TopTop
Begin typing your search above and press return to search.

ആര്‍ത്തവ കാലത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്ന് സ്ത്രീകള്‍ കരുതുന്നുണ്ടെങ്കില്‍ അതിനോട് നോ പറയാന്‍ കഴിയില്ല; മഹിളാ മോര്‍ച്ചാ നേതാവ് അഡ്വ. ഒ.എം ശാലീന

ആര്‍ത്തവ കാലത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്ന് സ്ത്രീകള്‍ കരുതുന്നുണ്ടെങ്കില്‍ അതിനോട് നോ പറയാന്‍ കഴിയില്ല;  മഹിളാ മോര്‍ച്ചാ നേതാവ് അഡ്വ. ഒ.എം ശാലീന

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് വാദിക്കുന്നവര്‍ പ്രധാനമായും ഉയര്‍ത്തുന്ന വാദമാണ് സ്ത്രീകളുടെ ആര്‍ത്തവം. ആര്‍ത്തവം ജൈവിക പ്രക്രിയയാണെന്ന മറുവാദത്തെ ആചാരാനുഷ്ഠാനമായും കൂട്ടിവായിക്കുന്നുണ്ട് ഇവര്‍.

"ആര്‍ത്തവത്തെ ഞാന്‍ അശുദ്ധമായാണ് കാണുന്നത്. ആര്‍ത്തവത്തെ അശുദ്ധമായി കാണുന്നത് അനുഷ്ഠിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗമായാണ്. വിയര്‍പ്പ്, മലമൂത്രം എന്നിവയെ പോലെ തന്നെയല്ലേ ആര്‍ത്തവം എന്ന് ചോദിച്ചാല്‍, വിയര്‍പ്പും മലമൂത്രവും നമ്മുടെ ആചാരത്തിന്റെ ഭാഗമായി കരുതുന്നില്ലല്ലോ എന്നാണ് പറയാനുള്ളത്. ശബരിമലയില്‍ തന്നെ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ശൗചാലയങ്ങള്‍ ഇല്ല. അവിടേക്ക് പോകുന്ന വഴികളിലാണ് മനുഷ്യവിസര്‍ജ്യമടക്കമുള്ളവ വന്ന് കിടക്കുന്നത്. അങ്ങനെ ഒരുപാട് ഉത്തരം കിട്ടാത്ത വിഷയങ്ങള്‍ അവിടെയുണ്ട്. അപ്പോഴും ആര്‍ത്തവസമയത്ത് അമ്പലങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് വലിയൊരു വിഭാഗം സ്ത്രീകള്‍ സമൂഹത്തില്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അതിനോട് നോ പറയാന്‍ കഴിയില്ല. ഇവിടെയൊരു ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കേണ്ടതുണ്ടായിരുന്നു. സുപ്രീം കോടതി വിധി വന്നാലും ഒരുപക്ഷേ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല." സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന മഹിളാ മോര്‍ച്ചാ നേതാവ് അഡ്വക്കേറ്റ് ഒ.എം ശാലീന അഭിപ്രായപ്പെട്ടു.

"അഭിഭാഷക എന്ന നിലയില്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. പക്ഷേ വിധി നിര്‍ഭാഗ്യകരമായിയെന്നാണ് എനിക്ക് പറയാനുള്ളത്. വളരെ തീവ്രമായുള്ള ഭക്തരുടെ വാദങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് റെഡി ടു വെയിറ്റ് എന്ന ക്യാംപെയ്‌നൊക്കെയുണ്ടായത്. ഇത്രയും തീവ്രമായുള്ള വിഷയങ്ങളില്‍ സുപ്രീം കോടതി ഇടപെടരുതായിരുന്നുവെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനൊരു പ്രത്യേക ജഡ്ജ്‌മെന്റ് എഴുതിയിട്ടുണ്ട്. ഈ ഒരു വിഷയം പരിഗണിച്ച വിഷയത്തിലെ ഏക വനിതാ അംഗം സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ ഇടപെടേണ്ട എന്ന് പറഞ്ഞതിന്റെ കാരണങ്ങളെ നാം പരിശോധിക്കേണ്ടതുണ്ട്. ആ കാരണങ്ങള്‍ക്ക് അതിന്റെതായിട്ടുള്ള മാനദണ്ഡങ്ങളുമുണ്ട്. വിശ്വാസങ്ങളും കീഴ്‌വഴക്കങ്ങളും അങ്ങനെ തന്നെ പോകട്ടെ എന്ന് വിടാമായിരുന്നു. കാരണം അഡ്വക്കേറ്റ് പരാശരന്‍ ശബരിമലയിലെ ദേവതാസങ്കല്പങ്ങള്‍ എന്നൊക്കെ കോടതിയെ ധരിപ്പിച്ചതാണ്. അത് കൂടാതെ പരാതിക്കാരായി വന്ന അഞ്ച് അഭിഭാഷകരില്‍ മൂന്ന് പേരും വാദത്തിന്റെ അവസാനത്തെ ഭാഗത്ത് 2006ല്‍ ജയമാല എന്ന അഭിനേത്രി അവിടെ കയറിയതിന് ശേഷം അവിടെ അശുദ്ധിയായി എന്ന് പറഞ്ഞ് ക്ഷേത്രം ശുദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് എതിരെ വിവേചനം എന്ന് തെറ്റിദ്ധരിച്ചാണ് പരാതി കൊടുക്കാന്‍ തയാറായതെന്നും ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങളെക്കുറിച്ച് വിശദമായ കാര്യങ്ങള്‍ അറിയില്ലായിരുന്നുവെന്നും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. പക്ഷേ സുപ്രീം കോടതി വിധി പറയാന്‍ മുമ്പോട്ട് പോകുകയാണ് ചെയ്തത്.

ശബരിമലയില്‍ നടക്കുന്നത് ലിംഗവിവേചനമെന്ന് പറയാന്‍ പറ്റില്ല. പത്ത് വയസു മുതല്‍ ആര്‍ത്തവ വിരാമം വരെയുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം ഇല്ലാതിരുന്നത്. അതൊരു എക്‌സ്‌ക്ലൂഷനെന്നേ പറയാന്‍ പറ്റൂ. ആ വിഷയങ്ങളൊക്കെ കോടതി പരിഗണിക്കണമായിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞ കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം ഈയൊരു കാര്യത്തില്‍ രമ്യമായുള്ള പരിഹാരം കാണാന്‍ ഒരുപക്ഷേ ശബരിമല ദേവസ്വംബോര്‍ഡിന് സാധിക്കണമെന്ന് തന്നെയാണ് കരുതുന്നത്. കേരളത്തില്‍ തന്നെയുള്ള ഒരു രാജരാജേശ്വരി ക്ഷേത്രത്തില്‍ ചില ദിവസങ്ങളില്‍ മാത്രമേ സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ കയറ്റുകയുള്ളൂ. മുസ്ലീം പള്ളികളില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പറ്റില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ സ്ത്രീകള്‍ മാത്രം തലയില്‍ ഷാള്‍ ഇട്ട് വേണം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുളളൂ. അപ്പോള്‍ ഓരോ ആചാരങ്ങള്‍ക്കും അതിന്റേതായ മാന്യതയുണ്ട്. ആ മാന്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ പോകാന്‍ സാധിക്കുകയുള്ളൂ. ആര്‍ട്ടിക്കിള്‍ 26 ബിയില്‍ മതപരമായ കാര്യങ്ങള്‍ക്ക് മതാചാര്യന്‍മാരുടെ തീരുമാനങ്ങള്‍ അനുസരിച്ചാണ് പോകേണ്ടതെന്നാണ് ഉള്ളത്. മതപരമായ കാര്യങ്ങളില്‍ സുപ്രീം കോടതി വിധി പറയരുതെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറയുന്നത്. അവരുടെ നിലപാടിനെ അനുകൂലിക്കുന്നു. വൈകാരികപരമായ വിഷയമുണ്ട് ഈ കേസില്‍ അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി നിരാശജനകമാണ്.

ഹിന്ദുമതം അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പുണ്യം കിട്ടൂവെന്ന് പറയുന്നില്ല. ദൈവത്തിനെ വിശ്വസിക്കുക എന്ന് പറയുമ്പോള്‍ ആചാരനുഷ്ഠാനങ്ങളെ എല്ലാം ചേര്‍ന്നാണ് വിശ്വസിക്കുന്നത്. അങ്ങനെയാണ് വിശ്വാസത്തെ ഞാന്‍ മനസിലാക്കുന്നത്. എല്ലാവര്‍ക്കും അങ്ങനെയാകണമെന്ന് നിര്‍ബന്ധമില്ല.

(അഴിമുഖം പ്രതിനിധി ആരതി മഹിളാ മോര്‍ച്ച നേതാവ് അഡ്വ. ഒ എം ശാലീനയുമായി സംസാരിച്ച് തയ്യാറാക്കിയത്)

https://www.azhimukham.com/trending-pgeetha-criticise-indumalhothra-in-sabarimala-temple-verdict/

https://www.azhimukham.com/trending-will-give-sabaraimala-priestship-to-woman-asks-jdevika/


Next Story

Related Stories