UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

ട്രെന്‍ഡിങ്ങ്

ലിംഗത്തില്‍ വിശ്വസിക്കാത്ത ആണത്തമുള്ളവര്‍; മജീദില്‍ നിന്നു മാത്തനിലേക്ക് ഋജുവല്ലാത്ത ചില രേഖകള്‍

ലിംഗത്തില്‍ എല്ലാം കേന്ദ്രീകരിക്കുന്ന പുരുഷസങ്കല്പമാണ് കേരളത്തിലെ ആണത്തത്തിന്റെ അടിസ്ഥാനം.

“കമലാസുരയ്യ ഒരിക്കല്‍ പറഞ്ഞതുപോലെ, അന്നത്തിനു വകതേടേണ്ടവനെന്ന സമ്മര്‍ദമില്ലായിരുന്നുവെങ്കില്‍ നമ്മുടെ പുരുഷന്മാരെല്ലാം നല്ല പുരുഷന്മാരും നല്ല സ്നേഹിതരുമാവുമായിരുന്നു”.

ജനിക്കുമ്പോഴേ ആണെന്നനിലയില്‍ സവിശേഷം വ്യവഹരിക്കപ്പെടുന്ന, പിന്നീട് വളരുമ്പോള്‍ വീട്ടിലെ സഹോദരിമാരുടെയും അമ്മയുടെയും മാനം കാക്കാനും വീടിന്റെ സാമ്പത്തികവും സാമുഹ്യവുമായ ഉത്തരവാദിത്തമേറ്റെടുത്ത് വീടിനെ ഭരിക്കാനും ദാതാവ്, സംരക്ഷകന്‍ എന്നൊക്കെ അറിയപ്പെടാനും ശ്രമിക്കുന്ന കേരളത്തിലെ ഒരാണിന്റെ ജീവിതം അവനെ എത്തിക്കുന്നത് എവിടേക്കൊക്കെയാണെന്നത് പൊതുവില്‍ അപഗ്രഥിക്കപ്പെട്ടിട്ടില്ല. പൗരുഷമെന്നതാണ് ആണിന്റെ ഗുണമെന്നും അത് പെണ്ണെന്ന അപരത്തെ കീഴടക്കി ഭരിക്കുന്നതാണെന്നും അതിലൂടെയൊക്കെ നേടുന്ന കരുത്തിന്റെ പ്രകടനകലയാണ് ആണത്തമെന്നും പഠിച്ചുവരുന്ന ഒരു കേരളീയ ആണ്‍കുട്ടി സ്നേഹവും പ്രണയവും കാമവുമൊക്കെ ഇത്തരത്തില്‍ ലിംഗകീഴടക്കത്തിന്റെ കായികപ്രയോഗമാക്കി മാറ്റി ജീവിതത്തെ മൊത്തത്തില്‍ കായികമായ പോരാട്ടഭൂമിയാക്കിത്തീര്‍ക്കുന്നു.

ആണായി വളരുക, സ്കൂളിലും കോളേജിലും പഠിച്ച് ആണത്തമെന്നതിന്റെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയും പിന്നീട് ജോലി നേടുകയും വിവാഹം കഴിക്കുകയും ഒരു സ്ത്രീയെ ഭാര്യയാക്കി അവളിലൂടെ മക്കളെ ഉല്പാദിപ്പിച്ച് അവരെ സമൂഹം പറയുന്ന ആണും പെണ്ണുമായി വളര്‍ത്തി താനനുഭവിച്ച ജീവിതം തുടരുക… കേരളത്തിലെ ഒരു ശരാശരി ആണിന്റെ ജീവിതം ഇങ്ങനെയാണ്. ഇതിനിടയിലാണ് സ്നേഹവും പ്രണയവുമൊക്കെ ആവിഷ്കരിക്കുന്നത്. അതും നമ്മുടെ സമൂഹത്തിലെ വാര്‍പ്പുമാതൃകകളെ അതുപോലെ പിന്തുടരുകയാണ്. പ്രണയവും സ്നേഹമൊക്കെ കാമമാണെന്നും അത് പെണ്ണിനെ ലിംഗംകൊണ്ട് കീഴടക്കുന്ന ചെയ്തിയാണെന്നും ലിംഗത്തിന്റെ മികവാണതിനെ നിശ്ചയിക്കുന്നതെന്നുമുള്ള പാഠമാണ്. ലിംഗപരമായ മികവില്ലെങ്കില്‍ ആണിന്റെ ജീവിതം ദുരന്തമാവുകയാണന്നും പഠിപ്പിച്ചിരിക്കുന്നു. ലിംഗത്തില്‍ എല്ലാം കേന്ദ്രീകരിക്കുന്ന പുരുഷസങ്കല്പമാണ് കേരളത്തിലെ ആണത്തത്തിന്റെ അടിസ്ഥാനം. അവന്റെ എല്ലാ ക്രിയകളും ആവിഷ്കാരങ്ങളും അതിലേക്ക് ചുരുങ്ങുന്നു. അതിന്റെ ഒരാവിഷ്കാരമായിട്ടാണ്  അവന്റെ സാമൂഹ്യജീവിതം നിലകൊള്ളുന്നത്. ഇവിടെയാണ് ഈ ആണിന്റെ ജീവിതം നയിക്കാത്തവര്‍ ആണത്തവും പൗരുഷവുമില്ലാത്തവരായി മാറ്റപ്പെടുന്നത്. അതിനാല്‍ ഒരുവന്‍ ആണത്തമുള്ളവനായി മാറ്റപ്പെടുന്നത് ലിംഗകേന്ദ്രീകൃതമായി തന്റെ ആനന്ദങ്ങളെ ചുരുക്കുകയും സംരക്ഷകനും ദാതാവുമായി നിലകൊള്ളുമ്പോഴാണ്. അതായത് ആണുങ്ങള്‍ ജനിച്ചുവീഴുകയല്ല, പിന്നീട് നിര്‍മിച്ചെടുക്കപ്പെടുകയാണ്. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളുടെ സാധ്യതകള്‍ നഷ്ടമായ, പ്രണയത്തിന്റെയും രതിയുടെയും സ്നേഹത്തിന്റെയും സാധ്യതകള്‍ വറ്റിപ്പോയ ഒരു ശരീരവും വികാരവുമാണ് കേരളത്തിലെ വീടുപുലര്‍ത്താന്‍ നിയോഗിതനായ ഓരോ ആണും. കേരളത്തിലെ ആണിന്റെ ആണത്തം, അവനെ അവന്റെ ജീവിതത്തിലെ വൈവിധ്യങ്ങളില്‍ നിന്നും പറിച്ചെറിഞ്ഞുകൊണ്ടേയിരിക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ ആണിനെ രൂപപ്പെടുത്തുന്ന കേരളീയ പുരുഷാധിപത്യസംസ്കാരമാണ്സമൂഹത്തിലെ ലിംഗപരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്.

വിമത ജീവിതത്തിന്റെ കീഴാള നിറങ്ങളെ കുറിച്ച് ചിലത്

ആണിനെ ഇങ്ങനെ നോക്കിക്കാണുന്ന  കെ സി സന്തോഷ് കുമാര്‍ എഴുതുന്നത് ഇവിടെ പ്രസക്തമാകുന്നു- യുവത്വത്തില്‍ ആണായി, അംഗമായി അംഗീകരിക്കപ്പെടാന്‍ ഓരോ സുഹൃദ് സംഘത്തിനും ചില നിബന്ധനകളുണ്ട്. അതു ചില സ്വഭാവങ്ങളാകാം. ചില വസ്തുക്കളുടെ കഴിവുകളുടെ ഉടമസ്ഥതയാകാം… ആണുങ്ങളുടെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യത്തിനും രോഗാതുരതയ്ക്കും കാരണമായി മാറുന്നതീ ആണത്ത പ്രകടനങ്ങളാണ്… എന്റെ അമ്മയ്ക്കു ഞാനൊരു സര്‍ക്കാരുദ്യോഗസ്ഥനാകണമായിരുന്നു. കുടുംബം പുലര്‍ത്താന്‍ നിയോഗിക്കപ്പെട്ടവനാണ് ഞാന്‍. സഞ്ചാരിയോ മറ്റെന്തെങ്കിലുമൊക്കെ ആകാനുള്ള മോഹങ്ങളെ തകര്‍ത്തത്, ധൈര്യം ചോര്‍ത്തിക്കളഞ്ഞത് ഈ ചുമതലയെക്കുറിച്ചുള്ള അമ്മയുടെ നിരന്തരമായ ഓര്‍മപ്പെടുത്തലായിരുന്നു. പണവും പ്രതാപവും അധികാരവും നേടേണ്ടവന്‍ വെറുമൊരു സഞ്ചാരിയെന്തിനാവണം? ഈയൊരു സമ്മര്‍ദ്ദം ഞാനിന്നും എനിക്കു ചുറ്റുമുള്ള യുവത്വങ്ങളില്‍ കാണുന്നുണ്ട്. അവരുടെ സ്വപ്നങ്ങളെ തകര്‍ക്കുന്നതും ഒരു നല്ല കാമുകന്‍ പോലുമാകാതെ പോകുന്നതും. കമലാ സുരയ്യ ഒരിക്കല്‍ പറഞ്ഞതുപോലെ, അന്നത്തിനു വകതേടേണ്ടവനെന്ന സമ്മര്‍ദമില്ലായിരുന്നുവെങ്കില്‍ നമ്മുടെ പുരുഷന്മാരെല്ലാം നല്ല പുരുഷന്മാരും നല്ല സ്നേഹിതരുമാവുമായിരുന്നു (കറന്റ് ബുക്സ് ബുള്ളറ്റിന്‍, 2003).

നമ്മുടെ പുരുഷന്മാരെക്കുറിച്ച്, അവരുടെ ആണത്തത്തെക്കുറിച്ച് വീണ്ടുവിചാരം ഉണ്ടാവേണ്ടിയിരിക്കുന്നു.

1.

കൊളോണിയലിസത്തിലൂടെ സാധ്യമായ  ആധുനികതയിലൂടെയാണ് കേരളീയ ആണുങ്ങള്‍ വീടുനോക്കുന്ന ഭാര്യയെ, ഭരിക്കുന്ന പുരുഷന്മാരായി മാറിയതെന്നു പറയാം. വീടിന്റെ സംരക്ഷകനും അധികാരിയുമായ പുരുഷനായി യുവത്വത്തിലേക്കു കടക്കുമ്പോഴേ ജോലി അന്വേഷിക്കാനും ശമ്പളമുള്ള ജോലി കണ്ടെത്തി വീടിന്റെ അന്തസ്സുയര്‍ത്തുവാനും അവന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സാമൂഹ്യാന്തസ് നിലനിര്‍ത്താനും ആണത്തം നിലനിര്‍ത്താനുമുള്ള കടുത്ത പോരാട്ടത്തിലേക്ക് ഓരോ യുവാവും വീഴുന്നു. ഇത്തരത്തിലുള്ള കഥകളുമായി സാഹിത്യവും സിനിമയും നിരന്തരം പ്രത്യക്ഷപ്പെടുന്നു. കേരളീയ നവോത്ഥാനത്തിലെ പ്രസ്ഥാനങ്ങളെല്ലാം പുരുഷന്മാരെ സജ്ജരാക്കിയത് മക്കത്തായ വീടുഭരിക്കാനുള്ള ഭാര്യയെയും മക്കളെയും പോറ്റാനുള്ള പുരുഷന്മാരാവുകയെന്നതാണ്. സ്ത്രീകളോടു പറഞ്ഞത് പുരുഷന്റെ അനുസരണയുള്ള ഭാര്യയായി വീടു പരിപാലിക്കാനാണ്. ഈ സ്ത്രീ, പുരുഷന്മാരുടെ ചിത്രങ്ങളുമായി നോവലുകളും മറ്റും വരുന്നു. മാധവന്മാരും യേശുദാസന്മാരും പപ്പുമാരും സൃഷ്ടിക്കപ്പെടുന്നു. പുരുഷന്റെ അധ്വാനത്തിലൂടെയും ശമ്പളത്തിലൂടെയും പുലര്‍ത്തപ്പെടുന്ന വീടുകള്‍ ഉത്തമവീടുകളായി ആവിഷ്കരിക്കപ്പെടുന്നു. അതേസമയം സ്ത്രീയുടെ അനുസരണയില്‍, അവളുടെ ശമ്പളത്തില്‍ കഴിയുന്ന പുരുഷന്‍ ആണത്തമില്ലാത്തവനും പെങ്കോന്തനുമായി മുദ്രയടിക്കപ്പെടുന്നു. അങ്ങനെ പെണ്ണിന്റെ അധികാരിയായി മാറാന്‍ ഓരോ ആണും പരിശീലിപ്പിക്കപ്പെടുന്ന പ്രക്രിയയാണ് കേരളീയ പൗരുഷങ്ങളുടെ ജീവിതകഥ.

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

ഇത്തരത്തിലുള്ള ആണത്തങ്ങളുടെ കഥയില്‍ വഴിമാറിനടക്കുന്ന ആണിന്റെ കഥയാണ് വൈക്കം മുഹമ്മദ് ബഷീര്‍, ബാല്യകാലസഖിയിലെ മജീദിലൂടെ പറഞ്ഞത്. ബഷീറിന്റെ എഴുത്തുകളിലെല്ലാം അക്കാലത്തെ ആണ്‍, പെണ്‍ വിഭജനവും അതിന്റെ സാമൂഹ്യാവിഷ്കാരവും നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ അത്തരം പല സങ്കല്പങ്ങളെയും ബഷീര്‍ ഉടയ്ക്കാന്‍ ശ്രമിക്കുന്നതു കാണാം. മജീദിനെ വിവരിക്കുന്നത് അവനില്‍ നിലവിലുള്ള ആണത്തം ഉണ്ടെന്നുള്ള ധാരണയിലാണ്. എന്നാല്‍ സുഹ്റയുടെ പല പ്രകടനങ്ങളും അവനെ സംശയത്തിലൂടെ തന്റെ പൗരുഷത്തെക്കുറിച്ചുള്ള ആവരണത്തിലേക്കു നയിക്കുന്നു. നോവലിന്റെ തുടക്കത്തില്‍ തന്നെ കാണുന്നത് മജീദും സുഹ്റയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ആ ഏറ്റുമുട്ടലില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നം മജീദിന്റെ ആണത്തമാണ്. മജീദിനു ദേഷ്യം വന്നു. വലിയ ഒരാണ്‍കുട്ടിയെ ഒരു കൊച്ചു പീക്കിരിപ്പെണ്ണു ഭയപ്പെടുത്താന്‍ ശ്രമിക്കുകയോ?… പെണ്ണേതായാലും മാന്തി, ഇനി അവള്‍ ഇടിച്ചു എന്നു ലോകം അറിഞ്ഞാല്‍ വലിയ കുറച്ചിലല്ലേ? അവന്‍ ഒന്നും ചെയ്തില്ല, തോറ്റ് ഇളിഭ്യനായി നിന്നു (ബഷീര്‍, 1999, 124-125).

പീക്കിരിയായ സുഹ്റയുടെ അക്രമത്തെ തടുക്കാനുള്ള ആണത്തം അവനിലില്ല എന്ന  സൂചന, മജീദിന്റെ ബാപ്പായോട് എതിരിടാനുള്ള ശേഷി അവനിലില്ലെന്ന സൂചന, ബുദ്ധിമികവിന്റെ ലക്ഷണമായ കണക്ക് അറിയില്ലെന്ന കാര്യം എല്ലാം ചേരുന്നത് മജീദിന്റെ ആണത്തത്തിന്റെ ചില കുഴപ്പങ്ങളിലാണ്. അവന്‍ ഭാവനയുടെ ആളാണ് എന്ന പരാമര്‍ശം കൃത്യമായി അവന്റെ പൗരുഷത്തെ താഴ്ത്തിക്കെട്ടുന്നുണ്ട്. പുരുഷന്റെ കരുത്തിന്റെ അപരമാണ് ഈ ഭാവന. ഏതായാലും പ്രണയത്തിലും ഭാവനയിലും മുങ്ങി ജീവിക്കാന്‍ ശ്രമിച്ച അവന് അപ്പന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം ജീവിത്തതിന്റെ ഭാരം ഏറ്റെടുക്കേണ്ടിവന്നു. അവന്‍ ജോലി തേടി പലയിടത്തും പോകുന്നു. പിന്നീടുള്ള അവന്റെ ചെയ്തികളെല്ലാം – അവന്‍ പലനാടുകളിലും സഞ്ചരിച്ച ശേഷം തിരിച്ചുവന്നപ്പോള്‍ നാട്ടുകാര്‍ കരുതിയത് ഇഷ്ടംപോലെ പണമുണ്ടെന്നാണ്.

ട്രാന്‍സ്ജെന്‍ഡര്‍ ഒരു ഭീകരജീവിയല്ല

പുറത്തു പോയി പണമുണ്ടാക്കുക ആണുങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ മജീദിന് അതിന് കഴിഞ്ഞില്ല. അവന്‍ സമ്പാദിച്ചത് പുസ്തകങ്ങളാണ്. അവന് കുടുംബത്തിന്റെ ദാരിദ്ര്യകാലത്ത് പണമുണ്ടാക്കാനോ മാതാപിതാക്കളെ സഹായിക്കാനോ കഴിഞ്ഞില്ല. ചുരുക്കത്തില്‍ സാധാരണ പുരുഷന്മാര്‍ ചെയ്യണമെന്നു സമൂഹം പറയുന്നതൊന്നും ചെയ്യാന്‍ മജീദിനു കഴിഞ്ഞില്ല. അതിനര്‍ഥം അയാളുടെ പുരുഷത്വം അധീശപരമായ പുരുഷത്വത്തെ മാനിച്ചിരുന്നില്ല എന്നതാണ്. കീഴടക്കലിന്റെയോ അധീശത്വത്തിന്റെയോ ലക്ഷണങ്ങള്‍ മജീദില്‍ ഇല്ലെന്നാണ് കാണാന്‍ കഴിയുന്നത്. ആദ്യകാലത്ത് സുഹ്റയെ തന്റെ സാമ്പത്തികനിലയും ആണത്തവും മുന്‍നിര്‍ത്തി അവന്‍ നേരിട്ടിരുന്നുവെങ്കിലും പിന്നീടതിന് അവന്‍ ശ്രമിക്കുന്നില്ല. കാരണം സമ്പത്തും മറ്റും അവന്റെ ആണത്തത്തെ നിര്‍വചിക്കാന്‍ പര്യാപ്തമാകുന്നില്ല എന്നവള്‍ അവനെ ബോധ്യപ്പെടുത്തുന്നു. മജീദിനെ പരാജയപ്പെട്ടവനായി സമൂഹം വിലയിരുത്തുന്നു.

മജീദിന്റെ ബാപ്പയാണ് ഇവിടെ മജീദിന്റെ എതിരാളിയായി വരുന്നത്. അയാള്‍ എല്ലാവരെയും തന്റെ വാക്കും നോക്കും കൊണ്ട് കീഴടക്കുന്നു. ഭാര്യയെ തല്ലുന്നു. എന്നാല്‍ മജീദില്‍ ബാപ്പ ഭയമാണ് ഉണ്ടാക്കുന്നത്. അധീശപരമായ ആണത്തമാണ് ബാപ്പ. മജീദ് അതിന് പുറത്താണ്. അവന്‍ സ്നേഹിക്കാനും കരുതാനും ഇഷ്ടപ്പെടുന്നുവെന്ന സൂചന, ഭീഷണിയുടെ ശബ്ദത്തില്‍ മാത്രം സംസാരിക്കുന്ന ബാപ്പായെ ഒഴിവാക്കുന്നുവെന്നാണ്. സുഹ്റയുടെ ബാപ്പ ഒരുദാഹരണം. അയാള്‍ ആധിപത്യത്തിന്റെ ഭാഷയിലല്ല സംസാരിച്ചിരുന്നത്. അതിനാല്‍ മജീദിന് അയാളെ ഇഷ്ടമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ സുഹ്റ ഭര്‍ത്താവിനോടു പിണങ്ങി തിരിച്ചുവരുമ്പോഴും മജീദവളെ പഴയപോലെ സ്നേഹിക്കുന്നു. അവരുടെ സ്നേഹത്തില്‍ കാമം കടന്നുവരുന്നില്ലെന്നത് ശ്രദ്ധിക്കണം. അവര്‍ സുഹൃത്തുക്കളായി ജീവിക്കുന്നു. വീണ്ടും മജീദ് പണമുണ്ടാക്കാനായി ജോലിതേടുന്നു. പ്രവാസിയാകുന്നു. പക്ഷേ അയാള്‍ നേരിടുന്നത് പൗരുഷത്തിന്റെ വശങ്ങളല്ല. ജീവിതപരാജയത്തിന്റെ കയ്പുനീരിലൂടെയാണ് മജീദ് അവസാനവും. പൗരുഷമായ ഒന്നും നേടാതെ സുഹ്റയുടെ മരണവാര്‍ത്തയ്ക്കുമുന്നില്‍ അവന്‍ നില്ക്കുന്നു. ആധുനിക മലയാളി പുരുഷനെ ചോദ്യംചെയ്യുന്ന കഥാപാത്രമാണ് ബഷീറിന്റെ മജീദ്. ആണത്തം കാണിക്കുന്നതാണ് പുരുഷന്റെ ലക്ഷണമെന്ന നിര്‍വചനത്തെ ഉല്ലംഘിച്ചുകൊണ്ട് മജീദ് പറയുന്നത്, പുരുഷന്‍ പലമാനങ്ങളുള്ള ശരീരമാണെന്നും അധികാരിയായ പുരുഷന്‍ ലിംഗകോയ്മയുടെ യുദ്ധം സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ പുരുഷജീവിതത്തെ നശിപ്പിക്കുകയാണെന്നുമാണ്. പുതിയ പുരുഷനെ സൃഷ്ടിക്കണമെന്നാണ്. പക്ഷേ നമ്മുടെ വീടിന് പുരുഷനെ അധികാരിയാക്കുവാനേ കഴിയൂ എന്നുമാണ്.

ആണെഴുത്തിന്റെ അരാഷ്ട്രീയ കിടപ്പറകള്‍

മജീദിന്റെ കാലത്തുതന്നെയാണ് ഓടയില്‍നിന്നിലെ പപ്പുവിനെപ്പോലെ തന്റെ അധ്വാനമാണ് എല്ലാം എന്നു പ്രഖ്യാപിച്ച അസുഖബാധിതനായപ്പോള്‍പോലും ഭാര്യയുടെ പണത്തെ ആശ്രയിക്കാതിരുന്ന പുരുഷന്മാര്‍ വരുന്നത്. പിന്നീട് കേരളീയഭാവന ഏറെ ആഘോഷിച്ചത് പപ്പുമാരെയും അപ്പുണ്ണിമാരെയും എല്ലാ പ്രതിസന്ധികളും കായിക കരുത്തുകൊണ്ട് തട്ടിനീക്കി തന്റെ പെണ്ണിനെ അവളുടെ അഭിപ്രായംപോലും മാനിക്കാതെ സ്വന്തമാക്കുന്ന, തന്റെ പെണ്ണിന്റെ മാനത്തിന് ചെറിയ പോറല്‍പോലുമേല്‍ക്കുന്നത് സഹിക്കാത്ത നായകന്മാരെയുമാണ്. അങ്ങനെ മലയാളസിനിമ ആധുനിക, നവോത്ഥാന പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്ന് ആണെന്നത് പെണ്ണിന് മാനമെന്ന സങ്കല്പമുണ്ടെന്നു ഉറപ്പിച്ച് അതിനായി പോരടിക്കുന്ന ആണിനെ സൃഷ്ടിച്ചു. വീടിന്റെ മാനവും പെണ്ണിന്റെ മാനവുമായി കേരളീയ ആണിന്റെ ആണത്തത്തിന്റെ അടിസ്ഥാനചേരുവ. തന്റേതാകുന്ന പെണ്ണിന്റെ മാനസംരക്ഷകനും എന്നാല്‍ തന്റേതല്ലാത്ത പെണ്ണിന്റെ മാനം തുളഞ്ഞുകയറി തകര്‍ക്കുന്ന മിടുക്കനുമായി അവന്‍ മാറുന്നു.

അങ്ങനെ സംരക്ഷകനും ബലാത്കാരകനുമായി മാറിയപ്പോള്‍ അവനില്‍ നഷ്ടപ്പെട്ടത് സൃഹൃത്തും ചങ്ങാതിയുമാകാനുള്ള ശേഷിയാണ്. ഒന്നുകില്‍ സംരക്ഷകനാകാന്‍ വ്യഗ്രതയുള്ള കാമുകനും സഹോദരനും അല്ലെങ്കില്‍ പീഡകനായ അന്യപുരുഷനോ ആയി മാറുന്നു. ഹിറ്റ്ലര്‍ മാധവന്‍കുട്ടിയോ മംഗലശേരി നീലകണ്ഠനോ ഇന്ദുചൂഡനോ സേതുമാധവനോ ഒക്കെയായി മലയാളി അനുഭവിച്ചതെല്ലാം പെണ്ണുമായി ചങ്ങാത്തവും സൗഹൃദവും പ്രണയവും അന്യമായ ആണത്തത്തിന്റെ രക്ഷകബിംബങ്ങളായിരുന്നു. കീഴടങ്ങി നില്‍ക്കാനോ വിധേയപ്പെടാനോ തലോടലും ചുംബനങ്ങളും ഏറ്റുവാങ്ങാനോ ശേഷിയില്ലാതെ അങ്ങോട്ടുമാത്രം ധൃതിപിടിച്ചും കോയ്മഭാവിച്ചും കൊടുക്കാന്‍ മാത്രം അറിയാവുന്ന പുരുഷന്‍. തന്റെ മാറില്‍ പെണ്ണിനെ തലചായ്പിക്കുന്ന, അവളുടെ നെഞ്ചില്‍ തലചായ്ക്കാനറിയാത്തെ ഒരു കോലം. ലൈംഗികതയെന്നു പറഞ്ഞാല്‍ ലിംഗത്തിന്റെ തുളഞ്ഞുകയറലാണെന്നും മുകളില്‍ക്കിടന്നു ചെയ്തുകൂട്ടുന്നതാണെന്നും അന്ധമായി വിശ്വസിക്കുന്നവര്‍. ഇതിനൊക്കെയുള്ള ഇടമാണ് വീടെന്നും അതിനുള്ള വഴിയാണ് വിവാഹമെന്നും വിശ്വസിച്ച് അങ്ങനെ ഇന്നുകാണുന്ന ആണത്തമെന്നത് പ്രകൃതിദത്തമായ ജൈവികതയാണെന്ന് ഉറപ്പിക്കുന്നവര്‍. നഗരകേന്ദ്രീകൃത കേരളീയതയില്‍ സിറില്‍മാര്‍ (ട്വന്റി ടു ഫീമെയില്‍ കോട്ടയം) ഈ ആണത്തത്തിന്റെ പുതിയ രൂപങ്ങളായി കടന്നുവന്നു.

കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

2

മാറിയ ആഗോളീകരണകാലം ലോകമാകെ പുതിയൊരു സമ്പത്തിക- സാംസ്കാരിക വ്യവസ്ഥയെ ഭാവന ചെയ്യുന്നുണ്ട്. തൊഴില്‍- കുടുംബസങ്കല്‍പ്പമാകെ ചോദ്യം ചെയ്യപ്പെടുന്നു. പെണ്ണും ആണും മാത്രമെന്ന ദ്വിലിംഗവ്യവസ്ഥയെ പാടേ ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങള്‍ പൊളിച്ചെഴുതി. എല്ലാ രംഗങ്ങളിലും തൊഴിലിനായി കയറിയ പെണ്‍സാന്നിധ്യം ആണിന്റെ പരമ്പരാഗത ആണത്തത്തെ പാടേ റദ്ദാക്കി. വീടിന്റെ നായികയാണെന്നുള്ള സ്ത്രീ സങ്കല്പങ്ങള്‍ ഐടി അധിഷ്ഠിത തൊഴിലിടങ്ങള്‍ ചോദ്യംചെയ്തു. ഇത്തരം മാറ്റങ്ങള്‍ ആണിനെ പ്രതിസന്ധിയിലാക്കുകയും പുതിയൊരു സ്വത്വാന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. അവിടെയാണ് ആണത്തങ്ങളുടെ ആരായല്‍ നടക്കുന്നത്. വീടുഭരിക്കുന്നവനായ, ദാതാവായ പുരുഷന്‍ പുരുഷനുതന്നെ ഭാരമാണെന്നു തിരിച്ചറിയപ്പെടുന്നു. പെണ്ണിന്റെ മാനത്തിനു കാവലിരിക്കുന്ന കാവല്‍പ്പട്ടിയായും ആ മാനം ഭേദിക്കാനായി ഏതാനുമിഞ്ചുവരുന്ന മാംസദണ്ഡുമായി നടക്കുന്നതും പുരുഷത്വമല്ലെന്നുള്ള നേരിയ തിരിച്ചറിവുകള്‍ പുതിയ സാംസ്കാരിക പരിസരം പകര്‍ന്നുനല്‍കുന്നുണ്ട്. വീടും മക്കളുല്‍പ്പാദനവും അതിന്റെ പരിപാലനവും തടയിടുന്നത് ആണിന്റെ സര്‍ഗാത്മകതകളെയാണെന്നുള്ള തിരിച്ചറിവ് പൊട്ടിമുളയ്ക്കുന്നുണ്ട്.

ജൈവികവും ദൈവികവുമൊന്നുമല്ല ഈ ശരീരമെന്നും അത് അഴിച്ചെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്യാമെന്നുമുള്ള നേരിയ തിരിച്ചറിവുകള്‍ ചില ജാഗ്രതകള്‍ പകരുന്നുണ്ട്. ഇത്തരം പരിസരത്തിലാണ് ഇര്‍ഫാനെപ്പോലുള്ളവരും (കിസ്മത്ത്) മാത്തനെപ്പോലുള്ളവരും (മായാനദി) സാധ്യമാകുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിനീക്കി ആണത്തം കാണിച്ച് തന്റെ പെണ്ണിനെ സ്വന്തമാക്കാന്‍ കഴിയാത്തവര്‍, അതിനു ചിന്തിക്കാത്തവര്‍. ദുര്‍ബലമായ ഒരടിക്കു വീണുപോവുകയോ മരണപ്പെടുകയോ ചെയ്യുന്നവര്‍. വീടിന്റെയും കൂടിന്റെയും ഭാരമില്ലാത്തവര്‍. വീടും സ്ഥിരമായ കൂടും വേണമെന്നിച്ഛയുമില്ലാത്തവര്‍. ലിംഗത്തിന്റെ ഭാരമില്ലാതെ പെണ്ണുമായി ചങ്ങാത്തം കൂടുന്നവര്‍. അവളുടെ പ്രണയത്തെ ഏറ്റുവാങ്ങുന്നവര്‍. അതിലൂടെ ലിംഗപരമായ ആന്ദത്തിലുപരി ശിശ്നികാകേന്ദ്രീകൃതമായ ആനന്ദത്തിന്റെ ചെറുസാധ്യതകളെ കാണുന്നവന്‍. ലൈംഗികത ഭാവിയിലേക്കുള്ള, വിവാഹത്തിലേക്കുള്ള ലൈസന്‍സ് ആണെന്നു കരുതാത്തവര്‍. പുല്ലിംഗകേന്ദ്രമായ അന്ധവിശ്വാസങ്ങളെ തിരസ്കരിക്കുവാന്‍ ശ്രമിക്കുന്നവര്‍. അവര്‍ക്ക് നടക്കുവാന്‍ ഈ കേരളത്തില്‍ ഒരുപാട് ഭൂമി വേണ്ടിയിരിക്കുന്നു. മധ്യവര്‍ഗത്തിന്റെ മഷിപുരണ്ടുകിടക്കുമ്പോഴും ചില സാധ്യതകളെ കണ്ടുകൊണ്ട് നമുക്ക് സംസാരിച്ചുതുടങ്ങേണ്ടതുണ്ട്.

ഇത്രയ്ക്ക് ചീപ്പാണോ ഈ സമൂഹം? സദാചാര കേരളം പിന്നോട്ട് നടക്കുമ്പോൾ…

ലിംഗം ഒരു വലിയ നുണയാണ്; ആണത്തം അണുബോംബും

ലിംഗാധിപത്യത്തിനു ചരിത്രമുണ്ട്, കുടിലതയുടെ പുരുഷലിംഗ പട്ടാഭിഷേകം

മല്ലുവിന് ഒരു ആണ്‍മുഖം*

ആണുങ്ങളുടെ പെണ്‍ സിനിമകള്‍; ഒപ്പം ആങ്ങളമാരായ കാണികളും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍