TopTop
Begin typing your search above and press return to search.

കഴുത്തിനു മുകളില്‍ തല കാണില്ലെന്നാണ് ഭീഷണി, പക്ഷേ സംഘപരിവാറിനെ പേടിച്ച് വീട്ടിലിരിക്കില്ല; നവമി രാമചന്ദ്രന്‍

കഴുത്തിനു മുകളില്‍ തല കാണില്ലെന്നാണ് ഭീഷണി, പക്ഷേ സംഘപരിവാറിനെ പേടിച്ച് വീട്ടിലിരിക്കില്ല; നവമി രാമചന്ദ്രന്‍
ആര്‍ത്തവത്തവകാലത്ത് ക്ഷേത്രത്തില്‍ സ്ത്രീ അശുദ്ധയാകുന്നതിന്റെ യുക്തിയെപ്പറ്റിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ അപവാദപ്രചരണങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയയാകുകയാണ് എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥി നവമി രാമചന്ദ്രന്‍. ഇതേ വിഷയത്തിന്റെ പേരില്‍ നവമിയുടെ സഹോദരിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ ലക്ഷ്മിയെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. ഹൈന്ദവ മതത്തേയും ദൈവങ്ങളെ അപമാനിക്കുന്നുവെന്നാണ് സംഘപരിവാര്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ നവമിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ താന്‍ കീഴടങ്ങില്ലെന്നും നിലപാടുകളുമായി മുന്നോട്ടു തന്നെ പോകുമെന്നാണ് പത്തനംതിട്ട ജില്ല ബാലസംഘം പ്രസിഡണ്ട് കൂടിയായ
നവമി രാമചന്ദ്രന്‍
അഴിമുഖത്തോട് പ്രതികരിക്കുന്നത്.


ഞാന്‍ ഷെയര്‍ ചെയ്തത് ബിനീഷ് ബാവിക്കര എഴുതിയ ഒരു കവിതയാണ്. 'മാസമുറയ്ക്ക് ദേവിയ്ക്കിരിക്കാന്‍ അമ്പലത്തിനുപുറത്തൊരു മുറി പണിയണം' എന്നതാണ് കവിത. ഇത് ആദ്യം ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയി ഇട്ടത് കാസര്‍ഗോഡുള്ള എസ്.എഫ്.ഐ പ്രവര്‍ത്തക ശ്യാമ കുണ്ടംകുഴിയാണ്. ഉടന്‍ തന്നെ ശ്യാമയ്ക്കു നേരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി പ്രചാരണവും, സൈബര്‍ ആക്രമണങ്ങളും തുടങ്ങി. അങ്ങനെ ശ്യാമയ്ക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നാണു ശ്യാമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ശ്യാമയ്‌ക്കൊപ്പം' എന്ന ഹാഷ്ടാഗ് കാമ്പയിനുള്ള പോസ്റ്റ് ഞാനിടുന്നത്. ഞാന്‍ മാത്രമല്ല, കേരളത്തിലെ നിരവധിപേര്‍ ശ്യാമയ്‌ക്കൊപ്പമെന്നു പറഞ്ഞ് ഇത്തരത്തിലുള്ള പോസ്റ്റ് ഇട്ടിട്ടുണ്ട്. പക്ഷെ പ്രധാനമായും കുറച്ചുപേര്‍ക്ക് നേരെ മാത്രമാണ് സൈബര്‍ ആക്രമണം എന്ന രീതിയില്‍ പ്രശ്‌നം ഉണ്ടായിട്ടുള്ളൂ. ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് അധികം വൈകാതെ സംഘപരിവാറുകാരുടെ പ്രതികരണം വന്നുതുടങ്ങിയിരുന്നു. ആദ്യമൊക്കെ തെറി മാത്രമായിരുന്നെങ്കില്‍ ഞാന്‍ പോസ്റ്റ് പിന്‍വലിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ അപവാദപ്രചരണം തുടങ്ങി. ഫെയ്‌സ്ബുക്കില്‍ ആക്രോശിച്ചതിനും, തെറി വിളിച്ചതിനുമൊന്നും ഞാന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. പക്ഷെ എന്റെ ഫോട്ടോ വച്ച് അപവാദപ്രചരണം നടത്തിയതിന് സൈബര്‍ കുറ്റമാരോപിച്ച് ഞാന്‍ പോലീസില്‍ പരാതി നല്‍കയിട്ടുണ്ട്.


പതിനാറാം തീയതി ഞാന്‍ പോസ്റ്റിട്ട് രണ്ടുദിവസം കഴിഞ്ഞ് പതിനെട്ടാം തീയതി ഉച്ചകഴിഞ്ഞ് പത്താംക്ലാസ് മോഡല്‍ പരീക്ഷ കഴിഞ്ഞുവരുന്ന എന്റെ അനിയത്തി ലക്ഷ്മിയെ ചില ആര്‍.എസ്.എസുകാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. 'ചേച്ചിയോട് ഇതെല്ലാം നിര്‍ത്തി മര്യാദയ്ക്ക് വീട്ടിലിരുന്നോളാന്‍ പറയണം, അല്ലെങ്കില്‍ ഒന്നിന്റെയും കഴുത്തില്‍ തല കാണില്ല' തുടങ്ങിയ തരത്തിലായിരുന്നു ഭീഷണി. അതിനുശേഷം വീണ്ടും ഫെയ്‌സ്ബുക്കിലെ ഫേക്ക് അകൗണ്ടുകള്‍ വഴി ഭീഷണിയും അപവാദപ്രചരണവും തുടര്‍ന്നിരുന്നു. ഇതൊന്നും കൂടാതെ ഇക്കഴിഞ്ഞ ബുധനാഴ്ച അയല്‍വക്കത്തെ വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയപ്പോളാണ് അനിയത്തിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ പുറകില്‍നിന്ന് അടിച്ചുവീഴ്ത്തുന്നത്. വീഴ്ചയില്‍ തലയ്ക്കും കൈക്കും പരിക്കുപറ്റി ലക്ഷ്മി ആശുപത്രിയിലായിരുന്നു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഡ്യൂക്ക് ബൈക്കില്‍വന്ന രണ്ടുപേരാണ് അക്രമിച്ചതെന്ന അവളുടെ മൊഴി വച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫേക്ക് ഫേസ്ബുക്ക് അകൗണ്ടുകള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്നതിനെ കുറിച്ച് സൈബര്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ ഉടന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിയത്തിയെ ഭീഷണിപ്പെടുത്തിയതിനും, ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ ഭീഷണിയിലും അപവാദപ്രചരങ്ങളിലും തകര്‍ന്ന് മാറിനില്‍ക്കാതെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാഗമായി  നിലപാടുകളും പ്രതിഷേധങ്ങളുമായി  മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.
Next Story

Related Stories