TopTop

ഉണ്ണിയുടെ 'വാങ്കി'നോട് മാത്രമല്ല എന്റെ 'ബിരിയാണി'യോടും ഇത് തന്നെ ചെയ്തു; കിത്താബ് വിവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം

ഉണ്ണിയുടെ
കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കിത്താബ് നാടകത്തെക്കുറിച്ചുള്ള വിവാദം തുടരുകയാണ്. റഫീഖ് മംഗലശേരി സംവിധാനം ചെയ്ത നാടകം കഥാകൃത്ത് ഉണ്ണി ആറിന്റെ 'വാങ്ക്' എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണെന്നാണ് പറഞ്ഞിരുന്നത്. പള്ളിയില്‍ കയറി വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇത്. നാടകം ഇസ്ലാം മതവിശ്വാസത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ കലോത്സവ വേദിയിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് നാടകം വിവാദത്തിലായത്. നാടകം ചെയ്യാനുള്ള അനുമതി റഫീഖ് വാങ്ങിയിരുന്നില്ലെന്നും തന്റെ കഥയെ വികലമായി വ്യാഖ്യാനിച്ചാണ് നാടകം അവതരിപ്പിച്ചിരിക്കുന്നതെന്നും ഉണ്ണി ആര്‍ ഇതിനോട് പ്രതികരിച്ചിരുന്നു. മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസമെന്നാണ് ഇന്നലെ ഉണ്ണി ആര്‍ കഴിഞ്ഞ ദിവസം അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചത്. പിന്നീട് ഇന്നലെ റഫീഖും അഴിമുഖത്തിന് അഭിമുഖം അനുവദിക്കുകയുണ്ടായി. അനുവാദമില്ലാതെ കഥ ഉപയോഗിച്ചതിന് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ റഫീഖ് രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ണിക്കെതിരെ ഉന്നയിച്ചത്. ഉണ്ണി തന്നെ ഇസ്ലാം മത തീവ്രവാദികള്‍ക്ക് എറിഞ്ഞ് കൊടുക്കുകയാണെന്നായിരുന്നു റഫീഖിന്റെ ആരോപണം. എന്നാല്‍ ഒരു കഥ വികലമായി അവതരിപ്പിച്ചിട്ട് വിഷയമുണ്ടാകുമ്പോള്‍ കഥാകൃത്തിന്റെ മേല്‍ പഴി ചാരുന്നതെന്തിനാണെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം ചോദിക്കുന്നു. അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഉണ്ണിയോ എഴുത്തുകാര്‍ ആരും തന്നെയോ എട്ടുകാലി മമ്മൂഞ്ഞുകളല്ലെന്നും സന്തോഷ് വ്യക്തമാക്കി. സന്തോഷിന്റെ ബിരിയാണി എന്ന കഥ കഴിഞ്ഞ വര്‍ഷം റഫീഖ് മംഗലശേരി അനുവാദമില്ലാതെ സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിച്ചിരുന്നു. സന്തോഷ് ഏച്ചിക്കാനം അഴിമുഖം പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം.


ഉണ്ണിയുടെ വാങ്ക് എന്ന കഥ ഒരിക്കലും ഒരു മുസ്ലിം വിരുദ്ധ കഥയല്ല. എപ്പോഴും ആണുങ്ങള്‍ മാത്രം വാങ്ക് വിളിക്കുന്നത് കേട്ടുകൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരിയായ, നിഷ്‌കളങ്കയായ പെണ്‍കുട്ടിക്ക്-അവള്‍ക്ക് വലിയ പ്രായം പോലുമില്ല- തോന്നുന്ന ഒരു കൗതുകം. എനിക്കും വാങ്ക് വിളിക്കണം. അവള്‍ക്കും അള്ളാഹുവെന്ന പ്രവാചകനോട് അത്രയധികം ഇഷ്ടവും ബഹുമാനവുമൊക്കെയുണ്ട്. അതുകൊണ്ടാണ് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന വാങ്ക് കൊടുക്കണമെന്ന് അവളും ആഗ്രഹിക്കുന്നത്. ഉച്ചഭാഷിണിയിലൂടെ എനിക്കും ദൈവത്തെ വിളിക്കണമെന്ന് പറയുന്ന ആഗ്രഹം മാത്രമാണ് അവളുടേത്. ആ കൗതുകത്തിന്റെ പേരില്‍ ഈ പെണ്‍കുട്ടി ഒരു കാട്ടിലേക്ക് കയറിപ്പോകുകയും കാട്ടില്‍ വച്ച് അവള്‍ ഒറ്റയ്ക്കിരുന്ന് വാങ്ക് വിളിക്കുകയും ചെയ്യുന്നതാണ് ഉണ്ണിയുടെ കഥ. അതിലൊരിക്കലും ദൈവധിക്കാരമോ ദൈവ നിന്ദയോ ഒന്നുമില്ല. അവളും ദൈവത്തെ തന്നെയാണ് വിളിക്കുന്നത്. ഒരു രീതിയിലും മതവികാരത്തെ വൃണപ്പെടുത്തുകയോ മതനിന്ദ പ്രകടിപ്പിക്കുകയോ ചെയ്യാതെയാണ് ആ കഥയെഴുതിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗതുകം എന്ന രീതിയില്‍ മാത്രമാണ് കഥ വായിക്കപ്പെടേണ്ടത്. ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ് ദൈവം. ശബരിമലയിലും ഇപ്പോള്‍ അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ആ ഒരു നല്ല കഥയെ നാടകമാക്കുമ്പോള്‍ അതിന് ശ്രമിക്കുന്നവര്‍ കഥാകൃത്തിനെ വിളിച്ച് ഒന്ന് അനുവാദം ചോദിക്കണം. രണ്ടാമതൊരു കാര്യം ആ നാടകം എഴുതിയ ശേഷം ആ നാടകത്തിന്റെ സ്‌ക്രിപ്റ്റ് കഥാകൃത്തുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്. ഒരു കൃതി മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ പോലും അത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ട്. ട്രാന്‍സ്ലേറ്റ് ചെയ്യുന്നവര്‍ എഴുത്തുകാരെ വിളിച്ച് സംശയങ്ങള്‍ ചോദിക്കാറുണ്ട്. ഇങ്ങനെ കൊടുക്കല്‍ വാങ്ങലുകളിലൂടെയും ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മാത്രമാണ് അത് മൂല്യവത്തായുള്ള സാഹിത്യരൂപമോ കലാരൂപമോ ആയി മാറുകയുള്ളൂ. എന്നാല്‍ പലപ്പോഴും ഇവിടെ അതൊന്നും നടക്കാറില്ല. ഈ പറയുന്ന റഫീഖ് മംഗലശേരി എന്ന നാടകകൃത്ത് തന്നെയാണ് ബിരിയാണി എന്ന എന്റെ കഥ സ്‌കൂള്‍ യുവജനോത്സവത്തില്‍ നാടകമാക്കി അവതരിപ്പിച്ചത്. തൃശൂരില്‍ സംസ്ഥാന യുവജനോത്സവം നടക്കുമ്പോള്‍ നാടകം കാണാന്‍ റീജിയണല്‍ തിയറ്ററില്‍ ചെല്ലുമ്പോഴാണ് എന്റെ കഥയും നാടകമായി ഇവിടെ അവതരിപ്പിക്കുന്നുണ്ടെന്ന് അറിയുന്നത്. ഒന്നുമില്ലങ്കിലും ഞാന്‍ തൃശൂര്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ അഡ്രസ് തൃശൂരാണ്. ഈ നാടക സംവിധായകന് എന്നെ ഒന്ന് വിളിച്ച് പറഞ്ഞുകൂടെ? സംസ്ഥാന തലത്തിലേക്ക് ഈ നാടകം എത്തുമ്പോള്‍ സംസ്ഥാനം മുഴുവനുള്ള ആളുകള്‍ അത് ശ്രദ്ധിക്കുകയാണ്. ആ നാടകം സംസ്ഥാന തലത്തില്‍ പോകുമ്പോഴെങ്കിലും അതൊന്ന് വിളിച്ച് ഇങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്തെങ്കിലും അഭിപ്രായങ്ങളുണ്ടോ? എന്ന് ചോദിക്കാനുള്ള മാന്യത ഇയാള്‍ക്കുമില്ല, ഇവിടെയുള്ള പലര്‍ക്കുമില്ല. എല്ലാവരും അത്തരക്കാരാണെന്ന് ഞാന്‍ പറയില്ല.

കഴിഞ്ഞ ദിവസം നാടകം സ്റ്റേജില്‍ കയറാന്‍ നേരത്ത് എന്നെ വിളിച്ചിട്ട് പറഞ്ഞു. നാടകം സ്റ്റേജില്‍ കയറ്റുകയാണ് എന്ന്. ഇതുപോലെ എന്റെ കൊമാല എന്ന കഥ ഏകാഭിനയ നാടകമാക്കിയിരുന്നു. അത് കണ്ടവര്‍ എന്നോട് വിളിച്ച് പറഞ്ഞത് 'നിങ്ങള്‍ അത് കണ്ടുകഴിഞ്ഞാല്‍ ഇത് ഏകാംഗ അഭിനയമായി കൊണ്ടു നടക്കുന്ന നാടക സംവിധായകനെ തല്ലിക്കൊല്ലും' എന്നാണ്. അത്രമാത്രം വികലമായ രീതിയിലാണ് അയാള്‍ കൊമാല അവതരിപ്പിച്ചിരിക്കുന്നത്. എത്ര വേദികളിലാണ് അത് അവതരിപ്പിക്കപ്പെട്ടത്? ഈ നാടകം കാണുന്ന ആളുകളെല്ലാം കൊമാല വായിച്ചവരല്ല. അവര്‍ വിചാരിക്കുക ഇതാണ് ഞാന്‍ എഴുതിയ കഥയെന്നാണ്.

ഇപ്പോള്‍ എസ്ഡിപിഐക്കാരുടെ പ്രശ്‌നം അവര്‍ നാടകം മാത്രമേ കണ്ടിട്ടുള്ളൂവെന്നതാണ്. അവര്‍ വാങ്ക് എന്ന കഥയെടുത്ത് വായിച്ചു കഴിഞ്ഞാല്‍ ആ കഥയില്‍ ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളുമില്ലെന്ന് കാണാന്‍ സാധിക്കും. ഞാന്‍ ഈ നാടകം കണ്ടിട്ടില്ല. പക്ഷെ മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കണ്ടവര്‍ പറഞ്ഞത്. പക്ഷെ ഇതൊന്നും ഉണ്ണിയുടെ കഥയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ നാടകത്തിലെ കഥാപാത്രങ്ങളെ വക്രീകരിച്ച് കാണിക്കുന്ന തരത്തിലുള്ള അവതരണമാണ് നടത്തിയതെന്ന് പറയുന്നു. വക്രീകരിച്ച് ഇത്തരമൊരു അവതരണം നടത്തുന്നതിന് മുമ്പ് അത് എഴുത്തുകാരനുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. ഈയൊരു ചര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ അത് ഒരു തരത്തിലുമുള്ള ആക്ഷേപങ്ങളില്ലാത്ത നല്ലൊരു കലാസൃഷ്ടിയായി ഈ നാടകം മാറുമായിരുന്നു.

ബിരിയാണിയിലും ഇത് സംഭവിച്ചിട്ടുണ്ട്. ആ നാടകം അവതരിപ്പിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷെ അതില്‍ അഭിനയിച്ച പയ്യന്‍ അതിഗംഭീരമായി അഭിനയിച്ചു. അവന് സംസ്ഥാന തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡും കിട്ടി. പക്ഷെ പൊതുവെ നോക്കിക്കഴിഞ്ഞാല്‍ ആ നാടകം മോശമായിരുന്നു. അതില്‍ വളിച്ച കുറെ തമാശകളുമുണ്ടായിരുന്നു. വളിച്ച തമാശകളല്ല ഞാന്‍ ബിരിയാണിയില്‍ എഴുതി വച്ചിരിക്കുന്നത്. രൂക്ഷമായ ഒരു സാമൂഹിക പ്രശ്‌നമാണ് ബിരിയാണിയില്‍ ഞാന്‍ ഉന്നയിച്ചിട്ടുള്ളത്. ബിരിയാണി ഒരു തമാശയല്ല. അത് വാരിവലിച്ചോ വയറ് നിറച്ചോ തിന്നേണ്ട ഒരു സാധനമല്ല. അത് വായിലിടുമ്പോള്‍ അകത്തേക്ക് ഇറങ്ങാതെ പോകുന്ന ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത്. ആ കഥ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമോ അതിന്റെ നൈതികതയോ നാടകത്തില്‍ കൊണ്ടുവരുന്നില്ല. ആവശ്യമില്ലാതെ ആളുകളെ ചിരിപ്പിക്കുന്ന രീതിയിലുള്ള അവതരണമാണ് ഈ നാടകത്തിന്റേതെന്നാണ് ഞാന്‍ കേട്ടറിഞ്ഞത്. വാങ്ക് എന്ന കഥ വായിച്ച ആളുകളല്ല, ഈ നാടകം കാണാന്‍ വന്നിരിക്കുന്നവരെല്ലാം. നാടകം ഈ വിധത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രശ്‌നം വരുന്നത് എഴുത്തുകാരനാണ്. എഴുത്തുകാരന്‍ ഇതൊക്കെ എഴുതി വച്ചുവെന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുന്നത്. അത് എഴുത്തുകാരനെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനെതിരെ അയാള്‍ പ്രതികരിച്ചതില്‍ എന്താണ് കുഴപ്പം.

ഇതിന്റെ ഉത്തരവാദിത്വം എഴുത്തുകാരനല്ല. എന്റെ ഒരു കഥ വികലമായി അവതരിപ്പിച്ചിട്ട് എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ട് കാര്യമില്ല. അത് വികലമായി അവതരിപ്പിച്ച നാടകകൃത്തിനാണ് അതിന്റെ ഉത്തരവാദിത്വം. ഉണ്ണിയുടെ കഥ മുന്നോട്ട് വയ്ക്കുന്ന പെണ്‍വാങ്ക് എന്ന ആശയത്തെക്കുറിച്ച് ആര്‍ക്ക് വേണമെങ്കിലും സംസാരിക്കാം. എന്നാല്‍ അത് ഉണ്ണിയുടെ കഥയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയുകയും എന്നാല്‍ ഉണ്ണി മുന്നോട്ട് വയ്ക്കാത്ത രാഷ്ട്രീയം മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രശ്‌നം. ഉണ്ണിയുടെ കഥ പുറത്തിറങ്ങിയപ്പോള്‍ ആര്‍ക്കും ഒരു ആക്ഷേപമുണ്ടായിരുന്നില്ലല്ലോ? നാടകം വന്നപ്പോഴല്ലേ ആക്ഷേപമുണ്ടായത്. അതിന്റെ കാരണം കഥയിലെ ആശയത്തെ വികലമായി അവതരിപ്പിച്ചതുകൊണ്ടാണ്. ആ വൈകല്യത്തിന് നേരെ വന്ന വിമര്‍ശനമാണ് ഇപ്പോളുയര്‍ന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഉണ്ണി ആര്‍ ആ നാടകകൃത്തിനെ മതതീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തതെന്ന ആക്ഷേപം കേട്ടു. താന്‍ പറയാത്ത കാര്യങ്ങള്‍ നാടകത്തിലൂടെ ആവിഷ്‌കരിച്ചാല്‍ അതെന്തിനാണ് ഉണ്ണി അംഗീകരിക്കുന്നത്? ഉണ്ണി അറിയാത്ത കാര്യങ്ങള്‍, പറയാത്ത കാര്യങ്ങള്‍, താല്‍പര്യമില്ലാത്ത കാര്യങ്ങള്‍, രാഷ്ട്രീയത്തിന് വിരുദ്ധമായ ചില സംഗതികള്‍ നാടകത്തില്‍ കഥാപാത്രങ്ങളിലൂടെയും രംഗാവിഷ്‌കാരങ്ങളിലൂടെയും കൊണ്ടുവന്നിട്ട് വേദിയില്‍ അവതരിപ്പിച്ചതിന് ശേഷം ഇതിനൊരാക്ഷേപം വരുമ്പോള്‍ ഇത് മൊത്തം ഉണ്ണിയുടെ തലയിലാകുകയാണ്. ഉണ്ണി എന്താ എട്ടുകാലി മമ്മൂഞ്ഞോ? എഴുത്തുകാരന്‍ എട്ടുകാലി മമ്മൂഞ്ഞല്ല. അതിന്റെ ആവശ്യം അയാള്‍ക്കില്ല. അതേസമയം ഞാനത് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ തല പോയാലും ആ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ബാധ്യത എഴുത്തുകാരനുണ്ട്. ഉണ്ണിയും അങ്ങനത്തെ നിലപാടുള്ള ഒരാളാണ്. പക്ഷെ നാടകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉണ്ണി പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ വികലമായി അവതരിപ്പിക്കുകയാണ് ഇവിടെയുണ്ടായത്. അതിന്റെ ഉത്തരവാദിത്വം നാടകകൃത്തിന് തന്നെയാണ്. ഉണ്ണിയോട് ചോദിച്ചിട്ടല്ലല്ലോ ഈ നാടകം ചെയ്തത്. എന്റെ നാടകം അവതരിപ്പിച്ചപ്പോഴും ഇയാള്‍ എന്നോട് അനുവാദം ചോദിച്ചിട്ടില്ല.

ഇത് കുട്ടികളെയും സ്വാധീനിക്കുന്നതാണെന്ന് ഓര്‍ക്കണം. അവര്‍ കഥ വായിക്കുന്നില്ല. നാടകം മാത്രമാണ് കാണുന്നത്. ഇതൊക്കെ ഈ കഥാകൃത്ത് എഴുതിവച്ചതാണെന്നാണ് ഇവര്‍ വിചാരിക്കുക. അതിന്റെ ഉത്തരവാദിത്വം നാടക സംവിധായകനാണ്. അല്ലാതെ കഥാകൃത്തിനല്ല. കഥ വികൃതമായിട്ട് ആവിഷ്‌കരിച്ചതിന് ശേഷം അതിന് ആക്ഷേപം വരുന്ന സമയത്ത് ഇതെല്ലാം കഥാകൃത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയും തന്നെ മതതീവ്രവാദികള്‍ക്ക് എറിഞ്ഞ് കൊടുത്തുവെന്നും പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്. അയാള്‍ സ്വയം അവര്‍ക്ക് എറിഞ്ഞുകൊടുക്കുന്നതാണ്. അതിന്റെ പരിണിതഫലങ്ങള്‍ അയാള്‍ തന്നെ അനുഭവിക്കുകയാണ് വേണ്ടത്. നാടകം സത്യസന്ധമായാണ് അവതരിപ്പിച്ചതെങ്കില്‍ ഈ ആക്ഷേപം വരികയേ ഇല്ലായിരുന്നു. അത് കഥാകൃത്തിന് കൂടി അംഗീകരിക്കാന്‍ പറ്റുന്ന രീതിയിലാണെങ്കില്‍. പ്രേക്ഷകര്‍ അംഗീകരിക്കുന്ന രീതിയിലാണെങ്കില്‍ നമുക്കതിന് കൂട്ട് നില്‍ക്കാമായിരുന്നു. എന്നാല്‍ കഥയെഴുതിയ കഥാകൃത്തിന് തന്നെ ഇത് പിന്തുണയ്ക്കാന്‍ പറ്റുന്നില്ല. താനെഴുതിയ കഥയുടെ മൂല്യമെല്ലാം ചോര്‍ത്തിക്കളഞ്ഞുവെന്നാണ് കഥാകൃത്ത് പറയുന്നത്. അയാള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട കാര്യമെന്താണ്?

പെണ്‍വാങ്ക് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് ഉണ്ണി അല്ല. മുമ്പ് പലരും വച്ചിട്ടുണ്ട്. ആ ആശയത്തില്‍ എഴുതിയ കഥ വികലമാക്കി ഉപയോഗിക്കുമ്പോള്‍ ഉണ്ണിയുടെ പേര് ഉപയോഗിക്കാതിരിക്കാമായിരുന്നു. ഏറ്റവും കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത് അല്ലങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള കഥകള്‍ തെരഞ്ഞെടുക്കുക. അതിന് ശേഷം അത് ഏതെങ്കിലും വിധത്തില്‍ വ്യാഖ്യാനിച്ച് ആവിഷ്‌കരിച്ച് കയ്യടി നേടുക. എന്താണ് അതിന് പറയുക. പരുന്തിന്റെ മുകളില്‍ കുരുവി കയറിയിരുന്ന് വിജയിക്കുന്ന ഒരു പരിപാടിയുണ്ടല്ലോ? അതൊരു കുരുവിയന്‍ തന്ത്രമാണ്. അതുതന്നെയാണ് ബിരിയാണിയിലും ഇയാള്‍ ചെയ്തത്. ഇയാളുടെ നാടകങ്ങളെല്ലാം തന്നെ സംസ്ഥാന യുവജനോത്സവത്തിന് എത്താറുണ്ടെന്ന് കൂടി ഓര്‍ക്കണം.

https://www.azhimukham.com/offbeat-rafeeq-mangalassery-against-unni-r-on-kithab-drama-and-vanku-short-fiction-row/

https://www.azhimukham.com/offbeat-unni-r-speaks-about-drama-kithab-and-his-short-story-vanku/

https://www.azhimukham.com/trending-sdpi-against-kitab-play-in-revenue-school-youth-festival/

https://www.azhimukham.com/video-kitab-the-controversial-play-in-revenue-school-youth-festival-full-version/


Next Story

Related Stories