UPDATES

ട്രെന്‍ഡിങ്ങ്

തന്നെ അടിയോടെ വെട്ടാന്‍ നോക്കിയ ഉമ്മന്‍ ചാണ്ടിയെ പറന്നു വെട്ടി ചെന്നിത്തല; രാഹുല്‍ ഗാന്ധി തുറപ്പുഗുലാനോ?

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കളം വാണത് ഉമ്മന്‍ ചാണ്ടിയും വീണത് രമേശ് ചെന്നിത്തലയുമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കളം വാണത് ഉമ്മന്‍ ചാണ്ടിയും വീണത് രമേശ് ചെന്നിത്തലയുമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്നതായിരുന്നു വയനാട്ടില്‍ ഐ ഗ്രൂപ്പുകാരുടെ രഹസ്യയോഗം. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് തലവന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഐ യുടെ കൈവശമായിരുന്ന മണ്ഡലം നഷ്ടപ്പെട്ടത് ചെന്നിത്തലയുടെ പിടിപ്പുകേടാണെന്നും ഗ്രൂപ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയിന്നില്ലെന്നുമായിരുന്നു ജില്ലയിലെ ഐക്കാരുടെ പരാതി. എന്നാല്‍ തനിക്കെതിരേയുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുക മാത്രമല്ല, തന്നെ അടിയോടെ വെട്ടാന്‍ നോക്കിയ ഉമ്മന്‍ ചാണ്ടിയെ പറന്നു വെട്ടുക കൂടിയാണ് രാഹുല്‍ ഗാന്ധി എന്ന തുറപ്പുഗുലാന്‍ ഇറക്കി ഇന്നു രമേശ് ചെന്നിത്തല നടത്തിയത്. വയനാട്ടില്‍ രാഹുലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ബുദ്ധിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്.

പിഴവുകള്‍ ഇല്ലാത്ത നീക്കം എന്നു തന്നെയാണ് വയനാട് രാഹുല്‍ മത്സരിക്കണമെന്ന ആവശ്യത്തെ കാണേണ്ടത്. ടി സിദ്ദിഖിനു വേണ്ടി വാശിപിടിച്ച് വയനാട് തങ്ങളുടെ കൈയില്‍ നിന്നും തട്ടിയെടുത്ത ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയതന്ത്രത്തെ വളരെ ഭംഗിയായി ചെന്നിത്തല മറി കടക്കാനാണ് നോക്കുന്നത്. മത്സരിക്കുമോ ഇല്ലയോ എന്ന തീരുമാനം രാഹുലിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ലെങ്കിലും ദേശീയ നേതൃത്വത്തില്‍ തനിക്കും സ്വാധീനം ചെലുത്താന്‍ കഴിയുമെന്നു ചെന്നിത്തല ഇതിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഏഴാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടിട്ടും വയനാടും വടകരയും അതിലൊന്നും ഉള്‍പ്പെടാതിരുന്നപ്പോള്‍ തന്നെ അപ്രതീക്ഷിതമായി എന്തൊക്കെയോ നടക്കാന്‍ പോകുന്നുവെന്ന സൂചന രാഷ്ട്രീയനിരീക്ഷകര്‍ക്ക് കിട്ടിയിരുന്നു. വയനാട്ടില്‍ സിദ്ദിഖും വടകരയില്‍ മുരളീധരനും പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥികളായി ഇരുവരെയും എഐസിസി ഔദ്യോഗികമായി പ്രഖ്യപിക്കാന്‍ കാലതാമസം വരുത്തുന്നത് ഹൈക്കമാന്‍ഡിനും ചില ഉദ്ദേശങ്ങള്‍ ഉള്ളതിനാലാണെന്നും കേട്ടിരുന്നു. തങ്ങളുടെ അനുമതി കിട്ടാതെ തന്നെ വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയും ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചെന്നിത്തല ഇങ്ങനെയൊരു കളി കളിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ നല്‍കുന്ന വിവരം.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോ മത്സരിക്കാതിരിക്കുന്നതോ അല്ല, മറിച്ച് സിദ്ദിഖിനെ വയനാട്ടില്‍ നിന്നും വെട്ടുക, അതിലൂടെ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി കൊടുക്കുക എന്നതാണ് രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം എന്നറിയിരുന്നു. സജീവ ഐക്കാരിയല്ലെങ്കിലും ഷാനിമോള്‍ ഉസ്മാന്‍ വയനാട് സീറ്റ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. കെ സി വേണുഗോപാല്‍ പിന്മാറിയപ്പോള്‍ ആലപ്പുഴയില്‍ ഷാനിമോളുടെ പേര് ആദ്യ പരിഗണനാ ലിസ്റ്റിലും ഉണ്ടായിരുതാണ്. എന്നാല്‍ തനിക്ക് വയനാട് മതിയെന്നായിരുന്നു ഷാനിമോളുടെ ആവശ്യം. ഇതിനെതാണ്ട് അനുമതിയും കിട്ടിയതാണ്. ആലപ്പുഴയും വയനാടും ഐയുടെ മണ്ഡലങ്ങളാണ്. എന്നാല്‍ എല്ലാത്തിനും മീതേ കേറി ഉമ്മന്‍ ചാണ്ടി കളിച്ചപ്പോള്‍ ഷാനിമോള്‍ക്ക് ആലപ്പുഴയില്‍ നില്‍ക്കേണ്ടിയും വന്നു, വയനാട് ഐയുടെ കൈയില്‍ നിന്നും പോവുകയും ചെയ്തു. കനത്തപ്രഹരമായിരുന്നു ഗ്രൂപ്പിന് ഇതിലൂടെ കിട്ടിയത്. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് അനന്തമായി നീണ്ടു പോയത് തന്നെ വയനാടിനു വേണ്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ പിടിവാശിയാണെന്നാണ് പറഞ്ഞു കേട്ടത്. തന്റെ വിശ്വസ്ഥനായ സിദ്ദിഖിന് ഒരു ഉറച്ച് സീറ്റ് നേടിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ സമ്മര്‍ദ്ദം വിജയം കണ്ടതോടെ് മൊത്തത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഐക്കാര്‍ക്ക് തിരിച്ചടിയുണ്ടാവുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് കയറ്റി വിടാന്‍ നോക്കിയിട്ടും എത്ര ശ്രമിച്ചുനോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ തന്നെ ചെന്നിത്തലയും സംഘവും അപകടം മണത്തു തുടങ്ങിയതാണ്. കേരളമാണ് തന്റെ തട്ടകം എന്നു പറയാതെ പറഞ്ഞ ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നതും ചെന്നിത്തല സ്വപ്‌നം കണ്ടുനടക്കുന്ന അതേ കസേര തന്നെയാണ്. അദൃശ്യനായി നില്‍ക്കുന്നെങ്കില്‍ പോലും ശക്തമായ കരുനീക്കങ്ങള്‍ ഉമ്മന്‍ ചാണ്ടി നടത്തുന്നുമുണ്ട്. ഇപ്പോഴും കേരളത്തിലെ ജനകീയനായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയണ്. പലതരം പെര്‍ഫോമന്‍ നടത്തുന്നുണ്ടെങ്കിലും ചെന്നിത്തല ഇപ്പോഴും രണ്ടാം ബഞ്ചുകാരനാണ്. ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന കാര്യത്തില്‍ വരെ ഉമ്മന്‍ ചാണ്ടിയുടേത് അവവസാന വാക്ക് എന്ന നിലയില്‍ കാര്യങ്ങള്‍ വന്നതോടെ രമേശ് ചെന്നിത്തല ശരിക്കും പേടിക്കുകയും ചെയ്തു. കൂട്ടത്തില്‍ സ്വന്തം ഗ്രൂപ്പുകാരുടെ എതിര്‍പ്പും. നിലനില്‍പ്പ് തന്നെ പ്രശ്‌നമായി തോന്നിതുടങ്ങിയിടത്താണ് ഈ കരുണാകര ശിഷ്യന്‍ തുരുപ്പ് ചീട്ടിറക്കി കളിച്ചു നോക്കിയത്. ഒറ്റയക്കല്ല, ആന്റണിയുടെയും കെ സി വേണുഗോപാലിന്റെയും പിന്തുണയോടെ. കൂട്ടത്തില്‍ കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് എന്ന അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ പിന്തുണയും നേടി. രാഹുല്‍ ഗാന്ധിയെ വെട്ടാനൊന്നും ഉമ്മന്‍ ചാണ്ടി തത്കാലം ധൈര്യപ്പെടില്ലെന്ന വിശ്വാസവും ചെന്നിത്തലയ്ക്കുണ്ടായിരുന്നു. അത് തകര്‍ന്നുമില്ല. രാഹുലിന്റെ വരവിനെ ഉമ്മന്‍ ചാണ്ടിക്കും സ്വാഗതം ചെയ്യേണ്ടി വന്നു. കളി തുടങ്ങിയപ്പോഴെ തിരിച്ചു വിളിച്ചതിന്റെ വേദനയുണ്ടെങ്കിലും സിദ്ദിഖിനും രാഹുലിന്റെ വരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലനാകേണ്ടി വന്നു. അതേസമയം മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തലയുടെ ശരീരഭാഷ ഒരു വിജയിയുടേതുമായിരുന്നു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നില്ലെന്നു കരുതുക, പ്രചാരണവുമായി സിദ്ദിഖിന് മുന്നോട്ടു പോകാനും വിജയിക്കാനുമുള്ള സാധ്യത ബാക്കി കിടക്കും. പക്ഷേ, ഇത്രയൊക്കെ ചെയ്തിട്ടു ചുമ്മ കൈതുടച്ചു പോകാന്‍ തയ്യാറാകുമോ രമേശ് ചെനന്നിത്തല. അമേഥിയിലെ അവസ്ഥ അത്ര സന്തോഷകരമൊന്നുമല്ലാത്തതുകൊണ്ട് രാഹുുലിനെ എങ്ങനെയും കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ ഉറപ്പ്. ഈ വാഗ്ദാനം നിരസിക്കാന്‍ രാഹുലിനും കണ്ണുംപൂട്ടിയൊന്നും കഴിയില്ല. കെപിസിസിയുടെ ആവശ്യം പരിഗണനയിലെന്ന് എ ഐ എസിസി പറയുന്നുമുണ്ട്. അതുകൊണ്ട് ബോള്‍ ഇപ്പോഴും രമേശ് ചെന്നിത്തലയുടെ കാലില്‍ തന്നെയാണ്. ഗോളാക്കുമോ അടിച്ചു പുറത്തുകളയുമോ എന്നറിയാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടതുണ്ട്. ©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍