TopTop

'അവരെല്ലാം വീണ്ടും എന്നെ തിരഞ്ഞു വരുമോയെന്നാണ് പേടി'; 'ഒരു കുപ്രസിദ്ധ പയ്യ'ന്റെ സിനിമയല്ലാത്ത ജീവിതം

'ഒരു കുപ്രസിദ്ധ പയ്യന്‍' തീയറ്ററുകളില്‍ മികച്ച അഭിപ്രായം സൃഷ്ടിക്കുമ്പോള്‍, ആ ജീവിതം യഥാര്‍ത്ഥത്തില്‍ ജീവിച്ച ജയേഷ് ഇപ്പോള്‍ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുണ്ട്. ബീച്ചിനടുത്തുള്ള ആര്‍ട്ട് കഫേയില്‍ ശുചീകരണത്തൊഴിലാളിയായ ജയേഷിനെ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മാധ്യമങ്ങള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തേ കൊലക്കേസിലെ പ്രതിയുടെ ചിത്രം പകര്‍ത്താനായിരുന്നു ക്യാമറകള്‍ തിരക്കിട്ടതെങ്കില്‍, ഇന്നത് ജയേഷിനെ കേള്‍ക്കാനാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ ജീവിതത്തിലെ ഒരു നല്ല ഭാഗം നഷ്ടമായ ജയേഷിന്റെ ദുരനുഭവങ്ങള്‍ അറിയാനാണ്.

വലിയ ചര്‍ച്ചയായ കോഴിക്കോട് മീഞ്ചന്തയിലെ സുന്ദരിയമ്മ കൊലക്കേസിലാണ് ജയേഷിനെ അറസ്റ്റു ചെയ്യുന്നത്. ജനിച്ചപ്പോള്‍ തന്നെ മാതാപിതാക്കളുപേക്ഷിച്ച, സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ ജീവിക്കുന്ന ജയേഷിനെപ്പോലൊരാളെ പ്രതിയാക്കിയാല്‍ ചോദ്യങ്ങളൊന്നുമുയരില്ലെന്ന് അവര്‍ക്കുറപ്പായിരുന്നിരിക്കണം. കേസില്‍ നിന്നും രക്ഷപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും വേട്ടയാടുന്നവരെക്കുറിച്ച് ജയേഷ് സംസാരിക്കുന്നു:

ഇതാരാ ചെയ്തതെന്ന് അറിയണം. ആ ആഗ്രഹമാണിനിയുള്ളത്. അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. അതും എത്ര കൂരമായാണ് തലയ്‌ക്കൊക്കെ വെട്ടിയത്! ഇതിന്റെ പേരില്‍ അനുഭവിക്കാനുള്ളതൊക്കെ ഞാനനുഭവിച്ചു. ഇനി ഇതു ചെയ്തവനെ എനിക്കു കിട്ടണം. അത്രയേയുള്ളൂ. സിനിമ ഇറങ്ങുന്ന കാര്യമറിയാമായിരുന്നു. പക്ഷേ, അതു റിലീസായതും ഹിറ്റായതുമൊന്നും അറിഞ്ഞിരുന്നില്ല. സിനിമയൊന്നും കാണാറുമില്ല. കണ്ടിട്ടുവന്ന പലരും നല്ല സിനിമയാണെന്നൊക്കെ പറഞ്ഞു. ഇതു വലിയ ചര്‍ച്ചയായി ഇനി അവരെല്ലാം വീണ്ടും എന്നെ തിരഞ്ഞു വരുമോയെന്ന പേടിയേയുള്ളൂ.

സിനിമ കണ്ടിട്ട് എന്താ തോന്നിയത് എന്നൊക്കെ ചോദിച്ചാല്‍, ഞാനെന്താ പറയുക. സുന്ദരിയമ്മ കേസ് വിട്ട് മീഞ്ചന്ത ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന കാലത്ത്, മധുപാലിന്റെ കൂടെയുള്ള സാര്‍ ഉണ്ടല്ലോ, ജീവന്‍ (തിരക്കഥാകൃത്ത് ജീവന്‍ ജോബ് തോമസ്) അദ്ദേഹം എന്നെ വന്നു കണ്ടു കുറേ സംസാരിച്ചിരുന്നു. അന്ന് വക്കീലും കൂടെയുണ്ടായിരുന്നു. നിന്നെപ്പറ്റി സിനിമയെടുക്കുന്നുണ്ട്, എന്താ അഭിപ്രായം എന്നൊക്കെ ചോദിച്ചു. എല്ലാവരും ഇതറിയണമല്ലോ, നല്ലതു തന്നെ എന്നു ഞാന്‍ പറയുകയും ചെയ്തു. സിനിമ കണ്ടിട്ട് എന്താ തോന്നിയതെന്നൊന്നും പറയാനറിയില്ല. പറയാന്‍ പറ്റുന്നില്ല.

അമ്മയെപ്പോലെ കണ്ട സുന്ദരിയമ്മ, അറിയാതെ അകപ്പെട്ട കേസ്

വളര്‍ത്തമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ജയേഷിന് അമ്മയെപ്പോലെത്തന്നെ സ്‌നേഹമുള്ള ബന്ധമായിരുന്നു സുന്ദരിയമ്മയോടുണ്ടായിരുന്നത്. ഹോട്ടലുകളില്‍ ഇഡ്ഡലി വിറ്റു ജീവിച്ചിരുന്ന സുന്ദരിയമ്മയെപ്പോലൊരു സ്ത്രീയെ എന്തിനു കൊലപ്പെടുത്തിയെന്ന അന്ധാളിപ്പു മാറുന്നതിനു മുന്‍പാണ് ക്രൈംബ്രാഞ്ച് ജയേഷിനെ കസ്റ്റഡിയിലെടുക്കുന്നത്. 2012ലായിരുന്നു സംഭവം.

ഞാന്‍ പണിയെടുത്തിരുന്ന ഹോട്ടലിലേക്കാണ് സുന്ദരിയമ്മ ഇഡ്ഡലി സപ്ലൈ ചെയ്തിരുന്നത്. മീഞ്ചന്ത സിറ്റി ലൈറ്റ്, വട്ടക്കിണര്‍ സിറ്റി എന്നിങ്ങനെ രണ്ട് ഹോട്ടലുകള്‍. അവിടുന്നാണ് സുന്ദരിയമ്മയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഞാന്‍ ഹോട്ടലില്‍ ജോലിക്കു ചേര്‍ന്ന സമയത്ത് അവരെന്നോടു സംസാരിച്ചു പരിചയപ്പെട്ടതും, വീടെവിടെയെന്നു ചോദിച്ചതുമെല്ലാം ഓര്‍മയുണ്ട്. ഇഡ്ഡലി എടുക്കാന്‍ ദിവസവും രാവിലെ ചെല്ലണമെന്നൊക്കെ പറഞ്ഞു. ആറു മണിയാകുമ്പോള്‍ ഉമ്മറക്കോലായില്‍ പാത്രം വയ്ക്കുമെന്നും വന്നെടുക്കണമെന്നും. നൈറ്റ് ഡ്യൂട്ടിയുള്ളപ്പോഴായാലും, അവധിയെടുക്കുമ്പോഴായാലും, ഈ പോക്ക് ഒഴിവാക്കാന്‍ പറ്റില്ലായിരുന്നു.

സുന്ദരിയമ്മയോട് കൂടുതല്‍ പരിചയപ്പെടുന്നത് അക്കാലത്താണ്. എന്റെ വീട് ചക്കുംകടവാണെന്നും, വീട്ടില്‍ വളര്‍ത്തമ്മയും അവരുടെ മക്കളുമാണുള്ളതെന്നുമെല്ലാം ഞാന്‍ അവരോട് പറയുമായിരുന്നു. നോമ്പുകാലമായാല്‍ പെരുന്നാളുവരെ ഹോട്ടലുകളില്‍ ഇഡ്ഡലിയൊന്നും ഉണ്ടാവാറില്ല. അങ്ങിനെയൊരു നോമ്പുകാലത്താണ്, ഹോട്ടലുകളില്‍ നിന്നും കിട്ടാനുള്ള മിച്ചം തുകയൊക്കെ വാങ്ങിച്ച്, നാട്ടില്‍ പോകുന്നു എന്നു പറഞ്ഞ് സുന്ദരിയമ്മ യാത്ര ചോദിച്ചു പോകുന്നത്. അതിന്റെ പിറ്റേ ദിവസമാണ് അവരെ ആരോ വെട്ടിയെന്നു കേള്‍ക്കുന്നതും. ഞാന്‍ ഹോട്ടലുടമ ജലീലിക്കയ്ക്ക് ഒരു ഗ്ലാസ് കട്ടനിട്ട് കൊണ്ടുപോയി കൊടുക്കുകയായിരുന്നതിനിടെയാണ് വീടിന്റെ ഉടമസ്ഥനും അയല്‍വാസിയും കൂടി ഇക്കാര്യം ഹോട്ടലില്‍ വന്നു പറയുന്നത്. നല്ല ഉയരമുള്ളയാളാണ്, ചുവന്ന ബനിയനാണിട്ടത്, കൈയിലൊരു കൊടുവാളുണ്ട് എന്നെല്ലാം അവര്‍ പറയുന്നുണ്ടായിരുന്നു.

ദാ ഈ സ്പൂണിന്റെ നീളമുള്ള ഒരു കത്തിയാണ് കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതിനിടെ എന്റെ കൈയില്‍ അവര്‍ കൊണ്ടുവന്നു പിടിപ്പിക്കുന്നത്. കേസ് നീയേറ്റെടുക്കണം, അതല്ലാതെ നിനക്കു രക്ഷയില്ലെന്നാണ് അവരെന്നോടു പറഞ്ഞത്. എന്തിനാ എന്റെ ജീവിതം നശിപ്പിക്കുന്നതെന്ന് ഞാന്‍ താണു കേണ് ചോദിച്ചതാണ്. ഞാനെങ്ങിനെയെങ്കിലും ജീവിച്ചു പോകുമായിരുന്നു. അമ്മയുടെ സ്ഥാനത്താണ് ഞാന്‍ സുന്ദരിയമ്മയെ കണ്ടിരുന്നത്. അവരെ കൊല്ലാന്‍ മാത്രമുള്ള ഒരു ക്രിമിനല്‍ ചിന്തയൊന്നും എനിക്കില്ല. പ്രസവിച്ചിട്ട് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയതാണ് എന്റെ ബാപ്പയും ഉമ്മയും. സുമതിയമ്മയാണ് അവരുടെ അഞ്ചു പെണ്‍മക്കള്‍ക്കൊപ്പം ദത്തെടുക്കുന്നതും നോക്കി വളര്‍ത്തുന്നതും.

കോടതികളിലെല്ലാം എത്രയോ വട്ടം നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ ഞാന്‍ അങ്ങോട്ടാവശ്യപ്പെട്ടതാണ്. സര്‍ക്കാരിന് അധികചെലവാണെന്നു പറഞ്ഞാണ് അവരെന്റെ ആവശ്യം തള്ളിയത്. അതിനു ശേഷമാണ്, കേസ് നടത്താനും ജാമ്യത്തിനു ശ്രമിക്കാനും എനിക്കാരുമില്ലന്ന് അറിഞ്ഞ കോടതി എനിക്ക് വക്കീലിനെ വച്ചു തരുന്നത്. പൈസ മുടക്കി സഹായിക്കാന്‍ ആരുമില്ലല്ലോ അപ്പോള്‍. ഇവന്‍ തന്നെയാണോ ഇത് ചെയ്തത് എന്ന സംശയമാണ് നാട്ടുകാര്‍ക്കൊക്കെ. എന്റെ കൂട്ടുകാര്‍ക്കും നാട്ടില്‍ അടുപ്പമുള്ളവര്‍ക്കുമറിയാം ഞാനിത് ചെയ്യില്ലെന്ന്. പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ജയേഷിത് ചെയ്യില്ല സാറേ എന്നു പറഞ്ഞവരോടൊക്കെ പൊലീസുകാര്‍ തിരിച്ചു പറഞ്ഞത് 'എന്നാല്‍ നീയും കേറിക്കോ കൂട്ടുപ്രതിയായി' എന്നാണ്.

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് എന്നെ അറസ്റ്റു ചെയ്യുന്നത്. ചക്കുംകടവില്‍ വച്ചാണ് എന്നെ പിടിച്ചത്. സുഹൃത്ത് തന്നെയാണ് പിടിച്ചുകൊടുത്തതും. ക്രൈംബ്രാഞ്ചില്‍ നിന്നും പൊലീസ് വന്നിട്ടുണ്ടെന്നും, സുന്ദരിയമ്മയെ കൊന്നത് ഞാനാണെന്ന് പറയുന്നുണ്ടെന്നു അവനെന്നോട് പറഞ്ഞു. എന്നെ പിടിച്ചുകൊടുത്തില്ലെങ്കില്‍ അവന്‍ കുടുങ്ങുമെന്ന അവസ്ഥയാണ്. അവന്‍ വേറെന്തു ചെയ്യാന്‍. കൂട്ടുപ്രതിയാക്കുമെന്നൊക്കെയായിരുന്നു ഭീഷണി. സ്വാഭാവികമായും അവരെല്ലാം പേടിച്ചുപോയി. അടിപിടിക്കേസൊന്നുമല്ലല്ലോ.

ആ പ്രദേശത്ത് വലിയൊരു പ്രശ്‌നമായി കേസ് അപ്പോഴേക്കും മാറിയിരുന്നു. പ്രതിയെ ഉടനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കാരും നാട്ടുകാരും പ്രതിഷേധവും സമരവുമൊക്കെ തുടങ്ങിയിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യമൊക്കെയായ ഘട്ടത്തിലാണ് എന്നെ പിടിച്ചുകൊണ്ടു പോകുന്നത്. ഒന്നരക്കൊല്ലം ഞാന്‍ ജയിലില്‍ കിടന്നു. കേസ് ഞാനേല്‍ക്കില്ല എന്നുറപ്പിച്ചു പറഞ്ഞപ്പോളൊക്കെ, എനിക്കു വേറെ രക്ഷയില്ലെന്നും എന്നെ പുറം ലോകം കാണിക്കില്ലെന്നുമായിരുന്നു പറഞ്ഞകൊണ്ടിരുന്നത്. എന്നെ എന്തു വേണമെങ്കിലും ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു. അന്നൊന്നും ഉറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് മര്‍ദ്ദിച്ചത്. ആ അവസ്ഥയിലും ഞാന്‍ ചെയ്തിട്ടില്ലെന്നു തന്നെയാണ് ആവര്‍ത്തിച്ചു പറഞ്ഞത്. എന്നിട്ടും അവര്‍ക്കു മനസ്സിലായില്ല. കുറേ അനുഭവിച്ചിട്ടുണ്ട്. ഇനിയൊന്നും ബാക്കിയില്ല. ഇതുപോലെ ഇനി ആര്‍ക്കും വരരുതെന്നേ പ്രാര്‍ത്ഥിക്കാനുള്ളൂ.

ക്രൈംബ്രാഞ്ച് വിലയക്കു വാങ്ങിയ തെളിവുകളും സാക്ഷികളും

കേസില്‍ ജയേഷിനെതിരെ ഹാജരാക്കിയ തെളിവുകളും സാക്ഷികളുമെല്ലാം പണം കൊടുത്തും ഭീഷണിപ്പെടുത്തിയും സൃഷ്ടിച്ചതായിരുന്നു. പ്രധാന തെളിവുകളില്‍ പലതും കൃത്രിമമാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ പിടിക്കപ്പെട്ടു. കോടതിയില്‍ ജയേഷിന് സഹായമായതും അത്തരം കെട്ടിച്ചമച്ച തെളിവുകളായിരുന്നു.

മര്‍ദ്ദിക്കുന്നതിനിടെ എന്റെ കൈയില്‍ കത്തി പിടിപ്പിച്ചിട്ടാണ് എന്നേയും കൂട്ടി അതു ചിറയിലെറിയാന്‍ പോയത്. വിലങ്ങിട്ട് പടിയിലിരുത്തിയ എന്റെ മുന്നില്‍ വച്ചാണ് അവരത് വെള്ളത്തിലേക്ക് വലിച്ചെറിയുന്നത്. പിന്നെ സുന്ദരിയമ്മയുടെ വീടിന്റെ പരിസരത്തൂടെ ഒന്നു നടത്തി. ആ കത്തി പിന്നീട് വെള്ളത്തില്‍ നിന്നെടുത്ത് ലാബിലയച്ചപ്പോള്‍ അതില്‍ രക്തത്തിന്റെ ഒരു ചെറിയ അംശം പോലുമില്ലെന്നു തെളിഞ്ഞു. ഒരു വര്‍ഷം വെള്ളത്തില്‍ കിടന്ന കത്തിയല്ല അതെന്നും പരിശോധിച്ചവര്‍ റിപ്പോര്‍ട്ടയച്ചു.

ആരായാലും കുറ്റം സമ്മതിച്ചു പോകും. അത്ര ക്രൂരമായ മര്‍ദ്ദനമാണ്. കണ്ണുമൂടി ജീപ്പിലിട്ടാണ് കൊണ്ടു പോകുക. നല്ല ഉയരമുള്ള ഏതോ കെട്ടിടത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. കുറേയധികം സ്‌റ്റെപ്പ് കയറാനുണ്ടായിരുന്നു. അവിടെ കൊണ്ടിരുത്തി കണ്ണുമൂടിയ തുണിയഴിച്ചു. പേസ്റ്റും ബ്രഷുമൊക്കെ തന്നിരുന്നു. മുഖം കഴുകിയ ശേഷം ചായയൊക്കെ അവര്‍ തന്നെ വാങ്ങിത്തന്നു. ചായയൊന്നും കുടിക്കാനേ പറ്റില്ല, വേദന കാരണം. ഭക്ഷണം ചവയ്ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം വേദനയാണ്. മുഖത്തിനല്ലേ അവര്‍ അടിച്ചത്. വെള്ളം മാത്രം മതിയെന്നു പറഞ്ഞു ഞാന്‍.

എന്നെ ഉപേക്ഷിച്ചിട്ടു പോയ ഉമ്മയേയും ഉപ്പയേയും പോലും അവര്‍ കണ്ടുപിടിച്ചു. ഇങ്ങിനെ രണ്ടു പേര്‍ ജീവിച്ചിരിപ്പുണ്ട്, നിനക്കു കാണണ്ടേയെന്നു ചോദിച്ചു. എന്റെ പേര് ജബ്ബാര്‍ എന്നു മാറ്റി രേഖകളില്‍ എഴുതിയതും പൊലീസുകാരാണ്. കോടതിയില്‍ പേരു വിളിച്ചപ്പോള്‍ എനിക്കു മനസ്സിലായതു പോലുമില്ല. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകാന്‍ വീണ്ടും വീണ്ടും വിളിപ്പിച്ചിട്ടും പൊലീസുകാര്‍ ഹാജരായതേയില്ല. ഒറ്റത്തവണയോ മറ്റോ ആണ് വന്നത്.

റോബറിയെന്നാണ് എന്റെ കേസ് രേഖപ്പെടുത്തിയത്. പക്ഷേ ഒരു സാധനം പോലും അവിടുന്ന് നഷ്ടപ്പെട്ടിട്ടില്ല. ഒരു പേഴ്‌സ് എന്റെ മുറിയില്‍ കൊണ്ടു വന്ന് ഒളിപ്പിച്ചുവച്ചു. അതൊക്കെ പിന്നീട് പൊളിയുകയും ചെയ്തു. എന്റെ ഒരു ഷര്‍ട്ട് എവിടുന്നോ കുറച്ചു രക്തം പുരട്ടി കൊണ്ടുവന്നു. സാക്ഷികളെയെല്ലാം കാശു കൊടുത്തും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കിച്ചു.

ഒപ്പം ജോലി ചെയ്ത ബിജുവിനെയൊക്കെ അങ്ങനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണ്. ഞാനും അവനുമൊക്കെ ഒരു പോലുള്ളവരാണ്. ഒരുമിച്ചാണ് നൈറ്റ് ഡ്യൂട്ടിയൊക്കെ എടുത്തിരുന്നത്. വലിയ തമാശക്കാരനൊക്കെയാണ്. കോടതിയില്‍ ചോദിക്കുമ്പോള്‍ ജയേഷ് ചോരയില്‍ കുളിച്ചു വന്നെന്നു പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു അവനോട്. പറഞ്ഞില്ലെങ്കില്‍ എന്നെപ്പോലെ ജയിലില്‍ കിടക്കേണ്ടി വരുമെന്നു ക്രൈംബ്രാഞ്ച്കാര്‍ ഭീഷണിപ്പെടുത്തി. അവന്‍ കോടതിയില്‍ അങ്ങിനെ പറഞ്ഞു. പക്ഷേ, എന്റെ വക്കീല്‍ ചോദിച്ചപ്പോള്‍ അവനു പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല.

സുന്ദരിയമ്മയുടെ വീടിനടുത്തു താമസിച്ചിരുന്ന ഒരു രാഘവനാണ് എന്നെക്കുറിച്ചുള്ള സൂചന പൊലീസിനു കൊടുത്തത് എന്നാണ് പറയുന്നത്. കൊലപാതകത്തിനു ശേഷം ജയേഷിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഓടിപ്പോകുന്നതു കണ്ടു എന്നിയിരുന്നു മൊഴി. അതു കൈക്കൂലി കൊടുത്തു പറയിച്ചതാണെന്ന് പിന്നീടു തെളിഞ്ഞു. മാത്രമല്ല, ഈ സംഭവത്തിനു ശേഷം പ്രതിയെ പിടിക്കാന്‍ എല്ലാ കോഴിക്കോട്ടെ എല്ലാ ഗുണ്ടകളെയും മോഷ്ടാക്കളെയും പിടിച്ച് നന്നായി മര്‍ദ്ദിച്ചിരുന്നു. ജില്ലാ ജയിലിലെത്തിയപ്പോള്‍ ഇവരുടെയെല്ലാം അടുത്തു നിന്നും തല്ലു കൊള്ളേണ്ടിവന്നു. അവര്‍ക്കു വെറുതേ തല്ലുവാങ്ങിക്കൊടുത്തയാളാണല്ലോ ഞാന്‍!

നിയമം മോചിപ്പിച്ചിട്ടും വെറുതെ വിടാത്ത പൊലീസ് പക

ജയേഷിനെ നിരപരാധിയെന്നു കണ്ട് വിട്ടയച്ചത് ക്രൈംബ്രാഞ്ചിനേറ്റ നല്ലൊരു അടിയായിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു തെളിയുകയും, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവുണ്ടാകുകയും ചെയ്തു. എളുപ്പത്തില്‍ പെടുത്താമെന്നു കരുതിയ ജയേഷിനെ മോചിപ്പിക്കേണ്ടി വന്നതില്‍ പല ഉദ്യോഗസ്ഥരും അതൃപ്തരായിരുന്നു.

നിരപരാധിയാണെന്നു കണ്ട് കോടതി എന്നെ വെറുതെ വിട്ടു. അന്ന് കുറേ പത്രക്കാരൊക്കെ വന്ന് അന്വേഷിച്ചിരുന്നു. തിരികെ പോയത് വട്ടക്കിണറിലേക്കു തന്നെയാണ്. അവിടെയെത്തിയപ്പോള്‍ നാട്ടുകാരെല്ലാവരും വന്നിരുന്നു. ഒരുപാട് അനുഭവിച്ചല്ലേ എന്നു ചോദിച്ചു. എന്തു ചെയ്യാനാണ്. ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരില്‍ ഇത്രയും അനുഭവിക്കാന്‍ ചിലപ്പോള്‍ വിധിയുണ്ടാകും. വീട്ടിലുള്ള എല്ലാവരേയും, വളര്‍ത്തിയ അമ്മയേയും സഹോദരിമാരേയും, സ്‌നേഹിച്ചിട്ടേയുള്ളൂ. ഒറ്റയടിക്ക് എല്ലാം തകര്‍ത്തു കളഞ്ഞത് ക്രൈംബ്രാഞ്ചാണ്. ചിരിയും കളിയും ഒക്കെപ്പോയി. ജോലിചെയ്യുന്ന കടകളും ബീച്ചും മാത്രമാണിപ്പോള്‍ ഉള്ളത്. ടെന്‍ഷന്‍ കൂടുമ്പോള്‍ ബീച്ചില്‍ പോയിരിക്കും.

വട്ടക്കിണറിലേക്കൊക്കെ ഇപ്പോഴും പോകാറുണ്ട്. പ്രശ്‌നമെന്താണെന്നു വച്ചാല്‍, കേസു വിട്ടിട്ടും അവരിപ്പോഴും ആ കണ്ണിലേ കാണുള്ളൂ. അവര്‍ക്കറിയാം ഞാന്‍ ചെയ്തിട്ടില്ലെന്ന്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ. ജോലിയന്വേഷിച്ചാണ് ബീച്ച് പരിസരത്ത് എത്തിപ്പെട്ടത്. ഇവിടെ എത്തുന്നതിനു മുന്നേ തിരുവങ്ങൂരില്‍ കുറച്ചു കാലം ഉണ്ടായിരുന്നു. ഒരു മുസ്തഫാ ഹാജിയുടെ സ്ഥലത്ത് വാച്ച്മാനായി ജോലിനോക്കാന്‍. അവിടുത്തെ വിലാസത്തില്‍ ഹൈക്കോടതിയിലെ ഒരു കടലാസ്സ് വന്നപ്പോഴേക്കും ആ ജോലിയും പോയി. ഞാനല്ല അതു ചെയ്തതെന്ന് എനിക്ക് ജോലി ശരിയാക്കിത്തന്നയാള്‍ പറഞ്ഞു നോക്കിയിട്ടും കാര്യമുണ്ടായില്ല. അങ്ങിനെ അവിടുന്നും പോന്നും.

ഇക്കാര്യമുള്ളതുകൊണ്ട് കുറേക്കാലം ജോലിയൊന്നും കിട്ടിയില്ല. ഒരുപാട് അന്വേഷിച്ചിട്ടാണ് കുറഞ്ഞ കൂലിയെങ്കില്‍ കുറഞ്ഞ കൂലി എന്ന ചിന്തയില്‍ ഇവിടെയെത്തിയത്. നോക്കാന്‍ കുടുംബമൊന്നുമില്ലല്ലോ. അവരുടെ ഇടയ്ക്കിടെയുള്ള അന്വേഷണവും തിരഞ്ഞുവരലും കാരണമാണ് വട്ടക്കിണറില്‍ നിന്നും ഇങ്ങോട്ടു പോരുന്നത്. ഇവിടേയ്ക്ക് വരാറുണ്ടായിരുന്നില്ലെങ്കിലും ബീച്ചില്‍ ഒരിക്കല്‍ വന്നിരുന്നു. ഇവിടെയുള്ള സാബുക്കയോട് എന്നെപ്പറ്റി അന്വേഷിച്ചു. ഞാന്‍ പാവമാണെന്നു സാബുക്ക പറഞ്ഞപ്പോള്‍, എന്റെ നഷ്ടപരിഹാരത്തിന്റെ കാര്യം പറയാനാണ് വന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. ഒരു ലക്ഷം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. പക്ഷേ, അവരതിനല്ല വന്നത്. ഉറപ്പാണ്. എന്നെ കുടുക്കുമെന്ന് ക്രൈംബ്രാഞ്ച് സി.ഐ. പറഞ്ഞിട്ടുള്ളതാണ്. ഇത്രയ്ക്കും ദേഷ്യം വരാന്‍ കാരണമെന്താണെന്ന് എനിക്കറിയില്ല.

ഓഫീസിലേക്ക് വരാനാണ് എന്നോട് അന്ന് പറഞ്ഞത്. വക്കീലിനോട് സംസാരിക്കാതെ എനിക്കങ്ങനെ പോകാനാവില്ല. വക്കീലാണ് എന്നെ പുറത്തിറക്കിയത്. അദ്ദേഹം പറയുന്നതേ എനിക്കു കേള്‍ക്കാനാകൂ. ധൈര്യമായി ചെല്ലാനാണ് വക്കീല്‍ പറഞ്ഞത്. ഒപ്പം രണ്ടാളെയും വിട്ടു. ഓഫീസില്‍ ചെന്നപ്പോഴാകട്ടെ, പുതിയ സി.ഐ വരാത്തതു കൊണ്ട് പിന്നീട് വരാന്‍ പറഞ്ഞുവിടുകയായിരുന്നു എന്നെ. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കയറിയിറങ്ങാന്‍ സാധിക്കില്ലെന്ന് ഞാനും പറഞ്ഞു. സി.ഐക്കൊക്കെയാണ് ദേഷ്യം. അവരു പറയുന്നതല്ലേ മറ്റു പൊലീസുകാര്‍ക്ക് അനുസരിക്കാന്‍ പറ്റൂ. പന്നിയങ്കര സ്റ്റേഷനിലെ ഒരു പൊലീസുകാരന്‍ എന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ട്, അവര്‍ക്കു ദേഷ്യമുണ്ടായിട്ടല്ല, വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന്. 'നിനക്കറിഞ്ഞൂടെ സാറിന്റെ സ്വഭാവം' എന്നാണ് ചോദിച്ചത്.

അന്നത്തെ സി.ഐ. പൃഥ്വിരാജിന്റെ പെരുമാറ്റം അങ്ങനെത്തന്നെയാണ്. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി, ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്നെപ്പോലുള്ളവരെ പ്രതിയാക്കും. എന്തായാലും വേണ്ടില്ല, കേസ് സി.ബി.ഐക്ക് വിട്ടു കൊടുത്തേ പറ്റൂ. ഇതു ചെയ്തയാളെ എനിക്കു കാണണം. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെയാണ്. സ്റ്റിച്ചിട്ട് കൈ കഴച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത്. അത്ര വലിയ മുറിവുകളാണ്.

എനിക്കു കിട്ടാനുള്ള നഷ്ടപരിഹാരത്തുകയില്‍ പുനഃപരിശോധന വേണമെന്ന ഹര്‍ജി പൊലീസുകാര്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ കോടതി സിറ്റിംഗ് വരുന്നതിന്റെ തലേന്നാണ് പൊലീസ് വീണ്ടുമൊരു മോഷണക്കേസില്‍ പ്രതിയാക്കുന്നത്.

ഒരു കല്യാണവീട്ടില്‍ പന്തലുപണിക്ക് പോയതായിരുന്നു ഞാന്‍. മോഷ്ടിച്ചത് ഞാനാണെന്ന് പൊലീസ് പറഞ്ഞു. എന്റെയൊപ്പം ജോലിക്കു വന്നിരുന്ന റിയാസ് അവരോട് പറഞ്ഞത് ഞാന്‍ ഉള്ളില്‍ കയറിയിട്ടില്ല, അവിടുന്ന എടുത്ത ഒന്നും എന്റെ കൈയിലില്ല എന്നാണ്. എന്റെ കൈയില്‍ നിന്ന് അവര്‍ക്കൊന്നും കിട്ടിയിട്ടുമില്ല. ഇക്കാര്യം പന്നിയങ്കര സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞപ്പോള്‍ 'അവനെയൊന്ന ലോക്ക് ചെയ്തിട്ടേക്ക്' എന്നാണ് അവര്‍ക്കു കിട്ടിയ നിര്‍്‌ദ്ദേശം. കല്യാണവീട്ടിലുള്ളവരെ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കൊന്നും ഓര്‍മയുമില്ല. അപ്പോള്‍ത്തന്നെ മജിസ്‌ട്രേറ്റ് പറഞ്ഞു, 'താങ്കള്‍ക്കു പോകാം'.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ട് അത് ഇതുവരെ കിട്ടിയിട്ടില്ല. ഹൈക്കോടതിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അവിടെ എനിക്കു വേറെ വക്കീലിനെ ഏര്‍പ്പാടാക്കി തന്നിട്ടുണ്ട്. അദ്ദേഹത്തിന് കേസ് പഠിക്കാന്‍ സമയം വേണം. ആ താമസമാണ്. വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിനൊക്കെയായി എറണാകുളത്തു പോയിട്ടുണ്ട്. അന്നൊന്നും ജോലിയില്ലാത്ത സമയമാണ്. ചായ കുടിക്കാനുള്ള കാശു പോലുമില്ല. തിരിച്ചുവരാനുള്ള കാശില്ലാത്തതിനാല്‍ വിശപ്പു സഹിച്ചും പൈപ്പുവെള്ളം കുടിച്ചുമാണ് തിരിച്ചെത്തിയത്.

കേസിനിടെ കല്യാണാലോചനയും ഒരെണ്ണം വന്നു. അവള്‍ക്കിഷ്ടമാണെന്നു പറഞ്ഞാണ് വന്നത്. അവളുടെ ഉമ്മയുമെല്ലാം എന്നോടു സംസാരിച്ചിരുന്നു. ഒരു ജീവിതമായല്ലോ, മിണ്ടിപ്പറഞ്ഞിരിക്കാന്‍ ഒരാളായല്ലോ എന്നു ഞാനും കരുതി. അവള്‍ക്കു കഴിക്കാനും ഉടുക്കാനുമൊക്കെ വാങ്ങിക്കൊടുക്കുമായിരുന്നു. അവസാനം അവളെ കാണരുതെന്നു പറഞ്ഞ് അവളുടെയാളുകളെ വിട്ടു തല്ലിച്ചു. അവളെപ്പറഞ്ഞിട്ടും കാര്യമില്ല. കേസും കൂട്ടവുമൊക്കെയുള്ള ആളാണെന്ന് ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ടാകും. അവരും മൂന്നു പെണ്‍കുട്ടികളാണ്. എന്റെ വീട്ടില്‍ കയറാനെനിക്ക് പറ്റില്ലായിരുന്നു. ഇക്കാര്യം വന്നപ്പോള്‍, ഒരു ജീവിതത്തോടൊപ്പം ഉമ്മയും അനിയത്തിമാരുമുള്ള കുടുംബത്തേയും കിട്ടുമല്ലോ എന്നോര്‍ത്തിരുന്നു. കിട്ടുമെന്നു പറഞ്ഞ ഒരുലക്ഷം പ്രതീക്ഷിച്ചാണ് അവര്‍ വന്നതെന്നാണ് നാട്ടുകാരൊക്കെ പറയുന്നത്.

സുന്ദരിയമ്മയെ കൊലപ്പെടുത്തിയവര്‍ മോഷ്ടിക്കാന്‍ വന്നവരായിരിക്കില്ല. അവര്‍ക്ക് പലിശയുടെ ചെറിയ ഇടപാടൊക്കെയുണ്ടായിരുന്നു. പലരും പണം കൊടുക്കാനുമുണ്ടായിരുന്നു. അങ്ങിനെയെന്തെങ്കിലും പ്രശ്‌നമാകാനാണ് സാധ്യത. അവര്‍ക്കു പഴയ എന്തോ കുടുംബപ്രശ്‌നമുണ്ടെന്നു കേട്ടിരുന്നു. എന്താണെന്നറിയില്ല.

പൊലീസ് തന്നെ ഇനിയും ഉപദ്രവിച്ചേക്കുമെന്ന ഭയമല്ലാതെ, മറ്റു പരാതികളില്ല ജയേഷിന്. സമാധാനമായൊരു ജീവിതം മാത്രമാഗ്രഹിക്കുന്ന ജയേഷിന്റെ കഥ അതേപടി പകര്‍ത്തിയ ചലച്ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും, ഇദ്ദേഹത്തെ കണ്ടെത്താനായി മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് തിരഞ്ഞുനടന്നത് മൂന്നു ദിവസത്തോളമാണ്. മോഷ്ടാവായി മാറിയെന്നും, കഞ്ചാവു സംഘത്തിലെ കണ്ണിയായെന്നും, രാത്രി മാത്രമേ പുറത്തിറങ്ങാറുള്ളൂ എന്നുമടക്കം വിചിത്രമായ ധാരാളം കഥകളാണ് ജയേഷിനെക്കുറിച്ച് മുന്‍പു പരിചയമുണ്ടായിരുന്നവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്.

എന്നാല്‍, ചെറുതെങ്കിലും ഒരു ജോലി ചെയ്ത് സ്വസ്ഥമായി ജീവിക്കുകയാണ് ജയേഷ്. ജീവിതമേല്‍പ്പിച്ച മുറിവുകള്‍ സാരമായിത്തന്നെ ജയേഷിനെ ബാധിച്ചിട്ടുണ്ട്. അനുഭവിച്ച ദുരിതങ്ങളുടെ കഥ പറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നുണ്ട്. സിനിമയെക്കുറിച്ചു ചോദിക്കുമ്പോള്‍ കണ്ണു നിറയുന്നുണ്ട്. വഴിയില്‍ നടന്നു പോകുന്ന വൃദ്ധയെ കാണുമ്പോള്‍, 'ഈ പ്രായമായിരുന്നു സുന്ദരിയമ്മയ്ക്ക്' എന്ന് പ്രയാസപ്പെട്ടു പറയുന്നുണ്ട്. എങ്കിലും, യഥാര്‍ത്ഥ പ്രതി എന്നെങ്കിലും പിടിയിലാകട്ടെ എന്നു മാത്രമാണ് ജയേഷിന്റെ ആഗ്രഹം.
Next Story

Related Stories