TopTop
Begin typing your search above and press return to search.

ആരാണ് കെ.പി രാമനുണ്ണി? ആര്‍ക്കാണ് അദ്ദേഹം ഭീഷണി?

ആരാണ് കെ.പി രാമനുണ്ണി? ആര്‍ക്കാണ് അദ്ദേഹം ഭീഷണി?

'ഭീഷണി കത്തയച്ചവര്‍ ആരായാലും എന്റെ മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ അവര്‍ക്ക് തടസമാകുന്നു എന്നുറപ്പാണ്. ഭീഷണിയെ തള്ളിക്കളയുന്നു. ഞാന്‍ എന്റെ നിലപാടുകളില്‍ ശക്തമായി തന്നെ മുന്നോട്ടു പോകും' എന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി ഉറച്ച സ്വരത്തില്‍ പറയുന്നു. വലതു കൈയും ഇടതു കാലും വെട്ടുമെന്നും ആറുമാസത്തിനകം മതം മാറണമെന്നുമുള്ള ഭീഷണിക്കത്തിനെ അതര്‍ഹിക്കുന്ന അവജ്ഞയോടെ രാമനുണ്ണി തള്ളിക്കളയുന്നു. മുസ്ലീം എന്താണെന്നും എന്താണ് മുസ്ലീം ഉയര്‍ത്തുന്ന മാനവികതയുടെ രാഷ്ട്രീയമെന്നും രാമനുണ്ണി തന്റെ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും തുറന്നുകാണിക്കാറുണ്ട്. ഇതായിരിക്കാം കത്ത് അയച്ചവരെ പ്രകോപിപ്പിക്കാന്‍ കാരണമായത്.

Read More- കയ്യും കാലും വെട്ടും, മുഖത്ത് ആസിഡ് ഒഴിക്കും; മതഭ്രാന്തന്‍മാര്‍ പിടിമുറുക്കുന്ന കേരളം

'ഭീഷണി കത്തയച്ചത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല, അത് ആരുമാകും. ആരായാലും മതതീവ്രവാദികളാണ്. മതം എന്താണെന്ന് അറിയുന്നവര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റില്ല. ചിലപ്പോള്‍ മുസ്ലീ തീവ്രവാദികളാകാം അല്ലെങ്കില്‍ ഹിന്ദു തീവ്രവാദികള്‍. ആര്‍ക്കു നേരെയും ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. അന്വേഷണത്തിലൂടെ അത് പുറത്തുവരട്ടെ. ഒരു മതത്തിനും എതിരായി ഞാന്‍ സംസാരിക്കാറില്ല. മതസൗഹാര്‍ദ്ദത്തെ കുറിച്ചാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നതും ലേഖനങ്ങള്‍ എഴുതുന്നതും. മതങ്ങളുടെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യണമെന്നുള്ളവരാണ് എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ഇടപെടല്‍ തടസമായി മാറിയിട്ടുണ്ടാകാം. എന്നാല്‍ ഇത്തരം ഭീഷണി കത്തുകളെ ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ ഇനിയും തുടരും'- കെ.പി.രാമനുണ്ണി അഴിമുഖത്തോട് പറഞ്ഞു.

രാമനുണ്ണിയുടെ ജീവിത പുസ്തകം

പൊന്നാനിയില്‍ തനിക്കും ചുറ്റും വളര്‍ന്ന മിത്തുകളില്‍ നിന്ന് കാര്‍ത്തി ബീവി എന്ന സുഹ്റയുടെയും മാമൂട്ടിയുടെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും മതവിശ്വാസങ്ങളുടെയും കഥ പറഞ്ഞ് വായനക്കാരുടെ ഹൃദയം കവര്‍ന്ന പ്രിയ കഥാകാരനാണ് കെപി രാമനുണ്ണി. സൂഫി പറഞ്ഞ കഥ എന്ന തന്റെ ആദ്യ നോവലിലൂടെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സ്വന്തമാക്കി. മതഭ്രാന്തന്മാരായ ഒരു കൂട്ടം മനുഷ്യന്‍ ഭീഷണിയുടെ സ്വരവുമായി രാമനുണ്ണിയെയും തേടിയെത്തുമ്പോള്‍ രാമനുണ്ണി ആരാണെന്ന് അറിയാതെ നമ്മള്‍ മുന്നോട്ട് പോകരുത്.

നോവലിസ്റ്റും ചെറുകഥാകാരനുമായി കെ.പി.രാമനുണ്ണി 1955-ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ദാമോദരന്‍ നായരുടെയും ജാനകിയമ്മയുടെ മകനായി ജനിച്ചു. പെന്നാനിയുടെ മതസൗഹാര്‍ദ്ദം നിറഞ്ഞ ഇടവഴികളിലൂടെ മിത്തുകളുടെയും വിശ്വാസങ്ങളുടെയും നിരവധി കഥകള്‍ കേട്ട് വളര്‍ന്നു. പൊന്നാനി എ.വി. ഹൈസ്‌ക്കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരായി ഏറെക്കാലം സേവനമനുഷ്ഠിച്ചു. എഴുത്തും കറന്‍സി കണക്കും ഒരുമിച്ച് പോകില്ലെന്ന് മനസിലായതോടെ ബാങ്കിലെ തൊഴിലില്‍ നിന്ന് വോളന്റിയറി റിട്ടയര്‍മെന്റ് എടുത്ത് എഴുത്തിനായി മുഴുവന്‍ സമയം നീക്കിവെച്ചു. എഴുത്തും പ്രഭാഷണവുമൊക്കെയായി പിന്നീട് കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക ലോകത്ത് രാമനുണ്ണി സ്ഥിരസാന്നിധ്യമായി മാറി. അതിനിടെ കുറച്ചുകാലം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചു.

1989 മുതല്‍ 1993 വരെ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച സൂഫി പറഞ്ഞ കഥ എന്ന നോവല്‍ പ്രസിദ്ധീകരണകാലത്തു തന്നെ പ്രശംസ പിടിച്ചുപറ്റി. രാമനുണ്ണിയുടെ എഴുത്തിന്റെ ആഴങ്ങളിലേക്ക് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളും ഇഴുകിചേര്‍ന്നപ്പോള്‍ മലയാള സാഹിത്യം കണ്ട മികച്ച സൃഷ്ടികളിലൊന്നായി അതുമാറി. പിന്നീട് പുസ്തകരൂപത്തില്‍ എത്തിയതോടെ സൂഫി പറഞ്ഞ കഥ നിരൂപക പ്രശംസ പിടിച്ചുപറ്റി. 1995-ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സൂഫി പറഞ്ഞ കഥയെ തേടിയെത്തി. ഇംഗ്ലീഷും ഫ്രഞ്ചും അടക്കം എട്ടു ഭാഷകളിലേക്ക് സൂഫി പറഞ്ഞ കഥ വിവര്‍ത്തനം ചെയ്യപ്പെട്ടു. 2010-ല്‍ പ്രിയനന്ദനന്‍ സൂഫി പറഞ്ഞ കഥ അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ രാമനുണ്ണി തന്നെ തിരക്കഥയൊരുക്കി. പ്രകാശ് ബാരെയും ഷര്‍ബാനി മുഖര്‍ജിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു.

മാമൂട്ടി എന്ന മുസ്ലീം യുവാവും കാര്‍ത്തി എന്ന നായര്‍ യുവതിയും തമ്മിലുള്ള പ്രണയവും വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. വിവാഹശേഷം കാര്‍ത്തി മുസ്ലീം മതം സ്വീകരിക്കുകയും സുഹ്റ എന്ന പേരിലേക്ക് മാറുകയും ചെയ്യുന്നു. എന്നാല്‍ പിന്നീടുണ്ടാകുന്ന ചില സംഭവങ്ങള്‍ സുഹ്റയില്‍ ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു. തുടര്‍ന്നു വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കഥ മുന്നോട്ട് പോകുകയാണ്. ചരമവാര്‍ഷികം, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റൈ പുസ്തകം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. ദൈവത്തിന്റെ പുസ്തകം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ കൂട്ടിയിണക്കിയ ഒരു നോവലാണ്. ജീവിതത്തിന്റെ പുസ്തകത്തെ മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി നിരൂപകര്‍ വിലയിരുത്തി.

വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാസം, ജാതി ചോദിക്കരുത്, കെ.പി.രാമനുണ്ണിയുടെ തെരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ഇടശ്ശേരി അവാര്‍ഡ് (1985), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1995), പത്മരാജന്‍ അവാര്‍ഡ് (1995 ജാതി ചോദിക്കുക), വയലാര്‍ അവാര്‍ഡ് (2011 ജീവിതത്തിന്റെ പുസ്തകം) തുടങ്ങി ഒട്ടനേകം പുരസ്‌ക്കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. രാജിയാണ് ഭാര്യ. ഏക മകള്‍ ശ്രീദേവി.


Next Story

Related Stories