UPDATES

തെരുവിന്റെ ക്യാപ്റ്റന്‍; ബാലവേലക്കാരിയില്‍ നിന്നും സോക്കര്‍ സംഗീതയായി മാറിയ ഒരത്ഭുത പെണ്‍കുട്ടിയുടെ ജീവിതം

തെരുവിലെ ഇടുങ്ങിയ വഴികളിലൂടെ പന്തുമായി നടന്ന സംഗീത മോസ്‌കോയില്‍ നടന്ന സ്ട്രീറ്റ് ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായതിന് പിന്നില്‍ വലിയ കഥകളുണ്ട്

“തെരുവിലെ സംഗീതയെന്ന് എന്നെ ആളുകള്‍ കളിയാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാനവര്‍ക്ക് സോക്കര്‍ സംഗീതയാണ്. പറയാന്‍ ഒരു മേല്‍വിലാസം പോലുമില്ലാത്ത എനിക്ക് ആ പേരെങ്കിലും ഇരിക്കട്ടെ”, ഇത് സംസാരിക്കുമ്പോഴും സംഗീതയുടെ കാലുകള്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നിന്റെ പിന്നാലെയായിരുന്നു. മഞ്ഞയും കറുപ്പും നിറങ്ങള്‍ ഇടകലര്‍ന്ന നിറങ്ങളിലുള്ള ഒരു പന്ത് പിള്ളയാര്‍ കോവില്‍ തെരുവിലൂടെ ഉരുണ്ടുനീങ്ങിക്കൊണ്ടേയിരുന്നു. പിന്നാലെ ബൂട്ടിട്ട രണ്ട് കാലുകളും. പിള്ളയാര്‍ കോവില്‍ തെരുവുകാര്‍ക്ക് ഈ കാഴ്ച ഒരു പുതുമയല്ല. വര്‍ഷങ്ങളായി ഈ പന്തിന്റെ പിന്നാലെ പായുന്ന സംഗീതയെ മാത്രമാണ് അവര്‍ കണ്ടിട്ടുള്ളത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ പോവുന്നത് വരെ ഒന്നുകില്‍ കൈയ്യില്‍ അല്ലെങ്കില്‍ കാലിന്റെ തുഞ്ചത്ത്, ഈ പന്തുമുണ്ടാവും അവളുടെ കൂടെ.

ചെന്നൈ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറമുള്ള ജോര്‍ജ് ടൗണിലെ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റ്. തെരുവിന്റെ ഒരു മൂലയും രണ്ട് ടിന്‍ഷീറ്റും ചേരുന്ന ആ സ്ഥലമാണ് സംഗീതയുടെ വീട്. വീട് എന്ന് പറയാനാവില്ലെങ്കിലും അവര്‍ അതിനെ വീട് എന്ന് വിളിക്കും. അഞ്ചംഗ കുടുംബത്തിന് കിടന്നുറങ്ങാനൊരു മറ. അതില്‍ കൂടുതല്‍ ഒരു വിശേഷണവും അതിന് യോജിക്കില്ല. വീട്ടിലെ പകുതി സാധനങ്ങള്‍ തകരഷീറ്റിന് പുറത്ത് കല്ലിന് മുകളില്‍ അടുക്കി വച്ച് ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. പകല്‍ മുഴുവന്‍ ആ തകരക്കൂടിന് പുറത്തായിരിക്കും സംഗീതയുടേയും കുടുംബത്തിന്റേയും ജീവിതം. അവിടെ നിന്നുകൊണ്ടാണ് അവള്‍ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. സ്വപ്‌നം കാണുക പോലും എളുപ്പമല്ലാതിരുന്ന തെരുവ് ജീവിതത്തില്‍ നിന്ന് കാല്‍പ്പന്തുമായി അവള്‍ ഓടിക്കേറിയ ദൂരം ചെറുതല്ല. തെരുവിലെ ഇടുങ്ങിയ വഴികളിലൂടെ പന്തുമായി നടന്ന അവള്‍ മോസ്‌കോയില്‍ നടന്ന സ്ട്രീറ്റ് ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായതിന് പിന്നില്‍ വലിയ കഥകളുണ്ട്.

അച്ഛന്റെ അമിത മദ്യപാനമായിരുന്നു സംഗീതയുടെ ചെറുപ്പത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒന്ന്. സംഗീത മുതിരുന്നതിനെ മുന്നെ അച്ഛന്‍ കുടുംബം ഉപേക്ഷിച്ചുപോയി. പിന്നീട് സംഗീതയും രണ്ട് സഹോദരങ്ങളും അമ്മൂമ്മയും അമ്മയുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ ചുമതല അമ്മ സെല്‍വിയുടെ മാത്രം ചുമതലയിലായി. പിള്ളയാര്‍ കോവില്‍ തെരുവിലേയും വാള്‍ടാക്‌സ് തെരുവിലേയും ഹോട്ടലുകളില്‍ പകലന്തിയോളം പണിയെടുത്ത് സെല്‍വി കുടുംബം പോറ്റി. മക്കള്‍ മൂവരുടേയും പഠനവും മുന്നോട്ട് പോയി. എന്നാല്‍ ഒരു ദിവസം കണ്ണിന് അപകടം സംഭവിച്ചതോടെ സെല്‍വിക്ക് ജോലിക്ക് പോവാന്‍ പറ്റാതെയായി. അതോടെ സംഗീതയുടെ മൂത്ത സഹോദരി പഠനം ഉപേക്ഷിച്ച് സ്റ്റീല്‍ പോളിഷിങ് കമ്പനിയില്‍ ജോലിക്ക് പോവാന്‍ തുടങ്ങി. എന്നാല്‍ അതില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് അഞ്ചംഗ കുടുംബത്തിന്റെ വിശപ്പ് പോലും മാറില്ലായിരുന്നു. വീട്ടിലെ അവസ്ഥ മനസ്സിലാക്കിയ സംഗീതയും ജോലിക്ക് പോവാന്‍ തീരുമാനിച്ചു. പഠിപ്പിനേക്കാള്‍ പ്രധാനം വിശപ്പടക്കുന്നതിനാണെന്ന് അവള്‍ ചിന്തിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, 13-ാമത്തെ വയസ്സില്‍ അവള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. “അത് പഴയ സ്റ്റീല്‍ പാത്രങ്ങള്‍ ഉരുക്കി പുതിയ പാത്രങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. അങ്ങനെയുണ്ടാക്കിയ സ്റ്റീല്‍ പാത്രങ്ങള്‍ പോളിഷ് ചെയ്യുന്ന ജോലിയായിരുന്നു എനിക്ക്. ബാലവേലയായിരുന്നു അത് എന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. പക്ഷെ അന്ന് ആ വേലയില്ലായിരുന്നെങ്കില്‍ പട്ടിണികിടന്ന് മരിക്കുമായിരുന്നു”, സംഗീത പറയുന്നു.

രണ്ട് വര്‍ഷത്തോളം സ്റ്റീല്‍ പോളിഷിങ് കമ്പനിയില്‍ ജോലിതുടര്‍ന്നു. അങ്ങനെയിരിക്കെ ഒരു ദിവസമാണ് ‘കരുണാലയം’ സംഗീതയ്ക്ക് മുന്നിലേക്കെത്തുന്നത്. കരുണാലയ സെന്റര്‍ ഫോര്‍ സ്ട്രീറ്റ് ആന്‍ വര്‍ക്കിങ് ചില്‍ഡ്രന്‍ ആണ് പിന്നീട് സംഗീതയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പഠനമുപേക്ഷിക്കേണ്ടിവന്ന, ബാലവേല ചെയ്യുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസത്തിലേക്കും ജീവിതത്തിലേക്കും അവരെ മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കരുണാലയ. കരുണാലയ കൈപിടിക്കാന്‍ ചെന്നപ്പോള്‍ സംഗീത ആദ്യം വിമുഖത കാട്ടി. കരുണാലയ അധികൃതരുടെ വലിയ നിര്‍ബന്ധിവും പരിശ്രമവും വേണ്ടി വന്നു സംഗീതയെ വീണ്ടും പഠിക്കാനയക്കാന്‍. കരുണാല സ്ട്രീറ്റ് കോര്‍ഡിനേറ്ററായ വസന്ത് പറയുന്നത് ഇങ്ങനെ, “പഠനമുപേക്ഷിച്ച് പോയ ഓരോ കുട്ടികളേയും കണ്ടെത്തി തിരികെ സ്‌കൂളിലയക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഞങ്ങള്‍ സംഗീതയേയും കാണുന്നത്. പക്ഷെ പഠിക്കാന്‍ തനിക്ക് താത്പര്യമില്ല, ജോലി ചെയ്തുകൊള്ളാം എന്ന ഒറ്റ നിര്‍ബന്ധത്തില്‍ തന്നെയായിരുന്നു അവള്‍. അവളെ തൊണ്ടായര്‍പെട്ടിലെ കരുണാലയ കാമ്പസ് സ്‌കൂളില്‍ നിര്‍ബന്ധിച്ച് ചേര്‍ക്കുമ്പോള്‍ ‘ഞാന്‍ പഠിക്കില്ല, എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട, ഞാന്‍ തിരിച്ചുപോകും’ എന്ന് തന്നെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് സ്‌കൂളില്‍ വരില്ല, ചിലപ്പോള്‍ വരും; അങ്ങനെയായിരുന്നെങ്കിലും തുടരട്ടെ എന്ന് ഞങ്ങളും കരുതി”.

ഒരിക്കല്‍, പഠനത്തില്‍ താത്പര്യമില്ലെങ്കിലും സ്‌കൂളില്‍ ചെലവഴിച്ച ഒരു ദിവസത്തെ വൈകുന്നേരമാണ് മറ്റൊരു ലോകം സംഗീതക്കായി തുറക്കപ്പെടുന്നത്. സംഗീത തുടരുന്നു: “ഞാന്‍ ക്ലാസ് കഴിഞ്ഞ് സ്‌കൂളിന് പുറത്ത് വെറുതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കുറേ ആണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അവര്‍ കളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് ആ കളി ഇഷ്ടമായി. എനിക്കും കളിക്കണമെന്ന് തോന്നി. കരുണാലയത്തിലെ കണ്ണദാസ് സാറിനോട് എന്റെ ആഗ്രഹം പറഞ്ഞു. സാറ് എന്നെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്നും കളിപ്പിക്കാമെന്നും ഏറ്റു. പക്ഷെ ഒരു കണ്ടീഷന്‍ മാത്രം, പഠിക്കുകയാണെങ്കില്‍ കളിക്കുകയും ചെയ്യാം എന്നായിരുന്നു കണ്ണദാസ് സര്‍ വച്ച കണ്ടീഷന്‍. കളിക്കാനായി പഠിക്കാനും ഞാന്‍ തയ്യാറായിരുന്നു. അന്നുമുതല്‍ കളിച്ചു, പഠിച്ചു. കരുണാലയത്തില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീം ഉണ്ടായി വന്നു.”

2015-ലാണ് സംഗീത ഫുട്‌ബോള്‍ പരിശീലിക്കാന്‍ തുടങ്ങുന്നത്. അധ്യാപകനായ കണ്ണദാസിന്റെ ശിക്ഷണത്തില്‍ തന്നെ. “പക്ഷെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ഒരു വലിയ പ്രശ്‌നം തന്നെയായിരുന്നു. ഒരു കുട്ടി ട്രൗസറുമിട്ട് പന്തുരുട്ടി നടന്ന എന്നെ തെരുവിലെ ആണുങ്ങള്‍ കമന്റടിച്ചു. ചിലര്‍ ശരീരത്തെക്കുറിച്ച് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു. വീട്ടിലുള്ളവര്‍ പോലും എന്നെ ശകാരിച്ചു. ഈ കുട്ടിട്രൗസര്‍ ഇട്ട് നടക്കുന്നത് നാണക്കേടാണ് എന്ന മട്ടിലായിരുന്നു അവരുടെ സംസാരം. നോക്കൂ, എന്നെപ്പോലെ തെരുവില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഇതൊന്നും അത്ര എളുപ്പമല്ല. കുളിമുറി എന്ന് പറയാന്‍ പോലും പറ്റാത്ത ഒരു മറയ്ക്കുള്ളില്‍ നിന്നാണ് ഞങ്ങള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതും. ഒരു ദിവസം പത്തിരുപത് കണ്ണുകളെങ്കിലും ആ മറയിലൂടെ ഒളിഞ്ഞുനോക്കാനുണ്ടാവും. സുരക്ഷിതത്വവും കുറവാണ്. അപ്പോള്‍ വസ്ത്രത്തിന്റെ കാര്യം പറഞ്ഞുള്ള പെരുമാറ്റം ഏത് വിധേനയായിരിക്കും എന്ന് അറിയാല്ലോ. പക്ഷെ ഞാന്‍ അതൊന്നും കണക്കാക്കിയില്ല. ട്രൗസര്‍ മാറ്റി വേറെന്തെങ്കിലും ധരിക്കാനും ഞാന്‍ തയ്യാറായില്ല. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവരെല്ലാം നാവടക്കി. എന്നെപ്പോലെ സ്ട്രീറ്റിലെ കുറേ പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കാന്‍ തയ്യാറായി വന്നു. പക്ഷെ ഒരു ഗ്രൗണ്ടും പാര്‍ക്കും ഞങ്ങള്‍ക്കായി തുറന്ന് തന്നില്ല. സ്ട്രീറ്റുകളില്‍ നിന്ന് സ്ട്രീറ്റുകളിലേക്ക് ഫുട്‌ബോള്‍ തട്ടി ഞങ്ങള്‍ കളിക്കാന്‍ പഠിച്ചു”, സ്‌കൂളിലെ മറ്റ് പെണ്‍കുട്ടികളെ പരിശീലിപ്പിക്കാനുള്ള ചുമതലയും സംഗീതയ്ക്കായിരുന്നു.

ആയിടയ്ക്കാണ് 2015-ല്‍ തന്നെ, സംഗീതയുടെ നഗരത്തില്‍ ‘സ്ലം സോക്കര്‍ ഗെയിം’ എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരം നടന്നത്. മത്സരത്തില്‍ കരുണാലയയിലെ പെണ്‍കുട്ടികളുടെ ടീമും പങ്കെടുത്തു. “ടൂര്‍ണമെന്റ് ഞങ്ങള്‍ നേടി. ‘മോസ്റ്റ് പ്രോമിസിങ്’ കളിക്കാരിയായി എന്നെ തിരഞ്ഞെടുത്തു. അതോടെ തെരുവിലെ എന്റെ പേരുദോഷം മാറിക്കിട്ടി. പതിയെ എല്ലാവരും എന്നെ അംഗീകരിച്ച് തുടങ്ങി. ഞാന്‍ പന്തു തട്ടി നടക്കുന്നതില്‍ എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ടെന്ന് അവര്‍ മനസ്സിലാക്കാന്‍ തുടങ്ങി. 2016-ല്‍ സ്‌കോട്‌ലന്‍ഡ് ഗ്ലാസ്‌ഗോയില്‍ നടന്ന ഹോംലെസ്സ് വേള്‍ഡ് കപ്പ് മത്സരത്തില്‍ ഞങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ ടീമിലെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക പെണ്‍കുട്ടിയായിരുന്നു ഞാന്‍.”

ഗ്ലാസ്‌ഗോ വേള്‍ഡ് കപ്പ് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നായിരുന്നു എന്ന് സംഗീത പറയുന്നു. എടുത്തുകാണിക്കാന്‍ ഒരു മേല്‍വിലാസം പോലുമില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ടു. അവിടെയും രക്ഷയായത് കരുണാലയം തന്നെയാണ്. “വിമാനം മുകളിലൂടെ പറക്കുന്നത് നോക്കി നില്‍ക്കുകയല്ലാതെ എന്നെങ്കിലും അതില്‍ കയറാമെന്നത് എന്റെ സ്വപ്‌നങ്ങളില്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ അതിനുള്ള അവസരം ഗ്ലാസ്‌ഗോ വേള്‍ഡ് കപ്പിന്റെ രൂപത്തില്‍ എനിക്കരികിലേക്ക് വന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. പക്ഷെ എനിക്ക് ജനനസര്‍ട്ടിഫിക്കറ്റോ എടുത്തുപറയാന്‍ സ്വന്തമായി ഒരു മേല്‍വിലാസമോ ഇല്ല. ഊരും പേരും ഇല്ലാത്തവരാണ് ഞങ്ങള്‍ തെരുവില്‍ താമസിക്കുന്നവര്‍. ഞങ്ങളില്‍ പലര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും മേല്‍വിലാസവുമില്ല. ഈ തെരുവിലെ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ഒരു കടയിലെ മേല്‍വിലാസമാണ് അന്നേവരെ മേല്‍വിലാസമായി കൊടുത്തിരുന്നത്. അത് തന്നെ പാസ്‌പോര്‍ട്ട് ഓഫീസിലും കൊടുത്തു. കണ്ടപാടെ മേല്‍വിലാസം ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ല എന്നുപറഞ്ഞ് അവര്‍ എന്റെ അപേക്ഷ തള്ളി. കണ്ണദാസ് സര്‍ കാര്യം മനസ്സിലാക്കി. കരുണാലയയുടെ ഡയറക്ടര്‍ ഉടനടി ആ വിഷയത്തില്‍ ഇടപെട്ടു. അവസാനം പാസ്‌പോര്‍ട്ട് കിട്ടി. പോയി കളിച്ചു. ഞങ്ങളെപ്പോലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന തെരുവ് കുട്ടികളെ പരിചയപ്പെട്ടു. അനുഭവങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവച്ചു. എല്ലാംകൊണ്ടും സന്തോഷം തോന്നിയ ഒരു യാത്രയും മത്സരവുമായിരുന്നു അത്.”

ഇതിനിടെ പ്ലസ്ടു പൂര്‍ത്തിയാക്കിയ സംഗീത ചെന്നൈ ക്വീന്‍ മേരീസ് കോളേജില്‍ ഫിസിക്കല്‍ എജ്യുക്കഷന്‍ ബിരുദത്തിന് ചേര്‍ന്നു. അത് തുടരുന്നതിനിടയിലാണ് ഈ വര്‍ഷം മെയ് മാസം റഷ്യയിലെ മോസ്‌കോവില്‍ നടന്ന സ്ട്രീറ്റ് ചൈല്‍ഡ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ സംഗീതയും സംഘവും യാത്രയായത്. സംഗീതയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. മെക്‌സിക്കോയുമായി നടന്ന മത്സരത്തില്‍ താന്‍ ആദ്യമായി ഗോള്‍ അടിച്ചതിനെ കുറിച്ച് സംഗീത വാചാലയായി: “എനിക്ക് ലോകത്തിന്റെ നെറുകയില്‍ ആണെന്ന് തോന്നി. ഇന്റര്‍നാഷണല്‍ മത്‌സരത്തിലെ എന്റെ ആദ്യ ഗോള്‍ ആയിരുന്നു അത്. അന്ന് ഞങ്ങളുടെ ടീം മെക്‌സിക്കോയെ പരാജയപ്പെടുത്തി. 24 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഏഴാം സ്ഥാനം ഞങ്ങള്‍ നേടി”. നാല് വര്‍ഷം കൂടുമ്പോള്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവര്‍ക്കായി സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ് സ്ട്രീറ്റ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പ്.

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ് റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധികയാണ് സംഗീത. എന്നാല്‍ കണ്ണദാസ് സാറിനോടാണ് തനിക്ക് അതിനേക്കാള്‍ ആരാധന എന്നും സംഗീത പറയുന്നു. ലോകകപ്പിന് ശേഷം സംസ്ഥാന ഫുട്‌ബോള്‍ ടീമിലേക്കുള്ള പ്രവേശനത്തിനായി സംഗീത മത്സരിച്ചെങ്കിലും അത് നടന്നില്ല. അത് ആലോചിക്കുമ്പോള്‍ സംഗീതയ്ക്ക് നിരാശയും സങ്കടവും ഉണ്ട്. എന്നാല്‍ ഇനിയും അവസരം വരുമെന്ന പ്രതീക്ഷയിലാണ് ഇവള്‍. സ്ട്രീറ്റ് കോര്‍ഡിനേറ്റര്‍ വസന്ത്കുമാറാണ് പിന്നീട് സംസാരിച്ചത്: “തെരുവില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കളിച്ച് പഠിച്ച ഒരാള്‍ക്ക് സംസ്ഥാന ടീമില്‍ ഇടം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ? സംഗീത പവര്‍ഫുള്‍ പ്ലെയറാണ്. 90 മിനിറ്റും ഒരേ എനര്‍ജിയോടെ കളിക്കുന്ന അവള്‍ പ്രതിരോധ നിരയുടെ ശക്തിയാണ്. കളിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ് സംഗീതയ്ക്ക് ചെയ്യാനുള്ളത്. അവള്‍ക്ക് ഉയരങ്ങളിലെത്താനാവും. പഠനത്തിലേക്ക് കുട്ടികളുടെ വഴിതിരിച്ച് വിടാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു ടൂള്‍ ആണ് സ്‌പോര്‍ട്‌സ്. പക്ഷെ പല കുട്ടികളും അതില്‍ അവരുടെ താത്പര്യങ്ങള്‍ കണ്ടെത്തി വളരുകയും ചെയ്യുന്നു”. അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടും സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണാധികാരികളോ യാതൊരുവിധ അംഗീകാരവും സംഗീതയ്ക്ക് നല്‍കിയിട്ടില്ല. ഇതില്‍ വസന്തിനും അതൃപ്തിയുണ്ട്.

സംഗീതയുടെ അമ്മ ഇപ്പോള്‍ തൊഴിലെടുക്കാന്‍ പാകത്തിന് ആരോഗ്യവതിയാണ്. ഹോട്ടലുകളിലും മറ്റും ജോലി ചെയത് കുടുംബം പോറ്റാനുള്ള വക അവര്‍ ഉണ്ടാക്കുന്നു. സംഗീതയുടെ ഇളയസഹോദരന്‍ പഠനം നിര്‍ത്തി സെയില്‍സ് ബോയ് ആയി ജോലി നോക്കുന്നു. മൂത്ത സഹോദരി പഴയ ജോലിയില്‍ നിന്ന് മാറി മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നു. തനിക്കേറെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ കളിച്ച് മുന്നേറുന്നതിനൊപ്പം സിവില്‍ സര്‍വീസ് എന്ന സ്വപ്‌നവും പതിനെട്ടുകാരിയായ സംഗീതക്കുണ്ട്. “അറുപത് കുടുംബങ്ങളാണ് ഞങ്ങളെപ്പോലെ ഈ തെരുവില്‍ കഴിയുന്നത്. ഇവര്‍ക്ക് ഒന്നുമില്ല. മേല്‍വിലാസം പോലും. അത്തരക്കാരെ കൈപിടിച്ചുയര്‍ത്താന്‍ അതിന് തക്ക അധികാരം വേണം. അതിനായി ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതും. അതിനൊപ്പം തെരുവിലെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന ഒരു ക്ലബ്ബ് തുടങ്ങണമെന്നും ആഗ്രഹമുണ്ട്. നടക്കുമായിരിക്കും”, പറഞ്ഞുതീര്‍ന്നതും ശ്വാസം പോലും വിടാനുള്ള സമയമെടുക്കാതെ ഫുട്‌ബോള്‍ കാലുകൊണ്ട് പതിയെ തട്ടി സംഗീത ഓടിയകന്നു.

കെ.ആര്‍ ധന്യ, ആരതി എം. ആര്‍

കെ.ആര്‍ ധന്യ, ആരതി എം. ആര്‍

അഴിമുഖം ചീഫ് ഓഫ് ബ്യൂറോ, റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍