TopTop

ചരിത്രം ആക്രി വിലയ്ക്ക്; വെണ്ടുരുത്തി പാലം 2 കോടിക്ക് വിറ്റു

ചരിത്രം ആക്രി വിലയ്ക്ക്; വെണ്ടുരുത്തി പാലം 2 കോടിക്ക് വിറ്റു
75 വര്‍ഷത്തിന് മേലെ പഴക്കമുള്ള കൊച്ചിയുടെ ചരിത്ര സംഭവങ്ങളെ തൊട്ടറിഞ്ഞ വെണ്ടുരുത്തി പാലം അന്യമാകുന്നു. ഇരുമ്പില്‍ നിര്‍മ്മിച്ച പാലം ആക്രിവിലയ്ക്കു വിറ്റ റെയില്‍വെയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. 1940-ല്‍ കൊച്ചി തുറമുഖത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉരുക്കു ഫ്രെയിമുകള്‍ ഉയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. ബ്രിട്ടിഷ് ഭരണകാലത്ത് ബ്രിസ്‌റ്റോ സായിപ്പിന്റെ കാലത്തായിരുന്നു നിര്‍മ്മാണം. ബ്രീട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വെണ്ടുരുത്തി പാലം പൂര്‍ണമായും ഉരുക്കില്‍ തീര്‍ത്ത ആദ്യ പാലങ്ങളില്‍ ഒന്നാണ്.

എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ റെയില്‍ വകുപ്പിനെ ബാധിക്കുന്ന വിഷയമല്ല എന്ന മട്ടിലാണ് കാര്യങ്ങള്‍. ഉപയോഗശൂന്യമായി കിടക്കുന്നു എന്ന കാരണം പറഞ്ഞ് വളരെ ലാഘവത്തോടെ ആക്രി വിലയ്ക്ക് വില്‍ക്കുകയാണ് റെയില്‍വേ ചെയ്തത്. റെയില്‍വെ ഉടമസ്ഥയിലുള്ള പാലം പൊളിക്കുന്ന ജോലികള്‍ തുടങ്ങിയതോടെ പാലത്തിന്റെ പ്രധാന ഭാഗങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവ വരുംതലമുറയ്ക്കു മനസിലാക്കും വിധം സൂക്ഷിച്ചു വയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി തുറമുഖത്തിന്റെ പുരാവസ്തു ശാലയില്‍ പാലത്തിന്റെ കുറച്ചു വിവരങ്ങളും ഇതു സംബന്ധിച്ച ചിത്രങ്ങളും ഉണ്ട്. ഇവയോടൊപ്പം പൊളിച്ചെടുത്ത പാലത്തിന്റെ പ്രധാന ഭാഗങ്ങള്‍ സൂക്ഷിച്ചു വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ചുണ്ടിക്കാട്ടി വിവിധ സംഘടനകള്‍ കൊച്ചി തുറമുഖ അധികൃതര്‍ക്ക് നിവേദനവും നല്‍കി കഴിഞ്ഞു.

ഇരുമ്പില്‍ നിര്‍മ്മിച്ച പാലം ചെന്നൈയിലെ സ്വകാര്യ കമ്പനിക്കാണ് ആക്രിവിലയ്ക്ക് വിറ്റിരിക്കുന്നത്. തുരുമ്പെടുത്തുവെന്ന റെയില്‍വേ അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേരള വികസന ചരിത്രത്തിലെ ഒരു സ്മാരകം കൂടിയായ വെണ്ടുരുത്തി പാലം ഇല്ലാതാക്കുന്നത്. 2 കോടി രൂപയ്ക്കാണ് ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് പാലം വിറ്റിരിക്കുന്നത്. 80 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്നാണ് കരാര്‍ വ്യവസ്ഥ. ചെന്നൈയിലെ റെയില്‍വേ കാര്യാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

പാലത്തിന്റെ ചരിത്ര പ്രാധാന്യം

1936 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തിനുള്ളില്‍ പണി കഴിപ്പിച്ച പാലം കൊച്ചിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മര്‍മ്മപ്രധാനമായ ഒന്നാണ്. കൊച്ചിയിലെ ആദ്യത്തെ റെയില്‍വേ പാലം. കൊച്ചിയില്‍ പണി കഴിപ്പിച്ചിട്ടുളളതില്‍ വലിയ പാലങ്ങളില്‍ ഒന്ന്. ഏകദേശം 500 മീറ്ററോളം നീളമുള്ള, പൂര്‍ണമായും ഇരുമ്പില്‍ പണിത ഈ പാലം വന്നതോടെയാണ് വെല്ലിംഗ്ടണ്‍ ഐലന്റിലേക്കുള്ള റെയില്‍ ഗതാഗതം സാധ്യമായത്. കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പലിന്റെ അടുത്തു വരെ ട്രെയിന്‍ എത്തി ചരക്കുകള്‍ കയറ്റിയതും ഈ പാലം ഉണ്ടായിരുന്നതുകൊണ്ടാണ്. ഇതോടൊപ്പം രണ്ട് റോഡ് പാലങ്ങളും പണി കഴിപ്പിച്ചിരുന്നു. ഈ മൂന്നു പാലങ്ങളും എതാണ്ട് ഒരേ കാലഘട്ടത്തില്‍ പണികഴിപ്പിച്ചവയാണ്. കാലവധി കഴിഞ്ഞും ഏറെകാലം ഈ പാലം തല ഉയര്‍ത്തി നിന്നു. അന്നത്തെ കാലത്ത് കൊച്ചിക്കാര്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ സാധിക്കാത്ത സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് ബ്രീട്ടീഷുകാരനായ ബ്രിസ്‌റ്റോ സായിപ്പ് പാലം പണിതത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്തു പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍. എന്നാല്‍ ഇതിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി തുറമുഖത്തിന്റെ മ്യൂസിയത്തില്‍ ശേഖരിച്ചുവെച്ചിട്ടുള്ളു.പണ്ടുകാലത്ത് ദക്ഷിണേന്ത്യയില്‍ നിന്ന് വിദേശത്ത് പോയിരുന്നവര്‍ കൊച്ചിയിലെത്തി കപ്പല്‍ മാര്‍ഗമാണ് പോയിരുന്നത്. കൂടാതെ ഈ പാലത്തിലൂടെയായിരുന്നു പ്രതിരോധ മേഖലയ്ക്കാവശ്യമായ ആയുധശേഖരങ്ങള്‍ എത്തിച്ചിരുന്നത്. കൊച്ചിക്കാര്‍ക്കു ധാന്യങ്ങള്‍ ഉള്‍പ്പെടെ ചരക്കുകള്‍ എത്തിയതും ഇത് വഴിയാണ്. ദക്ഷിണേന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിയ ധാന്യങ്ങള്‍ കയറ്റി പോയതും വെണ്ടുരുത്തി പാലം വഴിയായിരുന്നു. തമിഴ്‌നാട്ടിലേക്ക് ധാന്യങ്ങള്‍ എത്തിക്കണമെങ്കില്‍ ശ്രീലങ്ക ചുറ്റി ഒരാഴ്ച എടുത്തു വേണമായിരുന്നു. ഈ കാലതാമസം ഒഴിവാക്കാന്‍ ട്രെയിന്‍മാര്‍ഗമാണ് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ധാന്യങ്ങളും മറ്റു ചരക്കുകളും എത്തിച്ചിരുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നാടിന്റെ പട്ടിണി മാറ്റിയതും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നതും അനേകം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായതും ഈ ഇരുമ്പു പാലം പ്രയോജനപ്പെടുത്തിയാണ്.

പാലത്തിന്റെ കണ്ടകശനി തുടങ്ങിയത് 2002ല്‍

കായലിന് താഴ്ച കൂട്ടാന്‍ വന്ന മണ്ണുമാന്തി കപ്പല്‍ പാലത്തിന്റെ തൂണില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് പാലത്തിന് ബലക്ഷയം ഉണ്ടായത്. 2002, 2004, 2007 വര്‍ഷങ്ങളിലും മണ്ണുമാന്തി കപ്പലുകള്‍ പാലത്തിലിടിച്ചു. പിന്നീട് ചെറുതും വലുതുമായ ബലക്ഷയങ്ങള്‍ ഉണ്ടായി. ഇങ്ങനെ സംഭവിച്ച് പാലത്തിന്റെ തൂണുകള്‍ക്ക് അനക്കം സംഭവിച്ച് തുരുമ്പെടുക്കാന്‍ തുടങ്ങി. പിന്നീട് നടത്തിയ പരിശോധനയിലാണ് പാലത്തിന് കാര്യമായ രീതിയില്‍ ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പകരം പാലം പണിയുകയായിരുന്നു. റെയില്‍വേ പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ റോഡും പാലവും നിര്‍മ്മിക്കുകയായിരുന്നു.

Next Story

Related Stories