UPDATES

“കാവു സംരക്ഷണത്തിനായി ഗ്രൂപ്പുകളുണ്ടാക്കി ആര്‍എസ്എസ് കൊടി കുത്തുകയാണ് വയനാട്ടിലെ മിക്ക ആദിവാസി കാവുകളിലും”-ശബരിമല കയറാനെത്തിയ കെ. അമ്മിണി/അഭിമുഖം

“ഞാന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി അഞ്ചു മിനുട്ടാകുന്നതിനു മുമ്പേ സംഘപരിവാറുകാരും അവിടെയെത്തി; ഈ വിവരമൊക്കെ എവിടെ നിന്നാണ് ചോരുന്നത്?”

ശ്രീഷ്മ

ശ്രീഷ്മ

ശബരിമലയില്‍ നിന്നും പാതിവഴിക്ക് മടങ്ങേണ്ടി വന്ന മനിതി സംഘടനയുടെ അംഗങ്ങളോടൊപ്പം വയനാട്ടില്‍ നിന്നുള്ള കെ. അമ്മിണി എന്ന ആദിവാസി അവകാശ പ്രവര്‍ത്തകയുമുണ്ടായിരുന്നു. വര്‍ഷങ്ങളായി വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അമ്മിണി, ആദിവാസി ഐക്യ സമിതിയുടെ സെക്രട്ടറിയും ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാണ്. വനാവകാശ നിയമവും ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള നിരവധി ആദിവാസി സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തക കൂടിയായ അമ്മിണിക്ക്, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് മടങ്ങേണ്ടിവരികയായിരുന്നു. ആദിവാസി സ്ത്രീയുടെ അവകാശപ്രഖ്യാപനമെന്ന നിലയ്ക്കാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചതെന്നാണ് അമ്മിണിയുടെ പക്ഷം. അമ്മിണി സംസാരിക്കുന്നു:

അന്ന് ആദിവാസിയുടെ ഭൂമി കൈയേറി, ഇന്ന് ആദിവാസിയുടെ ദൈവങ്ങളെ തട്ടിയെടുക്കുന്നു

നവംബര്‍ 14ന് കോട്ടയത്ത് ജനാധിപത്യ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നിരുന്നു. അതില്‍ പങ്കെടുത്തുന്നതിനിടെയാണ് മനിതിയില്‍ പ്രവര്‍ത്തിക്കുന്ന സെല്‍വിയടക്കമുള്ളവരെ പരിചയപ്പെടുന്നത്. മനിതിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാമെന്നല്ലാതെ എനിക്ക് നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. കണ്‍വെന്‍ഷനില്‍ വച്ചാണ് ശബരിമലയിലേക്ക് പോകാനുള്ള സന്നദ്ധത ഞാന്‍ പരസ്യമായി അറിയിക്കുന്നത്. പുരോഗമനപ്രസ്ഥാനങ്ങളുടെ ദളിത് ആക്ടിവിസ്റ്റുകളും പിന്തുണയ്ക്കുമെങ്കില്‍ പോകുമെന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകുന്നതിന് ഒരാഴ്ച മുന്‍പാണ് എന്നെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നത്. അതുവഴിയാണ് ചര്‍ച്ചകളെല്ലാം നടന്നത്.

ഒരു ആദിവാസി സ്ത്രീയുടെ അവകാശപ്രഖ്യാപനം എന്ന നിലയ്ക്ക് തന്നെയാണ് ശബരിമലയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കേരളത്തിലെ ആദിവാസി ദൈവങ്ങളും കാവുകളും ഇന്ന് സംഘപരിവാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയുമൊക്കെ കൈയിലാണ്. ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതു പോലെ, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതു പോലെ, ദൈവങ്ങളെയും അവര്‍ കൊള്ളയടിച്ചെടുത്തു. സ്വര്‍ണം പൂശിയ വിഗ്രഹങ്ങളല്ല, കാവുകളിലാണ് ആദിവാസിയുടെ ദൈവം. ആദിവാസി ഊരുകളിലെ ഈ കാവുകളിലൂടെയാണ് ആര്‍.എസ്.എസ് ഇപ്പോള്‍ അധികാരം സ്ഥാപിച്ചെടുക്കുന്നത്. കാവു സംരക്ഷണം എന്ന പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി ആര്‍.എസ്.എസിന്റെ കൊടി കുത്തിയിരിക്കുകയാണ് വയനാട്ടിലെ മിക്ക ആദിവാസി കാവുകളിലും. ദൈവങ്ങളെ സംഘപരിവാറില്‍ നിന്നും പിടിച്ചെടുക്കാന്‍ വേണ്ടി പ്രക്ഷോഭത്തിലേക്ക് പോകേണ്ട സ്ഥിതിയിലാണ്.

ശബരിമലയില്‍ പാടാനായി വലിയ വേലന്മാര്‍, ചെറിയ വേലന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. വലിയ വേലന്മാര്‍ പട്ടികവര്‍ഗ്ഗത്തിലും, ചെറിയ വേലന്മാര്‍ പട്ടികജാതിയിലും പെട്ടവരായിരുന്നു. ഇവര്‍ക്കോ, അവിടെ മറ്റു കര്‍മങ്ങള്‍ ചെയ്തിരുന്ന മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കോ, ശബരിമല ഒരു വലിയ ക്ഷേത്രമായിക്കഴിഞ്ഞപ്പോള്‍ പ്രസക്തിയില്ലാത്ത അവസ്ഥയായല്ലോ. എല്ലാവരും അടിച്ചോടിക്കപ്പെട്ടു. ബ്രാഹ്മണ്യം സൃഷ്ടിച്ച ആചാരങ്ങളാണ് ഇന്ന് അവിടെ കൊട്ടിഘോഷിക്കപ്പെടുന്ന ഹൈന്ദവാചാരങ്ങളെല്ലാം. അയിത്തം ബ്രാഹ്മണാചാരമാണ്, ആദിവാസിയുടേതല്ല. ഞങ്ങള്‍ക്കൂ കൂടി അവകാശപ്പെട്ടയിടത്തു നിന്നും എത്രകാലം ഞങ്ങളെ മാറ്റി നിര്‍ത്താന്‍ സാധിക്കും? ഒരു ജനതയുടെ മുന്നേറ്റമാണ് നിഷേധിക്കപ്പെടുന്നത്. ആചാരലംഘനമുണ്ടായാല്‍ തന്ത്രി നടയടച്ച് പടിയിറങ്ങുമെന്നാണല്ലോ പറയുന്നത്. ഇറങ്ങിക്കോട്ടെ. പക്ഷേ നട അടച്ച് താക്കോല്‍ കൊടുക്കേണ്ടത് മലയരയര്‍ക്കാണ്. പിറ്റേന്ന് തൊട്ട് നട തുറന്ന് അവര്‍ പൂജ നടത്തട്ടെ.

കെ. അമ്മിണി, ഒരു ‘മനിതി’; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

മതില്‍ കെട്ടിക്കോളൂ, പക്ഷേ ഉറപ്പുള്ള മതിലാകണം

ഇത്രയും കാര്യങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ സര്‍ക്കാരിന്റെ വനിതാ മതില്‍ ഇവിടെ നടക്കുന്നുണ്ടെങ്കില്‍, ഇനിയൊരു സ്ത്രീക്ക് പോലും സംസ്ഥാനത്ത് അപമാനം നേരിടേണ്ടി വരില്ലെന്ന് ഉറപ്പു വരുത്തണം. മതില്‍ കെട്ടുന്നുണ്ടെങ്കില്‍ അത് ഉറപ്പുള്ള മതിലായിരിക്കണം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ബോധവല്‍ക്കരിക്കാനാണ് വനിതാ മതിലെങ്കില്‍, ബോധവല്‍ക്കരണം വേണ്ടത് സ്ത്രീക്കല്ല എന്ന് ആദ്യം തിരിച്ചറിയണം. സ്ത്രീയെ പടിക്കു പുറത്തു നിര്‍ത്തുന്ന നിയമങ്ങള്‍ എഴുതിയുണ്ടാക്കുകയും, ഘോര ഘോരം ശരണം വിളിക്കുകയും ചെയ്യുന്ന ആ വിഭാഗത്തിനാണ് ബോധവല്‍ക്കരണം വേണ്ടത്.

വളരെ ആത്മീയമായും പ്രാര്‍ത്ഥനാപൂര്‍വവും ഉപയോഗിക്കേണ്ട ശരണ മന്ത്രം ഇന്ന് ബി.ജെ.പിക്കാരുടെ മുദ്രാവാക്യമായി മാറിയിട്ടുണ്ട്. അവര്‍ ശരണം വിളിക്കട്ടെ, പക്ഷേ ഇപ്പോള്‍ സന്നിധാനത്ത് വിളിക്കുന്നതു പോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യമായല്ല വിളിക്കേണ്ടത്. തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഇന്നുള്ളതു പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ഭീഷണികള്‍ അല്ല കേള്‍ക്കേണ്ടത്.

മനിതി സംഘം സംരക്ഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെ നേരത്തേ സമീപിച്ചിരുന്നതാണ്. സുരക്ഷയേര്‍പ്പെടുത്തും എന്ന വാക്കിനു പുറത്താണ് ഡിസംബര്‍ 23ന് അവര്‍ മലകയറാനെത്തിയത്. മനിതിയെ പിന്തുണച്ചുകൊണ്ടാണ് ഞാനും അന്ന് എത്തിയത്. കേരളത്തില്‍ ഒരു ചലനമുണ്ടാകുമെന്നും, വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പെട്ടന്നു തന്നെ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഞാനും ഇറങ്ങിപ്പുറപ്പെട്ടത്. ഒരു മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയില്‍ ഇടപെടാനാണ് ഞാനുദ്ദേശിച്ചത്.

മാവോയിസ്റ്റല്ല, ആക്കാതിരുന്നാല്‍ മതി

എന്നെ അവര്‍ മാവോയിസ്റ്റാക്കുന്നതിനു പിന്നില്‍ കാരണങ്ങളുണ്ട്. പറയാനുള്ളത് കൃത്യമായി പറയുന്നവരാണെന്ന് കാണുമ്പോള്‍ മാവോയിസ്റ്റു ലേബല്‍ ഇട്ടു തരുന്നതാണല്ലോ എളുപ്പം. എസ്.എസി/എസ്.ടി മോണിറ്ററിംഗ് സമിതിയില്‍ എസ്. പി അദ്ധ്യക്ഷനായ യോഗത്തില്‍ പന്ത്രണ്ടു വര്‍ഷത്തോളമായി അംഗമായിരിക്കുന്നയാളാണ് ഞാന്‍. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ആദിവാസി പ്രശ്‌നങ്ങള്‍ പഠിക്കാനായി യാത്ര ചെയ്തിട്ടുണ്ട്. 2006 മുതല്‍ 2013 വരെ വനാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുമുണ്ട്. നക്‌സല്‍ മൂവ്‌മെന്റിന്റെ പ്രദേശങ്ങളില്‍ പോയി പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ ബെല്‍റ്റില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഉടനെ ഞാന്‍ തീവ്രവാദിയാവുകയാണ്.

ഞാന്‍ മാവോയിസ്റ്റാണെന്നു തന്നെയായിരിക്കും എല്ലാവരും കരുതിയിരിക്കുന്നത്. അവകാശങ്ങള്‍ക്കു വേണ്ടിയല്ലേ മാവോയിസ്റ്റാവുന്നത്? സ്‌റ്റേറ്റും ഭരണകൂടവും ചേര്‍ന്നല്ലേ ഒരാളെ മാവോയിസ്റ്റാക്കുന്നത്? എന്നെ അങ്ങനെ ആക്കാതിരുന്നാല്‍ മതി എന്നാണ് ആകെയുള്ള അഭ്യര്‍ത്ഥന. വയനാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവച്ചിരിക്കുന്ന കോടികള്‍ ഇനി ഇക്കാര്യം പറഞ്ഞ് മുടക്കാതിരുന്നാല്‍ മതി.

ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍

മടങ്ങിയത് പൊലീസ് നിര്‍ബന്ധം കൊണ്ടു മാത്രം

പൊലീസ് സുരക്ഷ വേണമെന്ന് ഞാനാവശ്യപ്പെട്ടിരുന്നില്ല. മനിതിക്ക് ഏതായാലും സുരക്ഷ ലഭിക്കുന്നുണ്ടല്ലോ എന്നാണ് ഞാന്‍ കണക്കുകൂട്ടിയത്. പക്ഷേ യാത്രയുടെ മുന്നേയുള്ള ദിവസങ്ങളില്‍ത്തന്നെ പൊലീസ് പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പേരു മാറ്റി സംസാരിച്ചും, സി.പി.എം പ്രവര്‍ത്തകനാണെന്നു പരിചയപ്പെടുത്തിയുമൊക്കെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തലേ ദിവസം തന്നെ കോട്ടയത്ത് പാമ്പാടിയില്‍ ഞാനെത്തിയിരുന്നു. അവിടെ വച്ചും ഇത്തരം ഫോണ്‍വിളികളുണ്ടായിട്ടുണ്ട്. പരിചയമില്ലാത്ത ആരുടേയും സഹായം വേണ്ടെന്ന് ഞാന്‍ തീര്‍ത്തു പറയുകയായിരുന്നു. എന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നിരിക്കണം ഇതെല്ലാം. പാമ്പാടി എസ്.ഐയും കോട്ടയം ക്രൈംബ്രാഞ്ചുമെല്ലാം വിളിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷനില്‍ സന്നദ്ധത അറിയിച്ചപ്പോള്‍ തന്നെ പൊലീസ് ബന്ധപ്പെട്ടിരുന്നെങ്കിലും, യാത്രയുടെ തീയതിയും സമയവുമൊന്നും സുരക്ഷയെ കരുതി വെളിപ്പെടുത്തിയിരുന്നില്ല. 23ന് രാവിലെ മാധ്യമങ്ങളും വിളിച്ച് സംസാരിച്ച് വാര്‍ത്ത പുറത്തുവിട്ടതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ബന്ധപ്പെടുകയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. ഒപ്പം വരാനുള്ള പല സംഘങ്ങളും ആ സമയത്ത് എത്തിയിരുന്നില്ല. ഇവരെ കാത്തിരിക്കുന്നതിനിടെയാണ് ബി.ജെ.പിക്കാരുടെ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ഇടപെട്ട് അത് മാറ്റാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തത്. പരമാവധി ഞങ്ങളുടെ സംഘങ്ങളെ ഒന്നിപ്പിക്കാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഞങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ വരെ ചോര്‍ത്തിയോ എന്നും സംശയമുണ്ട്. ഞങ്ങള്‍ സഞ്ചരിക്കുന്ന വഴിയടക്കം കൃത്യമായി പ്ലാന്‍ ചെയ്ത പല കാര്യങ്ങളും ചോര്‍ന്നു പോയത് എങ്ങനെയാണെന്നതില്‍ എനിക്ക് സംശയങ്ങളുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണിത്.

എരുമേലിക്ക് മുക്കട വഴി പോകാമെന്നും, എന്നെ എത്തിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നുമൊക്കെ ഒപ്പമുള്ള പൊലീസുകാര്‍ പറഞ്ഞപ്പോള്‍, എനിക്കും വലിയ പ്രതീക്ഷയായി. പക്ഷേ വഴിയില്‍ മറ്റൊരു പൊലീസ് സംഘമെത്തി തടയുകയും ഇനിയങ്ങോട്ട് യാത്ര ചെയ്യുന്നത് അപകടമാണെന്ന് പറയുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഒപ്പമുള്ള സ്ത്രീകള്‍ എവിടെയാണെന്നോ ഏതവസ്ഥയിലാണെന്നോ അറിയാത്തതിന്റെ ആശങ്കയുമുണ്ടായിരുന്നു. ആ അവസ്ഥയിലാണ് മടങ്ങിപ്പോന്നത്. കണ്‍ട്രോള്‍ റൂമിലേക്ക് തിരിച്ചു പോയി വിശ്രമിക്കാമെന്ന് നിര്‍ബന്ധിച്ചപ്പോഴും, ദര്‍ശനം നടത്തണമെന്നാണ് ഞാനാവര്‍ത്തിച്ചത്. ഞാന്‍ കണ്‍ട്രോള്‍ റൂമിലെത്തി അഞ്ചു മിനുട്ട് തികയുന്നതിനു മുമ്പേ തന്നെ സംഘപരിവാറുകാരും അവിടെയെത്തിയിരുന്നു. ഈ വിവരമൊക്കെ എവിടെനിന്നാണ് ചോരുന്നത്?

ഒടുവില്‍ മനിതി സംഘവും മടങ്ങി: പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാത്തിരുന്നത് ആറ് മണിക്കൂര്‍

സുരക്ഷയുണ്ടെങ്കില്‍ തിരികെയെത്തും

ശബരിമലയില്‍ പോകാനെത്തുന്ന ഓരോ സ്ത്രീയേയും സംഘപരിവാറിനു മുന്നിലിട്ടുകൊടുത്ത് ഓടി രക്ഷപ്പെടുകയാണ് പൊലീസ്. മനിതി സംഘത്തിനും ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്കും സംഭവിച്ചതിതാണ്. കനകദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം എന്നു പറയുന്നതെല്ലാം മല കയറ്റാതിരിക്കാനുള്ള പൊലീസിന്റെ നാടകമാണ്. പാതി വഴിയെത്തിച്ച് ഒരു സീനുണ്ടാക്കിയാല്‍ തിരികെപ്പോരുമെന്ന് അവര്‍ക്കറിയാം. സുരക്ഷ വേണ്ടത്രയും ദൂരം അതു കൊടുക്കാനുള്ള ബാധ്യത പൊലീസിനില്ലേ? അവിടെയെത്തുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കുകയാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്.

ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നു തന്നെ പറയേണ്ടിവരും. ആവശ്യമില്ലാത്ത കോലാഹലമുണ്ടാക്കുന്നവരെയാണ് സന്നിധാനത്തു നിന്നും മാറ്റേണ്ടത്. അല്ലാതെ സ്ത്രീകളെയല്ല. അതിനു സര്‍ക്കാര്‍ തയ്യാറാകാത്തിടത്തോളം ആരു പോയാലും പാതി വഴിക്ക് തിരിച്ചിറങ്ങുക തന്നെ ചെയ്യേണ്ടിവരും. മുദ്രാവാക്യം വിളിക്കുന്ന പോലെ ശരണം വിളിക്കുക, ശബരിമലയില്‍ പോകാന്‍ ശ്രമിച്ച സ്ത്രീകളുടെ വീട് ആക്രമിക്കുക, വീടിനു മുന്നില്‍ നാമജപം നടത്തുക – ഇതൊക്കെയല്ലേ എതിര്‍ക്കപ്പെടേണ്ടത്? ശബരിമലയില്‍ പോയി എന്ന കാരണം കൊണ്ടു മാത്രമാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതെന്നോര്‍ക്കണം. വീടുകളില്‍ പോലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

അടുത്ത ഒരു തീയതി തീരുമാനിച്ച് മല ചവിട്ടണമെന്നു തന്നെയാണ് ആഗ്രഹം. ഇനിയങ്ങോട്ട് സുരക്ഷ തരാന്‍ സാധിക്കില്ല എന്നു പറഞ്ഞ് പിന്‍വാങ്ങിയ പൊലീസുകാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ആവശ്യപ്പെടുന്നയിടം വരെ ഒപ്പം വരിക എന്നാണ്. അക്കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ മലകയറുക തന്നെ ചെയ്യും.

‘കണ്ട പെലയന്മാരുടെയും ചോവന്മാരുടെയും കൂടെ മോളെ മതില് പണിക്ക് വിട്ടാല്‍ അതിലൊരുത്തന്റെ കൂടെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടിവരും’; ഇങ്ങനെയാണ് ജാതി ഒളിച്ചു കടത്തുന്നത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍