നിര്‍മ്മിതിയിലൂടെയാണ് ദൈനംദിനകാര്യങ്ങള്‍ പറയുന്ന നാട്ടുപരദേവതമാര്‍ ഈ ലോകംവിട്ട് പരലോകത്ത് ആദ്ധ്യാത്മികകാര്യം പറയുന്നവരായി മാറേണ്ടിവരുന്നത്. ഇതാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ.

http://www.azhimukham.com/kerala-new-brahmanic-invasion-on-pulaya-dalit-community-in-north-malabar-by-kr-dhanya/

രണ്ടാമത്തേത്, പൂര്‍വ്വീകാരാധനയില്‍ ഉണ്ടാകാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ പ്രയോഗരീതിയില്‍ പറയുകയാണെങ്കില്‍ തെയ്യത്തിനകത്തെ കാരണവരെ കെട്ടിയാടിക്കലിനെ ഹിന്ദുമതവിശ്വാസത്തിലെ ദേവന്മാരോ അവരുടെ അംശങ്ങളോ ആക്കിമാറ്റുന്ന പ്രവണതയാണ്. നമ്മുടെ വീട്ടുമുറ്റത്ത് ഓരോ തറവാടിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചു മരിച്ച രക്തബന്ധുക്കളെ കാണാം. എല്ലാസമുദായത്തിലും ഇവരെക്കാണാം. കാമ്പ്രത്ത് കണ്ണനായും ശ്രീകണ്ഠനായും കുഞ്ഞിരാമന്‍ ഗുരുക്കളായും ചിരുകണ്ഠമൂര്‍ത്തിയായും കണ്ടക്കോരനായും കുടിവീരനായും കന്നിക്കരുമകനായും പുലിമറഞ്ഞ തൊണ്ടച്ചനായും ആധിയും പിരാന്തം കൊടുത്ത തൊണ്ടച്ചനായും മറ്റും. ഇവരെല്ലാം ഓരോ തറവാട്ടുകാര്‍ക്കും വംശാവലിവരച്ചാല്‍ കണ്ണിചേര്‍ന്നുനില്‍ക്കുന്ന ജീനും രക്തവും ഒന്നായി നില്‍ക്കുന്ന കാരണവര്‍മാര്‍തന്നെ. പക്ഷേ, ഇന്ന് പതുക്കെ ഇവരെ പരമശിവന്റെയോ മറ്റേതെങ്കിലും ഹിന്ദുദേവന്മാരുടെയോ അംശം പറ്റുന്നവരായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുത്തപ്പന്‍ നേരത്തെ ശിവനും വിഷ്ണുവും നന്ദികേശനും ഒക്കെ ആയിട്ടുണ്ട്. കതിവനൂര്‍വീരനെ ചുഴലിഭഗവതിയുമായി കൂട്ടിക്കെട്ടി പരമേശ്വരപുത്രനാക്കാനും തുടങ്ങിയിട്ടുണ്ട്. ആ വഴിയിലൂടെതന്നെയാണ് മറ്റ് കാരണവന്‍മാരേയും ഹിന്ദുദൈവങ്ങളാക്കുന്നത്. അതിന് ചിലപ്പോള്‍ അവരണിയുന്ന ചന്ദ്രക്കലയോ മുഖത്തെഴുത്തിലെ വാലോ പുള്ളിയോ ഒക്കെ ആധാരമാക്കുകയും ചെയ്യുന്നു.

http://www.azhimukham.com/offbeat-politics-of-religion-an-anthropologist-writing-on-north-kerala-religious-culture/

ഈ പ്രവണതയുടെ തുടര്‍ച്ചയാണ് കാവുകളെ ക്ഷേത്രങ്ങളാക്കുന്ന പരിപാടിയും. തെയ്യങ്ങള്‍ നമ്മുടെ വീട്ടുമുറ്റത്ത് ആടിത്തിമിര്‍ക്കുന്നവരാണ്. മുത്തപ്പന്‍ പറയുന്നതുപോലെ ''അടിക്കുംമുറ്റംതന്നെയെന്റെ പൊടിക്കളം.'' മറ്റു ദേവതകളും അങ്ങനെതന്നെ. ചിലര്‍ പടിഞ്ഞാറ്റയില്‍ താമസിക്കുന്നവരാണ്. ചിലര്‍ കൊട്ടിലകത്തും. മറ്റുചിലര്‍ വടക്കിനിയില്‍ (അടുക്കള) അച്ചിമാരായി നില്‍ക്കുന്നവരാണ്. തെയ്യത്തിന്റെ ഇടങ്ങള്‍ ഓരോ തറവാടിന്റെയും കെട്ടിലകമോ പടിഞ്ഞാറ്റയോ ആയി സങ്കല്‍പ്പിക്കപ്പെട്ടവയാണ്. തൊടിയിലെ കാഞ്ഞിരച്ചോടും ചെമ്പകച്ചോടും ഇലഞ്ഞിമരച്ചോടും മറ്റുമാണ് ചിലര്‍ക്ക് ഇരിക്കാനുള്ള ഇടം. ഇങ്ങനെയുള്ള, നമ്മുടെ കൂടെ, വീടിനകത്തും പുരയിടത്തിലും ജീവിക്കുന്ന തെയ്യങ്ങളെ അവിടെനിന്നും അടര്‍ത്തിമാറ്റുകയും അത്തരം ഇടങ്ങളെ തന്നെ ക്ഷേത്രങ്ങളാക്കുകയും ചെയ്യുന്നതു വഴി തെയ്യവും മനുഷ്യന്റെ ദൈനംദിനജീവിതവും ഈ ലോകത്തെ അനുഭവവും തമ്മിലുള്ള ജൈവബന്ധത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ മാറ്റം ആവശ്യമുള്ളവര്‍ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട കീഴാളന്റെ ജീവിതം അതുപോലെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ ലോകത്തെ ശബ്ദമുയര്‍ത്തുന്ന സാധാരണക്കാരനെ പരലോകത്തെ അദ്ധ്യാത്മക്ഷേമം നല്‍കുന്ന അപ്രാപ്യമായ ഹിന്ദുദൈവങ്ങളാക്കുന്നതു വഴി ഇത് നേടാമെന്നറിയുന്നവരാണ് ഈ പ്രവൃത്തിയില്‍ മുഴുകിയിട്ടുള്ളത്.

ഇന്ന് കാണുന്ന ബ്രാഹ്മണതന്ത്രിമാരുടെ തെയ്യപ്രതിഷ്ഠാകര്‍മ്മങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. തറവാട്ടുകാരണവര്‍ ഒരു കല്ലെടുത്തുവച്ചാല്‍, ഒരു മുതിര്‍ച്ച നല്‍കിയാല്‍, ഒരു വാളെടുത്തുവെച്ചാല്‍ കുടിയിരുത്തപ്പെടുന്ന ചരരാശിയിലുള്ള തെയ്യങ്ങള്‍ ഇന്ന് ദിവസങ്ങള്‍ നീളുന്ന ബ്രാഹ്മണതന്ത്രിമാരുടെ മന്ത്രത്താല്‍ ആവാഹിക്കപ്പെട്ട് ഒരിടത്ത് സ്ഥിരരാശിയില്‍ സ്ഥാപിക്കപ്പെടുന്നവരായി മാറിയിരിക്കുകയാണ്. നേരത്തേ പറഞ്ഞതുപോലെ സ്ത്രീ തെയ്യങ്ങളെ ഗൃഹസ്ത്രീകളാക്കിയതുപോലെ എല്ലാവരേയും പള്ളിയറയില്‍ ഒതുക്കപ്പെട്ട് ഈ ലോകത്തെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും അകറ്റിനിര്‍ത്തി എല്ലാവിധ വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും മയപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന അധ്യാത്മികരാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ഇന്ന് തെയ്യത്തിന്റെ സാമൂഹികഭൂമികയില്‍ കാണാം. ഇതിനെ തിരിച്ചറിയേണ്ടതുണ്ട്.

കടപ്പാട്: എതിര്‍ദിശ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories