TopTop
Begin typing your search above and press return to search.

കടലെടുത്തത് ചാലിയത്തിന്റെ പ്രിയപ്പെട്ടവനെയാണ്; ഇനിയില്ല നമ്മളെ വിസ്മയിപ്പിച്ച റഫീഖിന്റെ കടല്‍ക്കുറിപ്പുകള്‍

കടലെടുത്തത് ചാലിയത്തിന്റെ പ്രിയപ്പെട്ടവനെയാണ്; ഇനിയില്ല നമ്മളെ വിസ്മയിപ്പിച്ച റഫീഖിന്റെ കടല്‍ക്കുറിപ്പുകള്‍

'കരയിലേക്ക് കുതിക്കുന്തോറും ശക്തമായ ഒഴുക്കു കാരണം പിറകോട്ടാണ് പോകുന്നതെന്ന് ഞങ്ങള്‍ക്കാദ്യം മനസ്സിലായില്ല. ഞങ്ങള്‍ ടോര്‍ച്ചടിച്ച് കോമ്പസിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ശക്തമായ ഒഴുക്ക് കാരണം തോണി കരയിലേക്കല്ല, തെക്കോട്ട് ആഴക്കടലിലേക്കാണ് പോകുന്നതെന്ന് മനസ്സിലായത്. കരയിലേക്കുള്ള വഴികാട്ടിയായ ലൈറ്റ് ഹൗസ് പോലും കാണാന്‍ പറ്റാത്തത്രയും ദൂരെ ഉള്‍ക്കടലിലായിരുന്നു ഞങ്ങള്‍. കരഭാഗം നോക്കി ഒരു ഒന്നര മണിക്കൂര്‍ മുമ്പോട്ടോടിക്കൊണ്ടിരിക്കുമ്പോഴാണ് ദൂരെ നിന്നും ലൈറ്റ് ഹൗസിന്റെ വെളിച്ചം കണ്ടത്. അത് കണ്ടതും ഞങ്ങള്‍ക്ക് സമാധാനമായി. പെട്ടന്നാണ് വീണ്ടും ശക്തമായ മഴ പെയ്യാന്‍ തുടങ്ങിയത്. അത് കാരണം നേരത്തേ കണ്ട ലൈറ്റ് ഹൗസിന്റെ വെളിച്ചമെല്ലാം അപ്രത്യക്ഷമായിരുന്നു. പിന്നേയും ഞങ്ങള്‍ക്ക് ടെന്‍ഷനായെങ്കിലും കോമ്പസ് നോക്കി ഞങ്ങള്‍ കരഭാഗം ലക്ഷ്യമാക്കി മുമ്പോട്ട് കുതിച്ചു. അപ്പോഴും മഴ തകര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.' റഫീഖ് ടി.കെ എന്ന മത്സ്യബന്ധനത്തൊഴിലാളിയാണ് എഴുതുന്നത്. കടലില്‍ ഇറങ്ങി ജോലി ചെയ്യുന്ന ഓരോ മത്സ്യത്തൊഴിലാളിയുടെയും ഇത്തരം അനുഭവങ്ങളെക്കുറിച്ച്, കടല്‍ക്കാഴ്ചകളെക്കുറിച്ച്, കടലിലും കടലിനടിയിലും ചെലവഴിച്ച മണിക്കൂറുകളെക്കുറിച്ച് നിരന്തരം എഴുതിയിരുന്നു റഫീഖ്. സോഷ്യല്‍ മീഡിയയിലെ കടല്‍ക്കുറിപ്പുകളിലൂടെ ഏറെ വായനക്കാരെ സൃഷ്ടിച്ചിട്ടുള്ള റഫീഖ് മരണത്തിനു കീഴടങ്ങിയിട്ട് ഇരുപത്തിനാലു മണിക്കൂറുകളാകുന്നു.

കടലില്‍ മുങ്ങാംകുഴിയിട്ടുപോയി കല്ലുമ്മക്കായ പറിക്കുന്നതും ഫൈബര്‍ബോട്ടില്‍ മത്സ്യബന്ധനത്തിനിറങ്ങുന്നതുമെല്ലാം കഥകളായി സോഷ്യല്‍ മീഡിയയിലെ വായനക്കാര്‍ കേട്ടറിഞ്ഞത് റഫീഖിന്റെ കുറിപ്പുകളിലുടെയാണ്. ഇന്നലെ ഉച്ചയോടെ റഫീഖിന്റെ മരണവാര്‍ത്ത എത്തിയപ്പോള്‍ മുതല്‍, വിശ്വസിക്കാനാകാതെ കടല്‍ക്കുറിപ്പുകള്‍ വീണ്ടും വീണ്ടും പങ്കുവയ്ക്കുകയാണവര്‍. കേരളത്തിനകത്തും പുറത്തും യാത്ര ചെയ്ത് കല്ലുമ്മക്കായ പറിച്ചെടുത്തിരുന്ന വിദഗ്ധ സംഘത്തിലുള്‍പ്പെട്ട റഫീഖിനെ, ഇന്നലെ ചാലിയത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ കല്ലുമ്മക്കായ തിരഞ്ഞ് ഊളിയിട്ടതിനെത്തുര്‍ന്നാണ് കാണാതാകുന്നത്. മണിക്കൂറുകളോളം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് റഫീഖിന്റെ ശരീരം കണ്ടെത്താനായത്. കപ്പലിനടിയില്‍ വളര്‍ന്നു നിന്നിരുന്ന കല്ലുമ്മക്കായ ലക്ഷ്യം വച്ച് ഊളിയിട്ട റഫീഖ്, തിരിച്ചു കയറാനുള്ള വഴി തെറ്റിപ്പോയതോടെ പാറക്കെട്ടിലകപ്പെട്ട് മരിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ വിശദീകരിക്കുന്നത്.

കേരളത്തിലെ തീരദേശമേഖലയിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളിലൊരാളായി, ആരും തിരിച്ചറിയാതെ പോകുമായിരുന്ന റഫീഖ് തന്റെ ജീവിതം എഴുതാനാരംഭിച്ചതോടെയാണ് ഫേസ്ബുക്ക് വായനക്കാര്‍ക്ക് പ്രിയങ്കരനാകുന്നത്. മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിലെ കാഴ്ചകള്‍, ആദ്യമായി തിമിംഗലത്തെ കടലില്‍ അടുത്തു കണ്ട അനുഭവം, മത്സ്യബന്ധനത്തൊഴിലിലെ വേറിട്ട മുഹൂര്‍ത്തങ്ങള്‍ എന്നിങ്ങനെ തീരദേശവാസികളുടെ ജീവിതം തന്നെയാണ് റഫീഖ് ഫേസ്ബുക്ക് വാളില്‍ കുറിപ്പുകളാക്കി എഴുതിനിറച്ചിരുന്നത്. കുറിപ്പുകള്‍ വായിച്ചോ എന്നു ചോദിച്ചും, എഴുത്തിനെക്കുറിച്ച് നല്ല അഭിപ്രായം കേട്ടാല്‍ സന്തോഷിച്ചും, ഇടയ്ക്കിടെ കല്ലുമ്മക്കായയും കൊണ്ട് സന്ദര്‍ശിക്കാനെത്തിയും തങ്ങളുടെ സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന റഫീഖിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ വായനക്കാര്‍ക്ക് ഓര്‍ക്കാനുള്ളതത്രയും. മുങ്ങാംകുഴിയിടാനും കല്ലുമ്മക്കായ പറിച്ചെടുക്കാനുമുള്ള വൈദഗ്ധ്യം കാരണം അയല്‍ സംസ്ഥാനങ്ങളില്‍ വരെ യാത്ര ചെയ്ത് ജോലി ചെയ്തിരുന്ന റഫീഖ് കടലില്‍ വച്ചു തന്നെ അപകടത്തില്‍പ്പെട്ടത് സുഹൃത്തുക്കള്‍ക്കെല്ലാം അവിശ്വസനീയമായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍, പതിവു പോലെ വെള്ളത്തിനടിയില്‍ വ്യക്തമായി കാണാനാകാത്ത വിധത്തില്‍ കടല്‍ കലങ്ങിയിരുന്ന ദിവസമായിരുന്നു ഇന്നലെയെന്നും, അതാവാം റഫീഖിന് അപകടം സംഭവിക്കാനുണ്ടായ കാരണമെന്നുമാണ് സഹപ്രവര്‍ത്തകര്‍ ഊഹിക്കുന്നത്.

'മുങ്ങുമ്പോള്‍ പാറയിലൊക്കെ കുടുങ്ങുന്നത് സ്വാഭാവികമായി സംഭവിക്കാറുള്ളതാണ്. നേരത്തേ അങ്ങനെ ഉണ്ടായിട്ട് രക്ഷപ്പെട്ടു പോന്നിട്ടുള്ളയാളാണ്. കപ്പലിന്റെ അടിയിലാണ് ഇന്നലെ പോയത്. രണ്ടു മൂന്നു ദിവസമായി അവര്‍ അവിടെ പണിയെടുക്കുന്നു. അടിയിലേക്ക് പോയ വഴിക്കല്ല തിരിച്ചു വരാന്‍ നോക്കിയത് എന്ന് തോന്നുന്നു. ഗ്ലാസ്സ് വെച്ചാണ് മുങ്ങുക. എന്നിട്ടും വ്യക്തമായി കാണാന്‍ പറ്റാത്തത്ര കലങ്ങിയിരിക്കുകയായിരുന്നു വെള്ളം. ശ്വാസം മുട്ടിയപ്പോള്‍ പൊങ്ങാന്‍ നോക്കിയതായിരിക്കും. അപ്പോഴാണ് വഴി മാറിപ്പോയത്. തലയിലാണ് പരിക്കുള്ളത്. കപ്പലിലോ പാറയിലോ ഇടിച്ചതാവാം.' റഫീഖിന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ നാസറും ഞെട്ടലില്‍ നിന്നും മോചിതനായിട്ടില്ല. റഫീഖിനൊപ്പം പലയിടങ്ങളിലും കല്ലുമ്മക്കായ തേടി പോയിരുന്നു നാസര്‍. മൂവായിരവും നാലായിരവും രൂപ ചെലവഴിച്ച് വലിയ ബോട്ടുകളെടുത്ത് പത്താളുള്ള സംഘമായി തമിഴ്നാട്ടിലും കര്‍ണാടകത്തിലും സഞ്ചരിക്കുമ്പോഴെല്ലാം നാസര്‍ റഫീഖിനൊപ്പമുണ്ടായിരുന്നു. നോമ്പുകാലമായതിനാലാണ് റഫീഖിനൊപ്പം താനില്ലാതെപോയതെന്നും നാസര്‍ പറയുന്നു. കല്ലുമ്മക്കായയുടെ സീസണ്‍ കഴിഞ്ഞാലും തങ്ങള്‍ക്കൊപ്പം തോണിയില്‍ മത്സ്യബന്ധനത്തിനു വരാതെ, മുങ്ങാംകുഴിയിട്ടു കല്ലുമ്മക്കായ പറിച്ചെടുക്കുന്നതില്‍ മാത്രം ആവേശം കണ്ടെത്തിയിരുന്ന റഫീഖിനെക്കുറിച്ച് പറയുമ്പോള്‍ പലരുടേയും വാക്കുകള്‍ ഇടറുന്നുണ്ട്. 'കല്ലുമ്മക്കായ പറിച്ച കഥകളൊക്കെ എഴുതുന്നത് വായിച്ചിട്ട് കുറേപ്പേര്‍ വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്യും. നേരത്തേ അപകടം പറ്റിയ കഥയും അതുപോലെ എഴുതിയിട്ടുണ്ട്. എല്ലാര്‍ക്കും വലിയ ഇഷ്ടമായിരുന്നു എന്നറിയാം.'

പ്രളയകാലത്തെ ഇടപെടലുകളായിരുന്നു റഫീഖിനെ ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ കുറേയേറെ വൈറലാക്കിയത്. 'ഇങ്ങനെയൊരു പ്രകൃതി ദുരന്തം വേണ്ടിവന്നു പലര്‍ക്കും കടലിന്റെ മക്കള്‍ എന്താണെന്ന് തിരിച്ചറിയാന്‍' തുടങ്ങുന്ന റഫീഖിന്റെ പ്രതികരണക്കുറിപ്പ്, മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നും പ്രളയകാലത്ത് മുഴങ്ങിക്കേട്ട ശബ്ദം തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുമ്പോഴും തങ്ങള്‍ക്ക് ധൈര്യമായത് കടലിലെ അപകടങ്ങളെ ദിവസേന തരണം ചെയ്തുകൊണ്ട് ജീവിച്ചു പോരുന്ന ശീലമാണെന്ന് റഫീഖ് എഴുതിയപ്പോള്‍, സംസാരിക്കാന്‍ ഇടമില്ലാതെ പോയ ആയിരക്കണക്കിന് തീരദേശവാസികളുടെ കൂടി വാക്കുകളായി അത് മാറുകയായിരുന്നു എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. തങ്ങള്‍ക്ക് പറയാന്‍ കഴിയാതെ പോയ തങ്ങളുടെ കഥകള്‍ ഉറക്കെ ലോകത്തോടു വിളിച്ചു പറയുന്നയാളായി അല്പം ബഹുമാനത്തോടെത്തന്നെ സുഹൃത്തുക്കള്‍ റഫീഖിനെ കാണുന്നതും അതുകൊണ്ടുതന്നെയാവണം. ജോലി കഴിഞ്ഞുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന, മക്കള്‍ക്ക് സ്വയം ട്യൂഷനെടുത്തു കൊടുക്കുന്ന, സൗമ്യനും മൃദുഭാഷിയുമായ, അതേസമയം കേരളത്തിലങ്ങളോളമിങ്ങോളം സോഷ്യല്‍ മീഡിയ വഴി സൗഹൃദങ്ങളുണ്ടാക്കിയിട്ടുള്ള ചാലിയത്തിന്റെ പ്രിയപ്പെട്ടവനാണ് കടലില്‍ വച്ചു തന്നെ മരണപ്പെട്ടിരിക്കുന്നത്. റഫീഖിന്റെ കടല്‍ക്കുറിപ്പുകള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവരെല്ലാം ആ നഷ്ടത്തിന്റെ പകപ്പിലാണ്.

'അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു വലിയ തിരമാല അടുത്തുകൂടെ കടന്നു പോയത്. അപ്രതീക്ഷിതമായ ആ തിരത്തള്ളലില്‍ കടലിനടിയില്‍ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരുന്ന ഞാന്‍ തെറിച്ചു വീണത് കുറച്ചപ്പുറത്തുള്ള ഒരു വലിയ പാറക്കല്ലിനടിയിലേക്കായിരുന്നു. തലയും ശരീരവും കല്ലിലിടിക്കാത്തത് ഭാഗ്യമായെങ്കിലും ആ പാറക്കല്ലിനടിയില്‍ നിന്നും പുറത്തു കടക്കാനാവാതെ ഞാന്‍ കുറച്ചു സമയം കുടുങ്ങിക്കിടന്നു. കലങ്ങിയ ജലാശയമായത് ഒന്നും കാണാന്‍ കഴിയാതെ അതിനുള്ളില്‍ നിന്ന് പുറത്ത് കടക്കാനാവാതെ ഞാനേറെ വിഷമിച്ചു ഞാന്‍ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകള്‍ കൈവിടാതെ പാറക്കല്ലിനടിയില്‍ നിന്നും അതിന്റെ മുകള്‍ ഭാഗം തപ്പിപ്പിടിച്ച് ശ്രദ്ധിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു. ആ സമയം ഞാന്‍ പോയത് പുറത്തേക്കുള്ള വഴിയല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചു പോയിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്.' രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മേയ് 25ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചതില്‍ നിന്നുമെടുത്ത ഭാഗമാണിത്. കല്ലുമ്മക്കായ പറിയ്ക്കാന്‍ മുങ്ങാംകുഴിയിട്ട്, പാറക്കെട്ടിനിടയില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് എഴുതിയ ശേഷം റഫീഖ് സുഹൃത്തുക്കളോട് പറഞ്ഞത്, ഇത് ഇനിയും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമല്ലോ എന്നാണ്. കൃത്യം രണ്ടു വര്‍ഷത്തിനിപ്പുറം മറ്റൊരു മേയ് 25ന് റഫീഖ് മുന്നില്‍ക്കണ്ടതുപോലെ ആ നിമിഷങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്തു. റഫീഖിന്റെ കടല്‍ക്കുറിപ്പുകള്‍ പക്ഷേ, ഇനിയും വായനക്കാര്‍ക്ക് അപ്രാപ്യമായ കടല്‍ക്കാഴ്ചകള്‍ കാണിച്ചുകൊണ്ടേയിരിക്കും.

കടല്‍ യാത്രയില്‍ റഫീഖ് പകര്‍ത്തിയ സെല്‍ഫി വീഡിയോ

Read: ദളിത്‌ ഐഡന്റിറ്റിയില്‍ അഭിമാനമേയുള്ളൂ, പക്ഷേ ദളിത്‌ സംവിധായിക എന്ന് വിളിക്കുന്നവരുടെ ഇടുങ്ങിയ കാഴ്ചപ്പാട് എന്റെ പ്രശ്നമല്ല; റിക്ടര്‍ സ്‌കെയില്‍ 7.6 സംവിധായിക ജീവ/അഭിമുഖം


Next Story

Related Stories