TopTop

ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്: എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കറിയാം; എതിര്‍ത്താല്‍ പോരാടാനും

ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്: എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കറിയാം; എതിര്‍ത്താല്‍ പോരാടാനും
സ്വവര്‍ഗ ലൈംഗികത, സ്വവര്‍ഗ വിവാഹബന്ധം എന്നിവയെ എല്ലാ കാലത്തും മത മൗലികവാദികളും യാഥാസ്ഥിതികരും ശക്തമായി എതിര്‍ത്തുപോരുന്നുണ്ട്. എല്ലാ മതങ്ങളുടേയും പൗരോഹിത്യ നേതൃത്വം സ്വവര്‍ഗ ലൈംഗികതയ്ക്ക് എതിരാണ്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധി വ്യാപകമായി സ്വാഗതം ചെയ്യപ്പെടുമ്പോളും മതയാഥാസ്ഥിതിക സംഘടനകളും മതമൗലികവാദ സംഘടനകളും എതിര്‍പ്പുമായി രംഗത്തുവരുന്നുണ്ട്. വിധിയില്‍ നിരാശയുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ് പ്രസ്താവനയില്‍ പറഞ്ഞു. പുരുഷനും പുരുഷനും തമ്മിലും സത്രീയും സ്ത്രീയും തമ്മിലുമുള്ള വിവാഹം കുടുംബ വ്യവസ്ഥയെ തകര്‍ക്കുമെന്നും മനുഷ്യസമൂഹത്തിന്റെ സ്വാഭാവികമായ പരിണാമത്തേയും പുരോഗതിയേയും തടസപ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ അഭിപ്രായം.

പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്നതുമായി അവകാശപ്പെടുന്നതും ഇത്തരം പല പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സംഘടനയാണ് ഇന്ത്യയിലെ ജമാഅത്ത്. ജമാ അത്തെ ഇസ്ലാമിയുടെ മനുഷ്യാവകാശ പ്രേമം കാപട്യമാണെന്നും സെലക്ടീവായ മനുഷ്യാവകാശ ബോധമേ മത മൗലികവാദ സംഘടനയായ ജമാ അത്തിനുള്ളൂ എന്നുമുള്ള വിമര്‍ശനം ശക്തമാണ്. ഈ വിമര്‍ശനം ശരിവയ്ക്കുന്ന വിധമാണ് ജമാ അത്തെ ഇസ്ലാമിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അക്രമമോ അരാജകത്വമോ അംഗീകരിക്കാനാവില്ല എന്നാണ് ജമാ അത്തെ ഇസ്ലാമി പറയുന്നത്. മത തത്വങ്ങളേയും വിശ്വാസങ്ങളേയും സംസ്‌കാരത്തേയും ഭൂരിപക്ഷം ജനങ്ങളുടേയും വികാരങ്ങളേയും വ്രണപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണിതെന്ന് ജമാ അത്ത് കുറ്റപ്പെടുത്തി. അതായത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ ജമാ അത്തെ ഇസ്ലാമി ഭൂരിപക്ഷ മേധാവിത്തത്തിനൊപ്പമാണ് എന്ന് വേണം മനസിലാക്കാന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് സ്വവര്‍ഗ ലൈംഗികതയ്ക്ക് ബന്ധങ്ങള്‍ക്ക് നിയമസാധുത നല്‍കലെന്നും ജമാ അത്ത് അഭിപ്രായപ്പെടുന്നു. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളിലും പ്രശ്‌നങ്ങളിലും - ഷാബാനു കേസില്‍ ഉള്‍പ്പടെ മത യാഥാസ്ഥിതികത്വത്തേയും പൗരോഹിത്യത്തേയും പിന്തുണക്കുന്ന നിലപാടാണ് ഈ സംഘടന സ്വീകരിച്ചത്. രാജ്യത്തെ വലിയ അപകടസ്ഥിതിയില്‍ നിന്ന് രക്ഷിക്കണമെന്നാണ് ജമാ അത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ ആര്‍എസ്എസിനും ഇതേ നിലപാട് തന്നെയാണുള്ളത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി അറിയിച്ചെങ്കിലും, തങ്ങള്‍ക്ക് സ്വവര്‍ഗ ലൈംഗികത അംഗീകരിക്കാനാവില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളും സ്വവര്‍ഗ വിവാഹ ബന്ധങ്ങളുമെല്ലാം പ്രകൃതിവിരുദ്ധമാണ് എന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. അത് സമൂഹത്തിന്റെ പൊതുവായ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അവര്‍ കരുതുന്നു. ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി ഇത്തരം ബന്ധങ്ങള്‍ക്ക് എതിരാണെന്ന് അഖില്‍ ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

സ്വവര്‍ഗ ലൈംഗികത ഒരു ജനിതക തകരാറാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടിരുന്നു. ഇത് സ്വാഭാവിക ലൈംഗികതയല്ല. ഇതൊരു അമേരിക്കന്‍ ശീലമാണ്. ഇത് പ്രചരിപ്പിക്കാന്‍ വേണ്ടി ഒരുപാട് പണമൊഴുകുന്നുണ്ട്. അമേരിക്കക്കാര്‍ ഗേ ബാറുകള്‍ തുറക്കാന്‍ താല്‍പര്യപ്പെടുന്നു. സ്വവര്‍ഗ ലൈംഗികത പീഡോഫീലിയ (കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിനുള്ള താല്‍പര്യം) പ്രവണതകള്‍ വര്‍ദ്ധിപ്പിക്കും. ഇത് എയ്ഡ്‌സ് വ്യാപിപ്പിക്കും. പല ജഡ്ജിമാരും സ്വവര്‍ഗ രതിക്കാരാണ് എന്ന് തനിക്ക് അറിയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതേസമയം പൊലീസിന് ആരുടേയും ബെഡ് റൂമിലേയ്ക്ക് കയറാനുള്ള അവകാശമില്ലെന്നും സ്വാമി പറഞ്ഞു. എന്നാല്‍ സ്വവര്‍ഗ ലൈംഗികത ദേശീയ സുരക്ഷയ്ക്ക് എതിരാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു. ഇത് ഹിന്ദുത്വക്കെതിരാണ്. എല്ലാ ഹിന്ദു മത ഗ്രന്ഥങ്ങള്‍ക്കുമെതിരാണ്.

ഹിന്ദുമഹാസഭയും ദിയോബാന്ദ് മുസ്ലീം പുരോഹിതരും സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തി. ഭാരതീയ സംസ്‌കാരത്തിന് എതിരാണ് സ്വവര്‍ഗ ലൈംഗികതയെന്ന് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭയും സ്വവര്‍ഗ ലൈംഗികത ഇസ്ലാമിനും ശരി അത്തിനും എതിരാണെന്ന് മുസ്ലീം പുരോഹിതരും അഭിപ്രായപ്പെട്ടു. ദൈവം മനുഷ്യരുടെ എണ്ണം കൂട്ടുന്നതിനായി ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. എല്ലാ സമുദായങ്ങളിലും ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധമുണ്ടാക്കിയിട്ടുണ്ട്. ഇതല്ലാതെ മറ്റേത് തരത്തിലുള്ള ലൈംഗികബന്ധവും വിലക്കപ്പെട്ടതും നിയമവിരുദ്ധവുമാണ്. സ്വവര്‍ഗ ലൈംഗിക വൃത്തികെട്ടതാണ്. അത് പ്രകൃതി വിരുദ്ധമാണ്. ശരിയായി ചിന്തിക്കുന്ന ആര്‍ക്കും ഇത്തരം ബന്ധങ്ങള്‍ അംഗീകരിക്കാനാവില്ല. സുപ്രീം കോടതിക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇസ്ലാം ഇത് അംഗീകരിക്കുന്നില്ല. മുസ്ലീം പുരോഹിതര്‍ പറയുന്നു. ഇത് ഹിന്ദു സംസ്‌കാരത്തെയും ഹൈന്ദവ മൂല്യങ്ങളേയും തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമ സാധുത നല്‍കുന്നതെന്ന് ഹിന്ദുമഹാസഭ യുപി പ്രസിഡന്റ് യോഗേന്ദ്ര കുമാര്‍ വര്‍മ ആരോപിച്ചു. ദൈവം പുരുഷന്മാരേയും സ്ത്രീകളേയുമാണ് ബന്ധപ്പെടാനായി സൃഷ്ടിച്ചിരിക്കുന്നത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്നും വര്‍മ അഭിപ്രായപ്പെട്ടു.

സദാചാര പൊലീസിംഗിനും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രതീകാത്മക പ്രതിഷേധമായിരുന്ന കിസ് ഓഫ് ലവ് എന്ന പേരില്‍ അറിയപ്പെട്ട ചുംബന സമരത്തിലും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിസ്റ്റ് വര്‍ഗീയ സംഘടനകള്‍ക്കും ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്കും ഒരേ നിലപാടായിരുന്നു. ഇപ്പോള്‍ ആര്‍എസ്എസിനെ വെല്ലുന്ന രീതിയിലാണ് മനുഷ്യാവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ അസഹിഷ്ണുതയുമായി ജമാ അത് രംഗത്തെത്തിയിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം എന്നാണ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രതിലോമകരമായ ആവശ്യം.

സ്വവര്‍ഗ ലൈംഗികതയോടുള്ള ജമാ അത്തേ ഇസ്ലാമിയുടെ നിലപാടും ഗോവധവും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ നിലപാടും ഒരു പോലെ ഫാഷിസ്റ്റ് സ്വഭാവമുള്ളതാണ് എന്ന് സാമൂഹ്യനിരീക്ഷകന്‍ നാസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ അഭിപ്രായപ്പെടുന്നു.

നാസിറുദീന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍

ജമാഅത്തെ ഇസ്ലാമി പ്രതീക്ഷ തെറ്റിച്ചില്ല; 377 വകുപ്പ് തോട്ടിൽ കളഞ്ഞ സുപ്രീം കോടതി വിധിയിൽ ഞെട്ടൽ പ്രകടിപ്പിച്ച് പ്രസ്താവന വന്നു. വ്യക്തി സ്വാതന്ത്രത്തെ പുച്ചിക്കുന്നതും ഫാഷിസ്റ്റ് മനോഭാവം തുറന്ന് പ്രകടിപ്പിക്കുന്നതുമാണ് പാർട്ടി ഈ വിഷയത്തിൽ ഇറക്കിയ പ്രസ്താവന. വിധിയെ ഭാഗിഗമായി സ്വാഗതം ചെയ്ത ആർ എസ് എസ് കാണിച്ച 'പ്രായോഗികത' പോലും ഇതിലില്ല- പച്ചക്കാണ് വിമർശനം. ന്യൂനപക്ഷാവകാശങ്ങളുടെ പരിധിയിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ പെടില്ലെന്നും അത് ക്രിമിനൽ കുറ്റമായി തന്നെ നില കൊള്ളേണ്ടതാണ് എന്നുമാണ് സംഘടനയുടെ നയം. "ധാർമിക ഉത്തരവാദിത്തത്തോട് കൂടിയ സ്വാതന്ത്രം'' മാത്രമേ അനുവദിക്കാവൂ എന്നും പറയുന്നുണ്ട്.

സ്വവർഗ രതിയുടെ മത വശം അവിടെ നിൽക്കട്ടെ. അത് നിഷിദ്ധമാണെന്ന് കരുതുന്നവരും ആധുനിക ശാസ്ത്രത്തിന്റെയും പുതിയ സാമൂഹിക ചുറ്റുപാടുകളുടേയും പശ്ചാത്തലത്തിൽ ഒരാളുടെ ജന്മനാ ഉള്ള ലൈംഗിക സ്വഭാവത്തെ വിലക്കുന്നത് ഇസ്ലാമികമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. വളരെ മികച്ച പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്നുമുണ്ട്. പക്ഷേ ഇവിടെ പ്രശ്നം അതല്ല. ചുംബന സമരമായാലും സ്വവർഗ ലൈംഗികതയായാലും തങ്ങളുടെ ധാർമിക സങ്കൽപത്തിന് വിരുദ്ധമായത് ക്രിമിനൽ കുറ്റവും മറ്റുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ടവുമാവുന്നതിന്റെ യുക്തി എന്താണ് ? തങ്ങളുടെ വിശ്വാസ സങ്കൽപങ്ങൾക്കും 'സംസ്കാര' ത്തിനും എതിരായത് കൊണ്ട് പശുവിനെ കൊല്ലുന്നവരും തിന്നുന്നവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന സംഘ് പരിവാർ നിലപാടിൽ നിന്ന് എന്ത് വ്യത്യാസമാണ് ഇതിനുള്ളത് ?

ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഈയൊരു അടിസ്ഥാന ലോക വീക്ഷണം തന്നെയാണ് പ്രശ്നം. തങ്ങളുടെ വിശ്വാസ ധാരക്ക് പുറത്തുള്ളവർ ചിലപ്പോഴെങ്കിലും ഹിംസാത്മകമായി നേരിടേണ്ടവരാണെന്ന വീക്ഷണം മണ്ണൊരുക്കുന്നത് അതേ ഫാഷിസ്റ്റ് ശൈലി കൂടുതൽ ഹിംസാത്മകമായി നടപ്പിലാക്കാൻ നോക്കുന്നവർക്കാണ്. ഇവിടെ ഹിംസാത്മക ശൈലി സ്വീകരിക്കാൻ തങ്ങൾക്ക് പാങ്ങില്ലാത്തത് കൊണ്ട് സ്റ്റേറ്റ് അക്കാര്യം ഏറ്റെടുത്ത് സ്വവർഗ രതിക്കാരെ വേട്ടയാടണമെന്നാണ് ജമാഅത്ത് പറയുന്നത്. ആർ എസ് എസിന് അതിന്റെ ആവശ്യമില്ല, സ്റ്റേറ്റ് ഏറ്റെടുത്തെങ്കിൽ നന്ന് ; ഇല്ലെങ്കിൽ പശുവിനെ തിന്നുന്നവരെ തങ്ങൾ നേരിട്ട് ശിക്ഷിക്കുമെന്നാണ് ലൈൻ. വ്യക്തി സ്വാതന്ത്രത്തിനും ഇതരരുടെ വിശ്വാസ/ജീവിത രീതികൾക്കും പരിധി നിശ്ചയിക്കേണ്ടത് ബാക്കിയുള്ളവരുടെ സ്വാതന്ത്രത്തിന് നേരെ എത്തുമ്പോൾ മാത്രമല്ല, തങ്ങളുടെ വിശ്വാസ/ധാർമിക സങ്കൽപങ്ങളോട് യോജിച്ച് പോവാത്തപ്പോൾ കൂടിയാണെന്ന് വിശ്വസിക്കുന്നവരിൽ ഒരു ഫാഷിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്, അതാരായാലും. അവസരം കിട്ടുമ്പോൾ അത് പുറത്ത് വന്നിരിക്കും.
ഇക്കാര്യത്തില്‍ ഇകെ സുന്നി വിഭാഗത്തിന്‍റെയും നിലപാട് ഇത് തന്നെയാണ് എന്ന് നാസറുദീന്‍ ചൂണ്ടിക്കാട്ടുന്നു:

തെറ്റിദ്ധരിക്കരുത്, മനുസ്മൃതി ഉദ്ധരിച്ച് "ഭാരതീയ പാരമ്പര്യത്തെ'' പറ്റി വിജൃംഭിതരാവുന്നത് ഹിന്ദുത്വ വാദികളല്ല. ഇത് 'പാരമ്പര്യവും' 'സംസ്കാരവും' പറഞ്ഞ് ബീഫ് കൊലകളെ സാധൂകരിക്കാനുള്ള ബി ജെ പി ഐ ടി സെല്ലിന്റെ പ്രചാരണവുമല്ല. കേരളത്തിലെ മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം അവകാശപ്പെടുന്ന ഇ കെ സുന്നി വിഭാഗത്തിന്റെ 'സുപ്രഭാതം' പത്രത്തിൽ നിന്നാണീ വരികൾ. 'പാരമ്പര്യ സുന്നികൾ ' എന്ന ലേബലിൽ സഹിഷ്ണുതയുടേയും വിശാല മത വീക്ഷണങ്ങളുടേയും ആഗോള പേറ്റന്റ് എടുത്തവരാണ്. ആ സഹിഷ്ണുതയാണ് സംഘടനാ നേതാവ് പേര് വച്ചെഴുതിയ ഇതിൽ തെളിഞ്ഞ് നിൽക്കുന്നത്. ദുനിയാവിലുള്ള സകല തിൻമകൾക്കും അക്രമങ്ങൾക്കും കാരണം സ്വവർഗരതിയാണെന്ന് ലേഖനം തട്ടിവിടുന്നുണ്ട്. ഇങ്ങനെയൊക്കെ അക്രമത്തിന് കാരണമായ ഏർപ്പാട് ശിക്ഷാർഹമായി തന്നെ തുടരണമെന്നും വാദിക്കുന്നു. സ്വവർഗരതി കൃത്യമായും ഒരു മനോരോഗമാണെന്ന് കരുതുന്ന ലേഖകൻ അതേ 'മനോരോഗം' ശിക്ഷയർഹിക്കുന്നതാണെന്നും ഒരുളുപ്പുമില്ലാതെ വാദിക്കുന്നു. 'സുപ്രഭാതം' തനിച്ചല്ല ഇക്കാര്യത്തിൽ. മറ്റേ 'പരമ്പരാഗത സുന്നി' പത്തരമാറ്റുകാരായ എ പി വിഭാഗത്തിന്റെ 'സിറാജ് ' പത്രം ഇതേ വാദങ്ങൾ മുഖ പ്രസംഗമായി ചർദ്ദിച്ചിട്ടുണ്ട്.

നാളെ ഇതേ മനുസ്മൃതിയും ഭാരതീയ പാരമ്പര്യവും പറഞ്ഞ് വേറൊരു കൂട്ടർ പോത്തിറച്ചി തിന്നവനെ കൊല്ലുമ്പോൾ ......? അപ്പോൾ ഞമ്മൾ വ്യക്തി സ്വാതന്ത്രത്തേയും വിശ്വാസ സ്വാതന്ത്രത്തേയും പറ്റി വാചാലരാവും...... ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ജീവിത രീതികളും സംരക്ഷിക്കാത്ത ജനാധിപത്യം അർത്ഥ ശൂന്യമാണെന്ന് ആണയിടും......'ലക്കും ദീനുക്കും വലിയ ദീൻ (നിങ്ങൾക്ക് നിങ്ങളുടെ മതം ; ഞങ്ങൾക്ക് ഞങ്ങളുടേതും) ' എന്ന ഖുർആൻ വാചകത്തിന്റെ കാലിക പ്രസക്തിയെ പറ്റി ക്ലാസെടുക്കും..........
മാധ്യമപ്രവര്‍ത്തകന്‍ രാജിവ് രാമചന്ദ്രന്‍റെ പോസ്റ്റ്‌:

IPC377 സുപ്രീം കോടതി വിധിയോടുള്ള നിലപാട് കണക്കിലെടുത്താൽ സംഘികളാണ് ഭേദമെന്ന് പറയേണ്ടി വരും. മിനിമം സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ലെന്നെങ്കിലും അവര് സമ്മതിക്കുന്നുണ്ട്. മറുവശത്ത് മനുഷ്യാവകാശ പോരാളികളായ ജമാഅത്തുകാർ പറയുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ 'കുറ്റകൃത്യത്തെ' അംഗീകരിക്കാനാവില്ല എന്നാണ്. ന്യൂനപക്ഷമായി പരിഗണിക്കപ്പെടാൻ ഞങ്ങൾക്ക് മാത്രമല്ലേ അർഹതയുള്ളൂ എന്ന മട്ടാണ്. രാജ്യത്തെ രക്ഷിക്കാൻ മോദി സർക്കാർ രംഗത്തിറങ്ങണമെന്ന (RSS പോലും മുന്നോട്ടുവക്കാത്ത) അഭ്യർത്ഥനയുമുണ്ട്.

ശരിരാഷ്ട്രീയത്തിനായി സോഷ്യൽ മീഡിയയിൽ മരി-മരിക്കാറുള്ള ഒട്ടുമിക്ക പോരാളികളും പനിപിടിച്ചു കിടപ്പാണെന്ന് തോന്നുന്നു. മിണ്ടാട്ടമില്ല.
PK ശശിക്കെതിരെ ആരോപണം വന്നപ്പോൾ ലെഫ്റ്റിസ്റ്റുകൾ നിശ്ശബ്ദരായി എന്ന് പോസ്റ്ററടിച്ചിരുന്നവരാണ് ഇവരിലേറെയുമെന്നതാണ് മറ്റൊരാശ്വാസം.
പാഴ്‌സി പുരോഹിതന്‍ കൂടിയായ (സൊരോഷ്ട്രിയന്‍ മതം) ജസ്റ്റിസ് ആര്‍എഫ് നരിമാന്റെ വാക്കുകളാണ് മത മൗലികവാദികള്‍ക്കുള്ള മറുപടിയായി അബ്ദുള്‍ റഷീദിന്റെ പോസ്റ്റിലുണ്ട്:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ, മനുഷ്യത്വവിരുദ്ധമായ വകുപ്പ് 377, സുപ്രീംകോടതി എടുത്തു ചവറ്റുകൊട്ടയിൽ ഇട്ടതോടെ സകല മതവാദികളും മതസംഘങ്ങളും സദാചാര നിലവിളികളുമായി ഇറങ്ങിയിട്ടുണ്ട്.

കുടുംബം തകരും, അരാജകത്വം കൂടും, സദാചാരം വിറങ്ങലിക്കും എന്നൊക്കെ വിലപിക്കുന്നവരിൽ ക്രിസ്തീയ സഭകൾ, ജമാഅത്തെ ഇസ്‌ലാമി, സുന്നി സംഘങ്ങൾ തുടങ്ങി ഏതാണ്ട് എല്ലാവരുമുണ്ട്.
'വിധിയോട് എതിർപ്പ് ഇല്ലെങ്കിലും സംസ്കാരത്തിന് ചേരാത്തത് ആണെ'ന്ന് ആർ.എസ്.എസും പറഞ്ഞിട്ടുണ്ട്.

ഈ എല്ലാവർക്കുമുള്ള ഒന്നാന്തരം മറുപടി, പാഴ്‌സി പുരോഹിതൻ കൂടിയായ ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ദേഹത്തിന്റെ വിധിയിൽ എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്:

“പാപവും കുറ്റവും ഒന്നല്ല. പാപത്തിന്റെ ശിക്ഷ ഭൂമിയിലെ ഭരണവ്യവസ്ഥയിൽ സ്ഥാപിച്ച കോടതികൾ നൽകേണ്ടതില്ല. അത് മറ്റെവിടെയോ ആണ് കിട്ടേണ്ടത്. ഭൂമിയിലെ നിയമങ്ങളിൽ കുറ്റത്തിന് മാത്രമേ ശിക്ഷയുള്ളൂ. പാപവും കുറ്റവും തമ്മിൽ തിരിച്ചറിഞ്ഞില്ല എന്നതാണ് 377 ആം വകുപ്പിന്റെ പിഴവ്..”

അതുകൊണ്ട്, മതവാദികളെ അടങ്ങൂ. തത്കാലം നിങ്ങളുടെ ദൈവകോടതികളിൽ പരാതി ഫയൽ ചെയ്തു കാത്തിരിക്കൂ.

പിന്നെ നിങ്ങൾ ആശങ്കപ്പെടുന്ന ഈ സദാചാരം. അതിനും പരമോന്നതകോടതി അതിന്റെ വിധിയിൽ മനോഹരമായ മറുപടി പറഞ്ഞിട്ടുണ്ട്:

“ഈ നാട്ടിൽ ഒരൊറ്റ സദാചാരമേയുള്ളൂ. അത് ഇന്ത്യൻ ഭരണഘടന പറയുന്ന സദാചാരമാണ്. ആ ഭരണഘടനാധിഷ്ഠിത സദാചാരത്തിനു മുകളിലല്ല നിങ്ങൾ വാദിക്കുന്ന മറ്റൊരു പാരമ്പര്യവും സംസ്കാരവും.”


സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐപിസി സെക്ഷന്‍ 377 അസാധുവാക്കിയ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ അംഗമായ നരിമാന്‍ വിധിന്യായത്തില്‍ ഇങ്ങനെ പറഞ്ഞു:

“പാപവും കുറ്റവും ഒന്നല്ല. പാപത്തിന്റെ ശിക്ഷ ഭൂമിയിലെ ഭരണവ്യവസ്ഥയിൽ സ്ഥാപിച്ച കോടതികൾ നൽകേണ്ടതില്ല. അത് മറ്റെവിടെയോ ആണ് കിട്ടേണ്ടത്. ഭൂമിയിലെ നിയമങ്ങളിൽ കുറ്റത്തിന് മാത്രമേ ശിക്ഷയുള്ളൂ. പാപവും കുറ്റവും തമ്മിൽ തിരിച്ചറിഞ്ഞില്ല എന്നതാണ് 377 ആം വകുപ്പിന്റെ പിഴവ്”.സാമൂഹ്യപ്രവര്‍ത്തക രേഖ രാജിന്‍റെ പോസ്റ്റ്‌:

ജമാ അത്ത് എ ഇസ്ലാമി നിലപാട് ! ഒരു സംവാദത്തിന് പോലും സാധ്യമല്ലാത്ത ഈ നിലപാട് ഈ സംഘടന നടത്തുന്ന കേരളത്തിലെയെങ്കിലും ,ജനാധിപത്യ ഇടപെടലുകളെ പ്രതിരോധത്തിലാക്കും എന്ന് ഞാൻ കരുതുന്നു. കാരണം ഇത് ഒരു പ്രധാന വിഭാഗത്തെ (queer) സൈദ്ധാന്തികമായി അപരവത്ക്കരിക്കുന്നു. അവരുടെ ജനാധിപത്യ അവകാശങ്ങളെ വില കുറച്ചു കാണുന്നു. അപരവത്ക്കരണത്തിനും ഇരയാക്കലിനുമെതിരെ, ഹൈന്ദവഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന ജമാത്തിന് കുറച്ച് സമയമെടുത്ത് സംവാദ സാധ്യത നിലനിർത്തി ഒരു പൊസിഷൻ എടുക്കാൻ എന്ത് കൊണ്ടാണ് കഴിയാത്തത്? കുടുംബം തകരും ലൈംഗിക അരാജകത്വം പുലരും തുടങ്ങിയ ദുർബലമായ വാദങ്ങൾ മുൻനിർത്തി ഒരു നിലപാട് വളരെ വേഗത്തിൽ അവരുടേതായി വരുന്നത് എന്ത് കൊണ്ടാണ്? പ്രാന്തവൽക്കൃതരുടെ ഒപ്പം എന്ന് പ്രഖ്യാപിക്കുകയും അത്തരം സമരങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഇവരുടെ വിദ്യാർത്ഥി സംഘടനകൾ ,യുവജന സംഘടന, രാഷ്ടീയ പാർട്ടി എന്നിവയുടെ നിലപാടും ഇത് തന്നെയാണോ? വെൽഫെയർ പാർട്ടി ? ഇവയുടെ കേരള ഘടകം? ഇത് തികച്ചും രാഷ്ടീയ താൽപ്പര്യത്താൽ ഉള്ള ചോദ്യമാണ്.
ആരെങ്കിലും വിശദീകരിക്കുമെന്ന് കരുതുന്നു.

ഭൂരിഭാഗം പേരും ഹെട്രോ സെക്ഷ്വൽ എന്ന് സ്വയം ഐഡന്റി ഫൈ ചെയ്യുന്ന ലോകത്ത് ഇന്ത്യയിലെ മുഴുവൻ സ്വവർഗ്ഗാനുരാഗികളും വിവാഹിതരായാലും ഈ ഹെട്രോസെക്ഷ്വൽ കുടുംബങ്ങൾക്കോ, കാമനകൾക്കോ അവയുടെ ആവിഷ്ക്കാരങ്ങൾക്കോ ഒരു പരിക്കും അടുത്ത കാലത്തെങ്ങും പറ്റില്ല എന്ന് എല്ലാ ' കുടുംബം തകരൽ ' വാദികളെയും സമാശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറയുന്നു. ആകെ സംഭവിക്കുന്നത് കുറഞ്ഞത് സ്റ്റേറ്റ് മെഷീനറികൾ എങ്കിലും സ്വവർഗ്ഗാനുരാഗികളെ പീഡിപ്പിക്കാതിരിക്കും ചുരുങ്ങിയ പക്ഷം നിയമപരിരക്ഷ അവർക്ക് അവകാശപ്പെടാം! കുടുംബത്തിനകത്തെ പീഡനം ഇനിയും തുടരാനാണല്ലോ സാധ്യത!

NB : എന്ത് കൊണ്ട് RSS / സഭ യോട് ഈ ചോദ്യം ചോദിക്കുന്നില്ല എന്നാരും ആശങ്കപ്പെടണ്ട ! അവരുമായി എനിക്കൊരു രാഷ്ട്രീയ വിനിമയവും നാളിതുവരെ വേണ്ടി വന്നിട്ടില്ല. ജമാ അത്തേ ഇസ്ളാമിയുമായി ഒരു ദശാബ്ദത്തോളമായി പലതരത്തിൽ സഹകരിക്കുകയും സംവദിക്കുകയും ചെയ്തിട്ടുള്ളതിന്റെ വെളിച്ചത്തിൽ ആണ് ഈ പോസ്റ്റ്.Next Story

Related Stories