TopTop

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല
സംവരണം എന്ന ആശയം നമ്മൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് ആറേഴ് പതിറ്റാണ്ടുകളെങ്കിലും ആയിക്കാണണം. എന്നാൽ ചർച്ചകളിലൂടെ അത് വ്യക്തവും സുതാര്യവുമാകുന്നതിന് പകരം കൂടുതൽ സങ്കീർണ്ണമാവുകയാണെന്നതാണ് യഥാർത്ഥ്യം. സംവരണത്തെ മന:പൂർവ്വം സങ്കീർണ്ണവത്ക്കരിച്ച് അതിന്റെ സത്തയെ അട്ടിമറിക്കുക സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു അജണ്ടയാകുന്നത് മനസിലാക്കാം. എന്നാൽ ആ ചതിക്കുഴിയിൽ സംഘികളല്ലാത്ത സാധാരണ മനുഷ്യരും വ്യാപകമായി വീണുപോകുന്നു എന്നതാണ് അപകടം.

എന്തിനാണ് സംവരണം?
സമൂഹത്തിലെ ദരിദ്രരായ മനുഷ്യർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു നിശ്ചിത ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുക; അതിലൂടെ പഠിച്ചിറങ്ങുന്നവർക്കായി ഒരു നിശ്ചിത ശതമാനം അവസരങ്ങൾ തൊഴിൽ മേഖലയിലും മാറ്റിവയ്ക്കുക. അങ്ങനെ അവരുടെ ദാരിദ്ര്യം മാറ്റുക എന്നതാണോ സംവരണത്തിന്റെ ലക്ഷ്യം? ഉത്തരം അല്ല എന്നാണ്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ഒരു ഉപാധിയല്ല സംവരണം. ദാരിദ്ര്യം ഇല്ലാതാക്കണമെങ്കിൽ ചൂഷണം ഇല്ലാതാക്കണം. എന്നാൽ ചൂഷണം ഇല്ലാതാക്കണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ആദ്യം ശാക്തീകരിക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുപോലെ ശാക്തീകരിക്കണമെങ്കിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ കാരണമെന്തെന്ന് അറിയണം. അത് വ്യക്തിഗത ക്ഷമതയുടെ ഏറ്റക്കുറച്ചിലിലുകളിൽനിന്ന് കേവലമായി ഉണ്ടായി വന്ന ഒന്നല്ല ഇന്ത്യൻ സാഹചര്യങ്ങളിൽ എന്ന് പ്രാഥമികമായി മനസിലാക്കണം. എങ്കിലേ സംവരണം സാമുദായിക അടിസ്ഥാനത്തിലാകുന്നതെന്തിന്, സാമ്പത്തികമായാൽ പോരേ എന്ന, എൻഎസ്എസിനെപ്പോലെയുള്ള സംഘടനകൾ പതിറ്റാണ്ടുകളായി ഉന്നയിച്ചുപോരുന്ന 'നിഷ്കളങ്ക'മായ സംശയത്തിന് ഒരു നിവാരണ സാധ്യതയെങ്കിലും തുറക്കൂ.

ഇന്ത്യൻ സാഹചര്യങ്ങളിൽ സമുദായങ്ങളെ പല ശ്രേണികളിലായി വിഭജിച്ചതും അവയെ അതിൽ തന്നെ നിലനിർത്തിയതും വ്യക്തിഗത ക്ഷമതയല്ല, മറിച്ച് വ്യവസ്ഥയാണ്. പഠിക്കാൻ മിടുക്കുള്ളവർ പഠിക്കുകയും അല്ലാത്തവർ അവരുടെ പഠിപ്പിനനുസരിച്ചുള്ള തൊഴിലുകൾ ചെയ്ത് ജീവിക്കുകയും ചെയ്യുക എന്ന വ്യക്തിഗത ക്ഷമതയിൽ അടിസ്ഥാനമായ ഒന്നായിരുന്നില്ല ഇന്ത്യൻ വ്യവസ്ഥ, മറിച്ച് അത് സാമുദായികമായിരുന്നു. ഒരു സമുദായത്തിൽ പിറന്നവർക്ക് അറിവിലേക്കും മറ്റ് ചിലർക്ക് തൊഴിലിലേക്കും എന്ന നിലയിൽ, അതിൽ തന്നെ ഓരോ വിഭാഗത്തിനും ഓരോ തൊഴിൽ എന്ന നിലയ്ക്കും വ്യക്തിക്കോ, വ്യക്തിഗത ക്ഷമതയ്ക്കോ യാതൊരു പ്രസക്തിയുമില്ലാത്തവണ്ണം സാമുദായികവത്ക്കരിക്കപ്പെട്ട ഒരു അസ്തിത്വ വ്യവസ്ഥ. അതിന്റെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിലൂടെ രൂപപ്പെട്ട പിന്നോക്കാവസ്ഥ. അത് വ്യക്തിഗതമല്ല, സാമുദായികമാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിഹാരവും സാമുദായികമായേ പറ്റു. ഈ ലളിതമായ വസ്തുതയെ വിദഗ്ധമായി സങ്കീർണ്ണവത്ക്കരിക്കുകയാണ് സാമ്പത്തിക സംവരണവാദം.സാമ്പത്തിക സംവരണം
സാമ്പത്തിക സംവരണം അഭിസംബോധന ചെയ്യുന്നത് ദാരിദ്ര്യം എന്ന അവസ്ഥയെയാണ്. ഒപ്പം അത് പിന്നോക്കാവസ്ഥയെ ദാരിദ്ര്യത്തിന്റെ പല പര്യായങ്ങളിൽ ഒന്നായി ചുരുക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ പിന്നോക്കാവസ്ഥയെന്നത് ദാരിദ്ര്യം കൊണ്ട് മാത്രം ഉണ്ടാകുന്നതാണോ? അങ്ങനെയെങ്കിൽ ദരിദ്രരെല്ലാവരും പിന്നോക്കക്കാരുമാകണമല്ലോ. അപ്പോൾ പിന്നെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും പര്യായമാകുന്നതുപോലെ സാമ്പത്തിക സംവരണവും സാമുദായിക സംവരണവും ഒന്നാകുന്നു. പിന്നെ എന്തിന് വേവലാതി?

പ്രശ്നം അതല്ല എന്ന് വ്യക്തം. സവർണ്ണരിലും ദരിദ്രരുണ്ട്. അവരുടെ ദാരിദ്ര്യവും, പിന്നോക്ക സമുദായങ്ങളുടെ (ഇവിടെ പിന്നോക്ക സമുദായം എന്നതിനർത്ഥം ഒബിസി മാത്രമല്ല, എസ് സി, എസ് ടി എല്ലാം ചേരുന്നതാണ്) ദാരിദ്ര്യവും ഒന്നാണ് എന്ന് സ്ഥാപിക്കണം. എങ്കിൽ മാത്രമേ എന്തിന് ജാതിസംവരണം, സാമ്പത്തിക സംവരണമല്ലേ കൂടുതൽ സമഗ്രം എന്ന പ്രതീതി ജനിപ്പിക്കാനാവൂ. അതാവട്ടെ താരതമ്യേനെ എളുപ്പവുമാണ്. ഭക്ഷണം കഴിക്കാനില്ലാതായാൽ പട്ടരുടെ വയറും പുലയന്റെ വയറും ഒരുപോലെ കായും, വിശപ്പിന് മതമില്ല, പ്രാരാബ്ധങ്ങൾക്ക് ജാതിയില്ല തുടങ്ങി അതിന് റെട്ടറിക്കൽ ഉപാധികൾ നിരവധിയുണ്ട്. പക്ഷേ ഭാഷാപരമായ ഈ കസർത്തുകളൊക്കെയും ലക്ഷ്യം വയ്ക്കുന്നത് ഒരേ കാര്യമാണ്. ദാരിദ്ര്യത്തിന്റെ കാരണങ്ങളെ സാമാന്യവത്ക്കരിച്ച് ഒന്നാക്കിമാറ്റുക. അതിലൂടെ  സംവരണമെന്ന ആശയത്തെ, അതിന്റെ സത്തയെ മൂടോടെ അട്ടിമറിക്കുക. ഈ പ്രച്ഛന്ന ലക്ഷ്യം മുൻനിർത്തി എൻഎസ്എസിനെപ്പോലെയുള്ള സംഘടനകൾ സാമ്പത്തിക സംവരണത്തിനായി അലമുറയിടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഈ പറയുന്ന വിശപ്പുപോലും അങ്ങനെ സാമാന്യവത്ക്കരിക്കാനാവുന്നതല്ല എന്നതാണ് സത്യം. കേരളത്തിൽ പണ്ട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമ്പൽസമൃദ്ധിയൊക്കെ തമാശയാണെങ്കിലും വ്യവസ്ഥയിലെ ഉല്പാദന വിമുഖതകൊണ്ട് പട്ടിണി കിടക്കേണ്ടിവന്ന അതിന്റെ സൃഷ്ടാക്കളായ സവർണ്ണ അധികാരിവർഗ്ഗത്തിന്റെ വിശപ്പും, അധ്വാനിക്കാൻ മനസ്സും ശേഷിയും ഉണ്ടായിട്ടും അവരാൽ നിർമ്മിക്കപ്പെട്ട വ്യവസ്ഥയിൽ മുഴുപ്പട്ടിണിമുതൽ അർദ്ധപട്ടിണി വരെ 'അവകാശ'മായി കല്പിച്ച് നൽകപ്പെട്ടവരുടെ പട്ടിണിയും ഒന്നല്ല തന്നെ. അൻപതുകൾക്ക് ശേഷം ക്രമേണെ മാറാൻ തുടങ്ങി തൊണ്ണൂറുകളോടെ അടിമുടി മാറിയ വർത്തമാന സാമൂഹ്യ സാഹചര്യത്തിൽ നിന്നുകൊണ്ട്, ഈ ചരിത്രത്തെ സൗകര്യപൂർവ്വം തമസ്കരിച്ചുകൊണ്ടാണ് എല്ലാ ദരിദ്രരും ഒരുപോലെയല്ലേ, അപ്പോൾ എല്ലാവർക്കും കൊടുത്തുകൂടെ സംവരണം എന്ന സാമ്പത്തിക സംവരണവാദികളുടെ നിഷ്കളങ്ക മാനവികത മുമ്പോട്ട് വയ്ക്കപ്പെടുന്നത്. ഇതൊക്കെ അപ്പപ്പോൾ പല ധൈഷണികരാൽ പൊളിച്ചടുക്കപ്പെട്ട വാദങ്ങളുമാണ്. എന്നാൽ  നിർഭാഗ്യവശാൽ സംഭവിക്കുന്നതാകട്ടെ സംവരണവിരുദ്ധർ പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന മണ്ടൻ വാദങ്ങൾ കാലപ്പഴക്കം കൊണ്ട് തുരുമ്പിക്കുകയല്ല, മറിച്ച് അവയ്ക്കുള്ള മറുപടികൾ അങ്ങനെ ആയിത്തീരുകയാണ്.പോസിറ്റീവ് ഡിസ്ക്രിമിനേഷൻ
എല്ലാ സമുദായത്തിലും ദരിദ്രരും ധനികരുമുണ്ട് എന്നത് വാദത്തിനായി സമ്മതിക്കുന്നു എന്ന് തന്നെയിരിക്കുക. ഒരു ദരിദ്ര ബ്രാഹ്മണൻ, എന്താവും അയാളുടെ ദാരിദ്ര്യത്തിന്റെ ഹേതു? തൊഴിലില്ല, വരുമാനമില്ല. എന്താണതിന്റെ കാരണം? സ്കൂളിൽ പോകുന്നതിനും പഠിക്കുന്നതിനും അയാൾക്ക് വിലക്കൊന്നുമില്ല. ഏത് വഴിയിലൂടെയും നടക്കാം. ഏത് കിണറിൽ നിന്നും വെള്ളം കുടിക്കാം, പിന്നെ? വസ്ത്രം, പുസ്തകം, പൊതിച്ചോർ ഒന്നിനും കുടുംബത്തിൽ കാശില്ല. അതിനെന്താ കാരണം? അച്ഛനപ്പൂപ്പന്മാർക്കാർക്കും തന്നെയും മേല്പറഞ്ഞ വിലക്കുകളില്ലായിരുന്നല്ലോ. അതല്ല, ഭൂപരിഷ്കരണവും ജാതി സംവരണവും പോലെയുള്ള ഭരണകൂട ഇടപെടലുകളാണ്, ഞങ്ങളുടെ വ്യക്തിഗത കഴിവോ കഴിവുകേടോ അല്ല ഈ അവസ്ഥയ്ക്ക് കാരണം, അത് ചരിത്രപരമാണ്. ആണല്ലോ? അതെ, ഉറപ്പ്!

അതായത് പട്ടരിലും നായരിലുമുണ്ട് ദരിദ്ര നാരായണന്മാർ. അതിന്റെ കാരണം വ്യക്തിഗത ക്ഷമതയില്ലായ്മയല്ല. ഇനി ആണെങ്കിൽ ഒന്നിനും കൊള്ളാത്തവരെ സംവരണത്തിനും രക്ഷപ്പെടുത്താനും പറ്റില്ല. അപ്പോൾ പിന്നെ ഭൂപരിഷ്കരണത്തിന്റെയും സംവരണ സമ്പ്രദായത്തിന്റെയും ഒക്കെ ഇരകളെന്ന നിലയിൽ ഉണ്ടായ സാമൂഹ്യ പിന്നോക്കാവസ്ഥയാണ് ഇതിന്റെ കാരണം, ശരി. പക്ഷേ അങ്ങനെയെങ്കിൽ ഈ വിഭാഗങ്ങളിൽ ഭൂരിപക്ഷവും അങ്ങനെ ആയിരിക്കണ്ടേ? ഇപ്പോഴും അധികാരസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതത്തിനെക്കാൾ എത്രയോ ഉയർന്ന അനുപാതത്തിൽ ഇവരുടെ പ്രാതിനിധ്യമുണ്ട്. അതെങ്ങനെ വിശദീകരിക്കും?

ഇനി മറ്റൊരു ചോദ്യം. ഈ പറയുന്ന ഭൂപരിഷ്കരണവും ജാതി സംവരണവും ഒക്കെയുൾപ്പെടുന്ന 'പോസിറ്റിവ് ഡിസ്ക്രിമിനേഷൻ' എന്നത് കഴിഞ്ഞ ഒരു ഏഴ് പതിറ്റാണ്ടിനിടയിൽ നടന്നതാണ്. അതുവരെ ജ്ഞാനം കൊണ്ടും അധികാരം കൊണ്ടും സമ്പത്തുകൊണ്ടും ശാക്തീകരിക്കപ്പെട്ടവയായിരുന്ന ആ സമുദായങ്ങളിൽ പോലും ഏതാനും പതിറ്റാണ്ടുകൾ മാത്രം പഴക്കമുള്ള ഭരണകൂട ഇടപെടലുകൾ ഇത്രയും വലിയ പിന്നോക്കാവസ്ഥ സൃഷ്ടിച്ചുവെങ്കിൽ അത്തരം ആനുകൂല്യങ്ങളൊന്നും ഒരു കാലത്തും അനുഭവിച്ചിട്ടില്ലാത്ത സമുദായങ്ങളിൽ സഹസ്രാബ്ധങ്ങളായി നിലനിന്ന 'നെഗറ്റീവ് ഡിസ്ക്രിമിനേഷൻ' സൃഷ്ടിച്ച പിന്നോക്കാവസ്ഥയുടെ അളവെന്തായിരിക്കും?

പാവപ്പെട്ടവർക്കിടയിലെ ഐക്യം
സംവരണവുമായി ബന്ധപ്പെട്ട് സിപിഎം നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പത്രസമ്മേളനം  നടത്തി വ്യക്തമാക്കിയിരിക്കുന്നു എന്നതുകൊണ്ട് ഇനി കടകംപള്ളിയുടെ പ്രസംഗത്തെ വളച്ചൊടിച്ചു തുടങ്ങിയ വാദങ്ങൾക്കൊന്നും പ്രസക്തിയില്ലെന്ന് കരുതുന്നു. ഒപ്പം മാധ്യമങ്ങളുടെ ഇടത് വിരുദ്ധതയും അതിനാൽ പ്രചോദിതമായ സെലക്ടീവ് വാർത്താ നിർമ്മാണവും സമ്മതിവിതരണവും ഇപ്പൊഴും സത്യമായി തന്നെ തുടരുന്നു എന്നും.


കടപ്പാട്: മനോരമ ന്യൂസ്

പത്രസമ്മേളനപ്രകാരം പാർട്ടി നിലപാട് പട്ടികജാതി, പട്ടിക വർഗ്ഗങ്ങൾക്കും, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഉള്ള സംവരണം അതുപോലെ തുടരണം എന്ന് തന്നെയാണ്. കൂടാതെ പട്ടികജാതി, പട്ടികവർഗ്ഗങ്ങൾക്ക് സ്വകാര്യ മേഖലയിലും ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സമയമായെന്നും പാർട്ടി നിരീക്ഷിക്കുന്നു. പിന്നോക്ക വിഭാഗത്തിലെ ക്രിമീലെയറിനെ സംവരണത്തിൽനിന്ന് ഒഴിവാക്കിയ കോടതിവിധിയിലൂടെ ചില പിന്നോക്ക വിഭാഗങ്ങൾക്ക് അവർ അർഹിക്കുന്ന ക്വോട്ട ലഭിക്കാതെ പോകുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. വളരെ പുരോഗമനപരവും വസ്തുതാബന്ധിയുമായ നിലപാടുകൾ, പ്രത്യേകിച്ച്  രേഖീയയുക്തിയിൽ സാധാരണഗതിയിൽ പലരും അംഗീകരിക്കാൻ സാധ്യതയുള്ള ക്രീമിലെയറിന്റെ സംവരണം എടുത്തുകളയുന്നതിനോടുള്ള വിയോജിപ്പ്.

എന്നാൽ തുടർന്ന് അദ്ദേഹം പറയുന്നത് അതുവരെ പറഞ്ഞുവന്നതിന്റെ സത്തയെ ആകമാനം അട്ടിമറിക്കുന്ന ഒന്നാണെന്ന് പറയാതെ വയ്യ. മുന്നോക്ക സമുദായത്തിൽ പെട്ടവരിലും ദരിദ്രരുണ്ട്. അവർക്കും ഒരു നിശ്ചിത ശതമാനം സംവരണം കൊടുക്കണം എന്നതാണ് പാർട്ടി നയം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിലൂടെയേ ഏല്ലാ സമുദായത്തിൽ പെട്ട ദരിദ്രരും തമ്മിലുള്ള ഐക്യം സാധ്യമാവുകയുള്ളു എന്നും കോടിയേരി കൂട്ടിച്ചേർക്കുന്നു. എന്നുവച്ചാൽ കേരളത്തിലെയും ഇന്ത്യയിലെയും സാമുദായിക വിഭജനം എന്ന യാഥാർത്ഥ്യത്തെ ദാരിദ്ര്യം, ധനം തുടങ്ങിയ സാമ്പത്തിക ഏകകങ്ങളിലൂടെ നിർദ്ധാരണം ചെയ്തെടുക്കാം എന്ന് അദ്ദേഹവും പാർട്ടിയും ഇപ്പോഴും വിശ്വസിക്കുന്നു എന്ന്. ഇതര മാനദണ്ഡങ്ങള്‍ വച്ച് വർഗ്ഗീകരിക്കാൻ ശ്രമിക്കാത്തപക്ഷം ദാരിദ്ര്യം എന്ന ഭൗതീകാവസ്ഥ അത് അനുഭവിക്കുന്നവർ തമ്മിൽ ഒരു സാംസ്കാരിക ഐക്യം സ്വയം നിർമ്മിച്ചുകൊള്ളുമെന്ന്.


കടപ്പാട്: കൈരളി പീപ്പിള്‍. 7.00മിനിറ്റ് മുതല്‍

ആവർത്തിക്കുന്ന തെറ്റുകൾ
മുന്നോക്ക വിഭാഗങ്ങളിലും പാവപ്പെട്ടവരുണ്ട്. അവർക്കും ഒരു നിശ്ചിത ശതമാനം സംവരണം നൽകണമെന്ന വാദം ഫലത്തിൽ ആവർത്തിക്കുന്നത് സാമ്പത്തിക സംവരണത്തിന്റെ യുക്തി തന്നെയാണ്. അത് ദാരിദ്ര്യത്തെ സാമാന്യവത്ക്കരിച്ച് പിന്നോക്കാവസ്ഥയുടെ പര്യായമാക്കി മാറ്റുന്നു. അങ്ങനെ ഒന്നായി മാറിയ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ്ക്കും ഒറ്റമൂലി എന്ന നിലയിൽ സംവരണത്തെ നിർദ്ദേശിക്കുന്നു.

ലോകത്തിലെ എല്ലാ അസന്തുലിതാവസ്ഥകൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് ആത്യന്തികമായി സാമ്പത്തിക അസന്തുലിതാവസ്ഥയാണെന്ന നിരീക്ഷണം പാടേ ഉപേക്ഷിക്കേണ്ടുന്ന ഒന്നാണെന്ന് ഇപ്പോഴും കരുതുന്നില്ല. എന്നാൽ അത് ഒരച്ഛൻ അയാളുടെ പക്കലുണ്ടായിരുന്ന ആയിരം രൂപ പത്ത് മക്കൾക്കായി നൂറുവീതം വീതിച്ച് നൽകി വീണ് കണ്ണടച്ചു. കിട്ടിയ നൂറുവച്ച് പത്തുപേരും പലത് ചെയ്തു. ചിലർ രക്ഷപ്പെട്ടു, ചിലർ ദരിദ്രരായി എന്ന നിലയിൽ ന്യൂനവത്ക്കരിക്കാവുന്ന ഒന്നല്ല. അംബേദ്‌ക്കര്‍ സോഷ്യലിസത്തെ എതിർക്കുന്നത് ചൂഷണങ്ങളുടെ സമഗ്ര കാരണമായി സമ്പത്തിന്റെ അസന്തുലിതമായ വിതരണത്തെ മാത്രം കാണുന്ന പ്രവർത്തി പരിമിതിയെ മുൻനിർത്തിയാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ ചൂഷണത്തിന് കാരണം ദാരിദ്ര്യമല്ല, അതിലും സൂക്ഷ്മമാണ് അതിന് കാരണമായ ജാതി എന്ന പ്രതിഭാസം.

മുന്നോക്കക്കാരിലെ ദരിദ്രർ പട്ടിണികിടന്ന് മരിച്ചോട്ടെ എന്നല്ല. അവർക്ക് സർക്കാർ ധനസഹായത്തെ ആരും എതിർക്കുന്നില്ല. ബിപിഎൽ കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജാതി അടിസ്ഥാനത്തിലല്ലല്ലോ. ദരിദ്രവിഭാഗങ്ങൾക്കായി സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിൽസ, സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ ഇപ്പോൾ നിലവിലുള്ളതും ഇല്ലാത്തതുമായ പദ്ധതികൾ ആലോചിക്കാവുന്നതാണ്. എന്നാൽ സംവരണത്തെ ഒരു ദാരിദ്ര്യനിർമ്മാജ്ജന പദ്ധതിയാക്കി കണ്ട് അതിന്റെ സത്തയെ അട്ടിമറിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ സംഘികൾക്കൊപ്പം ആയിപ്പോകരുത് ഇടതുപക്ഷതിന്റെത്. സാമ്പത്തിക സംവരണം എന്ന ചതിക്കുഴിയെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ വീഴ്ച, ഭാഗികമായ വീഴ്ച എന്നൊന്നുമില്ല.

രാഷ്ട്രീയ ഭാവിക്ക് മുകളിൽ തൂങ്ങുന്ന പൊതുബോധത്തിന്റെ വാളിനെ കുറിച്ചാണെങ്കിൽ സംഘിവത്ക്കരിക്കപ്പെടുന്ന പൊതുബോധത്തെ അതുമായി നീക്കുപോക്കുചെയ്തുകൊണ്ട് എത്രനാൾ പ്രതിരോധിക്കാനാവും എന്നറിയില്ല. ആർഎസ്എസിന്റെ കൊലക്കത്തിക്ക് മുമ്പിൽ നിൽക്കുകയും വേണം, ഒപ്പം അണ്ടർവെയർ കാവിയാണോ ചുവപ്പാണോ എന്ന പരിഹാസത്തിന് പാത്രമാവുകയും ചെയ്യണമെന്ന അവസ്ഥ അത്ര സുഖകരമല്ല എന്നേ, തെരുവിൽ നിൽക്കുന്ന കമ്യൂണിസ്റ്റ് പ്രവർത്തകർക്കായി, അവരുമായി താരത്മ്യം ചെയ്യുമ്പോൾ ഒരു ഊച്ചാളി ഫേസ്ബുക്ക് അനുഭാവി മാത്രമായ എനിക്ക് പറയാനുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories