TopTop
Begin typing your search above and press return to search.

പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളെങ്ങനെയാണ് ഈ വര്‍ഷത്തെ അധ്യാപക ദിനം ആഘോഷിക്കാന്‍ പോകുന്നത്?

പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളെങ്ങനെയാണ് ഈ വര്‍ഷത്തെ അധ്യാപക ദിനം ആഘോഷിക്കാന്‍ പോകുന്നത്?

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ നിങ്ങളെങ്ങനെയാണ് ഈ വര്‍ഷത്തെ അധ്യാപക ദിനം ആഘോഷിക്കാന്‍ പോകുന്നത്?

സെപ്തംബര്‍ 5 അധ്യാപക ദിനമാണ്. വര്‍ഷാവര്‍ഷം ഡോ.എസ്.രാധാകൃഷ്ണന്റെ ജന്‍മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കാറുള്ളത്.അധ്യാപകര്‍ ഭാവിയുടെ ശില്‍പികളാണല്ലോ. ആ ശില്‍പികളോട് ഡോ.എസ്.രാധാകൃഷ്ണനുണ്ടായിരുന്ന സ്‌നേഹവും ആദരവും കൊണ്ടാണ് തന്റെ ജന്‍മദിനം ആഘോഷിക്കാന്‍ വന്ന സ്‌നേഹിതരോട് ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ വര്‍ഷവും അങ്ങനെ അധ്യാപനത്തിന്റെ മഹത്വമുദ്ഘോഷിച്ചു കൊണ്ട് പതിവു പരിപാടികള്‍ മാത്രമായവസാനിപ്പിക്കുമോ ഈ ദിനം..? ഈ ചോദ്യത്തിന് മലയാളികളായ അധ്യാപകര്‍ ഉത്തരം തരട്ടെ.

ചരിത്രത്തിലെന്നും ഒരു 'ഗുരു'വുണ്ടായിരുന്നു. എല്ലാ ചരിത്ര നിര്‍മ്മിതികള്‍ക്ക് പിന്നിലും എക്കാലവും ആ ഗുരു മറഞ്ഞു കിടക്കുന്നുണ്ട്. ലോകത്തെ നശിപ്പിക്കുന്ന ബോംബുണ്ടാക്കുന്ന മനുഷ്യന്റെ പിന്നിലും യുദ്ധാനന്തരം സമാധാന സന്ദേശവുമായിറങ്ങുന്ന മനുഷ്യന്റെ പിന്നിലും അവരെ പഠിപ്പിച്ച അനേകം അധ്യാപകരുണ്ട്. അല്ലെങ്കില്‍ ഒരു ഗുരുവുണ്ട്. ലോകത്തിലെ എല്ലാ വഴികളിലും അവരുടെ നിഴലുകളുണ്ട്!

ദ്രോണരുടെ കീഴില്‍ അഭ്യസനം നേടാന്‍ ആഗ്രഹിച്ച ഏകലവ്യന്‍ പോലും നിഷേധാനന്തരം ആ ഗുരുവിനെ സങ്കല്‍പ്പിച്ചു കൊണ്ടാണ് തന്റെ വിദ്യാഭ്യാസം തുടങ്ങിയത്. ഒടുക്കം തന്റെ പെരുവിരല്‍ പോലും ആ വിദ്യയെ മുഴുവന്‍ സ്വായത്തമാക്കാന്‍ പ്രേരകമായ ഗുരുവിനു മുന്നില്‍ സമര്‍പ്പിക്കുന്നത് വഴികാട്ടിയോടുള്ള/ ഗുരുവിനോടുള്ള ആദരവ് കൊണ്ടാണ്. ആ ആദരവിന് ഇതിഹാസങ്ങളോളം വേരുകളുണ്ട്. ആ വേര് നമ്മളിലൂടെ ഭാവിയിലേക്കും പടരേണ്ടതുണ്ട്. പെരുവിരല്‍ മുറിച്ചു വാങ്ങിയല്ല. ഒരു ചെറുവിരല്‍ കൊണ്ടെങ്കിലും കൈത്താങ്ങായി.

പുതിയ സമൂഹ നിര്‍മ്മാണവുമായി, രാഷ്ട്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാമെപ്പോഴും കേള്‍ക്കുന്ന പദമാണ് അധ്യാപനം. ഒരു സ്‌കൂളു തുറക്കുമ്പോള്‍ നൂറു ജയിലുകള്‍ അടക്കുന്നു എന്നത് കേവലമൊരു മഹത് വാക്യമല്ല. മറിച്ച് അനേകജനതയെ മാറ്റിമറിച്ച അധ്യാപകരുടെ ചരിത്ര ജീവിതത്തെ അടയാളപ്പെടുത്തിയ വാക്യം കൂടിയാണ്.നമ്മളെപ്പോഴും പറയാറില്ലേ അധ്യാപകന്‍ സമൂഹത്തില്‍ മാതൃകയാകണമെന്ന്. എല്ലാ മനുഷ്യരും മാതൃകയാവേണ്ടവര്‍ തന്നെയാണ്.പക്ഷെ അധ്യാപകന്റെ ജീവിതത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഒരു സമൂഹം എപ്പോഴും 'മാതൃക'യെക്കുറിച്ച് നിര്‍ബന്ധം പുലര്‍ത്താറുള്ളത്. കാരണം അവര്‍ കുട്ടികളുടെ രണ്ടാം രക്ഷിതാക്കളാണ്. ഭാവിയെ നിര്‍മ്മിക്കുന്നവരാണ്. സ്വാധീനിക്കപ്പെടുന്നവരാണ്. അവരുടെ കൈയും പിടിച്ച് ഒപ്പം നടക്കേണ്ടണ്ടവരാണ് കുട്ടികള്‍.ആ കൈവിട്ടാണ് കുട്ടികള്‍ പിന്നീട് ആകാശം തൊടുന്നത്.!

ഒരു അധ്യാപകനെ കുട്ടികള്‍ എപ്പോഴും നിരീക്ഷിക്കും. അയാളുടെ വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കിനും അവര്‍ ചെവികൊടുക്കുന്നുണ്ട്. പ്രവര്‍ത്തികള്‍ക്ക് സാക്ഷികളാവുന്നുണ്ട്. നിങ്ങളൊരു കഥയോ ശാസ്ത്രമോ പഠിപ്പിക്കുമ്പോള്‍ എത്രയെത്ര ജീവിതങ്ങളെപ്പറ്റി അവരോട് പറഞ്ഞിട്ടുണ്ടാവും. എത്രയെത്ര സാരോപദേശകഥകള്‍ എഴുതിക്കൊടുത്തിട്ടുണ്ടാവും.

'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ ' എന്നൊക്കെ ക്ലാസില്‍ പാടിപ്പഠിപ്പിച്ചിട്ടുണ്ടാകില്ലേ അവരെ. എന്നാല്‍ പാഠാനന്തരം മര്‍ത്ത്യ ജന്‍മം ക്ഷണഭംഗുരമാണെന്ന് എല്ലാ അധ്യാപകര്‍ക്കും ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ടാവുമോ.! വിമര്‍ശനമുണ്ട്. ചെവിവട്ടം പിടിച്ചാല്‍ കേള്‍ക്കാം.!

പക്ഷെ ഇതൊരവസരമാണ്. ആരൊക്കെ നിശ്ശബ്ദരായിരുന്നാലും അധ്യാപകന് പിന്നെയും മുന്നില്‍ നടക്കാനുള്ള അവസരം.അത് നാം പാഴാക്കരുത്. പ്രളയാനന്തരം സര്‍വ്വതും നഷ്ടപ്പെട്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമൊപ്പം താങ്ങായി നിന്ന് സര്‍ക്കാര്‍ ഒരു നവകേരളമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന് നമ്മുടെ നാട്ടിലെ മുഖ്യമന്ത്രി എല്ലാവരോടും ഒരു മാസത്തെ ശമ്പളം ചോദിച്ചിട്ടുണ്ട്. അത് ഗവ. ഉദ്യോഗസ്ഥരോട് മാത്രമല്ല. ഗവ. ഉദ്യോഗസ്ഥരുടെ സ്വപ്നം മാത്രമല്ലല്ലോ നവകേരളം.! എല്ലാ മനുഷ്യ സ്‌നേഹികളുടേതുമല്ലേ.!

അതുകൊണ്ട് എല്ലാ വിഭാഗം തൊഴിലാളികളും ഏറ്റെടുക്കട്ടെ ആ സാലറി ചലഞ്ച്. കൂലിപ്പണിക്കാരന്‍ മുതല്‍ വമ്പന്‍ കമ്പനികളുടെ സി.ഇ.ഒ മാരുവരെ സര്‍ക്കാറിനെ സഹായിക്കണം. പക്ഷെ അതിന്റെ മുന്നില്‍ ആദ്യം നില്‍ക്കേണ്ടത് അധ്യാപകരാണ്. ഇപ്പോള്‍ത്തന്നെ ഒരുപാടു പേര്‍ നിന്നു കഴിഞ്ഞു. നമ്മളത് വാര്‍ത്തകളില്‍ കണ്ടു കൊണ്ടിരിക്കുന്നുണ്ട്. ചില സ്‌കൂളുകളില്‍ എല്ലാ ടീച്ചേഴ്‌സും ഏറ്റെടുത്തു. പക്ഷെ ഇനിയും ബാക്കിയുണ്ട് ചില അധ്യാപകര്‍. അവര്‍ ഒന്നല്ല. ഒരായിരം പേരുണ്ട്. പലയിടങ്ങളിലായി. എന്തു തീരുമാനമെടുക്കണമെന്ന് സംശയമുള്ളവര്‍. ഇതിനായിക്കൂടുന്ന യോഗങ്ങളില്‍ പല ഒഴികഴിവുകള്‍ ഇപ്പോഴും പറയുന്നവര്‍.!

നമുക്ക് നേരിട്ടറിയാവുന്നവരും അല്ലാത്തവരുമാണവര്‍. അവരും കൂടി നവകേരളത്തിന്റെ മുന്നില്‍ നില്‍ക്കണം. സഹായ സന്നദ്ധരായ വലിയ ജീവിതപ്രശ്‌നങ്ങളില്‍പ്പെട്ട് നിസ്സഹായരായി നില്‍ക്കുന്നവരുണ്ടാകാം. അവരോടല്ല ഈ അപേക്ഷയെന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. മറിച്ച് ഇക്കാരണം കൊണ്ട് ഒരു നേരം വീട്ടിനകത്ത് പട്ടിണിയായിപ്പോകാത്ത, അധ്യാപകരായ എല്ലാ ഗൃഹസ്ഥനും ഗൃഹസ്ഥയും ഈ സാലറി ചലഞ്ച് ഏറ്റെടുത്ത് കേരളത്തിനൊപ്പം നില്‍ക്കണം. ഭാവിയോടൊപ്പം നില്‍ക്കണം.

നവകേരളത്തിന്റെ ആ അടിക്കല്ല് ഈ കാര്യത്തിലും അധ്യാപകന്റെത് തന്നെയാകട്ടെ. അതു കൊണ്ട് ഇനിയും ബാക്കിയുള്ള അധ്യാപകര്‍ ഈ വര്‍ഷത്തെ അധ്യാപക ദിനം ആ പ്രഖ്യാപനത്തിനായി തിരഞ്ഞെടുക്കൂ... എന്നിട്ടത് ലോകത്തോടു വിളിച്ചു പറയണം. ചുറ്റുമുള്ളവരുമായി സംവദിക്കണം.കാരണം നിങ്ങളുടെ വാക്ക് കേട്ട്, നിങ്ങളുടെ പ്രവര്‍ത്തി കണ്ട് ഒരു ജനത നിങ്ങളുടെ പിന്നാലെ വരും. അവരിലൂടെ നവകേരളം സാധ്യമാകും.ഉറപ്പ്.

പക്ഷെ ആദ്യം; ആദ്യം നമ്മള്‍ അധ്യാപകര്‍ തന്നെയാകണം. അതിലൂടെ 2018ലെ ഈ അധ്യാപക ദിനത്തെ നമുക്കൊരു ചരിത്ര ദിനമാക്കാം. അപ്പൊ അധ്യാപക സുഹൃത്തുക്കളെ.. നമ്മള്‍ മുന്നിലിറങ്ങുകയല്ലേ....

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories