TopTop
Begin typing your search above and press return to search.

എസ് ഹരീഷിന്റെ കഥയും സംഘപരിവാറിന്റെ സെമറ്റിക് ചിന്തകളും

എസ് ഹരീഷിന്റെ കഥയും സംഘപരിവാറിന്റെ സെമറ്റിക് ചിന്തകളും

ഉത്തരാധുനിക മലയാള ചെറുകഥയിലെ ശ്രദ്ധേയസാന്നിദ്ധ്യമാണ് എസ്. ഹരീഷ്. അസാധാരണമായ ക്രാഫ്റ്റ് കൊണ്ടു മലയാളകഥയെ വിസ്മയിപ്പിച്ച ഹരീഷിന്റെ കഥാസമാഹാരങ്ങള്‍ ആണ് രസവിദ്യയുടെ ചരിത്രം, ആദവും. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരണം ആരംഭിച്ച 'മീശ' എന്ന തന്റെ നോവലിലെ ചില പരാമർശങ്ങളുടെ പേരിൽ കടുത്ത സംഘപരിവാർ ആക്രമ ഭീഷണിയും, സൈബർ ആക്രമണവും നേരിടുകയാണ് ഇപ്പോൾ ഹരീഷ്. സ്ത്രീകളുടെ ക്ഷേത്ര സന്ദർശനം സംബന്ധിച്ച സംഭാഷണത്തിലേർപ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിസ്റ്റ് മാപ്പു പറയണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടർന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടർന്ന് ഹരീഷിൻ്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും ഇപ്പോഴും തുടരുകയാണ്. പ്രസ്തുത വിഷയത്തിൽ മുരുകൻ എഴുതിയ കുറിപ്പ് ഫേസ്ബുക്ക് ഡയറിയായി പ്രസിദ്ധീകരിക്കുന്നു.

രണ്ടു ദിവസമായി കേരളത്തിലെ സംഘപരിവാറിന് കിട്ടിയ പുതിയ ഹൈന്ദവ വിരുദ്ധൻ ആണ് എസ് ഹരീഷ്. എസ്. ഹരീഷിന്റെ മാതൃഭൂമിയിൽ അച്ചടിച്ച് വരുന്ന കഥയിലെ ഒരു ഭാഗത്തിൽ, കഥയിലെ കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണം ആണ് "അമ്പലത്തിൽ പോകുന്ന സ്ത്രീകൾ എല്ലാം വേശ്യകൾ ആണ്" എന്ന് ഹരീഷ് പ്രസ്താവിച്ചു എന്ന പേരിൽ ആഘോഷിക്കപ്പെടുന്നത്. കേസ് സ്ട്രോങ്ങ് അല്ല എന്ന് അത്ര ബോധ്യം പോരാത്തത് കൊണ്ടാണെന്നു തോന്നുന്നു, "സ്ത്രീവിരുദ്ധത" കൂടിയാണ് ആ കഥ എന്ന പേരിൽ ആണ് ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത് .

ആദ്യം അമ്പലങ്ങളും ലൈംഗികതയും തമ്മിലുള്ള കിടപ്പു വശം നോക്കാം; അത് കഴിഞ്ഞു നമുക്ക് സ്ത്രീ വിരുദ്ധതയിലേക്കു വരാം .

വിക്ടോറിയൻ സദാചാരം ബ്രിട്ടീഷുകാര്‍ കൊണ്ട് വരുന്നതിനു മുൻപ് ഏറ്റവും ലൈംഗീക സ്വാതന്ത്രവും, കപട സദാചാര ബോധവും ഇല്ലാത്ത ഒരു നാടായിരുന്നു ഇപ്പോഴത്തെ ഇന്ത്യൻ ഉപദ്വീപും അതിനോട് ചേർന്ന് കിടന്നിരുന്ന ഹൈന്ദവ വിശ്വാസങ്ങളും ജനങ്ങളും . അതുകൊണ്ട് തന്നെയാണ്, കാമസൂത്ര അടക്കമുള്ള ഗ്രന്ഥങ്ങൾ ഒരു ഋഷി തന്നെ രചിക്കുന്നതും, ഖജുരാവോ മുതൽ കർണ്ണാടകയിലെ വിരൂപാക്ഷ ക്ഷേത്രം വരെയുള്ള ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ ചുമരുകളിൽ ഒക്കെ ലൈംഗീകത സ്ഥാനം പിടിച്ചതും. അന്ന് അത് കണ്ടു ആർക്കും നെറ്റി ചുളിയാറുമില്ല, അതായത് ലൈംഗികത പലതും ഒന്നിൽക്കൂടുതൽ സ്ത്രീകളും, പുരുഷന്മാരും ആയതു പോലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു കിടന്നിരുന്നു.

ലൈംഗികത മാത്രമല്ല വേശ്യാവൃത്തി പോലും ക്ഷേത്രങ്ങളുടെ ഭാഗമായിരുന്നു. കൊളോണിയൽ സംസ്ക്കാരം വരുന്നത് വരെ ദേവദാസികളും, (തൊട്ടുകൂടായ്മ ഇല്ലാത്ത സ്ത്രീകൾ ) ശൂദ്ര വിഭാഗത്തിലെ സ്ത്രീകളും, ലൈംഗിക തൊഴിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു തന്നെ നടത്തിയിട്ടുണ്ട്. മലയാളത്തിലെ സ്ത്രീകളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന പദമായ "കൂത്തിച്ചി" എന്നത് വരെ ക്ഷേത്രങ്ങളിൽ കൂത്ത് നടത്തിയിരുന്ന സ്ത്രീകളുമായി ബന്ധപ്പെട്ടു വന്നതാണ്.

ലൈംഗികതയും, പ്രണയവും, കാമവും, ക്രോധവും, യുദ്ധവും, ആഭിചാര പ്രക്രിയകളും തൊടലും തീണ്ടലും ഒക്കെ ചേർന്നത് തന്നെ ആണ് ഹൈന്ദവ ആചാരങ്ങളും നിയമങ്ങളും തദ്വാരാ ക്ഷേത്രങ്ങളും. പിന്നീട് നിയമവിരുദ്ധം ആണ്, അശ്ലീലം ആണ്, ഭാരത സംസ്കാരത്തിന് യോജിക്കാത്തതാണ് എന്നെല്ലാം പറഞ്ഞു മേൽപറഞ്ഞ സംഗതികളെ നമ്മൾ നിരാകരിക്കാൻ തുടങ്ങിയതിന്റെ മൂലകാരണം കോളനിവൽക്കരണം സമ്മാനിച്ച വിക്ടോറിയൻ സദാചാര ബോധമാണ്.

പെരുമാൾ മുരുകന്റെ വിവാദ നോവലിലെ കുട്ടിയുണ്ടാകാത്ത സ്ത്രീ അമ്പലത്തിൽ പോയി കുട്ടി ഉണ്ടാകാൻ തനിക്കിഷ്ടമുള്ള പുരുഷനുമൊത്തു ശയിച്ചതു കേവലം ഒരു മിത്തല്ല. പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ആയ അബ്ബെ ജെ. എ ടുബിയാസ്ന്റെ 1897 ഇൽ പ്രസിദ്ധീകരിച്ച പ്രശസ്ത പുസ്തകമായ "ഹിന്ദു മാനേഴ്‌സ് കസ്റ്റംസ് ആൻഡ് സെറിമണീസി"ലെ ചരിത്രത്തെയും സംഭവങ്ങളെയും അവലംബിച്ചു തന്നെ ആണ്. സന്താന പ്രാപ്തിക്കായി അമ്പലത്തിലെ പൂജാരിയുടെ ബന്ധപ്പെടുകയും അങ്ങനെ ഉണ്ടാകുന്ന കുട്ടി "ദൈവത്തിന്റെ കുട്ടി" ആയി വിശ്വസിക്കുകയും ചെയ്യുന്ന ആചാരങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും ജാള്യതയോ അല്ലെങ്കിൽ നാണമോ തോന്നേണ്ട ഒന്നായി എനിക്ക് തോന്നിയിട്ടും ഇല്ല.

ഇത് പോലെ തന്നെ യോനി പൂജിക്കുന്ന, ആർത്തവം ആഘോഷിക്കുന്ന ഗുഹാവത്തിയിലെ അമ്പുബാച്ചി മേള ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട സംഗതിയാണ്. വിവാഹം ഉറപ്പിച്ച പെൺകുട്ടിയുമായി വന്നു താമ്പൂലം പങ്കിടുന്ന കേരളത്തിലെ തന്നെ തിരുവഞ്ചിക്കുളം ക്ഷേത്രം (താംബൂലം ഹിന്ദുക്കളുടെ ആചാരങ്ങളുടെ ഇടയിൽ പലപ്പോഴും ഒരു സെഡ്യൂസിങ് ഏജന്റ് കൂടി ആണ്. ആദ്യരാത്രിയിലെ മണിയറയിലുമൊക്കെ താംബൂലത്തിന്റെ പ്രസക്തി ഇതാണ്). അപ്പോൾ ഇങ്ങനെ ഉള്ള ഒരു പാട് ചരിത്രങ്ങളും, മിത്തുകളുമൊക്കെ ഉള്ള ഒരു സംഭവത്തിനെ എതിർക്കേണ്ട ആവശ്യമില്ല.

ഇനി കഥയിലെ സ്ത്രീ വിരുദ്ധതയിലേക്ക്:

വിവാദമായ പരാമർശം ഹരീഷിന്റെ ഒരു സ്റ്റേറ്റ്മെന്റ് അല്ല മറിച് ഹരീഷിന്റെ കഥയിലെ കഥാപാത്രമാണ് ആ വാചകങ്ങൾ പറയുന്നത്. ഹരീഷ് ഒരു ലേഖനത്തിൽ "അമ്പലത്തിൽ പോകുന്ന സ്ത്രീകൾ ലൈംഗീകതയാണ് ലക്‌ഷ്യം വെക്കുന്നത്" എന്ന് പറഞ്ഞാൽ അത് സ്ത്രീ വിരുദ്ധമാണ്. അയാൾ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങൾക്ക് അങ്ങനെ സംസാരിക്കാം. കഥയിലെ കഥാപാത്രം ഒരു അനാർകിസ്ററ് ആണെങ്കിൽ, ക്ഷേത്ര ചരിത്ര ബോധ്യങ്ങളിൽ നിന്ന് ഇൻസ്പയർ ചെയ്യപ്പെട്ട ഒരു കവി ആണെങ്കിൽ അല്ലെങ്കിൽ ഭ്രാന്തൻ ആണെങ്കിലുമൊക്കെ ഇങ്ങനെ സംസാരിക്കാം (പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയിലെ ഭ്രാന്തൻ പടച്ചോനോട് സംസാരിക്കുന്ന വാചകങ്ങൾ ഇവിടെ ചിന്തിക്കുക).

എന്താണ് സിനിമയിലെ, അല്ലെങ്കിൽ കഥയിലെ സ്ത്രീ വിരുദ്ധത? ഒന്ന് കൂടി സിംപിൾ ആയി പറഞ്ഞാൽ നരസിംഹം എന്ന സിനിമയിലെ പവിത്രൻ കനകയോട് പറയുന്ന "എന്നെങ്കിലും ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ ഈ മടിക്കുത്ത് അഴിക്കേണ്ടതല്ലേ" എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ അതേ സിനിമയിൽ മോഹൻലാൽ പറയുന്ന "കൂമ്പിനിടിക്കാനും, കൂടെ കിടക്കാനും ഒരു പെണ്ണിനെ വേണം" എന്നതാണ് സ്ത്രീവിരുദ്ധതയായി കണക്കാക്കുക. കാരണം ആദ്യത്തേത് ഗ്ലോറിഫൈ ചെയ്യുന്നില്ല, എന്നാൽ നായകൻറെ സംഭാഷണം ഗ്ലോറിഫൈ ചെയ്യുന്നു എന്നതാണ് അവിടെ സ്ത്രീവിരുദ്ധത ആകുന്നത്. ഭൂരിപക്ഷവും സ്ത്രീവിരുദ്ധമായ ഒരു ഷോവനിസ്റ്റ് സമൂഹത്തിൽ ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോൾ അതിൽ ഒരുപാട് സ്ത്രീവിരുദ്ധത ഉണ്ടാകും. അത് ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്നത് മാത്രമാണ് ഓഡിറ്റിംഗ് ചെയ്യപ്പെടേണ്ടത്. അതുപോലെ തന്നെ ഒരു കഥയുടെ ഒരു മുക്കിൽ കിടക്കുന്ന ഏതെങ്കിലും സംഭാഷണശകലം എടുത്തു കൊണ്ട് വന്നിട്ടല്ല അജണ്ടകളും ഇരവാദങ്ങളും മെനയേണ്ടത്.

നിങ്ങളൊക്കെ നാൽപ്പത് വർഷം മുൻപ് ഉണ്ടായിരുന്നെങ്കിൽ ഭഗവതിയുടെ വിഗ്രഹത്തിൽ തുപ്പി എന്ന് പറഞ്ഞു നിർമ്മാല്ല്യം എന്ന സിനിമ നിരോധിച്ചേനെ, ചിലപ്പോൾ പിജെ ആന്റണിയെ ക്രിസ്ത്യൻ മിഷനറി ചാരനും ആക്കിയേനേ!

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories