TopTop
Begin typing your search above and press return to search.

സംവരണം ഔദാര്യമല്ല; കീഴാള ജനതയുടെ അവകാശമാണ്

സംവരണം ഔദാര്യമല്ല; കീഴാള ജനതയുടെ അവകാശമാണ്
ഇന്ത്യാ മഹാരാജ്യം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അധിനിവേശങ്ങള്‍ക്കു ശേഷം സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 14-ന് അര്‍ധരാത്രിയിലാണ്. പിന്നീട്, 1950 ജനുവരി 26-ന് രാജ്യം പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന് ഏറ്റവും ശക്തമായ ഒരു ഭരണഘടന ലഭിക്കുകയും ചെയ്തു. ജാതിയും അയിത്തവുമെല്ലാം തീരാശാപമായി തീര്‍ന്ന ഇന്ത്യാ രാജ്യത്ത് ആയിരത്താണ്ട് കാലങ്ങളായി ക്രൂരമായ അവഗണനയും അവകാശനിഷേധവും നേരിട്ടു കൊണ്ടിരിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക്, തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ചരിത്ര വിഹിതങ്ങളുടെ നേരിയ തോതിലുള്ള ഒരു വീണ്ടെടുപ്പും നൈതിക സംരക്ഷണവുമാണ് ഡോക്ടര്‍ ബാബാ സാഹെബ് അംബേദ്കര്‍ ഭരണഘടനയിലൂടെ കീഴാള വര്‍ഗങ്ങള്‍ക്കായി സംവരണം എന്ന ആശയം വിഭാവനം ചെയ്യുന്നത്. അധസ്ഥിത വിഭാഗങ്ങള്‍ക്കായി നിയമ പോരാട്ടത്തിലൂടെ ലഭ്യമാക്കിയ ഒന്നാണ് സംവരണം എന്ന ആശയം. വരേണ്യ വര്‍ഗത്തിന്റെ വൈകാരിക, വൈചാരിക ലോകമാണ് യഥാര്‍ത്ഥ ലോകം എന്ന് വരുത്തിതീര്‍ക്കുകയും കീഴാള ജനത പുഴുക്കളെ പോലെ ചവിട്ടിയരക്കപ്പെടേണ്ടവരാണെന്ന 'മതാനുശാസനത്തിന്റെ' പിന്‍ബലത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍, ഇവിടെ ജീവിക്കുന്ന അധസ്ഥിത വിഭാഗത്തിന്റെ അവകാശങ്ങള്‍ വളരെ കുറഞ്ഞ അളവിലെങ്കിലും ലഭ്യമാക്കുന്നതിനുതകുന്ന സാമൂഹ്യനീതിയുടെ ഭരണഘടനാ പ്രയോഗമായ സംവരണ സംവിധാനത്തെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ വിവിധ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് പിന്നോക്ക അധസ്ഥിത വിഭാഗങ്ങളാണ്. നമ്മുടെ രാജ്യത്ത് സ്വാതന്ത്രം ലഭിക്കുന്നതിനേക്കാള്‍ മുമ്പുതന്നെ സംവരണമെന്നാശയം വിവിധ തലത്തിലുള്ള ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. സംവരണം എന്ന വാക്ക് കേരളത്തില്‍ ആദ്യമായി ഇടം പിടിച്ചത് 1891-ലെ മലയാളി മെമ്മോറിയല്‍ എന്നതിനു കീഴിലായിരുന്നു. സംവരണത്തിനുവേണ്ടി രാജാവിനു മുന്നില്‍ കേണപേക്ഷിക്കുകയും, അതിന് വേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്തിരുന്നത് നായന്മാരാണ്. പില്‍ക്കാലങ്ങളില്‍ സംവരണ വിരോധികളായി മാറിയതും ഇവര്‍ തന്നെ! ഈ ഒരു കാലയളവില്‍ സര്‍ക്കാര്‍ ജോലി കയ്യടക്കിയിരുന്നത് തമിഴ് ബ്രാഹ്മണരായിരുന്നു. അന്ന് ഈ സംവരണങ്ങള്‍ക്കു വേണ്ടി നായന്മാര്‍ നടന്നപ്പോള്‍ തമിഴ് ബ്രാഹ്മണര്‍ മറ്റുള്ള ജാതിയില്‍ പെട്ടവരെ പരിഹസിക്കുകയായിരുന്നു. "ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ വല്ല ആവശ്യവും ഉണ്ടോ? ഇവര്‍ കൃഷി ചെയ്തു ജീവിക്കുന്നുണ്ടല്ലോ, ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുത്താല്‍ തന്നെ സര്‍ക്കാറിന്റെ കാര്യക്ഷമതക്കു വിള്ളല്‍ സംഭവിക്കും". എന്നാല്‍ ഇതിനെല്ലാമെതിരെ പടവെട്ടി സര്‍ക്കാര്‍ ജോലിയില്‍ തങ്ങളുടെ വ്യക്തമായ പ്രാതിനിധ്യം അറിയിക്കാന്‍ നായന്മാര്‍ക്ക് സാധിച്ചു. സംവരണം തുടങ്ങിവെച്ചത് മലയാളി മെമ്മോറിയല്‍ ആണെങ്കില്‍ പോലും നായന്മാരില്‍ മാത്രം ഒതുങ്ങിയ സംവരണമായി മാറുകയായിരുന്നു. ക്യത്യമായ സംവരണം കൊണ്ടുവരാന്‍ സാധിച്ചില്ലാ എന്നത് ഖേദകരമാണ്. 1902 ജൂലൈ മാസം 26-ന് രാജ്യത്താദ്യമായി അവര്‍ണ്ണ സമൂഹത്തിന് എല്ലാ ഉദ്യോഗങ്ങളിലും 50% സംവരണം എന്ന വിപ്ലവകരമായ പ്രഖ്യാപനം നടത്തിയ 'ശാഹു മഹാരാജാവും' 1921-ല്‍ 75% സംവരണം പ്രഖ്യാപിച്ച 'മൈസൂര്‍ മഹാരാജാവ് ക്യഷ്ണരാജ വടയാര്‍ നാഗപ്പനും' 25-06-1935-ല്‍ 893- നമ്പര്‍ ഉത്തരവിലൂടെ കേരളത്തില്‍ ആദ്യമായി സംവരണം പ്രഖ്യാപിച്ച 'തിരുവിതാംകൂര്‍ മഹാരാജാവും' തുടങ്ങി വെച്ച സംവരണം ഭരണഘടനാപരമായ പരിരക്ഷയും നിയമസാധുതയുള്ളതുമായിരുന്നത് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന നാളു മുതലാണ്.

http://www.azhimukham.com/trending-sunny-m-kapikkadu-on-reservation/

1979-ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെയാണ് പിന്നോക്കകാരുടെ അവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കമ്മീഷനായി മണ്ഡല്‍ കമ്മീഷന്‍ രൂപീകൃതമായത്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കികൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് അതിഭീകരമായ ജാതി കലാപം അഴിച്ചുവിടാന്‍ നേതൃത്വം കൊടുത്തത് ഗുജറാത്തിലെ പട്ടേല്‍ വിഭാഗക്കാര്‍. ഈ ഒരു വേളയില്‍ പട്ടേലുകള്‍ രാജ്യത്തെ സാമ്പത്തിക, സാമൂഹിക,രാഷ്ട്രീയ ശക്തിയായിരിക്കെ തന്നെ തങ്ങള്‍ക്കും സംവരണം വേണമെന്ന് പറഞ്ഞ് പുതിയ കലാപം സൃഷ്ടിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ നിരവധി കൊലപാതകങ്ങളും കോടികണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു ഇങ്ങനെ പല വിധേനെയും സംവരണമെന്ന ആശയത്തെ ഇല്ലാതാക്കുവാനാണ് പരിശ്രമിച്ചത്. സമീപകാലങ്ങളില്‍ തങ്ങള്‍ക്കും സംവരണം വേണമെന്നും, തങ്ങള്‍ക്ക് ലഭ്യമാക്കാത്ത സംവരണം മറ്റൊരു ജനതക്കും വേണ്ടായെന്ന് ശാഠ്യം പിടിച്ചവരായിരുന്നു ഗുജാത്തിലെ പട്ടേലുകള്‍.

http://www.azhimukham.com/keralam-kerala-government-decision-to-give-economic-reservation-will-sabotage-castereservation/

സംവരണത്തെ കുറിച്ച് വാതോരാതെ സംവദിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നുണ്ട് എന്നാണ് നാം നോക്കേണ്ടത്. കാരണം, വര്‍ഷംപ്രതി പിന്നോക്ക ജനവിഭാഗത്തിന്റെ ജനസംഖ്യാനുപാതത്തില്‍ ഗണ്യമായ മാറ്റം വരുന്നത് ആരും കാണാതെ പോകുന്നു എന്നതാണ് ഖേദകരം. അതായത് 2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 16.66 കോടി പിന്നോക്ക ജനങ്ങളാണെങ്കില്‍ അത് 2011-ല്‍ എത്തി നില്‍ക്കുമ്പോള്‍ 20.14 കോടി ജനങ്ങളാണ് അധിവസിക്കുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും ചെറ്റപ്പുരകളിലാണ് താമസിക്കുന്നത്. മരണപ്പെട്ടാല്‍ ശവമടക്കാന്‍ ഒരു തുണ്ട് ഭൂമിപോലുമില്ലാത്തവര്‍. ഇവരില്‍ ബഹുഭൂരിഭാഗവും സമ്പൂര്‍ണ്ണ നിരക്ഷരാണ്. എല്ലാം തരണം ചെയ്ത് പഠനം നടത്തിയവര്‍, ലഭ്യമായ 10% സംവരണം കിട്ടി പഠനം പൂര്‍ത്തികരിച്ചവര്‍, ഇന്നും തൊഴില്‍രഹിതരാണ്. സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി ഇല്ലാതാക്കുവാനുള്ള ഹൈജാക്കിങ്ങാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

http://www.azhimukham.com/rlv-collage-caste-hemalatha-teacher-issue-k-somaprasad-mp-react/

സംവരണം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയില്‍ ഇന്നും മനുഷ്യനെ ജാതി തിരിച്ച് കാണുന്നതെന്നുള്ള വാദങ്ങള്‍ ഇന്ന് ഉയര്‍ന്ന് വരുന്നുണ്ട്. ദാരിദ്ര്യത്തിന് ജാതിയില്ല എന്ന് പറയുമ്പോള്‍ പ്രഥമ ദൃഷ്ടിയില്‍ ശരിയാണന്ന് തോന്നും. എന്നാല്‍ സാമ്പത്തികം നോക്കിയല്ല ജാതി നോക്കിയാണിവിടെ സാമൂഹ്യ മാന്യത കല്‍പ്പിക്കുന്നത്. വിശക്കുന്ന നമ്പൂതിരിക്കും വിശക്കാത്ത വേലനും സമൂഹത്തില്‍ ഒരേ സ്ഥാനമല്ലല്ലോ ഉള്ളത്. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം ശരിയെന്നത് തോന്നുന്നത് ദാരിദ്ര നിര്‍മാര്‍ജനത്തിനുള്ള പരിപാടിയാണ് സംവരണമെന്ന തെറ്റിദ്ധാരണ നിമിത്തമാണ്. ഭരണപങ്കാളിത്തവും,അവസരസമത്തവുമാണ് അത് ലക്ഷ്യം വെക്കുന്നതെന്ന് നാം മനസ്സിലാക്കണം. സാമ്പത്തിക സംവരണത്തിന് യാതൊരു പ്രസക്തിയുമില്ലായെന്ന തിരിച്ചറിവ് നമുക്ക് വേണം. പിന്നോക്കകാരനും അധസ്ഥിതനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇന്നും കടന്നു വരാത്തത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ച് നമ്മള്‍ ചിന്തിച്ചേ മതിയാകൂ.

http://www.azhimukham.com/offbeat-reservation-is-not-a-poverty-eradication-programme-by-vishak/

സംവരണം എന്നത് കുറെ പേര്‍ക്ക് വെറുതെ ജോലി കിട്ടാനും, സുഖിക്കാനുള്ള ഒരു ഉപാധിയാണെന്നും, ഉയര്‍ന്ന ജാതിക്കാരായതു കൊണ്ടു മാത്രം സംവരണ സമുദായങ്ങള്‍ക്ക് പുറത്തുള്ളവരൊക്കെ വളരെയികം കഷ്ട്ടപ്പെടുന്നുണ്ടെന്നും മേല്‍ജാതിക്കാരായ ഉദ്യോഗാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയാണ് സംവരണം എന്ന് വാദിക്കുന്നവരുണ്ട്. ഓരോ സംവരണ സമുദായത്തിനും അവരുടെ ജനസംഖ്യ തുലനം ചെയ്യുമ്പോള്‍ വളരെ പരിമിതമായി മാത്രം നിശ്ചയിക്കപ്പെട്ടതിന്റെ പോലും ഒരു ചെറിയ അംശം മാത്രം തൊഴില്‍ പ്രാധിനിത്യമേ ലഭിക്കുന്നുള്ളുവെന്നതുമാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ സംവരണ സമുദായങ്ങള്‍ അധികാര സ്ഥാനങ്ങളെല്ലാം കയ്യടക്കി വെച്ചിരിക്കുന്നു എന്ന കാര്യമോര്‍ത്ത് സംവരണം നിര്‍ത്തലാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍, തികച്ചും അപ്രായോഗികമായ സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് വേണ്ടതെന്നാവശ്യപ്പെടുന്നവര്‍ക്ക് സംവരണമല്ലാതെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മറ്റൊരു വ്യവസ്ഥയും മുന്നോട്ട് വെക്കുവാന്‍ കഴിയുന്നില്ല. ദലിത്, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമല്ല രാജ്യത്തെ മുഴുവന്‍ സമുദായങ്ങളില്‍ പെട്ടവര്‍ക്കും ഓരോ സമുദായത്തിന്റെ ജനസംഖ്യാനുപാതമനുസരിച്ച് എല്ലാ മേഖലകളിലും പ്രാതിധിനിത്യം ഉറപ്പ് വരുത്തുന്നതിലൂടെ, മുന്നോക്കക്കാരായാലും പിന്നോക്കക്കാരായാലും പാര്‍ശ്വവല്‍ക്കരിക്കാതെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ പ്രാതിനിധ്യം അറിയിക്കാന്‍ കഴിയും എന്നതാണ് യാഥാര്‍ഥ്യം. ഭരണകൂടം ചിന്തിക്കേണ്ടതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കേണ്ടതും ഇതാണ്.

http://www.azhimukham.com/c-p-i-m-stand-on-reservation-kerala-state-secretary-kodiyeri-balakrishnan/

Next Story

Related Stories