TopTop
Begin typing your search above and press return to search.

ബഹ്‌റയുടെ 'ഐസ്ക്രീം' സ്വപ്നം; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മുഖ്യമന്ത്രിക്ക് തുറന്നെഴുതുന്നു

ബഹ്‌റയുടെ ഐസ്ക്രീം സ്വപ്നം; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മുഖ്യമന്ത്രിക്ക് തുറന്നെഴുതുന്നു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി വായിച്ചറിയാന്‍,

''ഇന്ത്യാ മഹാരാജ്യത്ത് എന്തിനും ഏതിനും ഒന്നാമതെന്ന് അവകാശമുന്നയിക്കുന്ന കേരള സംസ്ഥാനത്തിലെ ഒരു അവശകലാകാരന്‍ എഴുതുന്ന തുറന്ന കത്ത്. അര്‍ദ്ധരാത്രിയില്‍ സ്ത്രീകള്‍ റോഡില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിക്കുന്ന കേരളമാണ് തന്റെ സ്വപ്നമെന്ന് ബഹുമാനപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞതായി വായിച്ചു. എത്ര വിരോധാഭാസമെന്ന് തോന്നിയെങ്കിലും അദ്ദേഹം അങ്ങനെ സ്വപ്നം കാണുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു സന്തോഷമൊക്കെ ഉണ്ടായതുകൊണ്ടും അദ്ദേഹത്തിന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കാന്‍ വിഘാതമായി നില്‍ക്കുന്ന ചില മാനസികാവസ്ഥകളെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നു കരുതിയതുകൊണ്ടുമാണ് ഇങ്ങനെ എഴുതുന്നത്.''

1. പലകാര്യത്തിലും വലിയ പുരോഗമനമൊക്കെ സത്യസന്ധമായി അവകാശപ്പെടുന്നുണ്ട് നമ്മളെങ്കിലും തുറസായ സാമൂഹിക ജീവിതത്തെക്കുറിച്ച് അടഞ്ഞതും ഇടുങ്ങിയതുമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഒരു പ്രാകൃത മാനസികാവസ്ഥയുള്ള സമൂഹമാണ് നമ്മള്‍ എന്നത് അംഗീകരിച്ചുകൊണ്ട് മാത്രമേ ശ്രീ ബഹ്‌റയുടെ സ്വപ്നത്തിലേക്ക് നമുക്ക് നടന്നടുക്കാന്‍ കഴിയൂ.

2. രാത്രിയെ പേടിക്കുകയും പ്രണയം രതി തുടങ്ങിയ അവശ്യ ജീവിതചര്യകള്‍ക്കായി ഇരുട്ടിനെ കാത്തിരിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യം അണമുറിയാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജനതയാണ് നാം. ഇരുട്ടായാല്‍ പൊതുനിരത്തുകളില്‍ നിന്നും കുടുസുമുറികളിലേക്ക് ഓടിക്കയറി പകല്‍ മുഴുവന്‍ അടക്കിവെച്ചിരുന്ന ജൈവചോദനകളുടെ കെട്ടഴിച്ചു വിട്ടോളണം എന്നതാണ് പൊതുജന ചിന്ത. താന്താങ്ങളുടെ സ്വീകരണ മുറികളില്‍ സ്വയം സ്വീകരിച്ചിരുത്തി ടെലിവിഷനുകളിലെ നെടുങ്കന്‍ ചര്‍ച്ചകള്‍ കണ്ട് രാഷ്ട്രീയ പ്രബുദ്ധത നിരന്തരം പുതുക്കുന്നതാണ് നമ്മുടെ വിനോദം. ഈ പൊതുമാനസികാവസ്ഥയെ പിന്തുണയ്ക്കുന്ന ക്രമസമാധാന പാലനമാണ് നമ്മുടെ പോലീസ് സേന നടപ്പാക്കുന്നത്. ഈ അവസ്ഥ മാറുകയും രാത്രിയെ കള്ളന്മാര്‍ക്കും കുറ്റവാളികള്‍ക്കുമായി റിസര്‍വ് ചെയ്യുന്ന അവസ്ഥ പോലീസ് തന്നെ മാറ്റുകയും ചെയ്താല്‍ മാത്രമേ ബഹ്റിയന്‍ സ്വപ്നം അടുത്ത അന്‍പത് വര്‍ഷം കഴിഞ്ഞെങ്കിലും നടപ്പാവുകയുള്ളു.

3. സമ്പൂര്‍ണ വൈദ്യുതീകരണം ആദ്യം നടപ്പാക്കിയ സംസ്ഥാനമെന്ന് നമ്മള്‍ ഊറ്റം കൊള്ളുമ്പോള്‍ നമ്മുടെ പൊതു നിരത്തുകളിലെ വഴിവിളക്കുകളുടെ അവസ്ഥ അങ്ങ് ഒന്നു വിലയിരുത്തേണ്ടതുണ്ട്. പൊതുവെ കുഴികള്‍ നിറഞ്ഞ വഴികളില്‍ ഇരുട്ടിന്റെ ഭൂതത്താന്‍കെട്ടുകളാണ് ഇപ്പോളുള്ളത്. രാത്രിയെ യക്ഷികള്‍ക്കും മാടന്‍ മറുതകള്‍ക്കും മാറ്റിവെച്ചിരുന്ന നമ്മുടെ ജനത ഈ ഭൂതത്താന്‍ കെട്ടിനെ പേടിച്ച് ഐസ്‌ക്രീം എന്നല്ല പാല്‍പായസം വിളമ്പിയാലും പുറത്തിറങ്ങാന്‍ പോകുന്നില്ല എന്ന് തിരിച്ചറിയണം. കത്തുന്ന വഴിവിളക്കുകളും വെളിച്ചമുള്ള പൊതുനിരത്തുകളും ഉറപ്പാക്കിയാലേ സ്വപ്നം നടപ്പാകുകയുള്ളു.

4. സിറ്റികളിലെങ്കിലും അങ്ങിങ്ങ് വെളിച്ചത്തിന്റെ തുരുത്തുകളായി നില്‍ക്കുന്നത് രാത്രിയിലെ വഴിയോരക്കച്ചവടക്കാരാണ്. അവരോട് ബഹ്റിയന്‍ പോലീസ് ചെയ്യുന്നതെന്തെന്ന് അങ്ങ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. തിരുവനന്തപുരം (നഗരത്തിലെങ്കിലും) കാക്കിയിട്ട ക്രമസമാധാനം ചെയ്യുന്നത് പത്തുമണികഴിഞ്ഞാല്‍ ഈ വെളിച്ചത്തിന്റെ തുരുത്തുകള്‍ നിര്‍ബന്ധമായി അടപ്പിക്കുകയാണ്. രാത്രികളില്‍ കടകളൊന്നും തുറന്നിരിക്കുന്നില്ല എന്നുറപ്പാക്കലാണ് തങ്ങളുടെ പ്രധാന ജോലിയെന്നവര്‍ കരുതുന്നു. കടകളില്ലാതെ എങ്ങനെ സാര്‍, ഐസ്‌ക്രീം ഹൈവേയില്‍ പൊഴിയുകയാണോ ചെയ്യുക?

5. രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്ന ചെറുപ്പക്കാരെ നമ്മുടെ ക്രമസമാധാനം നോക്കുന്ന നോട്ടം കണ്ടാല്‍ പേടിയാകും സാര്‍. താടി വളര്‍ത്തിയിട്ടുണ്ടെങ്കില്‍, കമ്മലിട്ടിട്ടുണ്ടെങ്കില്‍, മുടിയില്‍ നിറം പിടിപ്പിച്ചിട്ടുണ്ടെങ്കില്‍, ശരീരത്തില്‍ ടാറ്റു കുത്തിയിട്ടുണ്ടെങ്കില്‍ അവരൊക്കെ 'കഞ്ചാവു കേസുകളോ' 'മാവോയിസ്റ്റുകളോ' ആണെന്ന മാപ്പത്രനിരൂപണം മനഃപാഠമാക്കിയ പോലീസുകാര്‍ക്ക് എങ്ങനെയാണ് സര്‍ രാത്രികളില്‍ ഐസ്‌ക്രീം വിളയുന്ന നിരത്തുകള്‍ നിര്‍മിക്കാനാവുക?

6. രാത്രികള്‍ എന്നാല്‍ കള്ളന്മാര്‍ക്കും പോലീസുകാര്‍ക്കും ഒളിച്ചുകളി നടത്താനുള്ള നാടകവേദിയാണെന്ന ആഭ്യന്തര-അലിഖിത നിയമം മാറുന്നതിന് എന്താണ് സാര്‍ തടസം നില്‍ക്കുന്നത്? രാത്രികളെ ഊര്‍ജ്ജസ്വലമാക്കുന്നതും ജനസന്പര്‍ക്കമുള്ളതാക്കി മാറ്റുന്നതും ക്രൈം കുറയ്ക്കുകയാണ് ചെയ്യുക എന്നും മറിച്ചല്ല സംഭവിക്കുന്നതെന്നും ആദ്യം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ പോലീസ് സേനയെ അല്ലെ സാര്‍?

7. പണിതീര്‍ന്ന പാലം മന്ത്രിയുടെ സൗകര്യം കിട്ടുന്നതുവരെ അടച്ചിടുന്നപോലെ ഒരു പാതിരാത്രിക്ക് തുറന്നുകൊടുക്കാവുന്നതല്ല നമ്മുടെ ബഹ്റിയന്‍ സ്വപ്നം. വെളിച്ചമുള്ള പൊതുവഴികളും പാര്‍ക്കുകളും ഉണ്ടാവുകയും രാത്രിയില്‍ സ്വന്തം ഉറക്കം കളഞ്ഞ് വയറ്റുപിഴപ്പിനായി കച്ചവടം നടത്തുന്ന പാവം വഴിയോര കച്ചവടക്കാരനെ ആട്ടിയോടിക്കാതിരിക്കുകയും മുടി നീട്ടി വളര്‍ത്തിയെന്ന കാരണത്തിന് അനാവശ്യമായി പൗരനെ തുറിച്ചുനോക്കുന്നത് കുറ്റകരമായ ഭീഷണിയാണെന്ന് പൊലീസുകാരെ പഠിപ്പിക്കുകയും ചെയ്താല്‍ സ്വയം ഉണ്ടായിവരുന്നതാണ് സാര്‍ ജീവനുള്ള രാത്രികള്‍.

8. ഇതിലൊക്കെ ഉപരി മറ്റൊന്നുകൂടിയുണ്ട് സാര്‍. ജീവനുള്ള രാത്രികള്‍ ഉണ്ടാവണമെങ്കില്‍ ജീവനുള്ള പകലുകളും ഉണ്ടാവേണ്ടിയിരിക്കുന്നു. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ഒന്നിച്ചിരിക്കുകയോ ചുംബിക്കുകയോ ചെയ്യുന്ന ആണ്‍പെണ്‍ സുഹൃത്തുക്കളെ ഭേദ്യം ചെയ്യുന്ന പകലുകളുള്ള ഒരു സമൂഹത്തില്‍, അടച്ച മുറികള്‍ക്കുള്ളില്‍ ചെയ്യുന്നത് പൊതുസ്ഥലത്ത് ചെയ്യുന്നു എന്ന് പുരോഗമിത നേതാക്കള്‍ തന്നെ ഭര്‍ത്സിക്കുന്ന ഒരു സമൂഹത്തില്‍ രാത്രികളില്‍ വിളയുന്ന ഐസ്‌ക്രീമിന് മധുരമുണ്ടാവില്ല സാര്‍. അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കി രതിനിര്‍വൃതി കൊള്ളാന്‍ നിര്‍ബന്ധിതമാക്കുന്ന ലൈംഗീക ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു സമൂഹത്തെ തന്നെ സഹായിച്ചുകൊണ്ടു മാത്രമേ നമ്മുടെ ബഹ്റിയന്‍ സ്വപ്നം നടപ്പാക്കാന്‍ കഴിയുള്ളൂ സാര്‍.

9. പക്ഷെ ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് കരുതി ആ വലിയ സ്വപ്നത്തെ അങ്ങ് തള്ളിക്കളയുകയും അരുത്. പുരോഗമന ആശയങ്ങള്‍ തത്വത്തിലെങ്കിലും ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎം ഭരിക്കുമ്പോഴെങ്കിലും ഈ സ്വപ്നത്തിലേക്ക് ചുവടുവെക്കാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. സമ്പൂര്‍ണ സാക്ഷരതയുള്ള, സമ്പൂര്‍ണ വൈദ്യുതിയുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള, ക്രൈം റേറ്റ് തീരെ കുറവായ നമുടെ നാട്ടില്‍ ജീവനുള്ള രാത്രികള്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന് ഏത് നിമിഷം ആര് തോക്കെടുത്ത് വെടിവെക്കുമെന്ന് ആളുകള്‍ എപ്പോഴും പേടിക്കുന്ന ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ഒക്കെ യുവത്വമവസാനിക്കാത്ത രാത്രികളിലൂടെ നടക്കുന്‌പോള്‍ ചിന്തിച്ചിട്ടുണ്ട്. എനിക്ക് കിട്ടിയിട്ടുള്ള ഉത്തരം ഒന്നു മാത്രമാണ് 'സങ്കുചിതമായ ചിന്തകളുള്ള ഒരു പോലീസ് വകുപ്പ്'. ആ വകുപ്പിന്റെ മേധാവി തന്നെ ഇപ്പോള്‍ ഇങ്ങനെ സ്വപ്നം കാണുമ്പോള്‍ സത്യത്തില്‍ വലിയ സന്തോഷവും അതിലെ വിരോധാഭാസത്തെക്കുറിച്ച് ആലോചനയും ഉണ്ടാകുന്നുണ്ട് എന്നത് സത്യം തന്നെ . പക്ഷെ അത് വെറും സ്വപ്നമായി ഒതുക്കാതിരിക്കാന്‍ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു സര്‍.

10. കുറിപ്പ് ഇത്തിരി നീണ്ടുപോയി. ഇത് അങ്ങ് ഒരിക്കലും വായിക്കില്ലെന്നും രാത്രികളെ എക്കാലത്തേക്കും റിസര്‍വ് ചെയ്തിരിക്കുന്ന ക്രിമിനലുകളെയും പോലീസുകാരെയും നിരാശപ്പെടുത്തില്ലെന്നുമുള്ള വിശ്വാസത്തോടെ. നിര്‍ത്തുന്നു.

വിശ്വസ്തന്‍

ഒപ്പ്


Next Story

Related Stories