UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഈശ്വറിന്റെ കുമ്മനം ഓര്‍മ വിരല്‍ ചൂണ്ടുന്നത് നിലയ്ക്കൽ സമരത്തിലേക്കാണ്; പിന്തുണയ്ക്ക് ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ ലോബിയും

സംഘപരിവാറുമായി യാതൊരു ബന്ധവും പുലർത്താത്ത ഭക്തജനസംഘങ്ങളെ തങ്ങൾക്കൊപ്പം കൂട്ടാൻ വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആർഎസ്എസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്

“എനിക്കറിയാവുന്ന കുമ്മനം രാജശേഖരൻ മരിച്ചുപോയി; ഇല്ലെങ്കിൽ ഇപ്പോൾ ശബരിമലയ്ക്കു വേണ്ടി പോരാൻ മുന്നിലുണ്ടാകുമായിരുന്നു”: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളെ സംഘടിപ്പിച്ച് സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്ന രാഹുൽ ഈശ്വറിന്റെ പ്രസ്താവനയാണിത്. ഇതിൽ തനിക്ക് അറിയാവുന്ന ഒരു കുമ്മനം രാജശേഖരൻ ഉണ്ടെന്ന് രാഹുൽ ഈശ്വർ പറയുന്നു. ആരാണ് ഈ രാഹുൽ ഈശ്വറിനറിയാവുന്ന കുമ്മനം രാജശേഖരൻ? അത് ബിജെപി പ്രസിഡണ്ടായിരുന്ന കുമ്മനം രാജശേഖരനാണോ? അതോ ഗവർണറായ കുമ്മനം രാജശേഖരനോ? ഇവർ രണ്ടുമല്ലെന്നാണ് രാഹുൽ ഈശ്വറിന്റെ പ്രസ്താവന വരുന്ന സാഹചര്യത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഒരു വൻ പ്രസ്ഥാനമാക്കി മാറ്റാനാണ് രാഹുൽ ഈശ്വറിന്റെ ശ്രമം. ഈ സന്ദർഭത്തിൽ കുമ്മനം രാജശേഖരനെ പ്രത്യേകമായി ഓർക്കാനും അദ്ദേഹത്തിന്റെ പിന്തുണ വേണമെന്ന് ശാഠ്യം പിടിക്കാനും രാഹുൽ ഈശ്വറിന് ന്യായമുണ്ട്. ‘നിലയ്ക്കൽ പ്രക്ഷോഭ നായകൻ’ എന്നാണ് കേരളത്തിലെ സംഘപരിവാറുകാർക്കിടയിലെ കുമ്മനത്തിന്റെ ഖ്യാതി. ബിജെപി സംസ്ഥാന പ്രസിഡണ്ടായതും ഗവർണറായതും ഈ ‘ഖ്യാതി’യെ മറിടക്കുന്ന നേട്ടങ്ങളാക്കി മാറ്റാൻ കുമ്മനത്തിന് സാധിച്ചിട്ടില്ലെന്ന് വേണമെങ്കിൽ വിമർശിക്കാമെങ്കിലും.

എന്നാൽ കുമ്മനം എന്തായിരിക്കും ആലോചിക്കുന്നുണ്ടാവുക? നിലയ്ക്കൽ സമരം സംഘപരിവാറുകാർ ആരാധനയോടെ ഓർക്കുന്നുണ്ടാകാമെങ്കിലും അതിന്റെ നേതാവെന്ന നിലയിൽ കുമ്മനത്തിന് ഒരു വിലയിരുത്തിലുണ്ടാകും. നിലയ്ക്കൽ സമരം വേണ്ടവിധം മുമ്പോട്ടു കൊണ്ടുപോകാനും താനാഗ്രഹിച്ച വിധത്തിലുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാനും സാധിച്ചിരുന്നോ എന്ന വിമർശനപരമായ ആലോചന കുമ്മനം എന്ന നേതാവിനുണ്ടായിരിക്കുമോ? നിലയ്ക്കൽ സമരമെന്നു കേട്ടാൽ അക്കാലത്ത് പത്രങ്ങൾ വായിച്ചവരും പുതിയ കാലത്തെ അക്കാദമിക താത്പര്യക്കാരുമൊഴികെ കാര്യമായി ആരും ഒന്നും ഓർത്തു വെക്കുന്നില്ല എന്നതൊരു യാഥാർത്ഥ്യമാണ്. ചുരുക്കത്തിൽ അതൊരു പ്രസ്ഥാനമായി മാറുകയുണ്ടായില്ല. ചുരുക്കം ചില കേന്ദ്രങ്ങളുടെയും ഭക്തരുടെയും പിന്തുണയോടെ നടന്ന ഒരു പ്രാദേശിക പ്രശ്നം മാത്രമായി അവസാനിക്കാനായിരുന്നു നിലയ്ക്കൽ സമരത്തിന്റെ വിധി. ഒരു വസ്തു തര്‍ക്കത്തെ വർഗീയവത്ക്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തങ്ങൾ ഹിന്ദുക്കളുടെ നേതാക്കളാണെന്നും നിലയ്ക്കൽ കർമസമിതിയെന്ന കൂട്ടായ്മ ഹിന്ദുക്കളുടെ ഏകീകൃത നേതൃസമിതിയാണെന്നുമുള്ള വാദത്തെ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തള്ളിക്കളഞ്ഞു.

നിലയ്ക്കല്‍ സമരത്തിലെ നേതാവായിരുന്ന കുമ്മനത്തെയാണ് രാഹുൽ ഈശ്വർ ഇപ്പോൾ തന്റെ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നത്. 80-കളുടെ തുടക്കത്തിൽ, കേരളത്തിൽ ബിജെപി ഒരു സാന്നിധ്യം പോലുമല്ലാതിരുന്ന കാലത്ത്, വർഗീയത ആവുംപോലെ ആളിക്കത്തിക്കാൻ കുമ്മനം രാജശേഖരന് സാധിച്ചിരുന്നുവെന്നത് ഒരു സത്യമാണ്. അത് അന്നത്തെ സംഘടനയുടെ ശേഷിയെ അതിവർത്തിക്കുന്ന ഒന്നാണെന്ന് തോന്നിപ്പിക്കുകയും ചെയ്തിരുന്നു.

Also Read: ഗര്‍ഭപാത്രം നീക്കം ചെയ്തതിനാല്‍ ശബരിമലയിലെത്തി; 18 വര്‍ഷം മുന്‍പത്തെ അനുഭവം തുറന്നു പറഞ്ഞ് മുന്‍ കോളേജ് പ്രിന്‍സിപ്പല്‍

നിലയ്ക്കൽ ഒരു ഓർമയായി നിലനിൽക്കുന്നതു കൊണ്ടുകൂടിയാകണം, മുതിർന്ന ബിജെപി-ആർഎസ്എസ് നേതാക്കളാരും തന്നെ സ്ത്രീപ്രവേശനത്തെ തടയുന്ന ആചാരം അവസാനിപ്പിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ സമാനമായ രീതിയിൽ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാമെന്ന് ആലോചിക്കുകയുണ്ടായില്ല. മറിച്ച് ആർഎസ്എസ്സും ബിജെപിയും തുടക്കത്തിൽത്തന്നെ വിധിയെ സ്വാഗതം ചെയ്യാനും തയ്യാറായി.

ബിജെപി-ആർഎസ്എസ് നേതാക്കളുടെ നിലപാട്

ബിജെപിയുടെ ‘ബുദ്ധിജീവി’യായ ടി.ജി മോഹൻദാസിന്റെ നിലപാട് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നു തന്നെയാണ്. വർഷങ്ങൾക്കു മുമ്പുതന്നെ മോഹൻദാസ് ഈ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇതിൽ ഇന്നുവരെ മാറ്റം വരുത്തിയതായി അറിവില്ല. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സ്ത്രീവിരോധമായി വ്യാഖ്യാനിക്കരുതെന്നാണ് മോഹൻദാസ് പറയുന്നത്. അങ്ങനെ വ്യാഖ്യാനിച്ചാൽ ഹനുമാൻ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പോകാൻ കഴിയാതെ വരും. ഹനുമാനേക്കാൾ വലിയ നൈഷ്ഠിക ബ്രഹ്മചാരിയുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആർഎസ്എസ്സിന്റെ നിലപാടും ഇതു തന്നെയാണെന്ന് പല ചാനൽ ചർച്ചകളിലും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ആർത്തവം പ്രകൃതി നിയമമല്ലേയെന്നും അതില്ലെങ്കിൽ മനുഷ്യജാതിയുണ്ടോയെന്നും ചോദിച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. ഫേസ്ബുക്കിൽ 2016 സെപ്തംബർ മാസത്തിൽ സുരേന്ദ്രൻ ഈ ചോദ്യവുമായി ഒരു പോസ്റ്റിട്ടു. 2018 സെപ്തംബർ മാസം പിന്നിട്ടപ്പോഴേക്ക് പ്രസ്തുത പോസ്റ്റ് കാണാതായെങ്കിലും സുരേന്ദ്രന്റെയും മറ്റു നിരവധി ബിജെപി നേതാക്കളുടെയും നിലപാട് സ്ത്രീപ്രവേശനത്തിന് അനുകൂലം തന്നെയാണ്.

‘ആർഎസ്എസ്സിന് സംശയങ്ങളുണ്ടായിരുന്നു’

എന്നാൽ ഈ വിഷയത്തിൽ പക്ഷെ ആർഎസ്എസ്സിന് ‘സംശയങ്ങൾ’ ഉണ്ടായിരുന്നു എന്നാണ് ആർഎസ്എസ് ബുദ്ധിജീവികളിലൊരാളും മാധ്യമപ്രവർത്തകനുമായ കെവിഎസ് ഹരിദാസ് പറയുന്നത്. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള കാര്യമെന്ന് കണ്ടായിരുന്നു ആർഎസ്എസ് തങ്ങളുടെ മുൻനിലപാട് രൂപപ്പെടുത്തിയതത്രേ. അങ്ങനെയെങ്കിൽ ഇപ്പോൾ അതിൽ വന്നിട്ടുള്ള വ്യത്യാസമെന്തെന്ന ചോദ്യമുയരുന്നുണ്ട്. ഉത്തരം ആർഎസ്എസ്സിന്റെ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയതായി ഹരിദാസ് പറയുന്നു. അത് ഇപ്രകാരമാണ്: “ശബരിമല ക്ഷേത്ര വിഷയത്തിലും പ്രത്യകിച്ച് സ്ത്രീകളെ ബന്ധപ്പെടുത്തി പ്രാദേശികമായ പാരമ്പര്യാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ലക്ഷകണക്കിന് വിശ്വസികളുടെ വൈകാരികതയുമായി ബന്ധപ്പെട്ടതാണ്. ഈ വികാരങ്ങള്‍ വിധിപ്രഖ്യാപിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളാസര്‍ക്കാര്‍, ഭക്തജന വികാരം മാനിക്കാതെ വിധിനടപ്പാക്കാന്‍ തിടുക്കം കാട്ടുകയാണ്. സ്വാഭാവികമായും പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാനാഗ്രഹിക്കാത്ത, പ്രത്യകിച്ച് സ്ത്രീകള്‍ പ്രതികരിച്ചിരിക്കുന്നു.”

Also Read: നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

ആർഎസ്എസ്സിന്റെ വാർത്താക്കുറിപ്പിലെ അവസാനവാചകത്തിൽ ഇപ്പോഴത്തെ നിലപാട് മാറ്റത്തിന്റെ പൊരുളെന്താണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ‘സ്ത്രീകൾ പ്രതികരിച്ചിരിക്കുന്നു!’ പന്തളത്ത് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട റാലിയിലെ സ്ത്രീജന പങ്കാളിത്തം ആർഎസ്എസ്സിനെ പുതിയൊരു ‘വെളിച്ച’ത്തിലേക്ക് നയിച്ചിരിക്കുകയാണെന്നു വേണം കരുതാൻ. ‘നിലക്കൽ സമരത്തിന്റെ മാതൃകയിൽ ഒരു പ്രക്ഷോഭം എന്നതാണ് ആർഎസ്എസ് മനസ്സിൽ വെക്കുന്നത് എന്ന് മനസ്സിലാക്കുന്ന’തായും ഹരിദാസ് ഈസ്റ്റ്കോസ്റ്റ് ഡെയ്‌ലിയിൽ എഴുതിയ ലേഖനം വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം, അടുത്തവർഷം മാർച്ച് മാസത്തിൽ കൊച്ചിയിൽ നടക്കുന്ന ഹിന്ദു നേതൃ സമ്മേളനത്തിൽ ഈ വിഷയം പ്രധാന ചർച്ചയാകുമെന്നും ഹരിദാസ് സൂചിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ ഒരു ദീർഘകാല അജണ്ടയായി ശബരിമലയെ വളർത്തിക്കൊണ്ടു വരാനാണ് ആർഎസ്എസ്സിന്റെ നീക്കമെന്നത് വ്യക്തമാകുന്നു.

ഭാരതീയ വിചാരകേന്ദ്രത്തിന്റെ നിലപാട്

ആർഎസ്എസ്സിന്റെ ഉത്തരേന്ത്യൻ നേതൃത്വത്തെ പൂർണമായും തള്ളുന്നതാണ് കേരളത്തിലെ ആർഎസ്എസ്-ബിജെപി നേതാക്കളുടെ പൊതുവിലുള്ള വികാരമെന്ന് സൂചിപ്പിക്കുന്നതാണ് ഭാരതീയവിചാരകേന്ദ്രം ഇന്ന് വെളിപ്പെടുത്തിയ നിലപാടിൽ നിന്നും മനസ്സിലാക്കാനാകുന്നത്. പരിവർത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്രയെന്നും അത് സൃഷ്ടിച്ച പ്രബുദ്ധതയെ സ്ഥാപിത താത്പര്യക്കാർക്ക് അവരുടെ ചൂഷണോപാധിയാക്കാൻ അനുവദിക്കരുതെന്നും വൈകാരികമായി ജനങ്ങളെ ഇളക്കിവിടരുതെന്നും ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ സഞ്ജയൻ പറയുന്നു. മാമൂലുകളെ അതേപടി നിലനിർത്താനുള്ള സ്ഥാപിത താത്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ട് പിടിക്കരുതെന്നും അത് സമൂഹത്തിൽ ജീർണത ഉണ്ടാക്കുമെന്നും ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നുണ്ട്. പുരുഷ മേധാവിത്വത്തിന്റെ കാലം അവസാനിച്ചു കഴിഞ്ഞെന്ന് മനസ്സിലാക്കണം. സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന കീഴ്‌നടപ്പിന് ധർമ-തന്ത്ര ശാസ്ത്രങ്ങളുടെ പിൻബലം ഇല്ലെന്നും ആർ സഞ്ജയൻ പറയുന്നു.

ആരാണ് നേതൃത്വം നൽകുക?

ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ നൂലിട്ടിറക്കിയ നടപടിക്കു ശേഷം പ്രസ്തുത സ്ഥാനം ഒഴിവുവന്നപ്പോൾ ആർഎസ്എസ്സിന് തങ്ങളുടെ അജണ്ട തുടർ‍ന്നും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. നിലയ്ക്കൽ പ്രക്ഷോഭ നായകര്‍ ഇന്ന് സജീവുവമല്ല. കുമ്മനം നിസ്സംഗത പാലിക്കുന്നുവെന്ന് പുത്തൻകൂറ്റുകാരനായ രാഹുൽ ഈശ്വറിന് പരാതിയുണ്ട്. കുമ്മനത്തിനും പി പരമേശ്വരനുമെല്ലാം പകരം നിൽക്കുന്ന നേതൃത്വം രംഗത്തു വരേണ്ടതുണ്ടെന്ന് ആർഎസ്എസ്സിന്റെ ഉത്തരേന്ത്യൻ നിലപാടുകളോട് യോജിക്കുന്നവർ ആഗ്രഹിക്കുന്നുമുണ്ട്. ഉത്തരേന്ത്യൻ ആർഎസ്എസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം നിർവ്വീര്യമായ കേരളത്തിലെ ബിജെപി നേതൃത്വത്തിന് പകരക്കാരായി ആർഎസ്എസ്സിൽ നിന്നും ആളുകളെ രംഗത്തിറക്കാനുള്ള പോംവഴി കൂടിയാണിത്.

നിലയ്ക്കൽ സമരകാലത്ത് എസ്എൻഡിപി, എൻഎസ്എസ്, വെള്ളാള മഹാസഭ തുടങ്ങിയ സാമുദായിക സംഘടനകളെ തങ്ങൾക്കൊപ്പം നിര്‍ത്താൻ സംഘത്തിന് സാധിച്ചിരുന്നു. സമാനമായ ഒരു മുന്നേറ്റം രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലിലൂടെ സാധ്യമായേക്കുമെന്ന് ആർഎസ്എസ് നേതൃത്വത്തിന് വിലയിരുത്തുന്നത്. തങ്ങളുടെ അജണ്ടകൾ ഏറ്റെടുക്കാൻ ശേഷിയുള്ളവരെ പുറത്തുനിന്നും ഉൾക്കൊള്ളിക്കാനുള്ള മെയ്‌വഴക്കത്തിന്റെ കാര്യത്തിൽ സംഘപരിവാറിന് പാരമ്പര്യമായിത്തന്നെ തികഞ്ഞ ശേഷിയുണ്ട്. കേരളത്തിലെ ബിജെപി നേതൃത്വം ഒട്ടൊരു നിശ്ശബ്ദതയോടെ നിരീക്ഷിച്ചു വരുന്ന കാര്യവും ഇതു തന്നെയാണ്.

സിപിഎം നേരിടുന്ന വെല്ലുവിളി

സംഘപരിവാറുമായി യാതൊരു ബന്ധവും പുലർത്താത്ത ഭക്തജനസംഘങ്ങളെ തങ്ങൾക്കൊപ്പം കൂട്ടാൻ വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആർഎസ്എസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അയ്യപ്പൻ വിളക്ക് സമിതികളും അഖണ്ഡനാമസമിതികളും ഭജനസമിതികളുമെല്ലാമായി ആയിരക്കണക്കിന് ചെറു സംഘങ്ങൾ കേരളത്തിലുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആർഎസ്എസ് മുന്നിട്ടിറങ്ങി നടത്തിയ റാലികളിലേക്ക് ഈ സംഘങ്ങളെ കുറച്ചെങ്കിലും ആകർഷിക്കാൻ സാധിച്ചിരുന്നു. പാലക്കൊമ്പ് എഴുന്നള്ളിപ്പിന് സമാനമാണ് ഈ റാലികൾ. മധ്യവയസ്സിനോടടുത്ത സ്ത്രീകളുടെയും, കുറച്ചെങ്കിലും യുവതികളുടെയും സാന്നിധ്യം ഇത്തരം റാലികളിലുണ്ട് എന്നത് ശ്രദ്ധേയമാണ്.

സോഷ്യൽ‍ മീഡിയയിലും പുറത്തും ‘അമാനവ’- യുക്തിവാദികൾ തുടങ്ങിയ കൂട്ടരുടെ സന്ദർഭം തിരിയാതെയുള്ള പ്രകോപനങ്ങൾ വലിയൊരു പരിധിവരെ സംഘപരിവാറിന് അനുകൂലമായ നിലം സൃഷ്ടിച്ചു കൊടുക്കുന്നുണ്ട്. പുരോഗമനപരം എന്ന പേരിൽ വരുന്ന ഇത്തരം വകതിരിവില്ലായ്മകളുടെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയിൽ വന്നുചേരാറാണ് പതിവ്. ശബരിമല ബുദ്ധമതകേന്ദ്രമാണെന്ന് സ്ഥാപിക്കാൻ പറ്റിയ നേരമാണിതെന്ന് കരുതുന്ന പാതിവെന്ത ബുദ്ധിജീവികളും ഇതിനിടയിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നുണ്ട്. വസ്തുതകള്‍ക്കൊപ്പം ഊഹങ്ങളും ഭാവനകളുമെല്ലാം ചേർത്ത് ചരിത്രമെന്ന പേരിൽ പടയ്ക്കുന്ന ഇത്തരം ആഖ്യാനങ്ങള്‍ സാധാരണക്കാരായ ഭക്തരെ പ്രകോപിതരാക്കാൻ ശേഷിയുള്ളവയാണ്. സിപിഎമ്മിന് സംഘപരിവാറിനൊപ്പം ഇപ്പറഞ്ഞ കൂട്ടരെയും നേരിടേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ നില.

ഗര്‍ഭപാത്രം നീക്കം ചെയ്തതിനാല്‍ ശബരിമലയിലെത്തി; 18 വര്‍ഷം മുന്‍പത്തെ അനുഭവം തുറന്നു പറഞ്ഞ് മുന്‍ കോളേജ് പ്രിന്‍സിപ്പല്‍

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

വിധിയില്‍ തെറ്റില്ല, ശബരിമലയെ ചൊല്ലി ‘ചിലര്‍’ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് ബിജെപി മുഖപത്രം

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

ശബരിമല : പോസ്റ്റ് മോഡേണിസ്റ്റുകൾ ഇടംകോലിടാതിരുന്നാൽ രാഹുൽ ഈശ്വറിനെയും ശ്രീധരൻ പിള്ളയെയും കേരളം അതിജീവിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍