TopTop
Begin typing your search above and press return to search.

11 ലക്ഷമില്ല; ഞാനിനി എന്തു ചെയ്യണം? ഈ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ആരുത്തരം പറയും?

11 ലക്ഷമില്ല; ഞാനിനി എന്തു ചെയ്യണം? ഈ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ആരുത്തരം പറയും?
സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് വന്ന സുപ്രീംകോടതിയുടെ വിധി സൃഷ്ടിച്ച ആശങ്കയിലാണ് കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഫീസ് 11 ലക്ഷമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. പ്രവേശന അലോട്ട്മെന്‍റ് പൂര്‍ത്തിയായി കഴിഞ്ഞു. ഒഴിവുള്ള സീറ്റുകളില്‍ ഇപ്പോള്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുകയാണ്. നിരവധി വിദ്യാര്‍ത്ഥികളാണ് കോളേജുകള്‍ ആവശ്യപ്പെട്ട ഫീസും ബാങ്ക് ഗ്യാരണ്ടിയും നല്‍കാന്‍ കഴിയാതെ മടങ്ങിപ്പോകുന്നത്.  ഈ സാഹചര്യത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി
ശ്രീദേവ്
എന്ന വിദ്യാര്‍ഥി തന്റെയും രക്ഷിതാക്കളുടെയും സമാന വിദ്യാര്‍ഥികളുടെയും ആശങ്ക പങ്കുവയ്ക്കുകയാണ്. 


ഞാന്‍ ശ്രീദേവ്. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ എനിക്ക് റാങ്ക് 1600 ആയിരുന്നു. ഗവണ്‍മെന്റ് കോളേജുകളില്‍ ലഭിക്കില്ലെങ്കിലും കേരളത്തില്‍ എവിടെയെങ്കിലും എംബിബിഎസ് പ്രവേശനം കിട്ടും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സുപീം കോടതി വിധിയോടെ ഞങ്ങളെപ്പോലുള്ളവരുടെ സ്വപ്‌നത്തിന് കടിഞ്ഞാണ്‍ വീണിരിക്കുകയാണ്.


കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ടര ലക്ഷം മാത്രം ഫീസ് നല്‍കേണ്ടിയിരുന്ന സീറ്റുകളില്‍ അതിന്റെ അഞ്ചിരട്ടിയോളം നല്‍കേണ്ട അവസ്ഥയാണ് ഇന്ന്. വര്‍ഷം 11 ലക്ഷം എന്നത് സാധാരണക്കാരായ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. 1300 റാങ്ക് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ ഈ വര്‍ഷം പ്രവേശനം ലഭിച്ചപ്പോള്‍ പരീക്ഷയ്ക്ക് വന്ന രണ്ടോ മൂന്നോ ചോദ്യങ്ങള്‍ക്ക് പറ്റിയ ചെറിയ തെറ്റിനാണ് ഇന്ന് ഞങ്ങളെപ്പോലുള്ളവര്‍ ഭീമമായ തുക കൊടുക്കേണ്ടി വരുന്നത്. കഷ്ടപ്പെട്ട് പഠിച്ചു നൂറു കണക്കിന് വിദ്യാര്‍ത്ഥികളുടെ അവസ്ഥയാണിത്. എന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ എന്‍ജിനീയറിംഗും മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കും ചേര്‍ന്നിരിക്കുകയാണ്.


അഞ്ചു ലക്ഷം ആയിരിക്കും ഫീസ് എന്നു പ്രതീക്ഷിച്ച് ചേര്‍ന്ന കോളേജുകളില്‍ നിന്നും ടി സി വാങ്ങിച്ചവരും ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലാണ്. എ ഐ ഐ എം എസ്സിന്റെ അവസാനഘട്ട അലോട്ട്‌മെന്റുകളില്‍ മാത്രമാണ് ഇനി എന്റെ പ്രതീക്ഷ. ഞങ്ങളെപ്പോലുള്ളവരുടെ ഭാവി തന്നെ അനിശ്ചിതാവസ്ഥയിലാക്കിയ ഈ വിധിക്ക് ഉടന്‍ തന്നെ എന്തെങ്കിലും പ്രതിവിധി സര്‍ക്കാര്‍ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു.

നീറ്റ് എന്ന ഒറ്റ പരീക്ഷയാണ് ഇക്കൊല്ലം മുതല്‍ എന്നത് വളരെയധികം ഊര്‍ജം തന്നിരുന്നു ഒരു സമയത്ത്. എല്ലാവരെയും പോലെ കേരളത്തില്‍ നല്ലൊരു സര്‍ക്കാര്‍ വക കോളേജില്‍ പഠിക്കണം എന്നായിരുന്നു എന്റെയും ആഗ്രഹം. എന്നാല്‍ മൂന്നു മണിക്കൂര്‍ പരീക്ഷയില്‍ സംഭവിച്ച ചില തെറ്റുകള്‍ എന്റെ ഭാവി തന്നെ ഒരു വലിയ ചോദ്യചിഹ്നമാക്കി മാറ്റും എന്നു വിചാരിച്ചതേയില്ല.


സ്വകാര്യ കോളേജുകളുടെ പലവിധത്തിലുള്ള ഫീസിന് തടയിടാനായിരുന്നു മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് എന്ന ഏകീകൃത പരീക്ഷ കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇതുകൊണ്ട് ഞങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടായിരിക്കുന്നത്? വാണിജ്യവത്കരിക്കപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നു ഈ ഉത്തരവ്. വര്‍ഷം രണ്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇന്ന് എംബിബിഎസ് പ്രവേശനം അസാധ്യമായി മാറിയിരിക്കുന്നു.


ഇന്ത്യയില്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നീറ്റ് പരീക്ഷയുടെ പഴയരൂപമായ AIPMT (All India Pre-Medical Test)ല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയും തന്നെ 500 മാര്‍ക്കിന് മുകളില്‍ മതിയായിരുന്നു സര്‍ക്കാര്‍ കോളേജുകളില്‍ കിട്ടാന്‍. എന്നാല്‍ ഇക്കൊല്ലം അത് 570 ആയി മാറിയത് തന്നെ ഈ കടുത്ത മത്സരത്തിന്റെ തെളിവാണ്. ഒരു മാര്‍ക്കിനു തന്നെ മാറുന്നത് കുറേ റാങ്കുകളാണ്. നീറ്റില്‍ എനിക്ക് 556 മാര്‍ക്കായിരുന്നു ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ ചോദ്യം കൂടി ശരിയാക്കിയിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിച്ചുപോവുകയാണ്. എങ്കില്‍ എന്റെ വിധി ഇപ്പോള്‍ മറ്റൊന്നായേനെ.


കേരളത്തില്‍ 500 ന് മുകളില്‍ മാര്‍ക്ക് ലഭിച്ച 3,800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ 700-ല്‍ താഴെ മാത്രമാണ് അതെന്ന് ഓര്‍ക്കണം. വൈരുധ്യം എന്തെന്നാല്‍ കേരളത്തില്‍ 1000-ത്തോളം സീറ്റ് മാത്രം ഉള്ള സ്ഥാനത്ത് അവിടെ 38,00-ല്‍ പരം സര്‍ക്കാര്‍ സീറ്റുകളാണ് ഉള്ളത്. ഫലത്തില്‍ 450 നു മുകളില്‍ മാര്‍ക്ക് ലഭിച്ചാല്‍ തന്നെ അവിടെ നല്ല സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റ് കിട്ടും. എന്നാല്‍ കേരളത്തില്‍ ഇതുവെച്ച് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പോലും പ്രവേശനം കിട്ടാന്‍ വരെ ബുദ്ധിമുട്ടാണ്.


ഈ കണക്കുകള്‍ എല്ലാം തന്നെ വിദ്യാഭ്യാസപരമായി കേരളം എത്ര ഔന്നിത്യത്തിലാണെന്നാണ് കാണിക്കുന്നത്. അതോടൊപ്പം തന്നെ വലിയൊരു ആശങ്കയും ഇതു പങ്കുവയ്ക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ പോലും ഇവിടെ തഴയപ്പെടുകയാണ് എന്നു വ്യംഗ്യമായി സൂചിപ്പിക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് ഉണ്ടെങ്കിലും പണം ഉള്ളവര്‍ മാത്രം ഇന്ന് ഇവിടെ എംബിബിഎസ് പഠനം ആഗ്രഹിച്ചാല്‍ മതി എന്ന സ്ഥിതിയിലാണ്. റിസര്‍വേഷന്‍ കാറ്റഗറിയില്‍ പെടാത്ത എന്നെപ്പോലുള്ളവരുടെ സ്ഥിതി പിന്നെ പറയുകയും വേണ്ട.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കളുടെയും സ്വപ്‌നങ്ങള്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇറങ്ങിയ ഈ ഉത്തരവിന് സര്‍ക്കാര്‍ ഉടന്‍ തന്നെ കണ്ടെത്തണം. എന്തെങ്കിലും പ്രതിവിധി പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ സാധാരണക്കാരുടെ മക്കള്‍ക്ക് മെഡിക്കല്‍ പ്രവേശനം അസാധ്യമായ ഒരു സംസ്ഥാനമായി കേരളം മാറും.'

Next Story

Related Stories