TopTop
Begin typing your search above and press return to search.

അവരെടുത്തെറിഞ്ഞ തീണ്ടല്‍പ്പലക, അവരേറ്റ മര്‍ദ്ദനമാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്

അവരെടുത്തെറിഞ്ഞ തീണ്ടല്‍പ്പലക, അവരേറ്റ മര്‍ദ്ദനമാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്

‘അയിത്ത ജാതിക്കാർക്ക് പ്രവേശനമില്ല‘ എന്നെഴുതിയ ഒരു ബോർഡിനെ മറി കടന്ന്, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിനു മുന്നിലുള്ള കുട്ടംകുളം റോഡിലേക്ക് നടന്നു കയറി പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റു വാങ്ങിയ സമരനായകൻ സഖാവ് കെ.വി ഉണ്ണി തിങ്കളാഴ്ച ഇരിങ്ങാലക്കുടയിൽ അന്തരിച്ചു.

കേരളത്തിലെ അയിത്തോച്ചാടന സമരങ്ങളിൽ പ്രധാനപ്പെട്ടതാണ് 1946 ജൂൺ 23-ന് നടന്ന കുട്ടംകുളം സമരം. ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1910-ൽ സ്ഥാപിക്കപ്പെട്ടിരുന്നതായിരുന്നത്രെ ആ തീണ്ടൽപ്പലക. വിളക്കിൻ കാലിൽ കെട്ടിയിട്ടാണു പോലീസ് അന്ന് സഖാവ് ഉണ്ണിയെ മർദ്ദിച്ചത്. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയല്ല, ക്ഷേത്രത്തിനു മുന്നിലുള്ള പൊതുവഴിയിലൂടെ വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു ആ സമരം.

ഇരിങ്ങാലക്കുടയിൽ അന്ന് തീണ്ടൽപ്പലക ഒന്നു മാത്രമായിരുന്നില്ല. അമ്പലത്തിന്റെ വടക്കു വശത്തും അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിക്കപ്പെട്ടിരുന്നു. വീണുപോകുന്ന ബോർഡുകൾ ഉത്സവക്കാലമാകുമ്പോഴേക്കും പുനഃസ്ഥാപിക്കപ്പെടും. കാവലിനൊരു പോലീസുകാരനുമുണ്ടാകും.

1936-ൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു കഴിഞ്ഞിട്ടും, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രവും പരിസരങ്ങളും അയിത്തജാതിക്കാർക്ക് പ്രവേശനം അനുവദിക്കാതെ ഏറെക്കാലം നിലകൊണ്ടു. തീണ്ടൽപ്പലകക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടിയും ഒപ്പം എസ്.എൻ.ഡി.പി, കേരള പുലയർ മഹാ സഭ തുടങ്ങിയ സംഘടനകളെല്ലാം സമരരംഗത്തിറങ്ങി. പാർട്ടി നേതാക്കളായിരുന്ന പി.കെ കുമാരൻ, പി. കെ ചാത്തൻ മാസ്റ്റർ, കെ.വി.കെ വാരിയർ, പി. ഗംഗാധരൻ തുടങ്ങിയവരെല്ലാമാണ് സമരത്തിനു നേതൃത്വം വഹിച്ചത്.

ജൂൺ 23-ന് ഇരിങ്ങാലക്കുടയിലെ അയ്യങ്കാവു മൈതാനത്ത് സഞ്ചാര സ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനം നടന്നു. സമ്മേളനാനന്തരം പി. ഗംഗാധരന്റെ ആഹാനമനുസരിച്ച് സമരഭടന്മാർ കുട്ടംകുളം റോഡിലേക്ക് മുന്നേറി. അന്ന് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ സമരരംഗത്തെത്തിയിരുന്ന യുവാവായിരുന്നു സഖാവ് കെ.വി ഉണ്ണി. മട്ടാഞ്ചേരി തുറമുഖത്തൊഴിലാളി യൂണിയന്റെ നേതാവായിരുന്നു പി. ഗംഗാധരൻ. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സജീവപ്രവർത്തകൻ കൂടിയായിരുന്ന കമ്യൂണിസ്റ്റ്. സഖാവ് ഉണ്ണിയുടെയും സഖാവ് പി. ഗംഗാധരന്റെയും നേതൃത്വത്തിലുള്ള സമരഭടന്മാർ കുട്ടംകുളം റോഡിൽ എത്തിയപ്പോൾ അവരെ എതിരേറ്റത് അന്നത്തെ കുപ്രസിദ്ധ മർദ്ദകവീരനായ ഇൻസ്പെക്ടർ ശങ്കുണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സൈന്യമാണ്. പോലീസ് വലയം ഭേദിച്ചു കൊണ്ട് സമരഭടന്മാർ മുന്നോട്ടു നീങ്ങി. പിന്നെ അതിഭീകരമായ ലാത്തിച്ചാർജ്ജാണത്രെ ഉണ്ടായത്. ഗംഗാധരനെയും ഉണ്ണിയെയും വിളക്കുകാലിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്.

സമരക്കാരെ പോലീസ് തല്ലിയോടിക്കുന്നതു കണ്ടു രസിക്കാൻ ഇരിങ്ങാലക്കുടയിലെ നായർപ്രമാണിമാരും റോഡിനിപ്പുറത്ത് വന്ന് നിൽപ്പുണ്ടായിരുന്നു. ലാത്തിച്ചാർജ്ജ് തുടങ്ങിയപ്പോൾ കാണികൾക്കും അത്യാവശ്യം നല്ല അടി കിട്ടി. തല്ലു കൊണ്ട ചിലർ ‘ഞാൻ നായരാണേ, തല്ലല്ലേ!' എന്നൊക്കെ വിളിച്ചു പറഞ്ഞു നോക്കിയത്രെ! കാര്യമുണ്ടായില്ല. തല്ലാൻ പുറപ്പെട്ട പോലീസിന് ജാതി സർട്ടിഫിക്കറ്റു നോക്കാൻ നേരമുണ്ടാവില്ലല്ലോ!

അറസ്റ്റു ചെയ്ത് നീക്കിയ സമരഭടന്മാരെ ഠാണാവിലെ പോലീസ് ലോക്കപ്പിലെത്തിച്ചു. അന്ന് 32 പേർക്കെതിരെയാണ് കേസ് വന്നത്. പിന്നീട് 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം, 1956-ൽ പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു കഴിഞ്ഞിട്ടാണ് ഈ കേസ് പിൻവലിച്ചത്.

Also Read: കുട്ടംകുളം സമരനായകൻ കെവി ഉണ്ണി അന്തരിച്ചു: ഓർമയായത് കൂടൽമാണിക്യ ക്ഷേത്രാചാരത്തിനെതിരെ സമരം നയിച്ചയാൾ

ഇരിങ്ങാലക്കുട കല്ലുങ്ങൽ വേലാണ്ടി – കാളി ദമ്പതികളുടെ നാലാമത്തെ മകനായ സഖാവ് ഉണ്ണി എന്ന ഉണ്ണിയേട്ടൻ മുനിസിപ്പാലിറ്റിയിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തനമാരംഭിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും ഇരിങ്ങാലക്കുട എംഎൽഎയുമായിരുന്ന കെ.വി.കെ വാരിയയാണ് ഉണ്ണിയെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് നയിച്ചത്. നടവരമ്പിലെ ഓടു നിർമ്മാണത്തൊഴിലാളി യൂണിയൻ, ഇരിങ്ങാലക്കുട പീടികത്തൊഴിലാളി യൂണിയൻ എന്നിവയും സംഘടിപ്പിച്ചത് കെ.വി. ഉണ്ണിയാണ്.

അന്തിക്കാട് കഴിഞ്ഞാൽപ്പിന്നെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുടയിലേതാണ്. ഈ യൂണിയൻ സംഘടിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്ന കെ.വി.ഉണ്ണി ജീവിതാന്ത്യം വരെ ഇരിങ്ങാലക്കുട ചെത്തു തൊഴിലാളി യൂണിയൻ പ്രസിഡണ്ടായിരുന്നു. 1947-ൽ നടന്ന പാലിയം സമരത്തിലും, നടവരമ്പ് കർഷകത്തൊഴിലാളി സമരത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു. 1956 മുതൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറുമായിരുന്നു സഖാവ് ഉണ്ണി.

കുട്ടംകുളം റോഡിലുയർന്നു നിന്നിരുന്നതു പോലെയുള്ള ഒട്ടേറെ തീണ്ടൽപ്പലകകൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിരുന്ന ഒരു കേരളത്തിൽ നിന്ന് ഇതുവരെ നാം എത്തിയത് സഖാവ് ഉണ്ണിയെപ്പോലുള്ള അനേകരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ്.

94-മത്തെ വയസ്സിൽ സഖാവ് കെ.വി ഉണ്ണി നമ്മെ വിട്ടു പോവുമ്പോൾ, അയിത്തോച്ചാടനത്തിനും, സാമൂഹ്യമാറ്റങ്ങൾക്കും വേണ്ടി പോരാടിയ തലമുറയിലെ അവസാനത്തെ കണ്ണികളിലൊന്നു കൂടി മറയുകയാണ്.

സഖാവ് ഉണ്ണിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് പദവികളും പട്ടങ്ങളുമൊന്നുമില്ല. മുനിസിപ്പൽ കൗൺസിലർ സ്ഥാനവും സിപിഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗത്വവും പദവികളായിട്ടല്ലാതെ, ചുമതലകളായി മാത്രം കണ്ടിരുന്ന ഒരു തലമുറ കൂടിയാണ് ഇപ്പോൾ മാഞ്ഞു കൊണ്ടിരിക്കുന്നത്.

കേരളം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സങ്കീർണ്ണ സ്ഥിതിവിശേഷത്തിന്റെ പശ്ചാത്തലത്തിൽ സഖാവ് കെ.വി. ഉണ്ണിയെപ്പോലുള്ള സമരപ്പോരാളികളുടെ ഓർമ്മയ്ക്കു മുന്നിൽ രക്താഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം, അവർ ഇതുവരെയെത്തിച്ച കേരളത്തെ പുറകോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുക്കുക കൂടിയാണു നാം ചെയ്യേണ്ടത്.

അതിൽക്കുറഞ്ഞൊന്നും അവർക്കു വേണ്ടി നമുക്ക് ചെയ്യാനില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/azhimukham-214/

https://www.azhimukham.com/trending-voices-against-uppercaste-hindutwa-defaming-asanthans-deadbody/


Next Story

Related Stories