TopTop
Begin typing your search above and press return to search.

'മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിദേശീയരാണ്'; 'അവർ ഞങ്ങളിൽ നിന്ന് വന്നവരാണ്; ആര്‍എസ്എസ് പ്രചാരവേലയിലെ വൈരുദ്ധ്യങ്ങൾ

മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിദേശീയരാണ്; അവർ ഞങ്ങളിൽ നിന്ന് വന്നവരാണ്; ആര്‍എസ്എസ് പ്രചാരവേലയിലെ വൈരുദ്ധ്യങ്ങൾ

സംഘപരിവാര്‍, മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും നിരന്തരം മുഴക്കുന്ന അവകാശവാദമാണ്, 'നിങ്ങള്‍ ഞങ്ങളില്‍ നിന്ന് വന്നവരാണ്' എന്നത്. എന്താണിതിന്റെ യാഥാര്‍ത്ഥ്യം? ഹൈന്ദവത മതമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ക്രിസ്തുമതവും ഇസ്ലാമും ഇന്ത്യയില്‍ മതങ്ങളായി ആചരിക്കപ്പെട്ടിരുന്നു. അതുവരെ സിന്ധു നദീതടവാസികളെ കുറിക്കാനുള്ള ഒരു വാക്ക് മാത്രമായിരുന്നു 'ഹിന്ദു'; അതൊരു മതമായിരുന്നില്ല. കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകള്‍ക്കുള്ളിലാണ് ഹൈന്ദവത മതമായി മാറിയത്. ജാത്യധികാരശ്രേണിയുടെ മുകള്‍ത്തട്ടില്‍ ബ്രാഹ്മണ്യത്തെ പ്രതിഷ്ഠിച്ചുകൊണ്ട് പില്‍ക്കാലത്ത് ഉരുവം കൊണ്ട വിവിധ ജാതികളുടെ ഒരു 'കുട' മാത്രമാണ് ഹിന്ദു മതം.

ആദിവാസി, ദളിത് സമുദായങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളും മുസ്ലീങ്ങളും വന്നിട്ടുള്ളത്. നിലവിലുണ്ടായിരുന്ന കടുത്ത ജാതിപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിതമാര്‍ഗ്ഗമായി അവര്‍ അതിനെ കണ്ടതാകാം കാര്യം. മേല്‍ ജാതിക്കാരില്‍ നിന്ന് പരിവര്‍ത്തനം നടത്തിയവരുടെ അനുപാതവും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ് കേരളത്തില്‍. ജാതി ഏതായിരുന്നാലും ബഹുഭൂരിഭാഗം മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തില്‍ നിന്നല്ല; അതാത് 'ജാതി'കളില്‍ നിന്ന് മാത്രം പരിവര്‍ത്തിതര്‍ ആയവരാണ്. 'ഹിന്ദുമതം' എന്ന ഘടന നിലവില്‍ വന്നതില്‍ പിന്നെ, അതില്‍ നിന്ന് പരിവര്‍ത്തിതരായവര്‍ കുറച്ച് മാത്രമേ കാണുകയുള്ളൂ എന്ന് സാരം.

സംഘപരിവാറിന്റെ 'അടിസ്ഥാനസ്വത്വ' നിര്‍മ്മിതി മൂന്ന് ഘടകങ്ങളെ കൂട്ടിയിണക്കിക്കൊണ്ടാണ് എന്ന് നിരീക്ഷിക്കാം.

(1) 'അഖണ്ഡഭാരതം', 'പൗരാണികമായ ഇന്ത്യന്‍ ചരിത്രപാരമ്പര്യം' തുടങ്ങിയ മിത്തുകളെ ആധാരമാക്കിയുള്ള ദേശീയത.

( 2) പൌരാണികമായ മതപരതയുടെ ചരിത്രം ഇഴചേര്‍ത്ത്, ഏവര്‍ക്കും ബാധകമാക്കേണ്ടതെന്ന് അവര്‍ കരുതുന്ന ഹിന്ദുസംസ്‌കൃതി.

(3) ദേശത്തിന്റെ പൊതുഭാഷയായി സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദി.

നിര്‍ഭാഗ്യവശാല്‍ ഈ മൂന്നിനും ചരിത്രപരമായ പിന്തുണയില്ല.

ബ്രിട്ടീഷുകാര്‍ കടന്നുവരുമ്പോള്‍ പല സ്വതന്ത്രരാജ്യങ്ങളായി ചിതറിക്കിടന്ന ഒരു ഭൂപ്രദേശത്തെ, പിന്നെയും ഏറെ കഴിഞ്ഞാണ് 'ഇന്ത്യ' എന്ന് അടയാളപ്പെടുത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊരു കച്ചവട സംഘമായാണ് അവര്‍ ഇവിടേക്ക് വന്നത്. എന്തിനധികം, ഈ കൊച്ചുകേരളം പോലും കോഴിക്കോട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളായിരുന്നു. ഇന്ത്യക്ക് ചിരപുരാതനമായ ചരിത്രം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നുണകളുടെ ഭാണ്ഡക്കെട്ട് മാത്രമാകും.

ദളിത്, ആദിവാസി, മുസ്ലിം തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ചരിത്രം തിരസ്‌ക്കരിക്കുക എന്ന ലക്ഷ്യത്തില്‍ കൊളോണിയല്‍ ചരിത്രകാരന്മാരും സ്വതന്ത്ര ഇന്ത്യയിലെ വരേണ്യജാതി ചരിത്രകാരന്മാരും പരസ്പരപൂരകമായി വര്‍ത്തിച്ചു. അതുകൊണ്ടാണ് കൊളോണിയലിസത്തിനെതിരെ മുസ്ലിംകളും ആദിവാസികളും നടത്തിയ വിപ്ലവങ്ങള്‍ നല്ലൊരു പങ്കും ചരിത്രവിദ്യാര്‍ഥികള്‍ പഠിക്കാതെ പോകുന്നത്. പില്‍ക്കാലത്ത് മാത്രം കടന്ന് വന്ന് സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനം കൈക്കലാക്കിയ ഉപരിജാതിക്കാരെയാണ് അവര്‍ കൂടുതലും പഠിക്കുന്നത്.

നാം മനസ്സിലാക്കേണ്ട പ്രധാനകാര്യം, ഇന്ത്യ'യുടെ തുടക്കം ബ്രിട്ടിഷുകാരുടെ 'കമ്പനി'യില്‍ നിന്നുമായിരുന്നു. ഇന്ന് നരേന്ദ്ര മോദി വീണ്ടുമതിനെ 'കമ്പനി'യാക്കി പരിവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വേണ്ടി മോദി ബഹുരാഷ്ട്രകുത്തകകളെയും വിദേശശക്തികളെയും ക്ഷണിച്ച് വരുത്തുകയാണ്. അങ്ങനെ ഇന്ത്യാമഹാരാജ്യത്തിന്റെ സ്ഥാവരജംഗമങ്ങള്‍ ഒക്കെയും കോര്‍പ്പറേറ്റ് ലോകത്തിന്റെ അനുബന്ധസ്ഥാപനങ്ങള്‍ മാത്രമായി പരിവര്‍ത്തിക്കപ്പെടുകയാണ്.

നമ്മുടെ ദേശീയപ്രതീകമായ അശോകപാരമ്പര്യത്തിലേക്ക് വരാം. ഒട്ടനേകം ദളിതരെയും ആദിവാസികളെയും കൊന്നൊടുക്കിയ യുദ്ധ ഭ്രാന്തനായിരുന്നു അശോക ചക്രവര്‍ത്തി. ആയിരക്കണക്കിന് ദ്രാവിഡരെ കൊന്നൊടുക്കി ക്ഷീണിച്ചപ്പോള്‍ ആ മേലാളജാതി ചക്രവര്‍ത്തി ബുദ്ധമതം പുല്‍കി; ശ്രീലങ്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മതപരിവര്‍ത്തനത്തിനായി ഉയര്‍ന്ന ജാതിക്കാരായ ബുദ്ധമത അനുയായികളെ നിയോഗിക്കുകയും ചെയ്തു. ആര്യന്മാരില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ട അന്നത്തെ ബുദ്ധമത അനുയായികളുടെ പിന്‍തലമുറയാണ് രണ്ട് ലക്ഷത്തോളം ദ്രാവിഡ തമിഴരെ കാശാപ്പ് ചെയ്യുന്നതിന് ഉപകരണമായി തീര്‍ന്നത്. പക്ഷെ ചോദ്യം ഇതാണ്: സ്വതന്ത്ര ഇന്ത്യയുടെ ദേശീയപ്രതിനിധാനത്തിനായി എന്തിന് ആശോകചിഹ്നങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു? ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നീചമായി ദ്രാവിഡരെ കീഴടക്കിയ ആളാണ് അദ്ദേഹമെന്നതാണ് ഞാന്‍ കണ്ടെത്തുന്ന ഏക കാരണം.

ബുദ്ധമതത്തിന്റെ പ്രാരംഭകാലത്ത് മേലാളര്‍ അതിനെ അടിച്ചമര്‍ത്താന്‍ ആവതും ശ്രമിച്ചു. ജാതി വിവേചനത്തിനെതിരെ ബുദ്ധന്‍ ശബ്ദമുയര്‍ത്തിയെന്നതാണ് കാര്യം. ചരിത്രത്തിന്റെ ദശാസന്ധികളില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനായി ആര്യന്മാര്‍ വിവിധ രൂപങ്ങളില്‍ സ്വയം പരിണമിച്ചിരുന്നു. കോളനി വാഴ്ചക്കാലത്ത്, ആദിവാസികളുടെയും ദളിതുകളുടെയും വ്യത്യസ്തങ്ങളായ ദൈവങ്ങളെയും വിശ്വാസങ്ങളെയും കടമെടുത്ത് കൊണ്ടാണ് ഹൈന്ദവതയെ അവര്‍ പുനര്‍രൂപകല്‍പന ചെയ്തത്. ഈ ആശയം ഒരേ സമയം സവര്‍ണ്ണര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഗുണം ചെയ്തു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ചു ഭരിക്കുന്നതാണ് സൗകര്യമെന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും അതേ പാത പിന്തുടരുന്നു.

സംസ്‌കൃതവല്‍ക്കരിച്ച ഹിന്ദിയാണ് സംഘപരിവാര്‍ മുറുകെ പിടിക്കുന്ന മൂന്നാമത്തെ സ്വത്വം. ആ അധിനിവേശം ഉത്തരേന്ത്യയിലെ തന്നെ പല ഭാഷകളെയും അടിച്ചമര്‍ത്തി എന്നതാണ് യാഥാര്‍ഥ്യം. പ്രാദേശിക ഭാഷകള്‍ക്ക് മേലുണ്ടായ ഹിന്ദിയുടെ കോളനിവല്ക്കരണം ഒഡീഷയിലെ ആദിവാസി ഭാഷകള്‍ക്ക് മേല്‍ ഒറിയ നടത്തിയ അധിനിവേശത്തിന് സമാനമാണെന്ന് വേണമെങ്കില്‍ പറയാം. രണ്ടും തമ്മിലുള്ള സാമ്യം യാദൃച്ഛികമല്ല. പ്രാദേശിക സംസ്‌കാരങ്ങള്‍ക്ക് മേലുള്ള ആര്യന്മാരുടെ ഭാഷാപരമായ അധീശത്വമാണ് രണ്ടിലും പൊതുവായ ഘടകം. ഉപഭൂഖണ്ഡത്തിന്റെ തനത് ചരിത്രം വീണ്ടെടുക്കലാണ് കീഴാള ചരിത്രകാരന്മാരുടെ മുന്നിലെ വെല്ലുവിളി. ഈ പ്രദേശത്തിന്റെ വിവിധങ്ങളായ സംസ്‌ക്കാരങ്ങള്‍ക്ക് പുതിയ മാനം നല്കാന്‍ അതുവഴി സാധിക്കും. ആദിമമായ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ശേഷിപ്പുകള്‍ സംരക്ഷിക്കുക എന്നതാണ് ഏറ്റവും നിര്‍ണ്ണായകം. അതിന് ഹൈന്ദവതയുമായോ ഇസ്ലാമുമായോ ക്രൈസ്തവതയുമായോ ഒന്നും ബന്ധമില്ല. സംഘപരിവാര്‍ വളരെ സമര്‍ത്ഥമായി അധിനിവേശിച്ച് കൊണ്ടിരിക്കുന്നത് ഈ സംസ്‌കാരത്തെയാണ്. ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ഇരയും അത് തന്നെ.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളില്‍ നിന്നാണ് വന്നതെന്ന നിലപാട് സംഘപരിവാര്‍ കൈക്കൊള്ളുന്നുവെങ്കില്‍ ഒരു പ്രധാന ചോദ്യത്തിനും കൂടി അവര്‍ ഉത്തരം പറയണം: അങ്ങനെയെങ്കില്‍ അവരില്‍ വിദേശിമുദ്ര ചാര്‍ത്തുന്നത് എന്തിനാണ്? ഗുജറാത്തിലും മുസഫര്‍നഗറിലും കാന്ദമാലിലും മറ്റനേകം സ്ഥലങ്ങളിലും അവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് എന്തുകൊണ്ടാണ്?

ഹിറ്റ്‌ലറെപ്പോലെ ആര്‍എസ്എസ്സും ആര്യമേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്നു. ഈ ഉപഭൂഖണ്ഡത്തെ ഏറ്റവുമാദ്യം അധിനിവേശിച്ച വിദേശികളായ ആര്യന്മാരാണ് ആദിമമായ തനത് സംസ്‌കൃതിയെ ഭൗതികമായും സാംസ്‌ക്കാരികമായും പിഴുത് മാറ്റിയത്. ആര്യന്മാര്‍ ആദിമനിവാസികളുടെ ഭൂമി തട്ടിയെടുത്തത്, അമേരിക്കക്കാര്‍ റെഡ് ഇന്ത്യന്‍സിന്റെ ഭൂമി തട്ടിയെടുത്തതിനോട് തുലനം ചെയ്യാവുന്നതാണ്.

ആദിവാസികള്‍ എന്നോ വനവാസികള്‍ എന്നോ എന്ത് വിളിച്ചാലും, അവരാണ് ഈ മണ്ണിന്റെ മക്കള്‍ എന്ന കാര്യം അംഗീകരിക്കാന്‍ ആര്‍എസ്എസ് തയ്യാറാകില്ല. ആര്യമേല്‍ക്കോയ്മ ദ്രാവിഡമനസ്സുകളില്‍ പോലും രൂഢമൂലമാണിന്ന്. തെക്കേ ഇന്ത്യന്‍ സിനിമകളില്‍ പോലും അത് പ്രതിഫലിക്കുന്നു. ബ്രാഹ്മണ്യഅധീശത്വത്തെ അരക്കിട്ടുറപ്പിക്കുന്ന ആര്യന്‍ എന്ന മലയാളപടം മറുചോദ്യം കൂടാതെ കീശയിലെ കാശെടുത്ത് കളഞ്ഞ് ഹിറ്റാക്കിക്കൊടുത്തത് വിദ്യാസമ്പന്നരായ ദ്രാവിഡര്‍ തന്നെയാണ്.

(countercurrents.org-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം ബച്ചു മാഹി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories