TopTop
Begin typing your search above and press return to search.

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

പന്തളം രാജകുടുംബത്തിന് ശബരിമലയിലെ നടയടച്ചിടാൻ അവകാശം നൽകിയിട്ടുണ്ട് എന്നു പരസ്യമായി പ്രസ്താവിക്കുന്ന 'മഹാരാജാവി'നെ ചാനലുകളില്‍ കണ്ടു. 1949 ലെ കവനന്റ് അനുസരിച്ചാണ് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് 1949 ജൂലൈ ഒന്നിലെ 'The Covenant entered into by rules of Travancore and Cochin for the formation of the United States of Travancore and Cochin' എന്ന കവനന്റാണ് എന്നാണ് മനസിലാക്കുന്നത്. പ്രസ്തുത കരാറില്‍ ശബരിമലയെ കുറിച്ച് അങ്ങനെ പന്തളം രാജകുടുംബത്തിന് അട്ടിപ്പേറവകാശവും ഉടമസ്ഥതയും നൽകുന്ന വ്യവസ്ഥയൊന്നും ഇല്ലെന്ന് വിനീതമായി പറഞ്ഞു കൊള്ളട്ടെ. മാത്രമല്ല പ്രസ്തുത കരാറിൽ പന്തളം രാജകുടുംബം കക്ഷിയേയായിരുന്നില്ല. അതു തന്നെ പിന്നീട് ഹൈക്കോടതി റദ്ദാക്കിയതുമാണ്. മേൽപ്പറഞ്ഞ കവനന്റല്ലാതെ മറ്റു വല്ലതും 1949-ൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പൊതുജനസമക്ഷം ഹാജരാക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. അതദ്ദേഹം ചെയ്യട്ടെ.

ഒപ്പം, 1949-ലെ കവനന്റ് എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ വിഡ്ഢികളാക്കുന്ന പന്തളം കുടുബത്തോട് തിരിച്ചൊരു ചോദ്യം ജനാധിപത്യ കേരളത്തിന് ചോദിക്കാനുണ്ട്.

മഹാരാജാവേ; അങ്ങ് കൊല്ലവർഷം 969 ഇടവമാസം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

അതേ വർഷം ഇടവമാസം 29-നു അങ്ങയുടെ മുൻഗാമികൾ ഒപ്പുവച്ച മറ്റൊരു ഉടമ്പടി കൂടി ചരിത്രരേഖകളിലുണ്ട്. കേട്ടിട്ടില്ല എങ്കിൽ കേൾക്കണം. പറ്റുമെങ്കിൽ ഒന്നു വായിച്ചു നോക്കണം.

പന്തളം അടമാനം എന്ന ഉടമ്പടി

തിരുവിതാംകൂറിന് പന്തളം രാജ്യവും രാജാധികാരവും അടിയറവച്ച ഉടമ്പടി, ഇപ്പോൾ നിങ്ങൾ പറയുന്നു ശബരിമല അയ്യപ്പൻ നിങ്ങളുടെ വികാരമാണെന്ന്. പന്തളം അടമാനം വായിച്ച എല്ലാവർക്കും മനസിലാകും നിങ്ങൾക്ക് എന്ത് തരം ബന്ധവും സ്നേഹവായ്പ്പുമാണ് അന്ന് ശബരിമല അയ്യപ്പനോടും ക്ഷേത്രത്തോടും ഉണ്ടായിരുന്നതെന്ന്.

സ്വന്തം തറവാടിന്റെ കടം വീട്ടാൻ ശബരിമല അമ്പലത്തിലെ നടവരവു മുഴുവൻ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുത്തതിന്റെ ചരിത്രരേഖയാണ് പന്തളം അടമാനം എന്ന് രാജാവും രാജഭക്തരും വായിച്ചറിയണം.

അൽപ്പം പന്തളചരിത്രം

തെങ്കാശിയിൽ നിന്ന് കേരളത്തിലെത്തിയ പാണ്ഡ്യരാജവംശത്തിൽപ്പെട്ട രാജരാജവർമ്മ എന്നയാളാണ് പന്തളം വംശസ്ഥാപകനെന്നാണ് പറയപ്പെടുന്നത്. അലാവുദീൻ ഖിൽജി പാണ്ടിനാട് ആക്രമിച്ചപ്പോൾ അവിടെ നിന്ന് പലായനം ചെയ്ത ഒരു കുടംബമാണിത് എന്നും പറയപ്പെടുന്നു.

ഏകദേശം ടിപ്പുവിന്റെ ആക്രമണകാലത്ത് പന്തളം രാജവംശം മദ്രാസിലെ വ്യാപാരിയായിരുന്ന മുരളീ ദാസ് ബാല ക്യഷ്ണദാസ് എന്നയാളിൽ നിന്നും മാത്തുത്തരകൻ എന്നയാളിൽ നിന്നും അന്നത്തെ കണക്കിന് വലിയ തുകകൾ കടം വാങ്ങുകയുണ്ടായി. പന്തളം രാജകുടുംബത്തിന്റെ ഈ കടം വീട്ടുന്നതിന് പകരമായി പന്തളം രാജ്യവും അവിടത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെ പന്തളം എന്ന രാജ്യവും രാജകുടുംബത്തിന്റെ രാജാധികാരങ്ങളും പണ്ടേക്കുപണ്ടേ, ഇല്ലാതായി എന്നതാണ് വസ്തുത.

പന്തളം രാജ്യം അടമാനത്തെത്തുടർന്ന് ഇല്ലാതായതോടെയാണ് ശബരിമല ക്ഷേത്രം തിരുവിതാംകൂർ രാജ്യത്തിന്റെ പൊതുമുതലായി മാറിയത്. 1947 ൽ ഇന്ത്യക്കു സ്വാതന്ത്യം ലഭിച്ച ശേഷവും, 'ഞങ്ങൾ സ്വതന്ത്ര രാജ്യമാണ്' എന്ന് പ്രഖ്യാപിച്ചും വിശ്വസിച്ചും പോന്ന തിരുവിതാംകൂർ ഒരുപാട് രാഷ്ട്രീയക്കളികൾക്കൊടുവിൽ നിവൃത്തികെട്ട് 1949 ജൂലൈ ഒന്നിന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയായിരുന്നു. അതോടെ തിരുവിതാംകൂറിന്റെ സ്വത്തായിരുന്ന ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങൾ തിരുക്കൊച്ചി സംസ്ഥാനത്തിന്റെതായി. പിന്നീട് ഐക്യകേരളം രൂപപ്പെട്ടപ്പോൾ കേരളത്തിന്റേതും. ഇവിടുത്തെ ജനാധിപത്യ ബോധമുള്ള ഭരണാധികാരികൾ സർക്കാരിന്റെ അധീനതയിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർഡ്‌ എന്ന സ്വതന്ത്ര ബോർഡ് ഉണ്ടാക്കി. അങ്ങനെ അക്കാലം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിന്ന് ശബരിമല. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി ദേവസ്വം ബോർഡ് മാത്രമാണ്.

പന്തളം കുടുംബം കടം വീട്ടാനായി തിരുവിതാംകൂറിന് 'വിറ്റ' ശബരിമല ക്ഷേത്രത്തിൽ തുടർന്നും ആ കുടുംബത്തിന് ആചാരപരമായ അവകാശം തിരുവിതാംകൂർ നൽകിയെങ്കിൽ അത് അവരുടെ മര്യാദ, ഐക്യകേരളം അത് തുടരുന്നു എങ്കിൽ അത് ഇവിടുത്തെ ജനാധിപത്യ ഭരണകൂടത്തിന്റയും പ്രബുദ്ധ ജനതയുടെയും സാംസ്കാരിക നിലവാരം രാജകുടുംബത്തേക്കാൾ ഒരുപടി മുകളിലായതുകൊണ്ട് മാത്രമാണ്. രണ്ടു നൂറ്റാണ്ടു മുൻപില്ലാതായ, ഇന്നത്തെ കേരളത്തിന്റെ രണ്ട് ജില്ല തികച്ച് വിസ്തൃതിയില്ലാത്ത ഒരു 'രാജ്യത്തെ രാജാവാണ് താൻ' എന്നു നടിച്ച് ഇന്ത്യ മഹാരാജ്യത്തെ ഭരണഘടനയെയും നിയമ വ്യവസ്ഥയേയും പരമോന്നത നീതി പീഠത്തേയും വെല്ലുവിളിക്കാനാണ് 'രാജകുടുംബം' തുനിയുന്നതെങ്കിൽ അതിന്റെ അന്ത്യം ഇപ്പോൾ അവർക്ക് ശബരിമലയിലുള്ള ഹോണററി അവകാശങ്ങൾപ്പോലും നിയമപരമായി ചോദ്യം ചെയ്യുന്നതിലും ഇല്ലാതാകുന്നതിലുമായിരിക്കും. അതു കൊണ്ട് പന്തളം രാജകുടുംബാംഗങ്ങളും രാജഭക്തരും ഇന്നുറങ്ങുന്നതിന് മുൻപ് 'പന്തളം അടമാനം' രണ്ടുവട്ടം വായിച്ചു നോക്കുക.

ശബരിമല ക്ഷേത്രത്തിലെ നടവരവെടുത്ത് കടം വീട്ടിയ 'അയ്യപ്പസ്നേഹം' അതിൽ അക്ഷരരൂപത്തിൽ ആണ്ടുകിടപ്പുണ്ട്.

പന്തളം അടമാനം

കൊല്ലം 969-മാണ്ടു എടവമാസം 23നു എഴുതിയ അടമാനഓലകാര്യമാവിതു. പടച്ചിലവിനു തൃപ്പാപ്പൂസ്വരൂപത്തിങ്കലേവകക്കു ജന്നപട്ടണത്തു വർത്തകൻ മുരളീദാസു ബാലകൃഷ്ണദാസുവശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 20001ഉം മാത്തുത്തരകൻ വശം വായ്പ വാങ്ങിച്ച രൂപാ 200000ഉം ആക രൂപാ 220001ഉം പകരം കടം വീട്ടേണ്ടുന്നതിനു പകരം കണ്ടയിലാറ്റു കണക്കു നാരായണൻകാളിയൻവശം അയിരൂർ ശ്രീവീര ശ്രീധരകോതവർമ്മ കോവിൽ അധികാരികൾ കടം വാങ്ങിച്ച സൂറത്തി രൂപ ഇരുന്നൂറായിരത്തി ഇരുപതിനായിരത്തിഒന്നു. ഇന്തരൂപാ ഇരുനൂറായിരത്തി ഇരുപതിനായിരത്തി ഒന്നുക്കും നാളതു നാളതു മുതൽക്കു ശ്രീവീര ശ്രീധര കോതവർമ്മകോവിലധികാരികൾ തങ്കൾക്കുള്ള പന്തളത്തു എൽകക്കകത്തു ഉൾപ്പട്ട പ്രദേശങ്ങളും കോന്നിയൂർ മലയാലപ്പിഴ ഉൾപ്പെട്ട പ്രദേശങ്ങളും അറക്കുളം ഉൾപ്പട്ട പ്രദേശങ്ങളും കക്കാടു ഉൾപ്പട്ട പ്രദേശങ്ങളും ഇടമറുകു ഉൾപ്പട്ട പ്രദേശങ്ങളും ഈ പ്രദേശങ്ങളിൽ ഉൾപ്പട്ട നിലങ്ങളും പറമ്പുകളും മലഞ്ചേരിക്കലുകളും മലകളും അംകചുംകങ്ങളും പൊലിക്കടങ്ങളും ശബരിമല ശാസ്താവിന്റെ ക്ഷേത്രത്തിൽ നടവരവും പാണ്ടിയിൽ എലത്തൂർ ഉൾപ്പെട്ട പ്രദേശങ്ങളും ചൊക്കനാംപുത്തൂരും വഴുക്കപ്പാറതീരുവയും കടപ്പിറെ പ്രവൃത്തിയിൽ താങ്കൾക്കുള്ള കാണക്കുട കൃഷിനിലങ്ങളും പുരയിടങ്ങളും പൊലിക്കടങ്ങളും കൂടെ അടമാനമാകെ മുതൽ എടുത്ത മുതൽ രൂപാ 22000നും തിങ്ങളിൽ നൂറ്റിനു ഒന്നുവീതം ആണ്ടൊന്നിനു പലിശരൂപാ 26400 അനുഭവിച്ചുകൊള്ളുമാറും മുതൽ രൂപാ രണ്ടുനൂറായിരത്തിഇരുപതിനായിരത്തി ഒന്നും കൊടുത്തു അടമാനം ഒഴിപ്പിച്ചുകൊള്ളുമാറും സംവദിച്ചു. ഇതിനു സാക്ഷി മണത്തറെ ചുവരൻ നീലകണ്ടനും വടശേരിൽ കിരുട്ടൻ കിരുട്ടനും വള്ളിത്തലെ വിഷ്ണുഭാനുവും മിത്രേചുവരൻകണ്ടനും അറികെ കുണ്ടിയിലാറ്റു കണക്കു നാരായണൻകാളിയനു ഇന്ത അടമാന ഓല എഴുതി കൊടുത്ത അയിരൂരു ശ്രീവീര ശ്രീധരകോതവർമ്മ കോവിലധികാരികൾ. ഇന്ത അടമാന ഓല കൈഎഴുതിയ പുല്ലിക്കാട്ടു കണ്ടൻ കേരുളൻ എഴുത്തു.

2

പന്തളം ദിവാൻ കേശവപിള്ള അറിയവേണ്ടും അവസ്ഥ. പടച്ചിലവു വകക്കു ജന്ന പട്ടണത്തു വർത്തകൻ ബാലകൃഷ്ണദാസിനോടും കുത്തിയതോട്ടിൽ മാത്തുത്തരകനോടും നാം കടം വാങ്ങിച്ചവർക്കു പകരം കടം വീട്ടേണ്ടുന്നതിനു കുണ്ടയിലാറ്റു കാളിയമല്ലൻവശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 220001-ക്കു ആണ്ടൊന്നുക്കു പലിശ രൂപാ - 26400 നമ്മുടെ രാജ്യവും കൃഷിയും പൊലിക്കടവും അങ്കചുങ്കങ്ങളും ശബരിമലെ നടവരവും അടമാനമായിട്ടു നടന്ന മുതലെടുത്തുകൊള്ളത്തക്കവണ്ണം കാളിയമല്ലന്റെ പേർക്കും എഴുതീട്ടുണ്ടല്ലോ. അടമാനമായിട്ടു എഴുതി തന്നിരിക്കുന്ന രാജ്യവും കൃഷിയും പൊലിക്കടവും അംകചുംകങ്ങളും ശവരിമലനടവരവും നാം തന്നെ മുതലെടുപ്പിച്ചു പലിശവകയിൽ തരേണ്ടും രൂപാ 26400 മുതലിൽ രൂപാ ആക ആണ്ടൊന്നിനു 23600 രൂപാവീതം അടക്കത്തക്കവണ്ണം, ഏറ്റവകക്കു എഴുപതാമാണ്ടു മുതൽക്കു ആണ്ടുതോറും വൃശ്ചികമാസത്തിൽ രൂപാ 50000ഇടവമാസത്തിൽ രൂപാ 25000വും ഇതിൻമെണ്ണം ആണ്ടൊന്നിനു തവണരണ്ടിൽ രൂപാ 50000വും വീതം ആലപ്പുഴ പണ്ടാരകച്ചവടം വകയിൽ ഒടുക്കി പറ്റുശീട്ടി വാങ്ങിച്ചുകൊള്ളുകയും ആം. ഇപ്രകാരം തവണപ്പടി രൂപാ അടക്കാതെ ഭേദം വരുത്തുന്നൂ എoകിൽ അടമാനം എഴുതിയിരിക്കുന്ന രാജ്യവും കൃഷിയും പൊലിക്കടവും അംകചുംകങ്ങളും ശവരിമലനടവരവും എഴുതി തന്നിരിക്കുന്നതിന്മണ്ണം ആളാക്കി മുതലെടുപ്പിച്ചുകൊള്ളുകയും വേണം. നാം ഏറ്റു മുതലെടുപ്പിച്ച വകയിൽ തവണയിൽ മുടക്കം ഒള്ള രൂപ സംശയം കൂടാതെ കെട്ടി തന്നേക്കുകയും ആം. ഇപ്പടിക്കു 969മാണ്ടു എടവമാസം 29 നുപുല്ലിക്കാട്ടുകണ്ടൻകേരുളൻ എഴുത്തു.

(അടമാനം ടികെ വേലുപ്പിള്ളയുടെ The Travancore Stat Manual Vol 2 (1996) ൽ നിന്നും എടുത്ത് ചേർത്തത്, പേജ്‌ 186-188)

തിരുവിതാംകൂറിന് ശബരിമല വിട്ടുകൊടുത്തത് നിബന്ധനകളോടെ; പന്തളം രാജകൊട്ടാരം പ്രിതിനിധി ശശി കുമാർ വർമ്മ സംസാരിക്കുന്നു

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

https://www.azhimukham.com/offbeat-thazhamon-matom-and-kerala-brahmin-history-when-rahul-easwar-makes-noise-on-sabarimala/

https://www.azhimukham.com/trending-bjp-rss-leader-tg-mohandas-talks-on-sabarimala-women-entry-in-reporter-channel/

https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/

Next Story

Related Stories