ട്രെന്‍ഡിങ്ങ്

ഭയങ്കര ശബ്ദം, എന്താണെന്നു മനസിലാകും മുന്നേ ഇരുമ്പ് തരികള്‍ നിറഞ്ഞ പൊടി കണ്ണുകളിലേക്ക് അടിച്ചു കയറി

Print Friendly, PDF & Email

കൊച്ചി കപ്പല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട സഞ്ജുവിന്റെ കാതുകളില്‍ ഇപ്പോഴും സ്‌ഫോടനശബ്ദമാണ്

A A A

Print Friendly, PDF & Email

വലിയൊരു പൊട്ടിത്തെറി ശബ്ദം, കപ്പല്‍ ശക്തമായി കുലുങ്ങുന്നു..എന്താണെന്ന് മനസിലാകും മുന്നേ ഇരുമ്പ് തരികള്‍ നിറഞ്ഞ പൊടി കണ്ണുകള്‍ക്കുള്ളിലേക്ക് തള്ളിക്കയറി… സഞ്ജുവിന്റെ ശബ്ദത്തില്‍ ഇപ്പോഴും വിറയലാണ്…കാതുകളില്‍ ആ ഭയാനകമായ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുകയാണ്; സഞ്ജു പറയുന്നു…

കൊച്ചി കപ്പല്‍ശാലയില്‍ ഇന്ന് ദുരന്തം നടക്കമ്പോള്‍ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിന്റെ ഡക്കില്‍ സഞ്ജുവും ഉണ്ടായിരുന്നു. പത്തുവര്‍ഷമായി കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ മെഷീനിസ്റ്റായി ജോലി നോക്കുകയാണ് കോട്ടയം കുറുപ്പന്തറ സ്വദേശിയായ സഞ്ജു ജോസഫ് എന്ന 40 കാരന്‍. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സഞ്ജുവിനെ പ്രാഥമിക ചികിത്സകള്‍ക്കുശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

സഞ്ജു അഴിമുഖത്തോട് പറയുന്നു;

രാവിലെ പതിവുപോലെ സഹപ്രവര്‍ത്തകരോടൊപ്പം സാഗര്‍ ഭൂഷണ്‍ എന്ന ഒഎന്‍ജിസി കപ്പലില്‍ അറ്റകുറ്റപണികളുടെ ഭാഗമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എകദേശം 9.40 ടെയാണ് അത് സംഭവിച്ചത്. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. കപ്പലിനു മുകളില്‍ ആയിരുന്നിട്ടും നന്നായി കേട്ടു. കപ്പലാകെ കുലുങ്ങി. നല്ല ശക്തിയോടെ പുകയും പൊടിയും പുറത്തേക്ക് തള്ളി. തുരുമ്പു ഉള്‍പ്പെടുന്ന പൊടി കണ്ണിലേക്ക് അടിച്ചു കയറുകയായിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് കപ്പലിന് പുറത്തു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് വരെ പരക്കേറ്റു. കൂടുതല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. പേടിപ്പെടുത്തുന്ന ഉഗ്രശബ്ദത്തോടെയുള്ള ആ പൊട്ടിത്തെറി ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്.

കപ്പലില്‍ ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ച് സ്‌ഫോടനമുണ്ടായെന്നാണ് നിഗമനം. അപകടത്തില്‍ അഞ്ച് മലയാളികള്‍ മരിക്കുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കപ്പലിന്റെ ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അപകടത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചത്. അപകടത്തില്‍ ഇടപ്പള്ളി പോണേക്കര കുറുപ്പശേരില്‍ കെ.ബി ജയന്‍(40), കോട്ടയം അടൂര്‍ എടപ്പറമ്പില്‍ ഗവിന്‍ റെജി(29), തൃപ്പൂണിത്തുറ സുവര്‍ണ്ണ നഗര്‍ ചെമ്പേഴത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍(46), വൈപ്പിന്‍ സ്വദേശി റംഷാദ്(26), തൃപ്പൂണിത്തുറ, ഏരൂര്‍ മടത്തിപ്പറമ്പില്‍ കണ്ണന്‍(35) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്‌സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇതില്‍ ശ്രീരൂപിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യാതിരുന്നതാകാം അപകട കാരണമെന്നു സംശയം
കപ്പലിനകത്ത് തലേദിവസത്തെ അറ്റകുറ്റപണികള്‍ കഴിഞ്ഞ ശേഷം ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യാതിരുന്നതിനെ തുടര്‍ന്നു ഗ്യാസ് ചോര്‍ന്നതാകാം പൊട്ടിത്തെറിക്കു കാരണമായതെന്ന് ജീവനക്കാരില്‍ ചിലര്‍ പറയുന്നു. കപ്പലിനകത്ത് വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് അതിശക്തമായ ഇളക്കം കപ്പലിനുണ്ടാകുകയും കപ്പലിനകത്ത് ജോലി ചെയ്തവര്‍ക്ക് പൊള്ളലേക്കുകയും ചിലര്‍ നിന്നിരുന്ന സ്ഥലത്തു നിന്നും താഴെ വീഴുകയുമായിരുന്നു. അപകടം നടന്ന ഉടനെ സുരക്ഷ വിഭാഗം അപകട മണി മുഴക്കി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ജീവനക്കാര്‍ പറഞ്ഞു. ശിവരാത്രി ദിവസമായതിനാല്‍ ജീവനക്കാരില്‍ അധികവും അവധിയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍