UPDATES

സ്കൂള്‍ യൂണിഫോമിനുള്ളിലെ വെറും പെണ്‍ ശരീരങ്ങള്‍

വളരെ വിചിത്രമാണ് സ്ത്രീയുടെ വസ്ത്രധാരണം പുരുഷനെ പ്രലോഭിപ്പിക്കും എന്നുള്ള വാദം

കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ഈരാറ്റുപേട്ട അരുവിത്തുറയിലുള്ള ഒരു പബ്ലിക് സ്‌കൂളിലെ യൂണിഫോം വിവാദം. വളരെ അശ്ലീലം എന്ന് ഒരു ഫോട്ടോഗ്രാഫര്‍ വിശേഷിപ്പിക്കുന്ന ഈ യൂണിഫോം ഇട്ട കുറച്ചു പെണ്‍കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നേടുകയുണ്ടായി.

കാണുന്നവന്റെ കണ്ണിലാണ് അശ്ലീലം എന്നിരിക്കെ ഈ യൂണിഫോം ഇങ്ങനെ രൂപകല്‍പന ചെയ്തിരിക്കുന്നതിലൂടെ സ്‌കൂള്‍ അധികൃതര്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് അവരുടെ ഭാഗം കൂടി കേള്‍ക്കാതെ വിധിക്കാന്‍ കഴിയില്ല. ഇനി സ്ത്രീകള്‍ പുരുഷന്മാരെ ഏറെ വശീകരിക്കുന്നത് അവരുടെ മാറിലൂടെയാണ് എന്ന വികലമായ ചിന്തകൊണ്ട് ഒരു മുലക്കച്ച ഡിസൈന്‍ വഴി പെണ്‍കുട്ടികളെ സംരക്ഷിച്ചു കളയാം എന്നാണെങ്കില്‍ അപഹാസ്യര്‍ ആകുന്നത് ആ പെണ്‍കുട്ടികള്‍ അല്ല, മറിച്ചു വേട്ടക്കാരന്റെ മുഖം നല്‍കപ്പെടുന്ന മുഴുവന്‍ പുരുഷ സമൂഹവും ആണ്.

സ്‌കൂള്‍ യൂണിഫോം എന്നാല്‍ ആ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്, ഒരുമയുടെ പ്രതീകമാണ്. മറിച്ചു യൂണിഫോം എന്ന വസ്ത്ര രൂപകല്പനയിലൂടെ ഒരുവിഭാഗത്തില്‍ അപകര്‍ഷത ഉളവാക്കാന്‍ അല്ല ശ്രമിക്കേണ്ടത് .

ഇവിടെ ഈ വിഷയം ചര്‍ച്ചയാകുമ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വിഷയമുണ്ട്, നമ്മുടെ നാട്ടിലെ ചില സ്‌കൂളുകള്‍ എങ്കിലും പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ യൂണിഫോമുകള്‍ ഡിസൈന്‍ ചെയുന്നത് പുരുഷന്മാര്‍ ഒരുതരത്തിലും അവരുടെ ശരീരഭാഗം കണ്ടു പ്രകോപിതരാകരുത് എന്നു കരുതിയാണ്. ഇത് സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമല്ല എന്നുള്ളത് ചില സ്‌കൂലുകളില്‍ എങ്കിലും രക്ഷാകര്‍ത്തൃ മീറ്റിംഗുകളില്‍, മനസിലാക്കാന്‍ സാധിക്കുന്ന വിഷയമാണ്. ബുധനാഴ്ച തോറും യൂണിഫോമില്‍ നിന്നും വിടുതല്‍ ലഭിച്ച് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരാന്‍ അനുവാദമുള്ള ഒരു സ്‌കൂളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അപകര്‍ഷതാബോധത്തെക്കുറിച്ചു നേരിട്ട് കേട്ടറിഞ്ഞ അനുഭവം ഉണ്ട്. വെറും പത്തുവയസുള്ള ഒരു കുട്ടി സ്‌കൂളില്‍ ചുരിദാറിന്റെ താഴെ ലെഗ്ഗിങ്‌സ് ഇട്ടു എന്ന് പറഞ്ഞ് ഹെഡ്മാസ്റ്റര്‍ അസംബ്ലിയില്‍ വിളിച്ചു നിര്‍ത്തി പരസ്യമായി ശകാരിച്ചു. പത്തുവയസുകാരിക്ക് ആ സ്‌കൂളിലെ മുഴുവന്‍ പുരുഷന്മാരെയും വശീകരിക്കുവാന്‍ തന്റെ വസ്ത്രധാരണം കൊണ്ട് സാധിക്കും എന്ന് കണ്ടുപിടിച്ച ആ ഹെഡ്മാസ്റ്റര്‍ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ പട്ടുപാവാടയില്‍ പോലും ഷാള്‍ ഇട്ടു മാറ് മറയ്ക്കണം എന്ന് കാര്‍ക്കശ്യം ഉള്ള വിരുതനാണ് എന്നാണ് മനസിലാകുന്നത്.

മറ്റൊരു പ്രൈവറ്റ് സ്‌കൂളില്‍ യൂണിഫോം ആക്കിയിരിക്കുന്നത് പാവാടയും ഷര്‍ട്ടും ടൈയും ഷൂസും ഒക്കെയായി ഒരു പാശ്ചാത്യരീതിയിലാണ്. എങ്കിലും നടക്കുന്ന വഴിയില്‍ പാവാട ഒന്ന് തെന്നി മാറിയാല്‍, ഷര്‍ട്ടിന്റെ ഏറ്റവും മുകളിലെ ബട്ടണ്‍ (പെണ്‍കുട്ടികളുടെമാത്രം) ഒന്ന് ഊരി കിടന്നാല്‍ ശിക്ഷിക്കുന്നത് ചൂരല്‍കൊണ്ടാകും, എത്ര പാശ്ചാത്യ വസ്ത്രരീതി യൂണിഫോം ആയി അവലംബിച്ചാലും ഇവയിലൊക്കെ ഒതുക്കേണ്ടത് പുരുഷനെ വഴിതെറ്റിക്കുന്ന സ്ത്രീശരീരം ആണ് എന്നുള്ള അറിവ് പകര്‍ന്നുകൊടുക്കേണ്ടത് അനിവാര്യം ആണല്ലോ.

വളരെ വിചിത്രമാണ് സ്ത്രീയുടെ വസ്ത്രധാരണം പുരുഷനെ പ്രലോഭിപ്പിക്കും എന്നുള്ള വാദം. ബലമായി സ്ത്രീയെ ഭോഗിക്കുന്നത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയ കാര്യമല്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ജീന്‍സും ലെഗ്ഗിങ്ങ്‌സും ഒക്കെ വരുന്നതിനു മുന്‍പ് സാരി, അതിനു മുന്‍പ് മുണ്ടും നേര്യേതും അങ്ങനെയുള്ള ഏതു വസ്ത്രം ധരിച്ചിരുന്നപ്പോളും സ്ത്രീക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. മുന്‍പും ചില വിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കാന്‍, അടിച്ചമര്‍ത്താന്‍ വസ്ത്രധാരണരീതി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അടിമകള്‍ക്ക്, കീഴാളന്മാര്‍ക്ക്, അങ്ങനെ ചില പ്രത്യേക വിഭാഗങ്ങളെ അവരില്‍ തങ്ങള്‍ മറ്റുളവരേക്കാള്‍ താഴ്ന്നവര്‍ ആണ് എന്ന്ഓര്‍മപ്പെടുത്തലിന് വസ്ത്രധാരണം എന്ന രാഷ്ട്രീയം സഹായിച്ചിരുന്നു. ചില സ്‌കൂളുകള്‍ എങ്കിലും പെണ്‍കുട്ടികളുടെ യൂണിഫോം രൂപകല്‍പന ചെയുമ്പോള്‍ ഇങ്ങനെ ഉള്ള രാഷ്ട്രീയങ്ങള്‍ അവരുടെ ഉള്ളില്‍ കടന്നുവരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്ത്രീയെ ശരീരം മാത്രമായി കാണാന്‍ കഴിയുന്ന ഒരു സമൂഹത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല; എങ്കില്‍ കൂടിയും കാലം ഇത്ര കഴിഞ്ഞിട്ടും സ്ത്രീ സമത്വവാദികള്‍ കൂടിയിട്ടും ഇന്നും പിഞ്ചുകുട്ടികള്‍ പോലും സ്‌കൂള്‍ തലം മുതല്‍ വെറും പെണ്‍ശരീരമായി മാറ്റപെടുന്നത് തീര്‍ത്തും നിരാശാജനകമാണ്. അറിവ് നേടാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ എത്തുന്നത്, എന്നാല്‍ ഒരു പെണ്‍കുട്ടി എത്ര സമര്‍ത്ഥയാണ് എങ്കിലും അവള്‍ പെണ്‍ശരീരമായി മാത്രം തരാംതാഴ്ത്തപെടുന്ന അവസ്ഥ ഭയാനകമാണ്. എത്ര കണ്ടു സ്ത്രീസമത്വത്തിനുവേണ്ടി നിലവിളിച്ചാലും സ്‌കൂള്‍ തലം മുതല്‍ വസ്ത്രധാരണത്തിലൂടെ പോലും പാര്‍ശ്വവത്കരിക്കപ്പെടുന്ന പെണ്‍സമൂഹത്തിന് അസമത്വത്തില്‍ നിന്നും മോചനം ഉണ്ടാകും എന്ന് കരുതാന്‍ കഴിയില്ല.

പലപ്പോഴും സംരക്ഷണത്തിന്റെ പേരില്‍ ക്രൂരമായി ശിക്ഷിക്കപ്പെടുകയാണ് നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍. തുറന്നു ചിന്തിക്കാന്‍ പഠിപ്പിക്കേണ്ട, ഒരു തലമുറയുടെ ഭാവി തന്നെ നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള, അഭിമാനമുള്ള, അറിവുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തന്നെ വിദ്യാര്‍ത്ഥികളെ ‘പെണ്ണ് എന്നാല്‍ വെറും ശരീരമാണ് എന്ന് പറയാതെ പറയുന്ന ഇങ്ങനെയുള്ള കിഴ്‌വഴക്കങ്ങള്‍ എത്രകണ്ടാണ് നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്കു സഹായമാവുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സ്‌കൂളില്‍ യൂണിഫോം വേണ്ട എന്നല്ല പറയുന്നത്, ഒരു തരത്തില്‍ പറഞ്ഞാല്‍ യൂണിഫോം അനിവാര്യമാണ് താനും. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം കുറക്കാന്‍ യൂണിഫോംകൊണ്ട് സാധിക്കും. എല്ലാവരും ഒരേപോലെ വസ്ത്രം ധരിച്ച് ഒത്തൊരുമയോടെ, സ്‌നേഹത്തോടെ തന്നെ വേണം അറിവ് സമ്പാദിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എത്തേണ്ടത്. അവ അണിയുമ്പോള്‍ ആത്മാഭിമാനമാണ് തോന്നേണ്ടത്, മറിച്ചു സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപമാനബോധമല്ല. പെണ്‍ശരീരത്തിന്റെ ഓരോരോ ഭാഗങ്ങള്‍ ഇരുമ്പുചട്ട ഇട്ടു പൂട്ടിവെക്കുക അല്ല ചെയ്യേണ്ടത്, പെണ്ണ് എന്നാല്‍ ഭോഗവസ്തു ആണ് എന്നുള്ള ചിന്താഗതി മാറ്റുകയാണ് വേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍