TopTop
Begin typing your search above and press return to search.

ആര്‍എസ്എസിനെന്ത് ശബരിമലയില്‍ കാര്യം? എസ് ഹരീഷിനെ ആര്‍ക്കാണ് പേടി? നിലപാടിന്റെ പ്രശ്നമാണ്

ആര്‍എസ്എസിനെന്ത് ശബരിമലയില്‍ കാര്യം? എസ് ഹരീഷിനെ ആര്‍ക്കാണ് പേടി? നിലപാടിന്റെ പ്രശ്നമാണ്

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന വ്യവഹാരവും ഇതുസംബന്ധിച്ച് നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദ വ്യവസായവും അത്ഭുതപ്പെടുത്തുന്നതല്ല. എന്നാൽ ഇതിൽ ചില പുരോഗമികൾ എന്ന് കരുതപ്പെടുന്നവർ എടുക്കുന്ന നിലപാട് ഒരുപാട് ഞെട്ടൽ ഉളവാക്കുന്നുണ്ട്.

പ്രാഥമികമായി അവർ അടക്കം പലരും പറയുന്നത് ഇത് ഒരു വിശ്വാസസംബന്ധിയായ വിഷയമാണ് എന്നാണ്. തികച്ചും തെറ്റായ ഒരു വ്യാഖ്യാനമാണ് അത്. തീർച്ചയായിട്ടും ഇത് ഒരു ആചാരസംബന്ധിയായ പ്രശ്നമാണ്. എന്നാൽ വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ സംഗതിയാണ്. എനിക്ക് എന്റെ വിശ്വാസങ്ങൾ വെച്ചു പുലർത്തുവാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എത്രത്തോളം? അത് മറ്റൊരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാത്ത സീമ വരെ മാത്രം.

ഇവിടെയാണ് വിശ്വാസവും ആചാരവും തമ്മിലുള്ള വൈരുദ്ധ്യം ഒരു പുരോഗമന പക്ഷത്ത് നിൽക്കുന്നവര്‍ എങ്കിലും തിരിച്ചറിയേണ്ടത്. ഒരു ഉദാഹരണത്തിന്, വിശ്വാസം എന്ന മട്ടിൽ പുലർത്തി കൊണ്ടിരുന്ന ഒരു ആചാരമാണ് സതി. തീർച്ചയായിട്ടും അത് മറ്റൊരു വ്യക്തിയുടെ ജീവിക്കുവാനുള്ള സ്വതന്ത്രമായ അവകാശത്തെ ഹനിക്കുന്നതാണ്. അതുകൊണ്ടുതന്നെ അത് വിശ്വാസം എന്ന രീതിയിൽ സംരക്ഷിക്കപ്പെടുവാൻ കഴിയുകയില്ല. ഇതുപോലെതന്നെ പരിശോധിക്കപ്പെടേണ്ടതാണ് നരബലി പോലെ നിർത്തലാക്കപ്പെട്ട മറ്റ് ആചാരങ്ങളും. ഇവയും ഒരുകാലത്ത് തൊടുവാൻ ഭയപ്പെട്ടിരുന്ന വിശ്വാസങ്ങൾ എന്ന വ്യാഖ്യാനം നൽകപ്പെട്ടിരുന്ന ആചാരങ്ങളാണ്.

ഈ വിഷയത്തിൽ ഒരു പരാതിക്കാരി എങ്കിലും ഉണ്ടെങ്കിൽ അത് അഭിസംബോധന ചെയ്യുവാൻ നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും ബാധ്യതയുണ്ട്. മറ്റ് ആരാധനാലയങ്ങളിലെ കാര്യവും സമാനമാണ്. ഇത് പറയുവാൻ കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചചെയ്യുമ്പോൾ എല്ലാം ഇസ്ലാം മതത്തിൽ ചില വിഭാഗങ്ങൾ പ്രാർത്ഥനയ്ക്കായി സ്ത്രീകളെ പ്രവേശിപ്പിക്കാത്ത വിഷയവും ഉയർന്നുവരാറുണ്ട്. ആ വിഭാഗത്തിൽപ്പെട്ട ഏത് സ്ത്രീ ഇതുസംബന്ധിച്ച് ഒരു ആവശ്യം എക്സിക്യൂട്ടീവിന്റെയോ ജുഡീഷ്യറിയുടെയോ മുന്നിൽ വെച്ചാൽ അത് പിന്തുണയ്ക്കുന്ന നിലപാട് ആകണം നാം സ്വീകരിക്കേണ്ടത്.

(അനുബന്ധമായി ഒരു കാര്യം പറയട്ടെ, ഇസ്ലാം വിശ്വാസപ്രകാരം പള്ളികൾ പ്രാർത്ഥനാലയങ്ങൾ മാത്രമാണ്. ആരാധനാലയങ്ങൾ അല്ല. ലോകത്തിൻറെ ഏതു ഭാഗത്തുനിന്നും മക്ക അഭിമുഖമായി പ്രാർത്ഥിക്കാം എന്നതാണ് ഇസ്ലാം വിശ്വാസം. അതുകൊണ്ടാവണം ഇന്ന പള്ളിയിൽ തന്നെ പോകണം എന്ന് വിശ്വാസികൾ വാശി പിടിക്കാത്തത്. ലോകത്തിലെ പുതിയ അത്ഭുതങ്ങളിൽ ഒന്നായ അബുദാബിയിലെ സായിദ് മോസ്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്ന ഇടമാണ്.)

ഇസ്ലാമിലെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് വലിയ വ്യഥ ഉണ്ടായിട്ട് ഒന്നുമല്ല, മറിച്ച് വർഗ്ഗീയമായ ഒരു മാനം ഭരണഘടന സംബന്ധിയായ ഈ വിഷയത്തിന് നൽകിയാൽ അടിസ്ഥാനപരമായ ചോദ്യങ്ങളിൽ നിന്നും ശ്രദ്ധ തെറ്റിക്കാൻ കഴിയും എന്ന കുബുദ്ധി മാത്രമാണ് ഇത്തരം ശ്രമങ്ങളുടെ പിന്നിൽ.

ഒരു ചോദ്യത്തിനു കൂടി ഉത്തരം നൽകേണ്ടതുണ്ട്, അത് സംഘപരിവാർ കേന്ദ്രനേതൃത്വം ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് സംബന്ധിച്ചാണ്. അതിൽ വലിയ അത്ഭുതം തോന്നേണ്ട കാര്യമില്ല. സംഘപരിവാർ കാലാകാലങ്ങളായി ശ്രമിക്കുന്നത് ഹൈന്ദവ വിശ്വാസത്തെ ഏകീകരിക്കുവാനാണ്. തികച്ചും കുടിലമായ ഒരു പദ്ധതിയുടെ ഭാഗമാണ് അത്. പ്രാദേശികമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കുവാൻ കുറേയേറെ കാലമായി അവർ പയറ്റുന്നുണ്ട്. വളരെ പ്രാദേശികമായ ഒരു വിശ്വാസമാണ് അയ്യപ്പൻ. നാം കേട്ടു പരിചയിച്ച അയ്യപ്പകഥകൾ വടക്കേ ഇന്ത്യയിൽ ഹൈന്ദവവിശ്വാസ ഭൂമികയിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്.

പ്രാദേശികമായ വിശ്വാസങ്ങളെ തകർക്കുന്ന നടപടികളെ പൊതുവിൽ എതിർക്കണം എന്നതാണ് എൻറെ നിലപാട്. വിശ്വാസങ്ങളിലെ വൈവിധ്യവും തുറന്ന കാഴ്ചപ്പാടും അയഞ്ഞ നിലപാടുകളുമാണ് ഹിന്ദു എന്നു വിളിക്കപ്പെടുന്ന വിഭാഗത്തിൻറെ സൗന്ദര്യം. അവയെ സംഘടിത മതങ്ങൾ പോലെ ഒറ്റനൂലിൽ കെട്ടുവാനും ഇന്‍സ്റ്റിറ്റ്യൂഷണലൈസ് ചെയ്യുവാനുമുള്ള എല്ലാ ഉദ്യമങ്ങളും ചെറുക്കപ്പെടേണ്ടതാണ്. വളരെ യാദൃശ്ചികമാണ് ഈ വിഷയത്തിൽ ആർഎസ്എസ് എടുത്ത നിലപാട് സ്ത്രീ സ്വാതന്ത്ര്യത്തിന് ഒപ്പം ആയത്. വസ്തുതകളെ ഈ അവസരത്തിലും യുക്തിസഹമായും വേർതിരിച്ചും കാണേണ്ട ചുമതല പുരോഗമന സമൂഹത്തിനുണ്ട്..

മലയാളക്കരയിൽ മറ്റൊരു വികാര പ്രപഞ്ചം രൂപപ്പെട്ടിരിക്കുന്നത് എസ് ഹരീഷിന്റെ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന മീശ എന്ന നോവലിൽ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നത് സംബന്ധിച്ചാണ്. ശബരിമലയിൽ പുരോഗമന പക്ഷത്തോടൊപ്പം നിലകൊണ്ടിരുന്ന ചില സ്ത്രീകൾ മറുപക്ഷത്തേക്ക് ചുവടുവയ്ക്കുക, ആർഎസ്എസ് തങ്ങളുടെ കേരളത്തിലെ ഗുണ്ടാ പടയ്ക്ക് അനുയോജ്യമായ ഒരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് ശബരിമല വിഷയത്തിൽ നിന്നും വ്യത്യസ്തമായി മീശക്കാര്യത്തിൽ പുതുമയുള്ളത്. ശബരിമല വിഷയത്തിൽ ആർഎസ്എസിന് ആട്ടിൻതോൽ അണിയേണ്ടി വന്ന പങ്കപ്പാട് ഉണ്ടായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ അങ്ങനെ ഒരു വേഷംകെട്ടൽ ആവശ്യമായി വരുന്നില്ല എന്നത് അവരെ സംബന്ധിച്ച് ആശ്വാസദായകം ആയിരിക്കാം. എന്നാൽ പൊതുവിൽ പുരോഗമന നിലപാടുള്ള സ്ത്രീപക്ഷം സ്വീകരിച്ച, പലരും ഞെട്ടുകയും ഒരു ജഗതി കഥാപാത്രം പറഞ്ഞതുപോലെ, ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നമട്ടിൽ ഏറ്റുപിടിക്കുകയും ചെയ്തിരിക്കുന്നു. ഹൈന്ദവ വിശ്വാസികൾ എന്ന് സ്വയം വിളിക്കുമ്പോഴും വിക്ടോറിയൻ ലൈംഗികതയുടെ പാപ ബോധങ്ങൾ തലച്ചുമടായി കൊണ്ടുനടക്കുകയാണ് പാവങ്ങൾ.

സത്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഇവിടെ ചർച്ചചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പതിവുപോലെ അത് പല മതങ്ങൾ പല അവസരങ്ങളിൽ എടുക്കുന്ന ഇരട്ടത്താപ്പുകൾക്ക് മറുപടി പറയുവാൻ എനിക്ക് ഒരു ബാധ്യതയുമില്ല എന്നു കരുതുന്നതു കൊണ്ടാണ്. മതങ്ങൾ മാത്രമല്ല ഒരുപക്ഷേ പുരോഗമന രാഷ്ട്രീയപാർട്ടികൾ പോലും ഇത്തരം ആവിഷ്കാരങ്ങളെ ധനാത്മകമായ വിമർശനബുദ്ധിയോടെ സമീപിച്ചിട്ടില്ല എന്ന് ഖേദത്തോടെ പറയുവാൻ കഴിയും.

ഒരു സാഹിത്യസൃഷ്ടിയിൽ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഏതു വിധമാകണം എന്നതുപോലും ബാഹ്യശക്തികളുടെ അനുമതി പത്രങ്ങൾക്ക് വിധേയമാകണം എന്നത് ഖേദകരമാണ്. ഓരോ കഥാപാത്രങ്ങളെയും ഓരോ സവിശേഷതകൾ കൽപ്പിച്ചാണ് കഥാകാരൻ മെനഞ്ഞെടുക്കുന്നത്. വാ തുറന്നാൽ അസഭ്യം പറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അദ്ദേഹം തെറി പറയരുത് പകരം വേണമെങ്കിൽ ഹരിനാമകീർത്തനം പറഞ്ഞുകൊള്ളട്ടെ എന്ന് കാര്യാലയത്തിൽനിന്ന് നിർദ്ദേശിച്ചാൽ ബാക്കി കഥ കൂടി നിങ്ങൾ എഴുതൂ എന്നു പറയുവാൻ മാത്രമേ പാവം കഥാകാരന് കഴിയൂ.

അതേസമയം തന്നെ പാത്രസൃഷ്ടിയുടെ സ്വാതന്ത്ര്യങ്ങളിൽ പരമാവധി ഇടപെട്ട ഒരു സാഹിത്യചരിത്രമാണ് ഭാരതത്തിന് ഉള്ളത് എന്ന് ഈ അവസരത്തിൽ ഹിന്ദുത്വവാദികളെ (പോത്തിനെന്ത് ഏത്തവാഴ) വിനീതമായി ഓർമിപ്പിക്കുകയാണ്. കഥകളുടെ മാത്രമല്ല, കഥാഖ്യാന ശൈലികളുടെ കൂടി അക്ഷയഖനിയായ മഹാഭാരതം നോക്കൂ. അതിൽ ഒരു സ്ത്രീ ഒരു അപരിചിതനുമായി വെള്ളത്തിൽ വച്ച് ലൈംഗികവേഴ്ച നടത്തുന്നതുകൊണ്ടാണ് കഥയും കഥാകാരനും ആരംഭിക്കുന്നതുതന്നെ.

മാത്രമല്ല, കഥ ഒരുഘട്ടത്തിൽ നിന്നു പോകുമ്പോൾ കഥാകാരൻ തന്നെ മൂന്ന് സ്ത്രീകളെ, അതെ മൂന്ന് കുലസ്ത്രീകളെ പ്രാപിച്ചാണ് കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. മറ്റൊരവസരത്തിൽ ഒരു ഒരു കഥാപാത്രത്തിന് ലൈംഗികശേഷി നഷ്ടപ്പെടുന്ന അവസരത്തിൽ കഥ വീണ്ടും നിന്നുപോകുന്നു. കഥാകാരൻ ആ കഥാപാത്രത്തെയും ഭാര്യമാരെയും സൗകര്യത്തിന് കാട്ടിൽ വിട്ട് കുട്ടികളെ ജനിപ്പിക്കുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കുന്നു.

മറ്റൊരവസരത്തിൽ കഥയിലെ നായികയെ അവൾ രജസ്വലയായ സന്ദർഭത്തിൽ രാജസഭയിൽ കൊണ്ടുവന്ന് വസ്ത്രാക്ഷേപം നടത്തുന്നുണ്ട്. ആ സ്ത്രീയെ രാജകുമാരൻ തൻറെ തുടയിൽ ഇരിക്കുവാൻ ക്ഷണിക്കുന്നുണ്ട്. ഈ വിധത്തിലുള്ള കഥാസന്ദർഭങ്ങൾ കേട്ടും വായിച്ചും വളർന്ന ഒരു സാഹിത്യ പ്രപഞ്ചത്തിൽ കേവലം രണ്ട് കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകൾ എങ്ങനെ അസ്വീകാര്യമാകുന്നു എന്നത് മാത്രമാണ് അത്ഭുതം. ഏതായാലും ഈ കൂട്ടർ ഗീതഗോവിന്ദം ഒന്നും വായിക്കാതെ ഇരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ ദീപാരാധനയ്ക്ക് അഷ്ടപദി വായിക്കുന്ന പാവത്തിന്റെ കാര്യം കഷ്ടാൽ കഷ്ടമാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-sabarimala-ayyappa-sasthavu-temle-controversy/

https://www.azhimukham.com/women-onwards-to-sabari-mala-protest-menstruation-gender-discrimination-charmi-harikrishnan-azhimukham/

https://www.azhimukham.com/sabarimala-pilgrimage-entry-for-women-supreme-court-comment-controversy-vishak-sankar/

https://www.azhimukham.com/india-sabarimala-women-entry-case/


Next Story

Related Stories