TopTop

'മാന്‍ ടു മാന്‍ മാര്‍ക്കിംഗ്' കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

ശബരിമലയില്‍ പ്രായഭേദമന്യേ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പോകാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കലാപസമാനമായ അന്തരീക്ഷമായിരുന്നു ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നത്. ഇതിനിടെ നിലയ്ക്കലും പമ്പയിലും ഒക്കെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു, അവരുടെ വാഹനങ്ങളും മറ്റും തകര്‍ക്കപ്പെട്ടു. പിന്നീട് ഇതേ ഭീഷണി മാധ്യമപ്രവര്‍ത്തകര്‍ നടപ്പന്തലിലും സന്നിധാനത്തുമൊക്കെ നേരിട്ടു. ഭീഷണിയെ തുടര്‍ന്ന് ഒരു വലിയ വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ നിന്ന് പൊടുന്നനെ മടങ്ങേണ്ടിയും വന്നു. ശബരിമല വിഷയം തുടക്കം മുതല്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന അഴിമുഖം പ്രതിനിധി
കൃഷ്ണ ഗോവിന്ദ്
ആ ദിവസങ്ങളില്‍ നേരിട്ട കാര്യങ്ങളെ കുറിച്ച് എഴുതുന്നു.


ആക്രമാണോത്സുകാരായി നില്‍ക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഇടയില്‍ നിന്നിട്ടുണ്ടോ? അതും അവരില്‍ നിന്ന് വ്യത്യസ്തനായ ഒരാള്‍ എന്ന നിലയില്‍ അവര്‍ കണക്കാക്കുമ്പോള്‍... കഴിഞ്ഞ ദിവസം ഞങ്ങള്‍ ശബരിമലയില്‍ നിന്നത് അങ്ങനെയായിരുന്നു. എന്തും സംഭവിക്കാം... തങ്ങള്‍ക്ക് നേരെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ പോലും കഴിയാത്ത ഇടമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് മലയാള മാധ്യമങ്ങള്‍ സന്നിധാനത്ത് നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് (ചിലര്‍ക്ക് ഈ സാഹചര്യങ്ങള്‍ മൂലം മടങ്ങേണ്ടിയും വന്നിരുന്നു). അവിടെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ഒന്ന് പറയാന്‍ മലയിറങ്ങേണ്ടി വന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രീം കോടതി വിധി കേരളത്തിലെ ഹൈന്ദവ വിശ്വാസികളില്‍ ഒരു വിഭാഗം ആളുകളില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. അതിന്റെ ഫലമായി കേരളത്തിലെ പലയിടത്തും നാമജപ പ്രതിഷേധങ്ങളും ഉയര്‍ന്നു. പലയിടത്തും പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വിഎച്ച്പിയും ബിജെപിയും അഖില ഭാരതീയ അയ്യപ്പ സേവ സമാജവും, എന്‍എസ്എസും യോഗക്ഷേമ സഭയും തന്ത്രിസഭയും ക്ഷേത്രിയ സഭയുമൊക്കെ കൂടാതെ കേരളത്തിലെ ചെറുകിടക്കാരായ ബജ്‌രംഗ് ദളും ശിവസേനയും പെട്ടെന്ന് പൊട്ടിമുളച്ച ആചാര സംരക്ഷണ സമിതിയും രക്ഷാസമിതിയും ഒക്കെയുണ്ട്.

തുലാം ഒന്നിന് (ഒക്ടോബര്‍ 18) മാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നതിനാല്‍ പ്രതിഷേധങ്ങളും കടുത്തു. നിലയ്ക്കലില്‍ ഒരാഴ്ചയിലേറെയായി നടന്നുവന്നിരുന്ന പ്രതിഷേധ പ്രാര്‍ത്ഥനാ കൂട്ടായ്മ 17-ന് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് റിപ്പോര്‍ട്ടിംഗിനായി നിലയ്ക്കല്‍ എത്തുന്നത്.

ചെങ്ങന്നൂരിൽ നിന്ന് പമ്പ ബസ് എടുത്തപ്പോഴേ, കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവർ പറഞ്ഞു. ‘അവിടെ സ്ഥിതി പ്രശ്നമാണെന്നാണ് കേട്ടത്. ഇവിടുത്തെ സാറുമ്മാരോട് പറഞ്ഞിട്ടൊട്ട് കേൾക്കുന്നുമില്ല…
 ‘ വണ്ടിക്കകത്ത് കയറിയപ്പോൾ തന്നെ കണ്ടു കുറച്ച് അയ്യപ്പ രക്ഷകരെയൊക്കെ. ഇരുമുടിക്കെട്ടുമേന്തി കുറച്ച് പാവങ്ങളും ഉണ്ടായിരുന്നു (അയൽ സംസ്ഥാനങ്ങളില്‍ നിന്നുൾപ്പെടെ).

അയ്യപ്പ രക്ഷകരുടെ വാദങ്ങളും വീരവാദങ്ങളും ഒക്കെ കേട്ട് ഒരു വിധം വടശ്ശേരിക്കര വരെ സമാധാനത്തോടെ എത്തിയെങ്കിലും നിലയ്ക്കലിൽ നിന്ന് മടങ്ങുന്ന വണ്ടികളിൽ നിന്നുള്ള വിവരങ്ങൾ കേട്ട് യാത്രക്കാര്‍ അസ്വസ്ഥരാകാൻ തുടങ്ങി. വണ്ടിയിലുള്ള അയ്യപ്പഭക്തരുടെ രക്തം തിളച്ചു. നിലയ്ക്കലില്‍ കല്ലേറ്, സംഘർഷം, മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു… വിവരങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുവാണ്. 50 കി.മി അധികമുണ്ട് നിലയ്ക്കൽ എത്താൻ. ബൈക്കിലും കാറിലും എത്തിയ (കണ്ടാൽ ശരിക്കും ‘അയ്യപ്പ രക്ഷക്കെ’ന്ന് മനസ്സിലാവുന്ന) ആളുകൾ മടക്കി വിടാൻ ആവുന്നത് നോക്കി. ഇവരെയെല്ലാം ഒഴിവാക്കി ളാഹയിൽ എത്തിയപ്പോൾ വണ്ടി ഒതുക്കി ഇട്ടു. കിട്ടുന്ന വിവരമെല്ലാം നിലയ്ക്കലിലെ സംഘർഷത്തിന്റെ ഭീകരതയായിരുന്നു. 18 കി.മി കൂടി ഉണ്ട് നിലയ്ക്കലിലേക്ക്.

അവിടുന്ന് നിന്നേ കണ്ടിരുന്നു, കാവി മുണ്ടെടുത്ത് ‘സ്വാമി ശരണം’ എന്നെഴുതിയ തോർത്ത് കൊണ്ട് മുഖം മറച്ച് നിൽക്കുന്ന ചിലര്‍. ഫോട്ടോ എടുക്കാൻ കൂടെയുള്ളവർ സമ്മതിച്ചില്ല. അവര്‍ ചിലപ്പോൾ ബസ് ആക്രമിച്ചേക്കുമെന്ന് ഭയം. ബാക്കിയുള്ള യാത്രയിൽ കൂടെയുള്ള പല ആളുകളും ഭയന്നു. കൂട്ടത്തിൽ പറയട്ടെ അയ്യപ്പ രക്ഷകരുടെ ചൂടായ രക്തം തണുത്ത് മരവിച്ചിരിക്കുന്നത് കണ്ടു.

വരുന്ന വഴിയിലെല്ലാം ബൈക്കിലും കാറിലുമൊക്കെ ആളുകൾ വണ്ടി തടഞ്ഞ് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയായിരുന്നു- 
“അവിടെ പോലീസ് വണ്ടി അടിച്ച് തകർക്കുവാ.. കൂട്ടത്തിൽ വെറെ ആരൊക്കയോ ഉണ്ട്… കെഎസ്ആർടിസി ബസ് ഒക്കെ കല്ലെറിഞ്ഞ് നശിപ്പിക്കുവാണ്… നിങ്ങൾ അങ്ങോട്ട് പോകാതിരിക്കുവാ നല്ലത്… മലയ്ക്ക് പോകുന്ന അയ്യപ്പന്മാരെ നിങ്ങൾ ദേവസ്വം ബോർഡിന് കാണിക്ക ഇടരുത്… ക്ഷേത്രത്തിലേക്ക് എണ്ണയോ തിരിയോ മേടിച്ച് കൊടുക്ക്”
 ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ട് കുറെ അയ്യപ്പ രക്ഷക പിള്ളേർ തലങ്ങും വിലങ്ങും വണ്ടികളിൽ പായുന്നുണ്ട്.

പ്ലാപള്ളി എത്തുന്നതിന് മുമ്പ് കല്ലേറിൽ തകർന്ന ഒരു കെഎസ്ആര്‍ടിസി ബസ് കണ്ടു. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ബൈക്കിലെത്തിയ അയ്യപ്പ രക്ഷകർ ഭീകരാന്തരീക്ഷം പറഞ്ഞ് വീണ്ടും ഭയപ്പെടുത്തി. വണ്ടി മുന്നോട്ട് എടുത്തപ്പോൾ തന്നെ വലിയ ശബ്ദം കേട്ടു. ബൈക്കിൽ വന്നവർ ബസിന്റെ പുറകിലെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തതാണ്. സെക്കൻഡുകൾക്ക് ഉള്ളിൽ അവർ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. ബസിന്റെ പുറകിലിരുന്ന ആന്ധ്രാ സ്വദേശികളും അവരുടെ പത്ത് വയസ്സിൽ താഴെയുള്ള മക്കളും ഭയന്നിരിക്കുന്നത് കണ്ട് പലരും ആശ്വസിപ്പിച്ചു. വണ്ടി വീണ്ടും മുന്നോട്ട് എടുത്തപ്പോൾ മറ്റൊരു സർക്കാർ ബസ് അടിച്ച് തകർത്ത് കിടക്കുന്നു. ഇനി മുന്നോട്ട് പോകേണ്ട എന്ന് തീരുമാനിച്ച് ഡ്രൈവർ വണ്ടി നിർത്തിയപ്പോൾ തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന പത്തോളം ചെറുപ്പക്കാരായ സ്വാമിമാർ (ഇവർ ളാഹ കഴിഞ്ഞ് വഴിയിൽ നിന്ന് കയറിയവരാണ്) കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷമായിരുന്നു ഡ്രൈവറോടും കണ്ടക്ടറോടും.

എതിരെ വന്ന ബൈക്കിൽ എത്തിയ കുറച്ച് പേർ ഇവിടെ നിൽക്കേണ്ടെന്നും പോയ്ക്കൊള്ളാനും പറയുന്നുണ്ടായിരുന്നു. അവർ പറഞ്ഞ മറ്റൊരു കാര്യം സ്ത്രീകളെ കൊണ്ട് വന്ന ഒരു കെഎസ്ആർടിസി ബസിലെ ഡ്രൈവർ വണ്ടിക്കുള്ളിൽ പുരുഷന്മാർ മാത്രമേയുള്ളൂവെന്ന് കള്ളം പറഞ്ഞതിന് അവരെ അടിച്ചുവെന്നാണ്. ഏതായാലും ബസ് മുന്നോട്ട് പോകാത്തത് കൊണ്ട് നടക്കാൻ തീരുമാനിച്ചു.

നടന്ന് പ്ലാപള്ളി എത്തിയപ്പോൾ അവിടെ നിറയെ അയ്യപ്പ രക്ഷ ഗുണ്ടകളായിരുന്നു. റോഡിൽ കല്ലുകളിട്ട്, വരുന്ന വണ്ടികൾ പരിശോധിച്ചാണ് അവർ വിടുന്നത്. കഴുത്തിൽ മീഡിയ ടാഗ് കിടക്കുന്നത് കണ്ട് തടഞ്ഞ് നിർത്തി എങ്ങോട്ടാണെന്ന് ഒക്കെ ചോദിച്ച് വിരട്ടലും. രണ്ട് കി.മി കാട്ടിലൂടെയുള്ള നടത്തിന് ശേഷം ഒരു ലിഫ്റ്റ് കിട്ടി. അവരും പറഞ്ഞു കുറെ കാര്യങ്ങൾ… 
“മീഡിയാക്കാരെ ഒക്കെ തല്ലി ചതക്കുകയായിരുന്നു… മീഡിയയ്ക്ക് ഒരു തല്ല് ആവശ്യമായിരുന്നു, പക്ഷേ ഇത്രയും വേണ്ട”
.

നിലയ്ക്കൽ എത്തിയപ്പോൾ മാധ്യമ സുഹൃത്തുക്കളില്‍ നിന്നു കേട്ടു; മനോരമയുടെ വണ്ടി തകർത്തു, മീഡിയ വൺ, റിപ്പോർട്ടർ, മാതൃഭൂമി, റിപ്പബ്ലിക്ക്, NDTv എല്ലാവരെയും ആക്രമിച്ചു എന്ന്. അവിടെ എത്തിയപ്പോള്‍ കണ്ടു, റിപ്പോര്‍ട്ടര്‍ ചാനലിന്റെ വണ്ടി തകര്‍ത്തിട്ടിരിക്കുന്നത്. അവരുടെ തകര്‍ന്ന വണ്ടിയും ലോഗോയും ക്യാമറ ട്രൈപോയ്ഡും നിലയ്ക്കലെ പെട്രോള്‍ പമ്പിനു  മുന്നില്‍ കിടപ്പുണ്ടായിരുന്നു. അപ്പുറത്ത് മാറി മനോരമയുടെ വണ്ടിയും തല്ലിപ്പൊളിച്ച് ഇട്ടിരിക്കുന്നത് കണ്ടു. ഏഷ്യനെറ്റിനോടായിരുന്നു അവര്‍ക്ക് ഏറ്റവും വിരോധം. കാരണം പോലീസ് കല്ലെറിഞ്ഞതും അക്രമിച്ചതും കാണിച്ചില്ല, പോലീസിന്റെ ഭാഗത്ത് നിന്നാണ് ക്യാമറ ഫോക്കസ് ചെയ്തത് എന്നൊക്കെയായിരുന്നു. ഇതെല്ലാം പറയുന്ന ഭക്തജനങ്ങളെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന ഗുണ്ടകളെ, ഒന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ ഭാഗത്തിരുന്ന് ഇപ്പുറത്തേക്ക് ഫോക്കസ് ചെയ്തിരുന്നാല്‍ ആ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുസുരക്ഷയാണ് നിങ്ങള്‍ നല്‍കുക? പമ്പയിലെ റിപ്പോര്‍ട്ടിംഗ് കഴിഞ്ഞെത്തിയ റിപ്പോര്‍ട്ടറെ ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ തല്ലിച്ചതച്ച നിങ്ങളുടെ അരികിലേക്ക് എങ്ങനെ വരും? അല്ലെങ്കില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എന്തു ധൈര്യത്തില്‍ വന്ന് റിപ്പോര്‍ട്ട് ചെയ്യും. ഒരു പറ്റം തീവ്രചിന്താഗതിക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടം ഞങ്ങള്‍ വഴി തന്നെ പൊതുജനങ്ങളുടെ മുന്നില്‍ എത്തുമെന്ന് കണ്ടിട്ടല്ലേ നല്ലൊരു ശതമാനം വരുന്ന പാവങ്ങളായ വിശ്വാസികളെ മുന്നില്‍ നിര്‍ത്തി ഞങ്ങളിലുള്ളവരെ ആക്രമിച്ചത്?

അന്ന് രാത്രിയില്‍ നിലയ്ക്കലിലെ പെട്രോള്‍ പമ്പിന്റെ വരാന്തയില്‍ മഞ്ഞും കൊണ്ടാണ് കിടന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കരുതി തന്നെ. പിറ്റേന്ന് (ഒക്ടോബര്‍ 18) ഹര്‍ത്താലായത് കൊണ്ട് വലിയ ബഹളങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഇതിനിടയില്‍ മലകയറാന്‍ എത്തിയ ആന്ധ്രാ സ്വദേശി മാധവിയും ലിബിയും പ്രതിഷേധക്കാരുടെ ഇടപെടല്‍ മൂലം മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അയ്യപ്പ ഗുണ്ടകളുടെ (അങ്ങനെ തന്നെയാണ് വിളിക്കേണ്ടത്, പാവപ്പെട്ട വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിക്കുന്നവരോട് ബഹുമാനം കുറവാണ്) ക്വോട്ടേഷന്‍ എത്തി തുടങ്ങിയിരുന്നു. വടശ്ശേരിക്കരയിലും എരുമേലിയിലുമൊക്കെ കടന്നുപോകുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടയുക. അവര്‍ക്ക് വിരോധമുള്ള ആളുകള്‍ ഉണ്ടോയെന്ന് തിരക്കുക, ഭയപ്പെടുത്തുക തുടങ്ങിയ കലാപരിപാടികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. ഈ വിരട്ടലും കാര്യങ്ങളുമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയുകയും ചെയ്തു. എന്നിട്ടും അന്ന് രാത്രി തന്നെ പമ്പയ്ക്ക് വണ്ടി കയറി ശബരിമലയ്ക്ക് പുറപ്പെട്ടു.

പിറ്റേന്ന് (ഒക്ടോബര്‍ 19) രാവിലെ തന്നെ സന്നിധാനം ചുറ്റിയടിച്ചപ്പോള്‍ മനസ്സിലായി അയ്യപ്പരക്ഷകര്‍ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന്. രഹ്ന ഫാത്തിമ്മയേയും കവിത ജക്കാലയേയും സന്നിധാനം നടപ്പന്തലില്‍ എത്തിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന അയ്യപ്പഗുണ്ടകള്‍ പാവങ്ങളായ ഇരുന്നൂറോളം വിശ്വാസികളെ ഇളക്കി പ്രതിഷേധത്തില്‍ എത്തിച്ചിരുന്നു. വിശ്വാസികളായ അവര്‍ ആ യുവതികള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും സന്നിധാനത്തെത്തരുതെന്ന് കാല് പിടിക്കാന്‍ വരെ തയ്യാറായി സാഷ്ടാംഗം പ്രണമിക്കുകയും ഒക്കെ ചെയ്യുന്നതിനായി ഒരുങ്ങി നില്‍ക്കുന്നതിനിടയില്‍ (ഭയപ്പെടുത്തുന്ന അന്തരീക്ഷവും ഉണ്ട്) അവരെ പോലീസ് തിരിച്ചയച്ചു. അന്ന് 250-ഓളം പോലീസ് അവിടെയുണ്ടായിരുന്നു. സുഖമായി ഈ ഭക്തരെയും അവരെ പിരികയറ്റുന്ന അയപ്പ രക്ഷകരേയും മാറ്റി മല കയറാനെത്തുന്ന സ്ത്രീകളെ പോലീസിന് സന്നിധാനത്ത് എത്തിക്കാമായിരുന്നു. എന്നാല്‍ ഈ അയ്യപ്പ രക്ഷകര്‍ കലാപം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലായിരിക്കണം പോലീസ് പിന്തിരിഞ്ഞത്. തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് രംഗത്തെത്താത്ത പാവങ്ങളായ ഭക്തരെ അധിക്ഷേപിക്കുന്ന ഗുണ്ടകളെയും കണ്ടിരുന്നു. അവര്‍ എന്തോ വലിയ തെറ്റ് ചെയ്തുതുപോലെ അവരുടെമേല്‍ ശാപ വചനങ്ങളും ചൊരിഞ്ഞായിരുന്നു അധിക്ഷേപം.

അന്ന് വൈകുന്നേരത്തോടെ വ്യാജവാര്‍ത്തകളും അയ്യപ്പന് എന്തോ സംഭവിക്കുമെന്ന  ഭീഷണികളും കേട്ട് ഒരുപാട് വിശ്വാസികള്‍ സന്നിധാനത്തേക്ക് എത്തി തുടങ്ങി. കൂട്ടത്തില്‍ സാധാരണക്കാരായ വിശ്വാസികളെ പിരികയറ്റാന്‍ കേരളത്തിലെ വിവിധ ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള ആളുകളും കൂടുതലായി എത്തിത്തുടങ്ങി. വ്യാജ പ്രചാരണങ്ങള്‍കൊണ്ട് ജനം ടിവി പറയുന്നത് മാത്രമാണ് സത്യം എന്നതിലേക്ക് ഒരു വിഭാഗം ആളുകള്‍ മാറിയിരുന്നു. രഹനയുടെ വരവോട് കൂടി, പ്രതിഷേധത്തിന് എത്തുന്ന സ്വാമിമാര്‍ സ്വന്തം നിലയ്ക്ക് ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നതിലേക്ക് ഏകദേശം എത്തിക്കുന്നതില്‍ പിന്നില്‍ നിന്ന് കളിക്കുന്നവര്‍ക്ക് സാധിച്ചു. ആര്‍എസ്എസും മറ്റ് ഹൈന്ദവ സംഘടനകളും ഒന്നുമില്ല, നമ്മള്‍ ഒക്കെ അയ്യപ്പന്റെ ആചാര സംരക്ഷണത്തിനുള്ള സദാ ഭക്തരാണെന്ന തരത്തിലേക്ക് പ്രചരണവും നടന്നു. ആചാരം സംരക്ഷിക്കുന്ന തങ്ങള്‍ അയ്യപ്പന്റെ പുലി സൈന്യമാണെന്നും ഭക്ത സൈന്യമാണെന്നും ഒക്കെയുള്ള വിചാരങ്ങള്‍ ഈ പാവങ്ങളിലെ പലരിലും ഉറച്ചുതുടങ്ങി.

താളാത്മകമായ ശരണം വിളികളും നാമജപമന്ത്രങ്ങളുടെ പശ്ചാത്തലവും പലരെയും ആവേശത്തിലാക്കി, ഇവരൊക്കെ മാനസികമായി അയ്യപ്പ സൈന്യമാകാന്‍ ഒരുങ്ങുകയും ചെയ്തു. ദര്‍ശനത്തിനായി എത്തിയവര്‍ തിരികെ മടങ്ങാതെ തങ്ങള്‍ അയ്യപ്പ സൈന്യത്തിന്റെ ഭാഗമാണെന്ന മാനസികാവസ്ഥയിലേക്ക് എത്തി. ആ അന്തരീക്ഷത്തില്‍ ഒരു കൂട്ടം ഗുണ്ടകള്‍ വിചാരിച്ചാല്‍ അയ്യപ്പന് വേണ്ടി പതിനായിരങ്ങളല്ല അതിലും ആളുകള്‍ എത്തും, ഇല്ലെങ്കില്‍ ആ ശരണം വിളികളുടെ കരിസ്മയില്‍ അവര്‍ താനേ എത്തും.

'ആരുടെ സമരം..
സ്വാമിയുടെ സമരം...
ആരെ കാക്കാന്‍...
സ്വാമിയെ കാക്കാന്‍... '

ഇതിങ്ങനെ വായിക്കുമ്പോള്‍ ഒന്നും തോന്നില്ല. ഒരു പത്ത് നാവുകളില്‍ നിന്ന് ഇത് ഒരേ താളത്തില്‍ മുഴങ്ങിയാല്‍... അതിനൊടൊപ്പം ശരണം വിളികളും കൂടി എത്തിയാല്‍... അവര്‍ പോലീസിനെയല്ല, പട്ടാളത്തെയാണെങ്കിലും ജീവന്‍ കൊടുത്ത് തടയും. അവര്‍ ഗുണ്ടാ കൂട്ടങ്ങള്‍ അല്ല, അവര്‍ ഭക്തരാണ്. അയ്യപ്പ സ്വാമി എന്ന വികാരം അവരെ കൊണ്ട് എന്തും ചെയ്യിക്കുമെന്ന് 'കുബുദ്ധി'കള്‍ക്ക് അറിയാം. 'ആചാരം' സംരക്ഷിക്കാന്‍ കുറുവടിയും ആയുധങ്ങളും ഒന്നുമില്ല ഈ ഭക്തരുടെ കൈയില്‍, സ്വന്തം ജീവന്‍ പണയം വയ്ക്കുകയാണ് സ്വാമിക്ക് വേണ്ടി.. എന്നാണ് അവര്‍ സ്വയം കരുതുന്നത്. ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള കുബുദ്ധികള്‍ നയിക്കുന്ന വഴിയിലൂടെ അവര്‍ പോവുകയായിരുന്നു. കല്ലും മുള്ളും നിറഞ്ഞ ആ പാതയിലൂടെയുള്ള യാത്ര അയ്യപ്പഭക്തി കൊണ്ട് അവര്‍ക്ക് 'കാലുക്ക് മെത്ത'യാണ്. സ്വാമിമാരുടെ കൂട്ടത്തില്‍ എത്തുന്ന കുട്ടി അയ്യപ്പന്മാരും കുട്ടി മാളികപ്പുറങ്ങളും പോലും മൂന്ന്-നാലു കി.മീ മലയും കാടും താണ്ടി സന്നിധാനത്ത് എത്തുമ്പോള്‍, അവര്‍ക്ക് ക്ഷീണമൊന്നുമില്ല, അവര്‍ ഒന്നുമാലോചിക്കാതെ ശരണം വിളിച്ച് എത്തുകയാണ്...

അങ്ങനെ ശരണം വിളിച്ചെത്തുന്നവരെ പരിഹസിക്കാം, തിരസ്‌കരിക്കാം... പക്ഷേ കണ്ടില്ലെന്ന് നടിച്ചാല്‍ നമ്മള്‍ ഊറ്റം കൊണ്ടിരുന്ന, അഭിമാനം കൊണ്ടിരുന്ന, ഒരു ജനതയെന്ന പേര്‍ കണ്‍മുന്നില്‍ തകരും... അതാണാവര്‍ക്ക് ആവശ്യം. അവര്‍ അത് തകര്‍ക്കും. ബലിയാടാകുന്നത് ഈ സാധാരണക്കാരായ അയ്യപ്പഭക്തരും ആയിരിക്കും. സാധാരണക്കാര്‍ എന്ന് കരുതുന്ന ഈ അയ്യപ്പഭക്തരെ ഭീകര കലാപകാരികളാക്കുവാന്‍ ഗുണ്ടാകൂട്ടങ്ങള്‍ക്ക് ഒരു ശരണം വിളിയുടെ അകലമേയുള്ളൂവെന്ന് പല മാധ്യമ പ്രവര്‍ത്തകരും കൃത്യമായി മനസ്സിലാക്കിയിരുന്നു. ഈക്കാര്യം അവര്‍ക്കും മനസ്സിലായി. വിമര്‍ശനങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്ത തരത്തിലേക്കായിരുന്നു പിന്നീട് അയ്യപ്പ രക്ഷകരുടെ പ്രവര്‍ത്തികള്‍. സന്നിധാനത്ത് നിന്നിരുന്ന മാധ്യമങ്ങള്‍ക്ക് നേരെയും അവരുടെ ശ്രദ്ധ എത്തി. ഫുട്ബോളിലെ 'മാന്‍ ടു മാന്‍ മാര്‍ക്കിംഗ്' എന്നു കേട്ടിട്ടുണ്ടോ? പിന്നീട് ഞങ്ങള്‍ മാര്‍ക്ക് ചെയ്യപ്പെടുകയായിരുന്നു. ഞങ്ങളുടെ നിഴലുപോലെ പല ആളുകള്‍... കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതാം തീയതിയോടെ അവര്‍ അത് ധൈര്യത്തോടെ പരസ്യമായി നടത്തിത്തുടങ്ങി.

ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കായിരുന്നു ഏറെ ബുദ്ധിമുട്ട്. അവര്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നത് എതിര്‍ ഗോള്‍മുഖത്ത് പന്തുമായി എത്തുന്ന മെസിയുടെ അവസ്ഥയിലായിരുന്നു. അത്രയ്ക്ക് പഴുതടച്ചായിരുന്നു അയ്യപ്പ രക്ഷകരുടെ മാര്‍ക്കിംഗ്. എവിടെ പോയാലും ഒന്ന് തിരിഞ്ഞാല്‍ പോലും കൃത്യമായി ഞങ്ങളെ വീക്ഷിക്കുവാന്‍ ആളുകള്‍. ന്യൂസ് വിളിച്ച് പറഞ്ഞുകൊടുക്കുമ്പോള്‍, ലൈവ് ചെയ്യുമ്പോള്‍, എന്തിന് ഉറങ്ങുമ്പോള്‍ പോലും താമസിക്കുന്ന കെട്ടിടത്തിന് സമീപം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഒരു മാധ്യമസുഹൃത്ത് പറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകരിലെ പലരും ഒന്നിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. നിലയ്ക്കലിലെ പ്രതിഷേധത്തെ നേരിടാന്‍ എത്തിയ പോലീസുകാരന്റെ കുടുംബത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നിയമപരമായി നേരിടുമെന്ന് പരസ്യമായും, 'നിനക്കുള്ള പണി തരും മോനെ' എന്ന് ഒളിപ്പിച്ചും പറയുന്ന പോസ്റ്റുകളും ആക്കൂട്ടത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങളും ആക്രമിക്കാന്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഈ അയ്യപ്പ ഗുണ്ടകള്‍ക്ക് ബോധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടില്ലെങ്കില്‍ സാധാരണക്കാരായ വിശ്വാസികളെ ഇളക്കി മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു.

നടന്നുപോകുമ്പോള്‍ തോളിലോ ദേഹത്തോ ശക്തമായിട്ട് തട്ടിയിട്ട്, "നിങ്ങള്‍ കൊടുത്ത വാര്‍ത്ത കണ്ടിരുന്നു. നിങ്ങള്‍ വിശ്വാസികളുടെ കൂടെയല്ലല്ലോ... നിങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ക്ക് റേറ്റിംഗ് കിട്ടാനായി ഇവിടെ സ്ത്രീകളെ കയറ്റണമെന്ന് വാശിയിലാണല്ലോ വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇനി ഞങ്ങളാരും നിങ്ങളുടെ ചാനല്‍ കാണില്ല" എന്ന ഡയലോഗുമായിട്ടാണ് പലരും വന്നത്. ആയിരക്കണക്കിന് ഭക്തര്‍ നില്‍ക്കുന്ന ഇടത്ത് ഇതുപോലെ ഒരു സീന്‍ ഉണ്ടാക്കിയിട്ട് സാധാരണക്കാരായ വിശ്വാസികളെ ഞങ്ങളുടെ നേരെ തിരിച്ചിട്ട്, അവര്‍ തന്നെ വന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കും. നമ്മള്‍ അയ്യപ്പഭക്തരാണ്, നാമജപം മാത്രമെ പാടുള്ളൂ എന്നൊക്കെ അനുനയിപ്പിച്ച് മടക്കും. എന്നിട്ട് തിരിച്ച് വന്ന് പറയും, "
നിങ്ങള്‍ക്ക് കുറച്ച് കൂടി 'പോസീറ്റീവാ'യിട്ട് ചെയ്തൂടെ വാര്‍ത്തകള്‍. നന്നായിട്ട് ചെയ്യുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലല്ലോ"
എന്ന്. തന്ത്രിയാണെങ്കിലും പന്തളം കുടുംബമാണെങ്കിലും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കണമെങ്കില്‍ ആദ്യം ഈ ഗുണ്ടകള്‍ തീരുമാനിക്കുമെന്നതിലേക്ക് എത്തി കാര്യങ്ങള്‍. തന്ത്രിയും രാജകുടുംബങ്ങളും അവര്‍ പോലുമറിയാതേ ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നുവേണം അനുമാനിക്കാന്‍.

21-ാം തീയതി വൈകുന്നേരത്തോടെ മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും വിവരങ്ങള്‍ കിട്ടിത്തുടങ്ങി, പിറ്റേന്ന് ഒരു സംഘര്‍ഷം സൃഷ്ടിച്ച് തങ്ങള്‍ക്ക് നേരെ ഒരു ആക്രമണം ഉണ്ടാകുമെന്ന്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ച് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ രാത്രിക്ക് തന്നെ പുറപ്പെടാന്‍ തയ്യാറായി. ഐജി ശ്രീജിത്ത് ഉള്‍പ്പടെയുള്ളവര്‍ സുരക്ഷ ഒരുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവിടുത്തെ സ്ഥിതിയെക്കുറിച്ച് കൃത്യമായി ബോധ്യമുള്ളത്‌കൊണ്ട് ഞങ്ങളില്‍ ചിലര്‍ മല ഇറങ്ങി, ഭയന്നിട്ട് തന്നെ. ഇതും കുബുദ്ധികള്‍ വ്യാജപ്രചരണത്തിന് ഉപയോഗിച്ചു.
"പോലീസ് മാധ്യമ പ്രവര്‍ത്തകരെ മടക്കി അയച്ചു. സന്നിധാനത്തുള്ള അയ്യപ്പരക്ഷകരെ കായികമായി ഒഴിപ്പിച്ച് പിറ്റേന്ന് യുവതികളെ കയറ്റാനാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രമം"
എന്നായിരുന്നു പ്രചരണം. ചില വിശ്വാസികള്‍ ഇത് ഞങ്ങളോട് നേരിട്ട് ചോദിക്കുകയും ചെയ്തു. 22-ാം തീയതി പതിവുപോലെ സന്നിധാനത്ത് ക്ഷേത്രത്തില്‍ വടക്കേ വശത്തൂടെ ജീവനക്കാരെ (മാധ്യമങ്ങളെയും) കടത്തി വിടുന്ന ഭാഗത്ത് പോലീസിനെപ്പോലും ഗൗനിക്കാതെ ഒരു പറ്റം അയ്യപ്പന്മാര്‍ കയറിപോവുകയാണ് (പിന്നെ മനസ്സിലായി അതില്‍ പലരും അയ്യപ്പഗുണ്ടകള്‍ ആണെന്ന്). കൂട്ടത്തിലുള്ളവര്‍ മലയിറങ്ങിയതും ഐജി ശ്രീജിത് നടയ്ക്ക് മുമ്പില്‍ കണ്ണീര്‍ വാര്‍ത്തത് പശ്ചാത്താപം കൊണ്ടാണെന്ന വാര്‍ത്തകളെപ്പറ്റിയും സംസാരിച്ചിരിക്കുമ്പോള്‍ അയ്യപ്പ ഭക്തര്‍ എന്ന് നടിക്കുന്ന ആളുകള്‍ ഞങ്ങളെ വട്ടമിട്ട് നടക്കുന്നുണ്ട്. ഇടയ്ക്ക് ചിലര്‍ വന്ന് നിങ്ങള്‍ ഏത് മാധ്യമം ആണ് എന്നൊക്കെ അന്വേഷിച്ച്, വളരെ നിഷ്‌കളങ്കരായി മറ്റുള്ളവര്‍ എവിടെപ്പോയി എന്ന അന്വേഷണമുണ്ട്. വിവരം പറയുമ്പോള്‍, 'നിങ്ങള്‍ക്ക് പേടിക്കാനില്ലല്ലോ, അവര് കള്ള വാര്‍ത്ത കൊടുത്തിട്ടല്ലേ' എന്ന ന്യായീകരണവും കേട്ടുനിന്നു (ഇതില്‍ പിന്നീട് ലജ്ജ തോന്നി. അവിടെ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ കൃത്യമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിച്ചില്ലേ, അതോ ചെയ്ത വാര്‍ത്തകളൊന്നും ഇവര്‍ കണ്ടില്ലാത്തതു കൊണ്ടായിരിക്കാം എന്നും തോന്നി)

സന്നിധാനത്തെ ഫ്‌ളൈഓവറിന് മുന്നില്‍ കാവലായിരുന്നു അവര്‍. അവരുടെ 'ശത്രു' മാധ്യമങ്ങളുണ്ടോ അതിലും പ്രധാനമായി ക്ഷേത്രത്തിലേക്ക് യുവതികള്‍ വേഷം മാറി എത്തുന്നുണ്ടോ? ഇതായിരുന്നു അവര്‍ നിരീക്ഷിച്ചത്. പ്രായമായ സ്ത്രീകളുടെ കൈയില്‍ നിന്ന് ഐഡി കാര്‍ഡ് മേടിക്കുക. ഇടയ്ക്കിടെ ഭക്തരുടെ വരികളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. ഇതോക്കെയായിരുന്നു അവര്‍ ചെയ്തുകൊണ്ടിരുന്നത്. നടപ്പന്തലിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധന അവര്‍ സന്നിധാനത്തിലേക്ക് വ്യാപിച്ചതായിരുന്നു. വ്യാപക പ്രചരണമായിരുന്നു തലേന്ന് നടന്നത്, നടപ്പന്തലില്‍ നിന്ന് അയ്യപ്പഭക്തരെ ഒഴിപ്പിക്കും, പിന്നെ യുവതികളെ വേഷം മാറ്റി സന്നിധാനത്ത് സര്‍ക്കാരും പോലീസും എത്തിക്കുമെന്ന്. ഇത് ആരു പറഞ്ഞുവെന്ന് ചോദിച്ചാല്‍ സുഹൃത്ത് പറഞ്ഞുവെന്ന തരത്തിലാണ് മറുപടികള്‍. ഒന്നിനും ഒരു വ്യക്തതയില്ല, ആധികാരികതയുമില്ല. പക്ഷേ അത്രയ്ക്ക് ഫലപ്രദമായിരുന്നു ഇത്തരത്തില്‍ പടച്ചുവിടുന്ന വ്യാജവാര്‍ത്തകളുടെ പ്രചാരം. മീഡിയക്കാരുടെ, പോലീസിന്റെ, സര്‍ക്കാരിന്റെ ഓരോ ചലനവും കൃത്യമായി പ്രവര്‍ത്തകരില്‍ എത്തിക്കുന്നു. ഈ മാധ്യമപ്രവര്‍ത്തകരേക്കാള്‍ വേഗത്തിലാണ് അവര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അറിയേക്കണ്ടവരെ വേണ്ട രീതിയില്‍ അറിയിക്കുകയും ചെയ്തിരുന്നത്.

നട അടച്ച 22-ാം തീയതി, വൈകിട്ട് ആറുമണിവരെ സന്നിധാനത്തുണ്ടായിരുന്നപ്പോള്‍ അനുഭവിച്ച, അറിഞ്ഞ കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം. അവിടെ നടന്നതിനെപ്പറ്റി മുഴുവന്‍ വിവരങ്ങളും കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചില്ല എന്നത് ശരി തന്നെയാണ്. ഞാന്‍ ഇവിടെ പറഞ്ഞതിലും കൂടുതലേ കാണൂ അവിടെയുണ്ടായിരുന്ന മറ്റ് മാധ്യമ സുഹൃത്തുകള്‍ക്കും പറയാന്‍. ഞങ്ങളില്‍ ചിലര്‍ ഭയന്നു എന്നത് നേരാണ്. കുടുംബവും പ്രാരബ്ദവുമുള്ളതുകൊണ്ട് തന്നെ ജോലി മതിയാക്കി പോകേണ്ടി വന്നു. ഇല്ലെങ്കില്‍ കുടുംബത്തെ വരെ ആക്രമിക്കുമോ എന്ന ഭയം. തങ്ങള്‍ 'ധര്‍മ്മവിജയം' നേടി എന്നാണ് ഈ അയ്യപ്പ രക്ഷകരായ ഗുണ്ടകള്‍ പ്രചരിപ്പിച്ചത്. ശരി, ആയിക്കോട്ടെ... നിങ്ങള്‍ ഞങ്ങളോട് കാണിച്ചതൊക്കെ ഏത് ധര്‍മ്മത്തില്‍പ്പെടും?

https://www.azhimukham.com/trending-media-persons-returned-from-sabarimala-because-of-the-threats-from-women-entry-protesters/

https://www.azhimukham.com/offbeat-protesters-harassed-snehakoshy-ndtv-reporter-who-conducted-telethon-to-collect-flood-relief-fund-reports-sreeshma/

https://www.azhimukham.com/kerala-who-has-organised-sabarimala-protest-against-women-entry-a-detailed-account-by-kr-dhanya/

https://www.azhimukham.com/kerala-sabarimala-women-entry-and-attacks-in-nilakkal-report-by-krishna/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/

https://www.azhimukham.com/kerala-sabarimala-women-entry-nilakal-protest-vhp-and-bjp-playing-behind-curtain-krishna-writes/

Next Story

Related Stories