TopTop
Begin typing your search above and press return to search.

ബലാല്‍സംഗം സ്ത്രീകളെ നിശബ്ദമാക്കാനുള്ള ആയുധമാണ്, യഥാര്‍ത്ഥ ലോകത്തും ഓണ്‍ലൈനിലും

ബലാല്‍സംഗം സ്ത്രീകളെ നിശബ്ദമാക്കാനുള്ള ആയുധമാണ്, യഥാര്‍ത്ഥ ലോകത്തും ഓണ്‍ലൈനിലും

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മധ്യവയസ്‌കയായ ഒരു ഡല്‍ഹിക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരഗമായി. ഒരു ചെറുപ്പക്കാരിയാണ് ആ വീഡിയോ റിക്കോര്‍ഡ് ചെയ്തത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ആ കുട്ടിയോട് അവള്‍ എന്തുകൊണ്ട് ബലാല്‍സംഗം ചെയ്യപെടേണ്ടവളാണ് എന്ന് മധ്യവയസ്‌ക പറയുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായത്. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ കണ്ട ഈ വീഡിയോ പിന്നീട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യുകയുണ്ടായി. ഇങ്ങനെയായിരുന്നു ആ സ്ത്രീയുടെ വാക്കുകള്‍: 'ഈ പെണ്ണുങ്ങള്‍ക്ക് ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണം. എല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കണം. ഇറക്കമില്ലാത്ത തുണിയുടുക്കുന്ന ഈ പെണ്ണുങ്ങളെല്ലാം ബലാല്‍സംഗം ചെയ്യപ്പെടേണ്ടതാണ്.'

രസകരമായ ഒരു സംഗതി, ഈ യുവതിയും അവരുടെ സുഹൃത്തുക്കളും അവരെ ആ സന്ദര്‍ഭത്തില്‍ പിന്തുണയ്ക്കാനെത്തിയവരും ഒറ്റരാത്രി കൊണ്ട് ഇന്റര്‍നെറ്റില്‍ താരങ്ങളായി. വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള സദാചാര പൊലീസിങ്ങിനെതിരായ അവരെടുത്ത നിലപാടായിരുന്നു ഇതിന് കാരണം. സമൂഹത്തില്‍ ഒരു മാറ്റവുമില്ലാതെ വേരോടിയിരിക്കുന്ന സ്ത്രീവിദ്വേഷത്തിന്റെ ആഴത്തെയാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്.

സ്ത്രീകളെയും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളെയും ബലാല്‍സംഗത്തിന് കാരണമായി കണക്കാക്കുന്ന അവസ്ഥ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പരമ്പരാഗത രീതികളില്‍നിന്ന് വ്യതിചലിക്കുന്ന സ്ത്രീകളെ നിലയ്ക്ക് നിര്‍ത്താന്‍ അനുയോജ്യമായ ശിക്ഷാവിധിയായാണ് ബലാല്‍സംഗത്തെ ഇപ്പോഴും കണക്കാക്കി പോരുന്നത്. പട്ടാപ്പകല്‍ ബലാല്‍സംഗ ഭീഷണി മുഴക്കി ആളുകള്‍ക്ക് എളുപ്പം രക്ഷപ്പെട്ടുപോകാവുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.

ബലാല്‍സംഗം ചെയ്യുന്നവരും അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരും കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഏറ്റവും ക്രൂരമായ വൈരുദ്ധ്യം ഇത്തരത്തിലുളള മാനോഭാവങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും പങ്കുണ്ടെന്നുള്ളതാണ്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് എല്ലാക്കാലത്തും പൊതുസ്വീകാര്യത ഉണ്ടായിരുന്നു. ദുര്‍ബലയായവളെ നിലയ്ക്കുനിര്‍ത്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ നിയമ പരിരക്ഷ കൂടിയുണ്ടായിരുന്നു. ഗ്രീക്ക് റോമന്‍ ഇതിഹാസങ്ങളില്‍ പ്രോസര്‍പിന ദേവിയെ അധോലോകത്തിന്റെ ദേവന്‍ ഹേഡ്‌സ് ബലാല്‍സംഗം ചെയ്യുന്നുണ്ട്. ഇതിന് പ്രോസര്‍പിനയുടെ പിതാവായ സിയൂസ് ദേവന്റെ കൂടി അംഗീകാരമുണ്ടായിരുന്നു. ദൈവങ്ങള്‍ പോലും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ അംഗീകരിച്ചെങ്കില്‍ സാധാരണക്കാര്‍ക്ക് പിന്നെ എന്താണ് പ്രശ്‌നം

മഹാഭാരതത്തിലുമുണ്ട് സമാനമായ ഉദാഹരണം. ചൂതുകളിയില്‍ ഭാര്യ ദ്രൗപദിയെയാണ് അവരുടെ ഭര്‍്ത്താവ് പണയം വെയ്ക്കുന്നത്. കളിയില്‍ തോറ്റതിന് ശേഷം ദ്രൗപദിയെ പൊതുസ്ഥലത്തുവെച്ച് വസ്ത്രാക്ഷേപം ചെയ്യുകയായിരുന്നു.

മിത്തുകള്‍ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ സ്ത്രീകളെ പുരുഷന്മാരുടെ ഉപഭോഗ വസ്തുക്കളായാണ് കണക്കാക്കിയതെന്നതില്‍ അത്ഭുതമില്ല. പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് അക്രമത്തിനും ലൈംഗീക പീഡനത്തിനും അവള്‍ വിധേയയായി.

യുദ്ധകാലത്ത് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നത് അതില്‍ പങ്കാളികളല്ലാത്ത നിസ്സഹായരായ സ്ത്രീകളാണ്.

പ്രാചിന ഗ്രീക്ക് ഇതിഹാസ നായകനായ ആന്റിഗണി (Antigone) യെ അധികരിച്ച് അര്‍ജന്റീനിയന്‍ എഴുത്തുകാരി ഗ്രിസല്‍ഡ ഗംബാരോ 1970ല്‍ എഴുതിയ ആന്റിഗോണ്‍ ഫ്യൂരിയോസ എന്ന നാടകം അര്‍ജന്റീനയിലെ 'ഡര്‍ട്ടി വാര്‍' എന്നറിയപ്പെടുന്ന യുദ്ധത്തിന്റെ കാലത്ത് സ്ത്രീകളനുഭവിച്ച കടുത്ത യാതനകളെ വരച്ചു കാട്ടുന്നുണ്ട്.

വലിയ രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു അത്. ക്രൂരമായ അധികാരപ്രയോഗങ്ങള്‍ നടത്തുന്ന നിരവധി പട്ടാളഭരണകൂടങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധി നടന്നു. സാധാരണക്കാര്‍ അനവധി കൊല്ലപ്പെട്ടു. 30,000 പേരെ കാണാതായി.

ഈ പ്രതിസന്ധിക്കാലത്ത് സ്ത്രീകളാണ് ഏറ്റവും ദുരിതമനുഭവിച്ചത്. അവര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും അതിനു ശേഷം കൊല ചെയ്യപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ അവരില്‍നിന്ന് വേര്‍പെടുത്തി. ഗര്‍ഭിണികളെപ്പോലും വെറുതെ വിടുകയുണ്ടായില്ല.

ഒരിടത്ത് ഗംബാരോ ഇങ്ങനെ എഴുതുന്നു: 'കാലുകളിടിച്ച് നിലത്തേക്ക് വീണ അവള്‍ ഒരു വശത്തു നിന്നും മറ്റേ വശത്തേക്കും തിരിച്ചും താളക്രമത്തിലെന്ന പോലെ ഉരുളുകയായിരുന്നു. യുദ്ധത്തിന്റെ കൊടുംയാതന അവള്‍ തന്റെ മാംസത്തില്‍ അനുഭവിക്കുന്നതു പോലെ തോന്നി.'

അര്‍ജന്റീനയിലെ ജനങ്ങളെല്ലാവരും യുദ്ധത്തിനിരയായപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അത് 'അസ്ഥിയില്‍' അനുഭവിക്കേണ്ടിവന്നത്.

പോയ കാലത്തായിരുന്നു അസമത്വവും ലൈംഗികപീഡനങ്ങളും നിലനിന്നിരുന്നതെന്ന് കരുതുന്നത് അസംബന്ധമാണ്.

പത്രങ്ങളില്‍ ധാരാളം സംഭവങ്ങള്‍ ഒരോ ദിവസവും കാണാം.

നൈജീരിയയിലെ ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 276 സ്‌കൂള്‍ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയായാലും, ആയിരങ്ങള്‍ ഇന്നും ഐസിസിന്റെ ലൈംഗിക അടിമകളായി ജീവിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളായാലും, കോംഗോയിലെ ആഭ്യന്തര യുദ്ധത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നതായാലും, ഇതിലെല്ലാം തെളിയുന്നത് സംഘര്‍ഷഭൂമികളില്‍ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയാണ്

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ 12 ശതമാനവും ബലാല്‍സംഗമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ മാത്രം 38,947 ആണ്. ഇതില്‍ 94.6 ശതമാനം കേസുകളിലും നേരത്തെ അറിയാവുന്നവരായിരുന്നു കുട്ടികളെ ബലാല്‍സംഗം ചെയ്തത്.

2012ലെ കുപ്രസിദ്ധമായ നിര്‍ഭയ കൂട്ട ബലാല്‍സംഗക്കേസിനു ശേഷം നിരവധി സമരങ്ങള്‍ നടന്നുവെങ്കിലും സാഹചര്യങ്ങള്‍ക്ക് ഇന്നും യാതൊരു മാറ്റവുമില്ല. ഓരോ കേസും മറ്റൊന്നിനെക്കാള്‍ ഭീകരങ്ങളാണ്. മതവിദ്വേഷത്തിന്റെ പേരില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാകട്ടെ, അഞ്ചു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം തീക്കൊളുത്തിയ സംഭവമാകട്ടെ, എല്ലാം താരതമ്യത്തിനതീതമാം വിധം ക്രൂരങ്ങളാണ്.

കത്വ, ഉന്നാവോ, സൂറത്ത്, ഡല്‍ഹി എന്നിങ്ങനെ പട്ടിക നീളുകയാണ്. ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കണം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരകണക്കിന് കേസുകള്‍ ഉണ്ടാവാം.

സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും കാലത്ത് സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ചെയ്തിരിക്കുന്നത്. അജ്ഞാതനായി ഇരിക്കാനുള്ള സൗകര്യം മുതലെടുത്ത് സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും വഷളന്‍ പരാമര്‍ശങ്ങളും നടത്തുകയാണ് ആക്രമികള്‍ ചെയ്യുന്നത്.

സ്വന്തമായി അഭിപ്രായമുള്ള ഏതൊരു സ്ത്രീയും, അത് മാധ്യമപ്രവര്‍ത്തകരാകട്ടെ, സെലിബ്രിറ്റികളാകട്ടെ, രാഷ്ട്രീയക്കാരാകട്ടെ, സോഷ്യല്‍ മീഡിയയില്‍ ഭീഷണിപ്പെടുത്തപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുകയാണ്.ഒരു പ്രത്യാഘാതവും നേരിടേണ്ടി വരാതെ എന്തും ചെയ്യാനുളള ലൈസന്‍സാണ് ഇന്റര്‍നെറ്റ് നല്‍കുന്നതെന്നതുപോലെയാണ് ഇവരുടെ പെരുമാറ്റം.

ഈയിടെ @chowkidar_ramsanghi_left എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സിനിമാസംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളുടെ നേര്‍ക്കുണ്ടായ ആക്രമണം ഓര്‍ക്കുക. ജയ് ശ്രീരാം എന്നാണ് ഇയാളുടെ കമന്റുകളുടെ തുടക്കം. തന്റെ വൃത്തികെട്ട ചിന്തകള്‍ക്ക് ദൈവം പ്രത്യേകാനുമതി നല്‍കിയതു പോലെയാണ് ഇയാളുടെ പെരുമാറ്റം. അനുരാഗ് കശ്യപ് സര്‍ക്കാരിനെതിരെയുള്ള പ്രസ്താവനകള്‍ നിര്‍ത്തിയില്ലെങ്കില്‍ മകളെ ബലാല്‍സംഗം ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

കശ്യപ് ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് പ്രസ്തുത അക്കൗണ്ട് റദ്ദാക്കാനും കഴിഞ്ഞു. എങ്കിലും ഇത്തരം മനോവൈകൃതമുള്ള മിക്കവരും സോഷ്യല്‍ മീഡിയയില്‍ സുരക്ഷിതമായാണ് ജീവിക്കുന്നത്. സാങ്കേതികത മനോഭാവത്തെ മാറ്റില്ല. പോരാട്ട ഭൂമിയില്‍നിന്ന് യുദ്ധം ഇപ്പോള്‍ ഫോണുകളിലേക്ക് മാറിയെങ്കിലും അവിടെയും എളുപ്പത്തില്‍ ഇരകളാക്കപ്പെടുന്നത് കാഴ്ചക്കാരികളായ സ്ത്രീകളാണ്.

ലൈംഗികാക്രമണങ്ങളോട് സഹിഷ്ണുതയില്ലെന്ന ശക്തമായ നിലപാട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എടുക്കാത്തിടത്തോളം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. തെറ്റായ പ്രവര്‍ത്തനം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയല്ല, എന്നെന്നേക്കുമായി പൂട്ടിക്കുക തന്നെ വേണം.

ഇന്റര്‍നെറ്റ് ഒരു സുരക്ഷിതമായ സ്ഥലമായി മാറണം. തുല്യതയുടെയും അവസരസമത്വത്തിന്റെയും ഇടമായി മാറണം. തങ്ങളുടെ ഫോണിലേക്കോ കംപ്യൂട്ടറുകളിലേക്കോ ഭീതിയോടെ മാത്രം സ്ത്രീകള്‍ക്ക് നോക്കാന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിക്കുന്ന, ലൈംഗികാക്രമണം നടത്തുന്നവരെക്കൊണ്ട് അവിടം നിറയാന്‍ പാടില്ല

രണ്ടാമതായി, ഡിജിറ്റല്‍ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ ഉടന്‍ പ്രത്യാഘാതമുണ്ടാകണം. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബിനെതിരെ ഇസ്ലാമോഫോബിയ നിറഞ്ഞ വാക്കുകള്‍ക്ക് ഫേസ്ബുക്ക് മെസെഞ്ചറിലൂടെ അധിക്ഷേപം നടത്തിയ ഒരു ഇന്ത്യാക്കാരനെ യുഎഇയില അയാളുടെ കമ്പനി പിരിച്ചുവിട്ടിരുന്നു. അയാളുടെ വിദ്വേഷ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് റാണ അയൂബ് പുറത്തുവിട്ടതിനെ തുടര്‍ന്ന് അയാളെ ഇയാളെ ഇന്ത്യയിലേക്ക് കയറ്റിവിടുകയായിരുന്നു.

ഉടനടി പ്രതികരിക്കാന്‍ തയ്യാറാകുന്ന ഇത്തരം കമ്പനികള്‍ ഇനിയും നമുക്ക് വേണം. ഓണ്‍ലൈനില്‍ പുറപ്പെടുവിക്കുന്ന ഭീഷണികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് അക്രമികള്‍ അറിയേണ്ടതുണ്ട്.

മനോഭാവമാണ് യഥാര്‍ത്ഥത്തില്‍ മാറേണ്ടത്. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം ഉറക്കെ സംസാരിക്കുന്നതിലോ, കൂറച്ചുകൂടുതല്‍ ഫെമിനിസ്റ്റ് ആകുന്നതിനോ സ്ത്രീകള്‍ പരിഭ്രാന്തി കാണിക്കേണ്ടതില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംഘടനകളിലും ലൈംഗികവിദ്യാഭ്യാസം, ഡിജിറ്റല്‍ സുരക്ഷ, സൈബറിടത്തിലെ പെരുമാറ്റ രീതികള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം കിട്ടണം.

2016ല്‍ സ്‌പോര്‍ട്‌സ് കമ്മ്യൂണിറ്റി ഗ്രൂപ്പായ Just Not Sports സോഷ്യല്‍ മീഡിയയിലെമ്പാടും ചര്‍ച്ചയായി മാറിയിരുന്നു. #MoreThatMean എന്ന ഹാഷ്ടാഗില്‍ പ്രചരിച്ച ഇവരുടെ വീഡിയോ ആയിരുന്നു കാരണം. സ്‌പോര്‍ട്‌സിലെ സ്ത്രീവിരുദ്ധ സംസ്‌കാരത്തിനെതിരായ കടുത്ത ആക്രമണമായിരുന്നു ആ വീഡിയോ.

സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെ വന്ന സ്ത്രീവിദ്വേഷപരമായ കമന്റുകള്‍ സാധാരണക്കാരായ പുരുഷന്മാരെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു ഇഎസ്പിഎന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരായ സാറാ സ്‌പെയിനും ജൂലി ഡികാറോയും. കടുത്ത ലൈംഗികാധിക്ഷേപങ്ങള്‍ നിറഞ്ഞവയായിരുന്നു അവര്‍ക്കെതിരായ കമന്റുകള്‍. ഈ കമന്റുകള്‍ വായിച്ച പുരുഷന്മാര്‍, അവ തങ്ങളുടേതല്ലാതിരുന്നിട്ടു കൂടി, രണ്ടുപേരോടും മാപ്പ് പറയുകയായിരുന്നു.

ഈ വീഡിയോ തംരഗമാകുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തതിനു ശേഷം Just Not Sports സംഘത്തിലെ ബ്രാഡ് ബുര്‍ക് ഇങ്ങനെ പറയുകയുണ്ടായി: '#MoreThanMean ഒരു പരിഹാരമായിരുന്നില്ല. ഒരു പ്രശ്‌നത്തെക്കുറിച്ച് മറ്റൊരു വിധത്തിലും ചിന്തിക്കാം എന്നതിലേക്കുള്ള ഒരു ചൂണ്ടുപലകയായിരുന്നു അത്. ടീച്ചര്‍മാര്‍ ഈ വീഡിയോ ക്ലാസ് റൂമുകളില്‍ ഉപയോഗിച്ചു. ഹൈസ്‌കൂള്‍ കോച്ചുമാര്‍ പുരുഷ കായികതാരങ്ങള്‍ക്ക് അവ കാണിച്ചു കൊടുത്തു. പല സ്‌പോര്‍ട്‌സ് ആരാധകരും തങ്ങള്‍ ഇത്തരം കമന്റുകളെ വെറുതെ വായിച്ചു പോകുന്നത് അവസാനിപ്പിച്ചെന്നും അവയെ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെന്നും ഞങ്ങളോട് പറയുകയുണ്ടായി. ഇതുകൊണ്ട് എല്ലാം അവസാനിപ്പിക്കാനാവില്ല. പക്ഷെ ഒരടി മുന്നോട്ടുവെക്കലാണ്.'

നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാറ്റമുണ്ടാകൂ. ഇതാണതിനുള്ള സമയം.

Credit: https://eshe.in

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories