TopTop

ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍

ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പ്രതിഷേധ പരിപാടികളില്‍ രാഹുല്‍ ഈശ്വര്‍, പ്രതീഷ് വിശ്വനാഥ് എന്നിവരെ ഒപ്പം നിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് ശബരിമല കര്‍മസമിതി. ഇവരുടെ പ്രവര്‍ത്തികളിലുള്ള കടുത്ത അമര്‍ഷമാണ് കാരണം. ആര്‍എസ്എസ്, ബിജെപി, ഹിന്ദു ഐക്യവേദി, അയ്യപ്പസേവ സമാജം, ക്ഷേത്രാചര സംരക്ഷണ സമിതികള്‍ എന്നിവര്‍ക്കെല്ലാം രാഹുലിന്റെ ഇതുവരെയുള്ള ചെയ്തികളോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. സുപ്രീം കോടതി സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ച് തങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ ഉത്തരവോ നിര്‍ദേശങ്ങളോ പുറപ്പെടുവിക്കുന്നില്ലെങ്കില്‍ മണ്ഡലകാല ആരംഭത്തോടെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാനാണ് കര്‍മസമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി താഴെത്തട്ടിലേക്ക് ഇറങ്ങി കൂടുതല്‍ ഹിന്ദുമതാനുയായികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള പദ്ധതികളും ഇവര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്; ഇതിനൊപ്പം വിവിധ സമുദായസംഘടന നേതാക്കളെയും ഒപ്പം കൂട്ടാന്‍ കര്‍മസമിതി നേതൃത്വം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതിലൊന്നും രാഹുല്‍ ഈശ്വറിനെയോ പ്രതീഷ് വിശ്വനാഥിനെയോ പങ്കാളികളാക്കാന്‍ ഉദ്ദേശമില്ലെന്നും അവര്‍ പറയുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളാണ്‌ രാഹുല്‍ ഈശ്വര്‍. ആദ്യഘട്ടത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങളുടെ ഫലമായി വിശ്വാസി സമരത്തിന് ഒരു സംഘടിത സ്വഭാവമോ നേതൃത്വമോ ഉണ്ടായിരുന്നില്ല. ഈ അവസരം പ്രയോജനപ്പെടുത്തിയത് രാഹുലാണ്. താനാണ് ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതെന്ന ധാരണ പരത്താന്‍ ഇതുവഴി രാഹുലിന് സാധിച്ചു. എന്നാല്‍ അയ്യപ്പ സേവ സമാജം, കേരള ക്ഷേത്രാചര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകളും എന്‍എസ്എസ്സും പ്രതിഷേധങ്ങളുടെ നേതൃത്വ നിരയിലേക്ക് വരികയും ഇവരുടെ സമ്മര്‍ദ്ദവും, കരുതിയതിനേക്കാള്‍ വലിയ തോതില്‍ വിശ്വാസി സമൂഹം രംഗത്തു വരുന്നത് കണ്ടുള്ള തിരിച്ചറിവും ആര്‍എസ്എസ്സിനെയും ബിജെപിയെയും കൂടി ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതോടെ നേതൃത്വനിരയില്‍ അതുവരെ ഉണ്ടായിരുന്ന രാഹുല്‍ ഈശ്വര്‍ പിന്തള്ളപ്പെട്ടു. ആദ്യദിനങ്ങളില്‍ മാധ്യമങ്ങളില്‍ ശബരിമല പ്രതിഷേധങ്ങളുടെ നേതാവ് രാഹുല്‍ ഈശ്വര്‍ മാത്രമായിരുന്നു. എല്ലാ ചര്‍ച്ചകളിലും അയാള്‍ തന്നെയായിരുന്നു താരം. തുടക്കത്തില്‍ ബിജെപിയും ആര്‍എസ്എസും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടിലായിരുന്നു. നാമജപ സമരജാഥകളില്‍ ഇരുകൂട്ടരും പ്രത്യക്ഷത്തില്‍ പങ്കാളികളായിരുന്നില്ല. അയ്യപ്പ സേവാസമാജം, എന്‍എസ്എസ് എന്നിവര്‍ സജീവമായി പങ്കാളികളായെങ്കിലും നേതൃത്വ ചരട് സ്വന്തമാക്കാന്‍  രാഹുലിന് കഴിഞ്ഞു. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ പമ്പയിലും നിലയ്ക്കലിലും സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു നിന്നത് രാഹുല്‍ തന്നെയായിരുന്നു. തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തേയും സമരത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതും രാഹുലിന്റെ വിജയമായിരുന്നു. നിലയ്ക്കലും പമ്പയിലും അക്രമം ഉണ്ടായ സമയത്ത് പോലീസും ജില്ല ഭരണകൂടവും സമരത്തിന്റെ നേതാവായികണക്കാക്കിയതും രാഹുലിനെ ആയിരുന്നു.

എന്നാല്‍ ഒക്ടോബര്‍ നാലോടെ അയ്യപ്പസേവ സമാജത്തിന്റെ നേതൃത്വത്തില്‍ ശബരിമല പ്രതിഷേധങ്ങള്‍ ഏറ്റെടുക്കാന്‍ ഹൈന്ദവ സംഘടനകള്‍ സജ്ജമാവുകയും ആര്‍എസ്എസ് ഇതിന് പരോക്ഷ പിന്തുണ അറിയിക്കുകയും ബിജെപി നേതൃത്വത്തിലേക്ക് വന്നില്ലെങ്കിലും ഒപ്പം നില്‍ക്കാന്‍ തയ്യാറാവുകയും ചെയ്തതോടെ സമരത്തിന്റെ രീതി മാറി. സമരത്തിന്റെ മൊത്തം നേതൃത്വം ശബരിമല കര്‍മസമിതി ഏറ്റെടുക്കുകയായിരുന്നു. ശബരിമല കര്‍മ സമിതിയുടെ മേല്‍വിലാസം തന്നെ തുടര്‍ദിവസങ്ങളില്‍ രാഹുലും ഉപയോഗിച്ചെങ്കിലും അതുവരെ നിലനിര്‍ത്തിയിരുന്ന നേതൃത്വസ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് തനിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്ന പരിപാടികളിലേക്ക് രാഹുല്‍ തിരിഞ്ഞതെന്നാണ് കര്‍മസമിതിക്കുള്ളില്‍ തന്നെയുള്ള വിമര്‍ശനം. നിലയ്ക്കലും പമ്പയിലും നടന്ന അക്രമങ്ങള്‍ക്കും സന്നിധാനം വരെ എത്തിയ പ്രതിഷേധങ്ങള്‍ക്കും ഉത്തരവാദി രാഹുല്‍ ഈശ്വറാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. സന്നിധാനത്ത് പദ്മവ്യൂഹം ഉണ്ടാക്കിയത്, രക്തം വീഴ്ത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഇക്കാര്യങ്ങളിലൊക്കെ ബിജെപി-ആര്‍എസ്എസ് നേതൃത്വം പരസ്യമായി രാഹുലിനെ തള്ളിപ്പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ മാത്രമല്ല, അതിനും മുമ്പ് തന്നെ ഹിന്ദു സമൂഹ- ഹിന്ദുത്വ പരിപാടികളുടെ നേതൃത്വം രാഹുല്‍ ഈശ്വര്‍ ഏറ്റെടുക്കുന്നതിലും സംഘത്തിനും മറ്റും ഹൈന്ദവ സംഘടനകള്‍ക്കും ബിജെപിക്കും വിയോജിപ്പായിരുന്നു. രാഹുലിനെ ഒരുഘട്ടത്തിലും അംഗീകരിക്കാനും ഇവരാരും തയ്യാറായിരുന്നില്ല. ശബരിമല വിഷയത്തില്‍ തന്നെ തെരുവുകളില്‍ പ്രതിഷേധം ആരംഭിക്കുമെന്നു രാഹുല്‍ പറഞ്ഞതിനെ അപ്പോള്‍ തന്നെ ആര്‍എസ്എസ് വിമര്‍ശിച്ചിരുന്നു. രാഹുലിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് സംഘം സംസ്ഥാന കാര്യവാഹക് തന്നെ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുമെന്നു രാഹുല്‍ പറഞ്ഞ ഒരു പരിപാടികളെയും സംഘം അനുകൂലിക്കുകയില്ലെന്നും സംസ്ഥാന കാര്യവാഹക് പറഞ്ഞതാണ്: "
അക്രമസമരത്തിന് ആഹ്വാനം ചെയ്യുക, വിധി പറഞ്ഞ കോടതിയെ വെല്ലുവിളിക്കുക തുടങ്ങിയ സമീപനത്തോടും അതിനു പ്രേരണ നല്‍കുന്നവരോടും സംഘത്തിന് യോജിക്കാന്‍ കഴിയില്ല. ഈ വിധി വന്നതിനുശേഷം അക്രമോത്സുകമായി പ്രസ്താവനകള്‍ നടത്തുകയോ പ്രതിഷേധങ്ങള്‍ നടത്തുകയോ ചെയ്തവരാരും തന്നെ സംഘത്തിന്റെ പ്രതിനിധികളല്ല. അവസരം കിട്ടിയപ്പോള്‍ തങ്ങളാണ് കേമന്മാര്‍ എന്നു കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അവരൊക്കെ എത്രത്തോളം കേമന്മാര്‍ ആണെന്നതും സംഘത്തിന് അറിയാം. നാളെ ശബരിമലയുടെ പേരില്‍ എന്തെങ്കിലും അക്രമം നടന്നാല്‍ മാധ്യമങ്ങള്‍ അടക്കം അതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കും",
 ഇതായിരുന്നു സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളുടെ മുന്നൊരുക്ക സമയത്ത് ആര്‍എസ്എസ് സംസ്ഥാന കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞ കാര്യം. രാഹുല്‍ ഈശ്വറിനെ സംഘം ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന കാര്യവും ഗോപാലന്‍കുട്ടി മാഷ് വ്യക്തമാക്കിയിരുന്നു. "രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിക്ക് സംഘവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും സംഘം അംഗീകരിക്കുന്നുമില്ല. രാഹുല്‍ ഈശ്വര്‍ ഒരു ആക്ടിവിസ്റ്റാണ്. അദ്ദേഹത്തിന്റെ പിന്നില്‍ ഒരാളും ഇല്ല. ആരും ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തിന് എന്തും പറയാം. അദ്ദേഹം പറയുന്നതൊന്നും അതുപോലെ നടക്കാറുമില്ല. രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ പറയുന്നതിലോ ചെയ്യുന്നതിലോ സംഘത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല, ഉത്തരവാദിത്വം ആരും അടിച്ചേല്‍പ്പിക്കുകയുമരുത്. ശബരിമല വിഷയത്തില്‍ എന്താണോ ചെയ്യേണ്ടത്, അത് ചെയ്യാന്‍ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, സംഘത്തിന്റെ ഉത്തരവാദിത്വപ്പെട്ട സംഘടനകളുണ്ട്. അവരത് ചെയ്യും"
.

ഇതേ കാഴ്ച്ചപ്പാട് തന്നെയാണ് ശബരിമലയിലെ ആദ്യഘട്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹിന്ദു ഐക്യവേദിക്കും അയ്യമ്മ സേവ സമാജത്തിനുമൊക്കെയുള്ളത്. ചില വ്യക്തികളുടെ പ്രവര്‍ത്തികള്‍ വിശ്വാസികള്‍ക്ക് മൊത്തത്തില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സന്നിധാനത്ത് രക്തം വീഴ്ത്താനൊക്കെ പദ്ധതിയിട്ടിരുന്നവര്‍ തങ്ങളുടെ കൂടെയുള്ളവരല്ലെന്നുമാണ് രാഹുലിനെ പരാമര്‍ശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞത്. ഇത്തരക്കാരില്‍ നിന്നും ഇതിനു മുമ്പും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ ഇവര്‍ അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ടാണോ ചെയ്യുന്നതെന്നതില്‍ സംശയം ഉണ്ടെന്നും ശശികല കുറ്റപ്പെടുത്തിയിരുന്നു. "
കേരളത്തില്‍ ഒന്നരക്കോടിയോളം ജനങ്ങള്‍ ശബരിമലയ്ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയത് ഭീഷണികള്‍ മുഴക്കിയൊന്നുമല്ല, നാമം ജപിച്ചാണ്. ആരും നേതൃത്വം കൊടുത്തിട്ടുമല്ലായിരുന്നു അവര്‍ ഇറങ്ങിയത്. എന്നാല്‍ ഈ വിശ്വാസികളുടെ കൂടെയുള്ളവരില്‍ ചിലര്‍ക്ക് ഗൂഢോദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ഇതിന്റെ നേതൃത്വം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സമരം കൊണ്ട് പേരെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അതാരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. പേരെടുത്ത് പറയുന്നില്ല. ഞങ്ങള്‍ക്ക് അവരോട് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല. പക്ഷേ, അവരുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. പന്തളം കൊട്ടാരത്തെ മുന്‍നിര്‍ത്തി കളിച്ചു. പക്ഷേ, അവരുടെ കൈകളില്‍ നിന്നും നേതൃത്വം നഷ്ടപ്പെട്ടു. നേതൃത്വത്തില്‍ അവരുടെ പങ്കും വളരെ കുറവായിരുന്നു. അതിന്റെയൊക്കെ ബാക്കിയാണ് സന്നിധാനത്ത് നമ്മള്‍ കണ്ടത്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതൊക്കെ കണ്ടതാണല്ലോ. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആരെയും ഇനി അനുവദിക്കില്ല. ഇത് യഥാര്‍ത്ഥവിശ്വാസികളുടെ പോരാട്ടമാണ്. ആ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും";
അവര്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഇനിയുണ്ടാകുന്ന പ്രതിഷേധങ്ങളെല്ലാം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ആയിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കെ, അവര്‍ക്ക് താത്പര്യമില്ലാത്ത ഒരാള്‍ എന്ന നിലയ്ക്ക് രാഹുല്‍ ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയ പ്രസക്തി ഇനിയുണ്ടാവില്ലെന്നു തന്നെയാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. തന്നെ പൊലീസ് അറസ്റ്റ് ചെയ്തതും ജയില്‍വാസം അനുഭവിച്ചതുമെല്ലാം ശബരിമലയ്ക്കു വേണ്ടിയാണെന്ന ധാരണ പടര്‍ത്തി അതുവഴി സഹതാപ തരംഗവും തന്റെ നേതൃത്വത്തിന് അംഗീകാരവും നേടിയെടുക്കാന്‍ രാഹുലിന് പദ്ധതിയുണ്ടായിരുന്നെങ്കിലും ജയില്‍ മോചിതനായി വന്നശേഷം നടത്തിയ മാധ്യമസമ്മേളനത്തില്‍ തങ്ങള്‍ക്ക് സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പ്ലാന്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ രീതിയില്‍ തിരിച്ചടിയായി മാറി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് പദ്ധതിയിട്ടവര്‍ തങ്ങളുടെ കൂടെയുള്ളവരല്ലെന്നു കര്‍മ സമിതി പറയുന്നതും രാഹുലിന് ഇനി തന്റെ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഏറെ പ്രയാസകരമായിരിക്കും എന്നതാണ് കാണിക്കുന്നത്. രാഹുലിനെ പോലുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വിശ്വാസി സമൂഹത്തെ മൊത്തമായി ബാധിക്കുകയാണെന്നും ഇനിയതിനുള്ള സാഹചര്യം സൃഷ്ടിക്കില്ലെന്നും കര്‍മ സമിതി നേതാക്കള്‍ പറയുന്നുണ്ട്. പന്തളം രാജ കുടുംബത്തിന്റെയും താഴ്മണ്‍ തന്ത്രി കുടുംബത്തിന്റെയും പിന്തുണയും നേടിയായിരുന്നു രാഹുല്‍ ആദ്യഘട്ടം തന്റെ സ്വന്തമാക്കിയതെങ്കില്‍ തന്ത്രി കുടുംബവും രാജകുടുംബവും ഇനി പ്രത്യക്ഷ സമരങ്ങളുടെ ഭാഗമാകില്ലെന്ന സാഹചര്യവും രാഹുലിന് തിരിച്ചടിയാകും.  ഇതൊക്കെയാണ് സാഹചര്യമെന്നിരിക്കെ തന്നെ രാഹുല്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനങ്ങള്‍ നടത്തുകയും തന്റെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടുന്ന പ്രസ്താവനകളും പ്രവര്‍ത്തികളും തുടരുന്നുമുണ്ട്. അത് അത്രകണ്ട് വിജയിക്കില്ലെന്നാണ് പ്രതിഷേധ മുന്നണിയില്‍ തന്നെ ഉള്ളവര്‍ പറയുന്നതെന്നു മാത്രം.

രാഹുലിന്റെ ഇതേ അവസ്ഥയിലേക്കാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥനും വീണിരിക്കുന്നത്.  ഡല്‍ഹി കേരള ഹൌസിലെ ക്യാന്റീനില്‍ ബീഫ് വിളമ്പുന്നു എന്നാരോപിച്ച് വിവിധ ഹിന്ദുത്വ സംഘടനകളെ ഉപയോഗിച്ച് അവിടെ ആക്രമണം നടത്താന്‍ തുനിഞ്ഞതിന് നേതൃത്വം കൊടുത്തയാളാണ് പ്രതീഷ്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. തീവ്രഹിന്ദുത്വ നിലപാടുകളും പ്രസ്താവനകളുമായി ഹൈന്ദവ സമൂഹത്തിന്റെ ഇടയില്‍ സ്ഥാനം നേടാന്‍ ശ്രമം നടത്തുന്നയാളാണ് പ്രതീഷും. ശബരിമലയില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്തവരില്‍ ഒരാളുമാണ് ഇയാള്‍. അതേസമയം, ശബരിമല വിഷയത്തില്‍  രാഹുലിനെ പോലെ തന്നെ പ്രതീഷിനെയും ഒപ്പം ചേര്‍ക്കാതെ മാറ്റി നിര്‍ത്താനാണ് മറ്റ് സംഘടനകള്‍ ശ്രദ്ധിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിലേക്ക് വിശ്വഹിന്ദു പരിഷത്ത് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ എത്തിക്കാനുള്ള പ്രതീഷിന്റെ നീക്കവും അയാള്‍ക്ക് തന്നെ തിരിച്ചടിയായിരുന്നു. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കണ്ണിലെ കരടായി മാറിയിരിക്കുന്ന തൊഗാഡിയയ്ക്ക് ശബരിമല വിഷയത്തില്‍ ഇടം കിട്ടുന്നത് സംഘമോ ബിജെപിയോ ഒട്ടും തന്നെ ആഗ്രഹിക്കാത്ത കാര്യമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന ലോംഗ് മാര്‍ച്ചില്‍ ഹിന്ദു ഹെല്‍പ്പ് ലൈനും പങ്കാളിയായിരുന്നു. തൊഗാഡിയുടെ നേതൃത്വത്തിലുള്ള അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തി (എഎച്ച്പി) ന്റെ കേരളത്തിലേയും ഹിന്ദു ഹെല്‍പ് ലൈനിന്റെയും നേതാവായ പ്രതീഷ് വിശ്വനാഥന്‍ ലോങ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു. അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തേ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് തൊഗാഡിയ. വിശ്വഹിന്ദു പരിഷത്തില്‍ നിന്നും പുറത്തായ തൊഗാഡിയ കഴിഞ്ഞ ജനുവരി മാസത്തിലാണ് അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്ത് സ്ഥാപിച്ചത്. തൊഗാഡിയായുടെ സാന്നിധ്യം ഉപയോഗിച്ച് ശബരിമല വിഷയത്തില്‍ നേടാന്‍ കണക്കുക്കൂട്ടിയിരുന്ന സ്ഥാനവും പ്രതീഷിന് ലഭിച്ചില്ല. എല്ലാ ഹൈന്ദവ സംഘടനകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട പ്രതീഷ് വിശ്വനാഥന്‍ കൂടുതല്‍ സംഘടനകള്‍ തങ്ങള്‍ക്കൊപ്പം ചേരുന്നുണ്ടെന്നും പറഞ്ഞിരുന്നു. പക്ഷേ, അയാള്‍ ശബരിമല പ്രതിഷേധത്തില്‍ അപ്രസക്തനായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതിനു കാരണം സംഘം അടക്കമുള്ള സംഘടനകളുടെ പിന്തുണ കിട്ടാതെ പോയതാണ്. പ്രതീഷിനെ പോലുള്ളവരുടെ സാന്നിധ്യം തങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് മറ്റുള്ളവര്‍ പറയുന്നതെങ്കിലും പ്രതീഷോ, രാഹുലോ ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ സ്ഥാനം നേടിയെടുത്താല്‍ അത് തങ്ങള്‍ക്ക് ക്ഷീണമാകുമെന്ന ഭയവും അവരിരുവരെയും അകറ്റി നിര്‍ത്തുന്നതിനു കാരണമാകുന്നുണ്ട്. പ്രതീഷിന്റെയോ രാഹുലിന്റെയോ അറസ്റ്റില്‍ കാര്യമായ ഒരു പ്രതികരണവും കര്‍മ സമിതിയില്‍ നിന്നോ സംഘപരിവാര്‍ നേതാക്കളില്‍ നിന്നോ ഉണ്ടാകാതിരുന്നതും സൂചിപ്പിക്കുന്നത് അതാണ്; ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ബിജെപി സംസ്ഥാന പ്രസിഡന്റ്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ്.

ഹിന്ദു സമുദായങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള സുവര്‍ണാവസരമായി ശബരിമലയെ കാണുന്ന സംഘപരിവാര്‍ നേതൃത്വവും 'തന്ത്രി കുടുംബാംഗം' എന്നവകാശപ്പെടുന്ന രാഹുല്‍ ഈശ്വറും തീവ്ര ഹിന്ദുത്വ ലൈനിന്റെ വക്താവായ പ്രതീഷ് വിശ്വനാഥനും ഉള്‍പ്പെടെയുള്ളവരും തമ്മില്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാര്യത്തില്‍ നടക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ കാണുന്നത് എന്നാണ് നിലവിലുള്ള സൂചനകള്‍ ഒക്കെയും.

https://www.azhimukham.com/pratheesh-delhi-kerala-house-beef-vhp-created-issue-police-action-controversy/

https://www.azhimukham.com/kerala-karma-samithi-explain-their-plan-to-protest-on-women-entry-in-sabarimala-report-rakesh/

https://www.azhimukham.com/kerala-who-has-organised-sabarimala-protest-against-women-entry-a-detailed-account-by-kr-dhanya/

https://www.azhimukham.com/offbeat-thazhamon-matom-and-kerala-brahmin-history-when-rahul-easwar-makes-noise-on-sabarimala/

https://www.azhimukham.com/trending-sabarimala-women-entry-protest-rahul-eswar-starts-new-plans/

https://www.azhimukham.com/newswrap-tgmohandas-rahuleswar-rebuilds-polarised-kerala-after-sabarimala-womenentry-verdict-writes-saju/

Next Story

Related Stories