TopTop

രാഹുലിനെ അധിക്ഷേപിക്കാന്‍ ബിജെപിയുടെ പപ്പുവിനെ ഏറ്റെടുത്ത് സിപിഎം; വയനാട്ടിലെ മത്സരം നനഞ്ഞ പടക്കമെന്ന് ദേശാഭിമാനി

രാഹുലിനെ അധിക്ഷേപിക്കാന്‍ ബിജെപിയുടെ പപ്പുവിനെ ഏറ്റെടുത്ത് സിപിഎം; വയനാട്ടിലെ മത്സരം നനഞ്ഞ പടക്കമെന്ന് ദേശാഭിമാനി
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രത്തില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന രാഹുല്‍ കേരളത്തിലെത്തിയപ്പോള്‍ അത് ഇടതുപക്ഷത്തിനെതിരെയായി. അതിന്റെ പ്രതിഫലനം ദേശാഭിമാനിയിലെ എഡിറ്റോറിയലിലും കാണാം. 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്' എന്നാണ് എഡിറ്റോറിയലിന്റെ ഹെഡിംഗ് തന്നെ.

രാഹുലിനെതിരെ പപ്പു എന്ന ആരോപണം മുന്നോട്ട് വച്ചത് ബിജെപിയാണ്. അതേസമയം അത് സിപിഎമ്മും അതേറ്റ് പിടിച്ചിരിക്കുകയാണ് എന്നാണ് ഈ എഡിറ്റോറിയലില്‍ നിന്നും മനസിലാക്കേണ്ടത്. അമേഠിയിലെ പരാജയഭീതി കാരണമാണ് രാഹുല്‍ വയനാടില്‍ മത്സരിക്കാനൊരുങ്ങുന്നതെന്നാണ് പ്രധാന ആരോപണം. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ ഇങ്ങനെയാണ്..

'കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അമ്മയും മുത്തശ്ശിയും സ്വീകരിച്ച ദ്വിമണ്ഡല മത്സരത്തിനാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും തയ്യാറായിട്ടുള്ളത്. രാഹുലിന്റെ ഈ മത്സരം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേഠിയില്‍ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. 1980ല്‍ സഞ്ജയ്ഗാന്ധി ജയിച്ചതുമുതല്‍ ഒരു തവണ ഒഴികെ(1998-99) കോണ്‍ഗ്രസുകാര്‍മാത്രം ജയിച്ച മണ്ഡലമാണ് അമേഠി. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ ഭൂരിപക്ഷത്തില്‍ രണ്ടുലക്ഷം വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കുറി അതിനിയും ഇടിഞ്ഞാല്‍ നാണംകെട്ട തോല്‍വി ഉണ്ടാകുമെന്നുറപ്പാണ്. മാത്രമല്ല, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അഞ്ച് നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് തോറ്റമ്പി. നെഹ്‌റു കുടുംബത്തിന്റെ പോക്കറ്റ്ബറോവില്‍ തോറ്റാല്‍ മുഖം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയില്‍ ഇല്ലെന്നതാണ് വാസ്തവം. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ച് രാഹുല്‍ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വന്നത്. എന്നാല്‍, ഉത്തരേന്ത്യ പോലെതന്നെ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയും ഇന്ന് മരുഭൂമിയാണ്.
1970 കള്‍വരെ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇപ്പോള്‍ കോണ്‍ഗ്രസിന് എത്ര എംപിമാരാണുള്ളത്? 42 ല്‍ 39 വരെ സീറ്റ് നേടിയിരുന്നു അവിഭക്ത ആന്ധ്രയില്‍ കോണ്‍ഗ്രസിന് എത്ര എംപിമാരുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ കണക്കുകൂട്ടിവയ്ക്കുന്നത് നല്ലതായിരിക്കും. 1967ല്‍ അധികാരം നഷ്ടപ്പെട്ടശേഷം തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിന് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോ? രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ആന്റണി പറയുന്നത് കേട്ടു, രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശത്തോടെ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം അലയടിക്കുമെന്ന്. എല്ലാ ബഹുമാനവും നിലനിര്‍ത്തിത്തന്നെ ആന്റണിയോട് ചോദിക്കട്ടെ രാഹുല്‍ അമേഠിയില്‍ മത്സരിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ പോകട്ടെ ഉത്തര്‍പ്രദേശില്‍ എന്ത് തരംഗമാണ് ആഞ്ഞുവീശിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠി കഴിഞ്ഞാല്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് ജയിച്ചത്. മധ്യപ്രദേശിലും രണ്ട് സീറ്റ് മാത്രം. ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും വട്ടപ്പൂജ്യം. എവിടെയും വിജയസാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് വയനാടന്‍ ചുരം കയറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായത്. 1984 ല്‍ 543 ല്‍ 404 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 29 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി 44 സീറ്റുമാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ തകര്‍ച്ച തടയാന്‍ കിഴക്കന്‍ യുപിയില്‍ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണംപിടിക്കുന്നില്ലെന്നല്ലേ രാഹുലിന്റെ ഒളിച്ചോട്ടം വിളിച്ചുപറയുന്നത്. ഗതികേടിന്റെ ഭാഗമായാണ് വയനാട്ടിലേക്ക് വരുന്നതെന്ന് സാരം.

വയനാട്ടിലും കോണ്‍ഗ്രസിന്റെ വോട്ടിനേക്കാള്‍ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്. എന്നാല്‍, തന്റെ കര്‍മഭൂമി അമേഠിയാണെന്നും ആ സീറ്റായിരിക്കും ജയിച്ചാല്‍ താന്‍ നിലനിര്‍ത്തുകയെന്നും പ്രഖ്യാപിച്ച ഒരാള്‍ക്ക് എന്തിനുവേണ്ടി വയനാട്ടിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യണം. കേരളത്തിലെ ന്യുനപക്ഷത്തെ പറ്റിക്കാന്‍ ഈ ചെപ്പടിവിദ്യകൊണ്ടാകില്ല. രാജ്യത്ത് ബിജെപിയെ വെള്ളവും വളവും നല്‍കി വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് എല്ലാവര്‍ക്കുമറിയാം. അയോധ്യയിലെ തര്‍ക്കസ്ഥലം ആരാധനയ്ക്കായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തതും അയോധ്യയില്‍ ശിലാന്യാസം അനുവദിച്ചതും ബാബ്‌റിമസ്ജിദ് തകര്‍ക്കപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്തായിരുന്നു. അയോധ്യയില്‍നിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധിയാണെന്ന കാര്യവും മറക്കാറായിട്ടില്ല. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള രംഗനാഥമിശ്ര കമീഷനും സച്ചാര്‍സമിതി റിപ്പോര്‍ട്ടും നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഒരു ശുഷ്‌കാന്തിയും കാട്ടിയില്ല. ബിജെപിയെ തോല്‍പ്പിക്കുക എന്ന വാശിയോടെ പ്രവര്‍ത്തിക്കുന്നതിനുപകരം അവരുടെ ഹിന്ദുത്വ ആശയത്തെ ഏറിയോ കുറഞ്ഞോ സ്വീകരിക്കുന്നതും ഇവര്‍ തന്നെയാണ്. രാഹുല്‍ ഗാന്ധി പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. ഗുജറാത്തില്‍ 26 പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തപ്പോള്‍ 30 ക്ഷേത്രത്തിലാണ് കയറിയിറങ്ങിയത്. ബിജെപിയേക്കാള്‍ ഹിന്ദുതാല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിയാണിപ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് മുസ്ലിംലീഗിന്റെ കാലില്‍ വീഴുന്നത്. ആ മുസ്ലിംലീഗാകട്ടെ എസ്ഡിപിഐ എന്ന തീവ്രാദപ്രസ്ഥാനത്തിന്റെ പിന്നാലെയാണ്. ഒരു ദേശീയ രാഷ്ട്രീയ കക്ഷിയുടെ ഗതികേടിന്റെ അങ്ങേയറ്റമാണിത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്താണ് എന്ന് സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്. മാലോകര്‍ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ് ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും എന്നുള്ളത്. ബിജെപിയെയാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നതെങ്കില്‍ അദ്ദേഹം മത്സരിക്കേണ്ടത് ഒരിക്കലും കേരളത്തിലല്ല. ഇന്നുവരെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്ത സംസ്ഥാനമാണിത്. കേരളത്തില്‍ എന്നും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. അപ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എല്‍ഡിഎഫിനോടാണ് എന്നര്‍ഥം. കോണ്‍ഗ്രസ് അധ്യക്ഷന്‍തന്നെ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാനശത്രു ഇടതുപക്ഷമാണെന്ന് വരുന്നു. അങ്ങനെയുള്ള ഒരു നേതാവിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാനാകുക? അമേഠിയെന്ന ഒരു മണ്ഡലത്തില്‍പോലും ബിജെപിയെ നേരിട്ട് തോല്‍പ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിന് എങ്ങനെയാണ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവാകാന്‍ കഴിയുക. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ശോചനീയമാകുമെന്നതിന്റെ വ്യക്തമായ സൂചനയായി മാത്രമേ രാഹുലിന്റെ വയനാടന്‍ മത്സരത്തെ നോക്കിക്കാണാന്‍ കഴിയൂ. കോണ്‍ഗ്രസിന് മേല്‍കൈ ഇല്ലാത്ത ഒരു ബിജെപി വിരുദ്ധ സഖ്യത്തിലേക്കാണ് ദേശീയ രാഷ്ട്രീയം നീങ്ങുന്നതെന്നര്‍ഥം. ബിജെപിയെ അവരുടെ തട്ടകത്തില്‍ നേരിടാനാകാതെ, അതിനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഹുലിന്റെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നതിന്റെ പ്രഖ്യാപനമാണ്. ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ. ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പപ്പുസ്‌ട്രൈക്ക് ആണ് കോണ്‍ഗ്രസിന്റേത്. അത് അവരുടെ നാശം പൂര്‍ണമാക്കും.'

രാഹുലിനെ രാഷ്ട്രീയമായി നേരിടാനാകാതെ വന്നപ്പോഴാണ് ബിജെപി പപ്പു എന്ന വിളിയുമായി രംഗത്തെത്തിയത്. താന്‍ ഒരു തമാശയല്ലെന്ന് തെളിയിച്ച് തന്നെയാണ് അദ്ദേഹം 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇപ്പോള്‍ ഇവിടെ സിപിഎം ആ പപ്പു വിളിയുമായി ഇറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി നോക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ സിപിഎം വോട്ട് തേടുന്നത് രാഹുലിന്റെ ഫോട്ടോ കൂടി വച്ചിട്ടാണ്. കേരളത്തില്‍ രാഹുല്‍ പപ്പു ആകുമ്പോള്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ബിജെപിയായിരിക്കും.

Next Story

Related Stories