TopTop
Begin typing your search above and press return to search.

ബൈജു നിറഞ്ഞോടുമ്പോള്‍ രക്ഷാധികാരി ഇവിടെ തിരക്കിലാണ്: രഞ്ജന്‍ പ്രമോദ്/അഭിമുഖം

ബൈജു നിറഞ്ഞോടുമ്പോള്‍ രക്ഷാധികാരി ഇവിടെ തിരക്കിലാണ്: രഞ്ജന്‍ പ്രമോദ്/അഭിമുഖം

ഷൂട്ടിംഗിന്റേയും പോസ്റ്റ് പ്രൊഡക്ഷന്റേയും തലവേദനകള്‍ ഒഴിഞ്ഞ് മാറി, സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന് ഉറപ്പിച്ചാല്‍ സംവിധായകര്‍ ഒന്ന് റിലാക്‌സ് ആകും. പിന്നെ സിനിമയുടെ തിരക്കുകളില്‍ നിന്നൊക്കെ മാറി നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുക. എന്നാല്‍ ഇവിടെ തന്റെ സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴും സംവിധായകന്‍ രഞ്ജന്‍ പ്രമോദിന് തിരക്കൊഴിയുന്നില്ല. വാക്കുകളിലെ ഗൗരവത്തിലും നര്‍മ്മം കലര്‍ത്തി രഞ്ജന്‍ പ്രമോദ് അഴിമുഖത്തോട് സംസാരിച്ചത് തിരക്കിനെ കുറിച്ച് തന്നെയാണ്.

വിജയം കൊയ്യുന്ന ബൈജു

സ്വാഭാവികമായും തിരക്കായിരിക്കുമല്ലോ, സിനിമ വൈറല്‍ ആയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരൊക്കെ തിയേറ്ററുകളില്‍ നിറയാന്‍ തുടങ്ങി. അതിനോടൊപ്പം തന്നെ ചില പ്രശ്‌നങ്ങളുമുണ്ട്. ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ പ്രേക്ഷകര്‍ക്ക് പ്രശ്‌നമാകുന്നുണ്ട്. ഞങ്ങളുടേത് പുതിയ ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആയതുകൊണ്ട് അതിന്റേതായ ചില പ്രശ്‌നങ്ങളുണ്ട്. തിയറ്ററുകളില്‍ നിന്ന് ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഹാന്റില്‍ ചെയ്യണം. പ്രൊമോഷന്‍ വര്‍ക്കുകള്‍ ഇനിയും നടത്തേണ്ടതുണ്ട്, പ്രധാനമായും ഇരുപത്തെട്ടാം തീയതി ബാഹുബലി വരുകയാണ്, അപ്പോള്‍ അതിനെ നേരിടാന്‍ സജ്ജരായിരിക്കണം.

ബാഹുബലി ഒരു വെല്ലുവിളിയാകില്ല

ബാഹുബലിപോലുള്ള വന്‍കിട സിനിമകള്‍ വരുമ്പോള്‍ രക്ഷാധികാരി ബൈജു പോലുള്ള ചെറിയ സിനിമകള്‍ക്ക് വലിയ വെല്ലുവിളിയാകില്ലേ എന്ന് ചോദിച്ചപ്പോള്‍ വെല്ലുവിളി ആകില്ലെന്ന് തന്നെയാണ് രഞ്ജന്‍ ഉറപ്പിച്ച് പറയുന്നത്.

അങ്ങനെ ഒരു പ്രശ്‌നം വരുന്നുണ്ട്, ഇത്തരം ഒരു പ്രശ്‌നത്തെ നേരിടാന്‍ ചെറിയ സിനിമകളുടെ പ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. അതിന് പ്രേക്ഷകരുടെ സഹകരണം കൂടി വേണം. ചെറിയ സിനിമകളും തീയേറ്ററുകളില്‍ ഓടണമെന്ന് പ്രേക്ഷകര്‍ തീരുമാനിച്ച് കഴിഞ്ഞാല്‍, രക്ഷാധികാരി ബൈജു പോലുള്ള സിനിമയേക്കുറിച്ച് അവര്‍ മറ്റുള്ളവരോടും നല്ല അഭിപ്രായം പങ്ക് വച്ച് കഴിഞ്ഞാല്‍ വലിയ സിനിമകള്‍ക്കൊപ്പം തന്നെ ചെറിയ സിനിമകളും തിയേറ്ററുകളില്‍ ഓടും. രക്ഷാധികാരി ബൈജു ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ആയതിനാല്‍ ബാഹുബലിയുടെ റിലീസ് ഒരു വെല്ലുവിളി ആകുമെന്ന് തോന്നുന്നില്ല.

കാഴ്ചയില്‍ മാത്രമല്ല ശബ്ദത്തിലും പരീക്ഷണങ്ങള്‍

ഇത് മാറ്റങ്ങളുടെ കാലമാണ്. പുതിയ പുതിയ സാങ്കേതിക വിദ്യ സിനിമകളില്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണ്. ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ വന്ന ഒന്നാണ് സിങ്ക് സൗണ്ട് റെക്കൊര്‍ഡിംഗ്. അത് ഭംഗിയായി ചെയ്യാന്‍ അറിയില്ലെങ്കില്‍ അതിന്റെ റിസല്‍ട്ട് അങ്ങേയറ്റം മോശമായിരിക്കും. എന്നാല്‍ ഈ സിനിമയില്‍ പ്രഗത്ഭരായ ആളുകള്‍ തന്നെയാണ് അത് കൈകാര്യം ചെയ്തിരിക്കുന്നത്. ദേവ് ഡി, യന്തിരന്‍ തുടങ്ങിയ സിനിമകള്‍ക്ക് സിങ്ക് സൗണ്ട് ചെയ്ത ബോംബെയില്‍ നിന്നുള്ള ടീമിനെ തന്നെയാണ് ഞങ്ങളും ഉപയോഗിച്ചിട്ടുള്ളത്. ഇത് മാത്രമല്ല സിനിമയിലെ എല്ലാ കാര്യങ്ങള്‍ക്കും വളരെ ലേറ്റസ്റ്റ് ആയ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

തിയേറ്ററിലെ പ്രശ്‌നങ്ങള്‍

അത് സിങ്ക് സൗണ്ട് ചെയ്തതിന്റെ കുറ്റമല്ല. തിയേറ്ററുകളില്‍ സെറ്റ് ചെയ്തിരിക്കുന്ന ഔട്ട് പുട്ട് വോളിയത്തിന്റെ പ്രശ്‌നമാണ്. സാധാരണ മലയാള സിനിമകള്‍ക്ക് 4 പോയിന്റിലാണ് ഔട്ട്പുട്ട് വോളിയം സെറ്റ് ചെയ്യാറുള്ളത്. കാരണം സാധരണ മലയാള സിനിമകളിലെ സംഭാഷണങ്ങളും സംഗീതവുമൊക്കെ ഒരേ ലെവലില്‍ ആയിരിക്കും സെറ്റ് ചെയ്തിരിക്കുക. എന്നാല്‍ ഈ സിനിമയില്‍ അങ്ങനെയല്ല പിറുപിറുക്കുന്ന ശബ്ദം കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചിരിക്കേണ്ടി വരും. തിയേറ്ററിലെ ശബ്ദം നാലില്‍ നിന്ന് അഞ്ച് പോയിന്റിലേക്ക് സെറ്റ് ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു.

ശബ്ദത്തിന് വേണ്ടി ആറ് മാസം

ഒരു ഇംഗ്ലീഷ് സിനിമയുടേത് പോലെയാണ് ഈ സിനിമയുടെ സൗണ്ടും ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഏകദേശം ആറ് മാസം ഇതിന്റെ സൗണ്ടിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. സൗണ്ട് ഡിസൈനിന് വേണ്ടി മാത്രം നല്ല ഒരു തുകയും ചെലവായിട്ടുണ്ട്. നല്ല തിയേറ്ററുകളില്‍ നിന്ന് സിനിമ കാണുമ്പോള്‍ ഈ സിനിമയുടെ സൗണ്ട് ഡിസൈനിംഗിലെ പ്രൊഫഷണലിസം പ്രേക്ഷകര്‍ക്ക് മനസിലാകും. എന്ന് വച്ച് മറ്റു തിയേറ്ററുകളില്‍ പ്രശ്‌നം ഉണ്ടെന്നല്ല. അവിടുത്തെ സൗണ്ട് നല്ല രീതിയില്‍ സെറ്റ് ചെയ്താല്‍ മാത്രം മതി.

ബിജിപാലിന്റെ സംഗീതം

ഈ സിനിമയുടെ സംഗീതത്തിന്റെ കാര്യത്തില്‍ ഞാന്‍ വലിയ സന്തോഷവാനാണ്. സിനിമയുടെ ആത്മാവാണ് ഇതിന്റെ സംഗീതം എന്ന് വേണമെങ്കില്‍ പറയാം. സിനിമയുടെ നരേഷന് ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇതിന്റെ സംഗീതം. സിനിമയില്‍ ലയിച്ചിരിക്കുന്നവര്‍ക്ക് ഈ സിനിമയുടെ പാശ്ചാത്തല സംഗീതത്തിന്റെ വ്യത്യസ്തത മനസിലാകും. എനിക്ക് തോന്നുന്നു ഇതിന്റെ പശ്ചാത്തല സംഗീതം മലയാളത്തിലെ ഒരു പരീക്ഷണം തന്നെയാണ്.

മനസറിഞ്ഞ് എഴുതിയ വരികള്‍

ഹരി നാരാ സിനിമയ്ക്ക് പാട്ടുകള്‍ എഴുതിയത്. പാട്ടുകള്‍ എങ്ങനെ വേണമെന്ന നിര്‍ദ്ദേശമൊന്നും ഞാന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ എന്റെ മനസറിഞ്ഞ് എഴുതിയത് പോലുള്ള വരികളായിരുന്നു പാട്ടിന്. രണ്ട് പാട്ടുകള്‍ മാത്രമായിരുന്നു സിനിമയുടെ ഷൂട്ടിന് മുന്‍പ് എഴുതിയിരുന്നത്. ബാക്കി പാട്ടുകള്‍ ഷൂട്ടിന് ശേഷമാണ് എഴുതിയത്.

തിരക്കഥയില്‍ നിന്ന് സിനിമയിലേക്ക്

പൂര്‍ത്തിയായ തിരക്കഥയില്‍ നിന്ന് പ്രൊഡ്യൂസറെ കിട്ടാനും ബിജുമേനോന്റെ ഡേറ്റ് കിട്ടാനും ഒരു വര്‍ഷത്തിലേറെ സമയമെടുത്തു. ഷൂട്ടിംഗിനും പോസ്റ്റ് പ്രൊഡക്ഷനുമായി പിന്നേയും കുറേ നാളുകള്‍ വേണ്ടി വന്നു. കാലങ്ങളെടുത്താണ് ഈ സിനിമ പൂര്‍ത്തിയായത്.

പയ്യോളിക്കാരുടെ സഹകരണം

തിരക്കഥ എഴുമ്പോള്‍ മനസില്‍ കാണുന്ന സ്ഥലമായിരിക്കില്ല സിനിമയില്‍ കാണുന്നത്. ഷൂട്ട് ചെയ്ത സ്ഥലം എവിടെയാണൊ ആ സ്ഥലമായിരിക്കും സിനിമയിലെ നാട്ടിന്‍പുറം. ഈ സിനിമയ്ക്ക് പറ്റിയ നല്ല ഒരു സ്ഥലം തേടി കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്തു. ഒടുവിലാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി തെരഞ്ഞെടുക്കുന്നത്.

പയ്യോളിക്കാരുടെ സഹകരണം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമയുടെ സിങ്ക് സൗണ്ട് ഒരിക്കലും സാധ്യമാകുമായിരുന്നില്ല. സിനിമയുടെ ഷൂട്ടിങ് സമയത്ത് നാട്ടുകാര്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയും വാഹനങ്ങള്‍ നിര്‍ത്തിയിട്ടും എന്തിനേറെ പാറമടകളുടെ പ്രവര്‍ത്തനം വരെ നിര്‍ത്തിവച്ചാണ് ഈ സിനിമയ്ക്ക് വേണ്ടി സഹകരിച്ചത്. ഒരു സിനിമ സംസ്‌കാരം ഉള്ള ജനതയാണ് പയ്യോളിയില്‍ ഉള്ളത്.

നൂറാമത്തെ കുരങ്ങന്റെ കഥ

ആദ്യത്തെ കുരങ്ങന്‍ ചെയ്യുന്ന പ്രവൃത്തികള്‍ നൂറ് കുരങ്ങന്‍മാര്‍ ആവര്‍ത്തിക്കുന്ന ഒരു തത്വം ഉണ്ട്. ഹണ്ട്രഡ് മങ്കി ഇഫക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാക്കളായ അലക്‌സാണ്ടറും സതീഷും വെറുതെ ഒരു കൗതുകത്തിന്റെ പുറത്താണ് തങ്ങളുടെ ബാനറിന് ഹണ്ട്രഡ് മങ്കീസ് എന്ന പേരിട്ടത്. ഇതുമായി ബന്ധപ്പെട്ട് രഞ്ജന്‍ പ്രമോദിന് നര്‍മ്മത്തില്‍ കലര്‍ന്ന ഒരു തത്വം പറയാനുണ്ട്.

രണ്ട് പടം പൊട്ടിയ രഞ്ജന്‍ പ്രമോദ് എന്തിനാ ഇനി സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് ബാക്കിയുള്ള 99 കുരങ്ങന്മാരും സിനിമ ചെയ്യുമ്പോള്‍ നൂറാമത്തെ കുരങ്ങനായ രഞ്ജന്‍ പ്രമോദിനും സിനിമ ചെയ്താല്‍ എന്താ? എന്ന ഒരു മറു ചോദ്യമായി ഈ ബാനറിനെ കാണാമെന്ന് ഗൗരവം കുറയ്ക്കാതെയുള്ള നര്‍മ്മത്തില്‍ രഞ്ജന്‍ പറയുന്നു. പക്ഷെ ഈ നൂറാമത്തെ കുരങ്ങന്‍ വ്യത്യസ്തനാണ്.


Next Story

Related Stories