TopTop

"ഞീ ആടോ ജേർണലിസ്റ്റ്; അന്നെയൊക്കെ ഏതെങ്കിലും പൂച്ചക്കുട്ടി അറിയോടോ?"

"ഞീ ആടോ ജേർണലിസ്റ്റ്; അന്നെയൊക്കെ ഏതെങ്കിലും പൂച്ചക്കുട്ടി അറിയോടോ?"
ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇകെ നായനാർ ഓർമ്മയായിട്ട് ഇന്ന് പതിമൂന്നു വര്‍ഷം തികയുന്നു. മൂന്നു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ ജനകീയ മുഖം ഏവർക്കും പരിചിതമാണ്. ഏറെ നർമം വിതറുന്ന ആ മുഖത്ത് പെട്ടെന്ന് ശുണ്ഠി വിരിയുകയും ചെയ്യും. ശുണ്ഠി പിടിച്ച നായനാർ പത്രപ്രവർത്തകർക്ക് വല്ലാത്തൊരു കൗതുകം തന്നെയായിരുന്നു. പത്രസമ്മേളന വേളകളിൽ കുസൃതി ചോദ്യങ്ങൾ ചോദിച്ച് അവർ നായനാരെ ശുണ്ഠി പിടിപ്പിക്കും. അത്തരം സന്ദർഭങ്ങളിൽ "ഞ്ഞി ഏതാടോ കടലാസ്?" എന്നതായിരിക്കും ആദ്യ ചോദ്യം. ദേഷ്യം മൂത്താൽ നായനാർ വായിൽ തോന്നിയത് പറയുക മാത്രമല്ല, ചിലപ്പോൾ തന്റെ മുന്നിലിരിക്കുന്ന പേപ്പർ വെയിറ്റ് എടുത്തു അവർക്കുനേരെ എറിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുജനം മാത്രമല്ല പത്രപ്രവർത്തകരും നായനാരെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

നായനാരുമായി ബന്ധപെട്ട് ഇത് എഴുതുന്ന ആൾക്ക് ഉണ്ടായ രസകരമായ ചില അനുഭവങ്ങൾ അഴിമുഖം വായനക്കാരുമായി പങ്കുവെക്കുകയാണ് ഇവിടെ.

1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് രണ്ടു മാസങ്ങൾക്കു മുൻപ് മലബാർ സന്ദർശനത്തിനിടയിൽ പ്രമേഹ രോഗം കലശലായതിനെ തുടർന്ന് മുഖ്യമന്ത്രി നായനാരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഞാൻ അന്ന് കേരള കൗമുദിയുടെ കോഴിക്കോട് ന്യൂസ് ബ്യുറോയിൽ ജോലി നോക്കുന്ന കാലം. എൻഎൻ സത്യവ്രതൻ ആണ് അന്ന് കോഴിക്കോട് യൂണിറ്റിന്റെ റസിഡന്റ് എഡിറ്റർ. നായനാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ സത്യൻ സാർ എന്നെ വിളിച്ചു പറഞ്ഞു: "ആന്റണി, നമ്മുടെ നായനാർ ആശുപത്രിയിലാണെന്ന് അറിയാലോ. നായനാരുമായി ബന്ധപ്പെട്ട ഒരു വാർത്തയും മിസ്സാവരുത്. ആരൊക്കെ നായനാരെ സന്ദർശിക്കുന്നു. നായനാർ എന്തൊക്കെ പറയുന്നു തുടങ്ങി എല്ലാം വേണം."

മെഡിക്കൽ കോളേജിലെത്തിയ എനിക്ക് നിരാശനായി മടങ്ങേണ്ടിവന്നു. നായനാർ ഐസിയുവിലാണ്. നായനാരെ സന്ദർശിക്കാൻ പത്രക്കാർക്കെന്നല്ല പാർട്ടിക്കാർക്കും അനുവാദമില്ല. അടുത്ത ദിവസവും അതിനടുത്ത ദിവസവും വെറും മെഡിക്കൽ ബുള്ളറ്റിൻ മാത്രം ശരണം. സത്യവ്രതന്‍ സാറിന്റെ സമ്മർദ്ദം ഏറിവരികയാണു താനും. നായനാരെ പ്രത്യേക മുറിയിലേക്ക് മാറ്റി എന്നറിഞ്ഞ ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് വച്ചുപിടിച്ചു. മുറിക്കു പുറത്ത് സെക്രട്ടറി വാരിയർ നിൽപ്പുണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അകത്തുപോയി തിരിയെ വന്ന്, കാണുന്നതിന് വിരോധമില്ലെന്നും അധികം സംസാരിക്കരുതെന്നും നിർദ്ദേശിച്ചു.

അകത്ത് നായനാർക്കൊപ്പം ഭാര്യ ശാരദ ടീച്ചർ മാത്രം. ആദ്യം പേരും പത്രവും ചോദിച്ചു. നാട് പേരാവൂരിൽ ആണെന്ന് കേട്ടപ്പോൾ ആൾക്ക് പേരുത്ത സന്തോഷം. "ഹ ... ഞ്ഞി നമ്മടെ നാട്ടുകാരാനാ" എന്ന് ആദ്യ പ്രതികരണം. പിന്നീട് ഒന്നും അങ്ങോട്ട് ചോദിക്കേണ്ടിവന്നില്ല. നായനാർ വാചാലനായി. കണ്ണൂർ വിശേഷങ്ങളിൽ തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കടന്നു. ആയിടയ്ക്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കേരളം സന്ദർശിച്ചിരുന്നു. കേരളത്തിൽ പഞ്ചായത്തു തിരഞ്ഞെടുപ്പ് നടന്നിട്ടു കാലമേറെയായെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിനിടയിൽ പറയുകയുണ്ടായി. "ഓന് ഉളുപ്പുണ്ടോ ഇത് പറയാൻ?" നായനാർ ക്ഷോഭത്തോടെ ചോദിച്ചു.

മടങ്ങി എത്തിയപ്പോൾ സത്യൻ സാർ ചോദിച്ചു :"എന്തൊക്കെ പറഞ്ഞു?". എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "ഒന്നും വിട്ടുപോകരുത്. നായനാരുടെ നാടൻ ഭാഷയിൽ തന്നെ എഴുതിക്കോ. വാർത്ത പിറ്റേ ദിവസം ഒന്നാം പേജിൽ ഒരു ബോക്സ് ഐറ്റം ആയി പ്രത്യക്ഷപ്പെട്ടു. കാലത്തു പത്തുമണിക്ക് തന്നെ ഇതാ വാരിയർ ഓഫീസിൽ. കയ്യിൽ ഒരു പ്രസ്താവനയും ഉണ്ട്- നായനാർ വക. പ്രസ്താവന വായിച്ചു നോക്കിയ ശേഷം സത്യൻ സാർ അതെനിക്ക് തന്നു. "ഓന്" എന്ന പ്രയോഗം അതേപടി അച്ചടിച്ചുവന്നതിലാണ് നായനാരുടെ പ്രതിഷേധം. പ്രധാനമന്ത്രിയെ ഒരു മുഖ്യമന്ത്രി 'ഓൻ' എന്ന് അഭിസംബോധന ചെയ്യുന്നതിലെ ഔചിത്യക്കേട്‌ ഞാനോ എന്റെ എഡിറ്ററോ ശ്രദ്ധിച്ചില്ല. "എല്ലാം താങ്കളും കേട്ടതല്ലേ?" ഞാൻ വാരിയരോട് ചോദിച്ചു. 'അതെ' എന്ന് അദ്ദേഹം. ഇനി എന്തുവേണമെന്നു എഡിറ്റർ. പ്രസ്താവന അതേപടി കൊടുക്കുന്നതിൽ എനിക്ക് വിരോധമില്ലെന്ന് അറിയിച്ച് സീറ്റിലേക്ക് മടങ്ങി.

രണ്ടു ദിവസം കഴിഞ്ഞ് നായനാർ ആശുപത്രി വിടുന്ന വേളയിൽ ഞാൻ മനഃപൂർവം ഒഴിഞ്ഞു നിന്നു. പകരം പോയത് ലാൽജി (ചന്ദ്രശേഖരൻ) ആയിരുന്നു. ദേശാഭിമാനിയിലെ പിപി അബുബക്കറിനൊപ്പം എത്തിയ ലാൽജിയെ അബുബക്കർ നായനാർക്കു പരിചയപ്പെടുത്തി. കമ്മ്യൂണിസ്റ്റ് നേതാവ് കെ എ കേരളീയന്റെ മകനാണ് ലാല്‍ജിയെന്നറിഞ്ഞപ്പോൾ പെരുത്ത് സന്തോഷം ആയത്രേ. എന്നാൽ കേരള കൗമുദിയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ നായനാരുടെ ഭാവം മാറി. "അന്റെ ആടെ ഒരുത്തൻ ഉണ്ടല്ലോ. ജോസഫോ ആന്റണിയോ എന്താ ഓന്റെ പേര്? ഓൻ നക്സലാ?" അല്ലെന്നു ലാൽജി പറഞ്ഞപ്പോൾ നായനാർ പറഞ്ഞത്രേ. "അതേടോ ഓൻ നക്സലാ. ഞാൻ തിരക്കി".രണ്ടു മാസം കഴിഞ്ഞപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. നേതാവിനൊപ്പം എന്നൊരു കോളം അക്കാലത്തും ഏതാണ്ടെല്ലാ പത്രങ്ങളിലും ഉണ്ട്. കോഴിക്കോടെത്തുന്ന പ്രധാന നേതാക്കൾക്കൊപ്പം സഞ്ചരിച്ച് അതെഴുതേണ്ട ജോലി എന്റെ തലയിൽ തന്നെ വന്നു വീണു. വിഎസ്, എകെ ആന്റണി, കരുണാകരൻ എന്നി നേതാക്കളുടെ കോഴിക്കോടൻ പര്യടനം കഴിഞ്ഞു. അടുത്തത് നായനാരാണ്. ഒഴിവാകാൻ പരമാവധി നോക്കി. നടന്നില്ല. ഒടുവിൽ രണ്ടും കല്പിച്ച് ഞങ്ങളുടെ ഫോട്ടോഗ്രാഫർ പി പീതാംബരനൊപ്പം (ഇപ്പോൾ ഡെക്കാൻ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫർ) ഗസ്റ്റ് ഹൗസിൽ എത്തി. വാരിയർ മുറിക്കു പുറത്തു തന്നെയുണ്ട്. കണ്ടപ്പോൾ വാരിയർ അർഥം വെച്ച് ചിരിച്ചതുപോലെ. നായനാർ മയക്കത്തിലാണെന്നും അല്പസമയം കഴിഞ്ഞാൽ കാണാം എന്നും പറഞ്ഞു. അധികം കാത്തുനിൽക്കേണ്ടിവന്നില്ല. അകത്തുനിന്നും എന്തോ അറിയിപ്പ് കിട്ടിയ വാരിയർ അകത്തേക്ക് പോയി മടങ്ങിയെത്തി, ചെല്ലാൻ പറഞ്ഞുവെന്ന് അറിയിച്ചു.

അകത്ത് നായനാർ കസേരയിൽ ഇരിപ്പുണ്ട്. കയ്യിൽ നിവർത്തിപ്പിടിച്ച പത്രം. മുഖം ശരിക്കും കാണാൻ വയ്യ. കേരള കൗമുദിയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ മുഖം തരാതെ ഒരു ചോദ്യം: "എന്താടോ അന്റെ പേര്?" പേര് പറഞ്ഞതും നായനാർ പത്രം താഴെ ഇട്ടു. പിന്നീട് ഒരു ശകാര വര്‍ഷം തന്നെയായിരുന്നു. "എന്തെല്ലാഡോ ഞ്ഞി അന്നെഴുതിയത്. ഞ്ഞി ആടോ ജേര്‍ണലിസ്റ്റ്. ഞ്ഞി ആ റാമിനെ കണ്ടു പഠിക്ക്. (ദി ഹിന്ദു ദിനപത്രം എഡിറ്റർ എൻ റാം. അക്കാലത്തു ബൊഫോഴ്‌സ് തോക്ക് ഇടപാടുമായി ബന്ധപ്പെട്ടു എൻ റാമും ചിത്ര സുബ്രഹ്മണ്യവും എഴുതുന്ന എസ്ക്ലൂസീവ് കഥകൾ കൊണ്ട് ദി ഹിന്ദു സമ്പന്നമായിരുന്നു.) അതാടോ ജേർണലിസം. അന്നെയൊക്കെ ഏതെങ്കിലും ഒരു പൂച്ചക്കുട്ടിക്ക് അറിയോടോ?"

തുടർന്ന് താൻ പണ്ട് കേരള കൗമുദിയിൽ ജോലിചെയ്ത കാര്യവും കവിത എഴുതിയ കാര്യവും ഒക്കെ പറഞ്ഞു. ഒടുവിൽ ഒരു ചോദ്യം: "അനക്ക് ഇപ്പോന്താ വേണ്ടേ?' നേതാവിന്റെ കൂടെ എന്ന കോളത്തിന്റെ കാര്യം പറഞ്ഞപ്പോൾ ചോദിച്ചു: "അനക്ക് വണ്ടിയൊണ്ടോ? ഉണ്ടെന്നു പറഞ്ഞപ്പോൾ പറഞ്ഞു: "ഞ്ഞി വന്നോ, എഴുതിക്കോ. പക്ഷെ ഞിന്നോടു ഡയലോഗില്ല"

അന്ന് അഞ്ചോളം യോഗസ്ഥലങ്ങളിൽ നായനാർക്കു പിന്നാലെ സഞ്ചരിച്ചു. തുടക്കം നരിക്കുനിയിൽ നിന്നായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു ജനാവലി ഉണ്ടായിരുന്നു അവിടെ. നായനാരുടെ പതിവ് തമാശകൾ കേട്ട് അവർ പൊട്ടിച്ചിരിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ എന്നെ മംബൈ കലാകൗമുദിയിലേക്കു മാറ്റി. അവിടെ ആയിരിക്കുമ്പോൾ നായനാർ മുംബൈയിൽ വന്നു. ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുന്നു എന്ന് കേട്ട മാത്രയിൽ ഞാൻ മുങ്ങി. മടങ്ങിയെത്തിയപ്പോൾ ഓഫീസ് ഡ്രൈവർ കര്‍ണ്ണാടകക്കാരൻ ശങ്കറിന് നായനാരെക്കുറിച്ചു പറയാൻ നൂറു നാവ്. ലിഫ്റ്റ് ഓപ്പറേറ്റർ സല്യൂട്ട് ചെയ്തപ്പോൾ നായനാരും തിരിച്ചു സല്യൂട്ട് ചെയ്തത്രേ. "എത്ര നല്ല മനുഷ്യൻ. ഞങ്ങടെ പവാർ ഒന്നും ഇങ്ങനെയല്ല" എന്ന് ഓപ്പറേറ്റർ ശങ്കറോട് പറഞ്ഞത്രേ.

പിന്നീട് നായനാരുമായി മുഖാമുഖം വന്നത് എകെ ആന്റണി മത്സരിച്ച തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ് കാലത്താണ്. അന്ന് ഇന്ത്യൻ എക്സ്പ്രസ്സ് മലപ്പുറം ലേഖകൻ ആയിരുന്നു ഞാൻ. പത്ര സമ്മേളനത്തിനിടയിൽ നായനാർ അടുത്ത് വിളിച്ച് സുഖ വിവരങ്ങൾ തിരക്കി. ഒടുവിൽ തിരുവനന്തപുരത്തുനിന്നും ഡൽഹിക്കു വിദഗ്‌ധ ചികിത്സക്ക് പോകുംമുമ്പ് പത്രക്കാരെ വിളിച്ചുകൂട്ടിയിരുന്നു. അന്നും കുശലം തിരക്കി. "റൈറ്റ്, പോയി വരട്ടെ" എന്ന് പറഞ്ഞ് കൈവീശി ഞങ്ങളോട് യാത്ര പറഞ്ഞു പോയ നായനാരുടെ ചേതനയറ്റ ശരീരം ആണ് പിന്നീട് തിരിച്ചു വന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories