TopTop
Begin typing your search above and press return to search.

നിങ്ങള്‍ വനിതാ ജിഹാദിയോ എന്തു വേണമെങ്കിലും ആക്കിക്കോളൂ; എന്റെ പണി ജേര്‍ണലിസമാണ്': ഷബ്ന സിയാദ് പ്രതികരിക്കുന്നു

നിങ്ങള്‍ വനിതാ ജിഹാദിയോ എന്തു വേണമെങ്കിലും ആക്കിക്കോളൂ; എന്റെ പണി ജേര്‍ണലിസമാണ്
ഇത് ഷബ്‌ന സിയാദ്. മീഡിയ വണ്‍ ചാനലിന്റെ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം. മിശ്രവിവാഹം ചെയ്ത ഹൈന്ദവ പെണ്‍കുട്ടികളെ മതം മാറ്റുന്നതിനുളള തപ്പൂണിത്തുറ കണ്ടനാട്ടെ യോഗാ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിലെ പീഡനങ്ങള്‍ പുറം ലോകത്തെത്തിച്ചതോടെയാണ് ഈ മാധ്യമ പ്രവര്‍ത്തകയുടെ പേര് പൊതു സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇതോടൊപ്പം വിവാദങ്ങളും തലപൊക്കി. എറണാകുളം പ്രസ്‌ക്ലബില്‍ പത്ര സമ്മേളനത്തിനിടെ ജനം ടി.വി റിപ്പോര്‍ട്ടറോട് അപമര്യാദയായി പെരുമാറിയെന്നാണ് ഒരു വിവാദത്തിന്റെ പിന്നിലുള്ള ആരോപണം. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവാണെന്നും വനിതാ ജിഹാദിയാണെന്നുമടക്കമുളള പ്രചാരണങ്ങളാണ് ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡയയിലടക്കം പ്രചരണം നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍ താന്‍ നേരിടുന്ന ദുരനുഭവത്തെ കുറിച്ച്
ഷബ്‌ന സിയാദ്
മനസ് തുറക്കുകയാണിവിടെ.


"ചാനലില്‍ ഹൈക്കോടതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖിക എന്ന നിലയില്‍ ഹൈക്കോടതിയില്‍ കേസ് വന്ന വിവരം ഒരു അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കണ്ടനാട്ടെ യോഗാ സെന്ററിനെക്കുറിച്ചറിയുന്നത്. കേസ് നടത്തുന്ന അഭിഭാഷകനെ കണ്ട് സംസാരിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തി. അദ്ദേഹത്തില്‍ നിന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. അവരെ നേരില്‍ കണ്ടു. ആ പെണ്‍കുട്ടിയോട് സംസാരിച്ചപ്പോഴാണ് യോഗാ സെന്ററില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാനായത്. പിന്നീട് ആ സ്ഥാപനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെടുത്തു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ക്ക് പുറമെ സ്ഥാപനത്തിലെ മറ്റ് ചില അന്തേവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പായതോടെയാണ് ആ വാര്‍ത്ത നല്‍കിയത്. ഇവിടെ പ്രശ്‌നം എന്റെ പേരാണ്. പേര് മാറിയായിരുന്നെങ്കില്‍ ഒരു വിവാദവുമുണ്ടാകില്ലായിരുന്നു.

"പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയില്‍ എത്ര സുഡാപ്പിണികള്‍ ഉണ്ട്?" ലൗജിഹാദ് അടക്കമുളള പ്രചാരവേലകള്‍ക്ക് തുടക്കം കുറിച്ച സംഘപരിവാര്‍ സഹയാത്രികനായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബുധനാഴ്ച രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണിലെ ചോദ്യാണിത്. മീഡിയവണ്‍ ചാനല്‍ തൃപ്പൂണിത്തുറ കണ്ടനാട്ടെ യോഗാസെന്ററിന്റെ മറവില്‍ നടത്തിവന്നിരുന്ന ഘര്‍വാപ്പസി പീഡനങ്ങള്‍ പുറത്ത് കൊണ്ടുവന്നതാണ് അദേഹത്തിന്റെ ചോദ്യത്തിനാധാരം. അതിന്റെ ലക്ഷ്യമാകട്ടെ വാര്‍ത്ത പുറത്ത് കൊണ്ടു വന്ന ഞാനുമാണെന്ന് വ്യക്തം. ഈ വാര്‍ത്ത പുറംലോകത്തെത്തിച്ചതോടെ ഒരു വിഭാഗം ആളുകള്‍ എനിക്കെതിരെ സംഘടിത ആക്രമണമാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് പ്രസ്‌ ക്ലബിന് ജനം ടി.വി റിപ്പോര്‍ട്ടര്‍ നല്‍കിയ പരാതിമെന്നാണ് ഞാന്‍ കരുതുന്നുന്നത്. മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാറിനും ഷാനിക്കുമെതിരെ നേരത്തെ സംഘപരിവാര്‍ പ്രചാരണം നടത്തിയപ്പോള്‍ അതിനെതിരെ മാധ്യമ സമൂഹം ഒറ്റക്കെട്ടായി നിന്നാണ് നേരിട്ടത്. എന്റെ കാര്യത്തിലും അങ്ങനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞാന്‍ വനിതാ ജിഹാദിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയും പോപ്പുലര്‍ഫ്രണ്ട് വനിതാ നേതാവുമാണെന്നതടക്കമുളള നിരവധി ആരോപണങ്ങളാണ് പലരും ഉന്നയിക്കുന്നത്. തേജസ് പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു എന്നതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. വാര്‍ത്ത ചെയ്യുന്ന പത്രപ്രവര്‍ത്തകരുടെ ജാതിയും മതവും പേരും നോക്കി ആക്രമണത്തിനിരയാക്കുന്ന പുതിയ യുദ്ധം എനിക്ക് മാത്രമല്ല, ഈ രംഗത്തുളള എല്ലാവര്‍ക്കും ഭീഷണിയാണ്. ഡോ. ഹാദിയ (അഖില)യ്ക്ക് നീതി ആവശ്യപ്പെട്ട് അഞ്ച് പെണ്‍കുട്ടികള്‍ എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ് ചിലര്‍ എന്നെ ലക്ഷ്യമിടാന്‍ കാരണം. ഈ പെണ്‍കുട്ടികള്‍ വൈക്കത്തുളള ഹാദിയയുടെ വീട്ടിലെത്തിയെങ്കിലും അവര്‍ക്ക് ഹാദിയയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം പോലീസ് കേസാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ പെണ്‍കുട്ടികള്‍ എറണാകുളം പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തിയത്. ഈ പത്രസമ്മേളം നടത്താന്‍ സൗകര്യം ചെയ്ത് കൊടുത്തത് ഞാനാണെന്നും ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ ആക്ഷേപിച്ചുവെന്നുമാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. സത്യത്തില്‍ അവിടെ പത്രസമ്മേളനം നടത്തിയ പെണ്‍കുട്ടികളെ ചോദ്യം ചോദിക്കുന്ന രീതിയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ വല്ലാതെ ഹരാസ് ചെയ്യുുണ്ടായിരുന്നു. മറ്റാരേയും ചോദ്യം ചോദിക്കാന്‍ അനുവദിക്കാതെ അയാള്‍ ഈ പെണ്‍കുട്ടികളെ കടന്നാക്രമിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഞാനുള്‍പ്പടെ ഭൂരിഭാഗം പേരും അയാളുടെ സംസാരത്തില്‍ അസ്വസ്ഥരായി.

പലരും പതുക്കെ പറഞ്ഞു. "നിങ്ങള്‍ ചോദ്യം ചോദ്യമായി ചോദിക്കുക. അല്ലാതെ നിങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല" എന്ന് സഹികെട്ടപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു. അവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരിയാണ്, അവരുടെ ചോദ്യങ്ങളും ആ രീതിയിലായിരിക്കും എന്നായിരുന്നു അയാളുടെ മറുപടി. അതിനെല്ലാവരും സാക്ഷിയാണ്. ഫോണ്‍ വന്ന് സംസാരിക്കാനായി ഞാന്‍ പുറത്തേക്ക് പോയപ്പോള്‍ അയാള്‍ പറയുന്നത് കേട്ടു... "ഹോ... സമാധാനമായി. ഇനിയെനിക്ക് സ്വസ്ഥമായി ചോദിക്കാമല്ലോ" എന്ന്. അയാള്‍ക്ക് ഇഷ്ടമുളള ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നെങ്കില്‍ അത് പത്രസമ്മേളനത്തിന് മുമ്പോ പിമ്പോ ആകാമായിരുന്നല്ലോ? അത്രയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് പ്രായത്തില്‍ വളരെ ജൂനിയറായ ആ പെണ്‍കുട്ടികളെ ഹരാസ് ചെയ്തപ്പോഴാണ് ഞാന്‍ ഇടപെട്ടത്. അത് ആ പെണ്‍കുട്ടികളോടല്ല, ഏത് പെണ്‍കുട്ടികളോടായാലും അത്തരത്തില്‍ സംസാരവും പെരുമാറ്റവും ഉണ്ടായാല്‍ ഇനിയും ഞാന്‍ ഇടപെടും.തേജസ് ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചതാണ് എന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തെ കുറിച്ച് ആരോപണം ഉയരാന്‍ കാരണം. എന്നാല്‍ ജേണലിസം പഠനത്തിന് ശേഷം ഞാന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തത് ദേശാഭിമാനിയിലാണ്. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് കേരള ടൈംസിലും. അവിടെനിന്നുമാണ് ഞാന്‍ തേജസിലെത്തിയത്. കൊച്ചി, ഇടുക്കി ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. പിന്നീടാണ് മീഡിയ വണ്ണിലെത്തിയത്. ഏത് മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്താലും ആ സ്ഥാപനത്തോടും ചെയ്യുന്ന ജോലിയോടും നൂറുശതമാനം കൂറുപുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകയാണ് ഞാന്‍. പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവാകാന്‍ അവരുടേതായ ചില യോഗ്യതകളൊക്കെ ആവശ്യമാണ്. അത്തരത്തിലുള്ള യോഗ്യതയില്ലാത്തതിനാല്‍ ഞാന്‍ നേതാവായില്ല. ഒരു സംഘടനയുടേയും പ്രവര്‍ത്തകയുമല്ല.

പത്രപ്രവര്‍ത്തക എന്ന നിലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മാത്രമല്ല, മറ്റ് പല സംഘടനകളുടേയും യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഹാദിയയെ കാണാന്‍ ശ്രമം നടത്തിയിരുന്നു എന്നത് സത്യമാണ്. കോടതി ലേഖിക എന്ന നിലയില്‍ ഈ വാര്‍ത്ത ആദ്യം പുറംലോകത്തെത്തിച്ചത് ഞാനാണ്. തുടര്‍ന്ന് ആ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ ചെന്ന് കാണാന്‍ ശ്രമം നടത്തി. ഒരു അഭിമുഖം തയാറാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ അവളെ കാണാന്‍ അനുവദിക്കുവെന്ന് കോട്ടയം എസ്.പി രേഖാമൂലം അറിയിച്ചു. തുടര്‍ന്നാണ് ഞാന്‍ കോടതിയെ സമീപിച്ചത്. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള കോടതിയുടെ നിലപാടാണ് ഞാന്‍ ഈ കേസില്‍ നിന്ന് പിന്‍തിരിയാന്‍ കാരണം.

ഹാദിയയുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടികളില്‍ മ്യദുല എന്ന കുട്ടിയെ എഫ് ബിയില്‍ കണ്ട് പരിചയമുണ്ടെനിക്ക്. മറ്റുള്ളവരെ അറിയില്ല. അവരെ ആ വീട്ടിലേക്ക് പറഞ്ഞയച്ചത് ഞാനാണെന്ന ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തിലും എനിക്കൊരു പങ്കുമില്ല. ഇതിപ്പോ വനിതാ ജിഹാദിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അത് ഞാനങ്ങ് സഹിക്കും. അത്രയേയുള്ളൂ. ഈ വനിതാ ജിഹാദിയുടെ അടുത്ത ലക്ഷ്യം എന്റെ കണ്‍മുന്നിലെത്തുന്ന വാര്‍ത്തയാണ്. അതെന്തെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല".

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories