Top

'Monsoon Reminiscence'; ഒരു ഗ്രാമം നല്‍കിയ ഓര്‍മ്മകള്‍

രണ്ടടിയോളം വലിപ്പമുള്ള 46 ക്യന്‍വാസുകള്‍. പല ചിത്രങ്ങളിലും മനുഷ്യന്‍ ഒരു പുഴുവിനോളം ചെറുത്, ചിലതില്‍ വിഷയം മൃഗങ്ങളുടെ പ്രണയം, ചിലതില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ നിഗൂഡ അര്‍ഥങ്ങള്‍. പക്ഷേ എല്ലാ ചിത്രങ്ങളിലും പൊതുവായി പ്രത്യക്ഷപ്പെടുന്നത് പ്രകൃതി തന്നെ. വാട്ടര്‍ കളര്‍ മീഡിയത്തില്‍ Monsoon Reminiscence എന്ന ടൈറ്റിലില്‍ ഷജിത്ത് ആര്‍.ബി വരച്ചിരിക്കുന്ന ചിത്രങ്ങള്‍ കേരളത്തിന്റെ ജൈവവൈവിധ്യ സമ്പന്നതയുടെയും ഗ്രാമങ്ങളുടെ ഭൂമിശാസ്ത്ര വിശകലനത്തിലേക്കും വിരല്‍ ചൂണ്ടുന്ന അപൂര്‍വം ചിത്ര പരമ്പരകളില്‍ ഒന്നാകുന്നു.

ഗ്രാമങ്ങളിലെ തോടും വയലും കാവും കാടും ഒക്കെ സമ്മാനിക്കുന്ന വൈകാരിക അനുഭൂതി എങ്ങനെ കാവ്യാത്മകമായി അവതരിപ്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് 'Monsoon Reminiscence' ജനിക്കുന്നത് - ഷജിത്ത് പറയുന്നു. നാല് വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ഈ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. മുഗള്‍ മിനിയേച്ചറില്‍ നിന്നാണ് ഷജിത്ത് ഈ രീതി നേടിയെടുക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം എന്ന ഗ്രാമം സമ്മാനിച്ച ബാല്യകാലത്തിലെ ഭൂപ്രകൃതിയുടെ ഓര്‍മ്മകള്‍ ആണ് ഷജിത്ത് ക്യാന്‍വാസില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ലയാളിയുടെ ദൃശ്യബോധം കുറച്ചുകൂടി പരിപോഷിപ്പിക്കപ്പെടണം - വാക്കുകള്‍ കൊണ്ടല്ല, വര കൊണ്ട് ഷജിത്തിന്റെ സോളോ ഷോയുടെ ലക്ഷ്യമിതാണ്.'After Rain' എന്ന സീരീസിലൂടെ 2015ലെ ലളിത കല അക്കാദമി പുരസ്‌കാരം ഷജിത്ത് നേടിയിരുന്നു.Plane Air Painting പോലെയുള്ള ശൈലികള്‍ ഇന്ത്യയില്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണ്. സാഹിത്യത്തില്‍, കാളിദാസനും മറ്റും പ്രകൃതി വര്‍ണന കഴിഞ്ഞാണ് വിഷയത്തിലേക്ക് വരിക, പ്രകൃതിക്ക് അത്രമാത്രം പ്രാധാന്യം ഉണ്ട്. മാധവ് മേനോന്‍ എന്ന ആര്‍ട്ടിസ്റ്റ് കേരളത്തിന്റെ ഭൂപ്രകൃതിയെ അടയാളപ്പെടുത്തുന്ന രീതിയില്‍ വാട്ടര്‍ കളര്‍, ടെമ്പറ മീഡിയത്തിലൊക്കെ വര്‍ക്കുകള്‍ ചെയ്തിരുന്നു. പക്ഷെ അത്രത്തോളം ജനകീയമായില്ല അത്. പിന്തുടരാന്‍ ആളില്ലാതെ ആയിപ്പോയി. സബ്ജക്ടിവ് ആയിട്ടാണ് ഇവിടെ ആര്‍ട്ടിസ്റ്റുകള്‍ സൃഷ്ടികള്‍ നടത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ വാട്ടര്‍ കളര്‍ ബിനാലെ പോലും നടത്താറുണ്ട്. ഇവിടെയാണെങ്കില്‍ ബിനാലെ അടിച്ചേല്‍പ്പിക്കുന്ന ശക്തമായ രാഷ്ട്രീയ നിലപാടുണ്ട്. അവര്‍ പറയുന്നത് മാത്രമാണ് കല എന്ന നിലപാട്. നമ്മള്‍ അപ്പോള്‍ ഒരിക്കലും സ്വതന്ത്രരാകില്ല. കലയുടെ രാഷ്ട്രീയത്തെ പറ്റി ഷജിത്ത് വാചാലനാകുന്നു.

നമ്മളുടെ ആക്റ്റിവിറ്റീസ് പോലും ചിത്രമാക്കുന്ന ജാക്‌സണ്‍ പുള്ളോക്കിനെ പോലെയുള്ള ചിത്രകാരന്മാര്‍ ഉണ്ട്. വിത്ത് നടുന്നതും, ഭൂമിയില്‍ ജോലി ചെയ്യുന്നതും ഒക്കെ അതേപോലെ ഒപ്പിയെടുക്കും. കളര്‍ ഒക്കെ കുടഞ്ഞ് ഇടുന്ന രീതിയാണ് അത്. കൈവേഗത്തിലൂടെ വരച്ച് മുന്നേറുന്നു. വാന്‍ഗോഗിന്റെ ചിത്രങ്ങളൊന്നും തന്നെ ആദ്യകാലങ്ങളില്‍ തീരെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴാണ് അദ്ദേഹം ഇത്രയും വിഖ്യാതനായത്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മൂല്യം ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ കണ്ട് മനം നൊന്ത് കലയെ പ്രതിഷേധമാര്‍ഗമാക്കി മാറ്റിയവരുടെ രചനകള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നു. കലയെ നിര്‍വചിക്കേണ്ടത് കാലത്തെ ആധാരമാക്കി മാത്രമാണ്. കലയുടെ സമസ്തമേഖലകളിലെക്കും ഷജിത്തിന്റെ ശ്രമങ്ങള്‍ നീളുന്നുണ്ട്.

കൊല്ലം സര്‍വ്വശിക്ഷ അഭിയാന് വേണ്ടി 'എനിക്കും പറയാനുണ്ട്', 'ഫോഗ്' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ മണ്‍റോ തുരുത്തിനെ ആസ്പദമാക്കി 'മറയുന്ന തുരുത്ത്' എന്ന ഡോക്യുമെന്റെറി എന്നിവ ചെയ്തിട്ടുണ്ട്. കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ ഏകാന്തം എന്ന നാടകത്തിന്റെ വീഡിയോ ആര്‍ട്ട് ചെയ്തതും ഷജിത്ത് തന്നെയാണ്. സജീവ നാടകപ്രവര്‍ത്തകനായ ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം സി-ഡിറ്റില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ചിത്രകാരനാണ്.

എറണാകുളം പലാരിവട്ടത്തുള്ള വൈറ്റ് വാള്‍സ് ആര്‍ട്ട് ഗ്യാലറിയിലാണ് എക്സിബിഷന്‍ നടക്കുന്നത്. ജൂണ്‍ 19ന് ആരംഭിച്ച പ്രദര്‍ശനം ഒരു മാസം നീണ്ടു നില്‍ക്കും.

ഷജിത്തിന്‍റെ ചിത്രങ്ങള്‍:
Next Story

Related Stories