TopTop

ഭരണകൂടമൊരുക്കിയ തടവറയില്‍ നിന്നും ശീലാബതി മോചിതയായി; കഥാപാത്രം യാത്രയാകുമ്പോള്‍ കഥാകാരന് പറയാനുള്ളത്

ഭരണകൂടമൊരുക്കിയ തടവറയില്‍ നിന്നും ശീലാബതി മോചിതയായി;  കഥാപാത്രം യാത്രയാകുമ്പോള്‍ കഥാകാരന് പറയാനുള്ളത്
അതെ, അങ്ങനെ ശീലാബതിയും കടന്നുപോയിരിക്കുന്നു. കാലങ്ങളായി നിലത്ത് വിരിച്ചപായയിലും, പിന്നീട് സഹായമായി കിട്ടിയ കട്ടിലിലും കിടന്ന്, ഒരു കുഞ്ഞിനെപോലെ ചിണുങ്ങി, വലിഞ്ഞ് ഇന്നും, ഇന്നലെയും, നാളെയും ഒന്നുമില്ലാതെയുള്ള ആ കിടപ്പിന് കഴിഞ്ഞ ദിവസമാണ് ഒരൊടുക്കമുണ്ടായത്.

ശീലാബതി, കാസറഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ, നീതിക്കായി നിരത്തിലലയുന്ന നൂറുനൂറു പേരുടെ പ്രതിനിധിയായിരുന്നു, അവള്‍. അവളുടെ നിഷ്‌കളങ്കമായ നേര്‍ത്ത ശബ്ദത്തിലുള്ള തുളു കലര്‍ന്ന സംസാരങ്ങള്‍. കാസറഗോഡന്‍ ഗ്രാമങ്ങളെ കാര്‍ന്നു തിന്ന ഈ മഹാ വിപത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ലോകം പലതവണ കേട്ടിരിക്കുന്നു. കണ്ടിരിക്കുന്നു, കീറപ്പായയില്‍ കിടക്കുന്ന ശീലാബതിയെ.

എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ കരിഞ്ഞുണങ്ങിയ ജീവിതങ്ങളെ ചേര്‍ത്ത് വെച്ച് നോവലെഴുതിയ എഴുത്തുകാരന്‍, അംബികാസുതന്‍ മാങ്ങാട് എന്‍മകജെയിലെ കാടിനിടയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ആ കുഞ്ഞുവീട്ടിലെ ശീലാബതിയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു;

ശീലാബതി എന്ന കുട്ടി, നാല്‍പത്തിയഞ്ച് വയസിലധികം പ്രായം വരുന്ന ഒരു സ്ത്രീയെ കുട്ടിയെന്ന വിളിക്കേണ്ടിവരികയാണ്. അവളുടെ ശരീരം വളര്‍ന്നിട്ടുണ്ടായിരുന്നില്ല. മുഖം മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളൂ. സ്‌കൂളില്‍ പോയി വരുന്ന സമയത്ത് വിഷമഴ നനഞ്ഞ് കിടന്നതാണ്. പിന്നീട് അവര്‍ എഴുന്നേറ്റിട്ടില്ല. മുപ്പത് വര്‍ഷക്കാലം ഒരേ കിടപ്പ് കിടന്നു. അമ്മയാണ് അവളെ ശശ്രൂഷിച്ചിരുന്നത്.


ഒരു പത്ത് പതിനേഴ് കൊല്ലം മുന്‍പാണ് ഞാന്‍ ആദ്യമായി കാടിനിടയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ആ വീട്ടിലേക്കെത്തിയത്. വാതിലുപോലുമില്ലാത്ത ഒരു മുറി കുടിലിന്റെ അകത്ത് തിണ്ണയില്‍ വിരിച്ച പായയില്‍ ശീലാബതി കിടക്കുകയാണ്. ഒരു പൂച്ചയെ അടുത്ത് കെട്ടിയിട്ടിട്ടുണ്ടായിരുന്നു. പൂച്ചയാണ് അവള്‍ക്ക് കാവല്‍. ഒരു വെട്ടുകത്തി അടുത്ത് വെച്ചിട്ടുണ്ട്. കൈകൊണ്ട് ഭകഷണം കഴിക്കാനെല്ലാം സാധിക്കുമായിരുന്നു, അവര്‍ക്ക്, പക്ഷേ എഴുന്നേല്‍ക്കാനോ, അനങ്ങാനോ ഒന്നും സാധിക്കില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അവരുടെ അമ്മ വന്നു. അവരോട് സംസാരിച്ചു.


ആ കിടപ്പ് കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. മണ്ണിലുള്ള ആ കിടപ്പ് അസ്വസ്ഥനാക്കിയപ്പോള്‍ പെര്‍ള ടൗണില്‍ ചെന്ന് ഒരു കട്ടില്‍ വാങ്ങിക്കൊടുത്തു. പിന്നെ അവര്‍ മരിക്കുന്നതുവരെ ആ കട്ടിലിലാണ് കിടന്നത്. പിന്നീട് ഡി.വൈ.എഫ്.ഐ ഒരു ചെറിയ വീട് നിര്‍മ്മിച്ചു കൊടുത്തു. അടുക്കള നിറയെ പുകയാണ്. അത് പുറത്തേക്ക് മാറ്റാനായുള്ള സഹായത്തിനായി ഒരു കമ്മറ്റിയുമായി ബന്ധപ്പെട്ട് ഒരു മുപ്പതിനായിരം രൂപ സംഘടിപ്പിച്ച് എല്ലാം റെഡിയായിരുന്നു. പക്ഷേ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല.


പലതവണ ഞാന്‍ ആ വീട്ടിലേക്ക് പോയിട്ടുണ്ട്. ശീലാബതിയോട് സംസാരിക്കുമായിരുന്നു. അങ്ങനെ പോയി വരുമ്പോഴെല്ലാം ഈ അമ്മ ചോദിക്കുമായിരുന്നു, എന്റെ കാലശേഷം ഈ കുഞ്ഞിനെ ആര് നോക്കുമെന്ന് ? പലപ്പോഴും ഞങ്ങള്‍ക്കാര്‍ക്കും ഉത്തരം പറയാനില്ലാതെ നില്‍ക്കേണ്ടിവരുമായിരുന്നു. ശീലാബതിയെ പോലുള്ളവര്‍ക്ക് വേണ്ടിയാണ് പുനരധിവാസ ഗ്രാമമെന്ന ആവശ്യം ഞങ്ങള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഒടുവില്‍, ഒരു നാല്, അഞ്ച് മാസം മുന്‍പാണ് കണ്ടത്. അന്ന് ആ കുട്ടി വല്ലാതെ കരഞ്ഞു. ഇതുവരേയും അങ്ങനെ കരയുകയൊന്നും ചെയ്തിട്ടില്ലായിരുന്നു. പിന്നീട് സംസാരിക്കുകയൊക്കെ ചെയ്തുവെങ്കിലും, ഇടക്കിടെ കരഞ്ഞുകൊണ്ടിരുന്നു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അവരൊന്നും പറഞ്ഞില്ല. സങ്കടമുണ്ടാകും ഉള്ളില്‍. അന്ന് ഇറങ്ങി വന്നപ്പോള്‍ എന്നും ചോദിക്കാറുള്ള ആ ചോദ്യം, ഞാന്‍ മരിച്ചാല്‍ എന്റെ കുഞ്ഞ് എന്ത് ചെയ്യും എന്ന ചോദ്യം. അത് അന്ന് ആ അമ്മ എന്നോട് ചോദിച്ചില്ല.


ഇതില്‍ ചോദിക്കാത്ത ഒരു ചോദ്യമുണ്ട്. സ്‌കൂളില്‍ പഠിക്കാന്‍ പോയ കുട്ടി വിഷമഴ നനഞ്ഞു വരിക, തളര്‍ന്ന് കിടന്ന കുട്ടി പിന്നീട് ആ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കുന്നതേ ഇല്ല. ഇത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഒരു മരണമാണ് ഈക്കുട്ടി അനുഭവിച്ചത്. മരണത്തിന് മുന്‍പുള്ള പത്ത് മുപ്പത് വര്‍ഷക്കാലം അവള്‍ക്ക് ഒരു തടവറ ഒരുക്കുക, ഒരു കുട്ടിയുടെ ജീവിതം നിഷേധിക്കുക ഇങ്ങനെയുള്ള ക്രൂരമായ ഈ നടപടിയുടെ പിന്നില്‍ ഭരണകൂടമുണ്ട്. അവള്‍ക്ക് വേണ്ടത്ര ചികിത്സ കിട്ടിയോ? ഇല്ല... ആദ്യ കാലത്തൊക്കെ ഈ കുട്ടിയെ അമ്മ പാളയിലെടുത്ത് പുറത്ത് കൊണ്ടുപോയി കുളിപ്പിക്കുമായിരുന്നു. പിന്നെ അവരുടെ ആരോഗ്യം അതിനനുവദിക്കാതെയായപ്പോള്‍ ആ അമ്മ തന്റെ ശീലുവിനെ മുറിക്കകത്തു നിന്ന് തന്നെ തുടയ്ക്കുകയും, കുളിപ്പിക്കുകയും ചെയ്തു.


ചുറ്റും കാടിനോട് ചേര്‍ന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന വീട്, താഴെ ഒരു കുളം എല്ലായിടത്തും ഓടിച്ചാടി നടക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ടായിരിക്കും. പഠിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ.. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് ഒരുപാട് ആഗ്രഹങ്ങള്‍ മോഹങ്ങള്‍ കാണും. അവളിപ്പോള്‍ പോയി. ഒരു കുട്ടിയെ അതിന്റെ ജീവിത കാലം മുഴുവന്‍ വേദനയുടേയും, കഷ്ടപാടിന്റേയും, ഏകാന്തതയുടേയും തടവിലിടുകയായിരുന്നു, നമ്മുടെ ഭരണകൂടം. തൂക്കികൊലയായിരുന്നുവെങ്കില്‍ അത് എത്രയോ ഭേദമായിരുന്നു. ഇത് മുപ്പത് വര്‍ഷം നീണ്ടു നിന്ന ഒരു തൂക്കികൊല തന്നെയാണ്.


എന്‍മകജെ നോവലില്‍ ശീലാബതിയുണ്ട്. പുരാണത്തിലെ ശീലാബതിയായാണ് അവളെ ഞാന്‍ അടയാളപെടുത്തിയത്. പുരാണത്തിലെ ശീലാബതി സൂര്യനെ വരെ പിടിച്ചു നിര്‍ത്തിയവളാണ്. അത്ര വലിയ കനമുള്ള വാക്കാണ് അവരുടേത്. ഈ കുട്ടി ആ കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേറ്റ് നിന്നിട്ട് സൂര്യനോട് ഉദിക്കേണ്ടെന്ന് പറഞ്ഞാല്‍ സൂര്യന്‍ അവിടെ നിന്നുപോകും. അത്രമാത്രം വേദന അനുഭവിച്ചവരാണ് അവര്‍. ശീലാബതി മരിച്ചു പോകുന്നു. കഥയും ജീവിതവും ഒന്നാകുന്നതുപോലെ.. അവള്‍ മരിച്ച വിവരം ഞാന്‍ പത്രങ്ങളിലൂടെയാണ് അറിയുന്നത്. അവിടെ എനിക്ക് പരിചയമുള്ള, എന്നെ അറിയാവുന്നവര്‍ ഒരു പാടുണ്ട്. എന്നിട്ടും ഞാന്‍ അറിഞ്ഞില്ല. നാലഞ്ച്് ദിവസം അവള്‍ ഛര്‍ദ്ദിച്ചുവത്രേ.. ഞാന്‍ ഡോക്ടറെ വിളിച്ചിരുന്നു. ഡോക്ടര്‍ മരുന്നെല്ലാം കൊടുത്തു. എന്നിട്ടും തിങ്കളാഴ്ച പാതിരാത്രി അവള്‍ മരിച്ചു. ആരും അറിഞ്ഞില്ല.


കഴിഞ്ഞ ദിവസം നോവലിലെ ഒരു പ്രധാന കഥാപാത്രമായിരുന്ന ശ്രീധര ഷെട്ടി മരിച്ചു. വിവരമറിഞ്ഞ് ഞാനും, അമ്പലത്തറ കുഞ്ഞികൃഷ്ണനും അവിടെ ചെന്നു. വെറും പതിനഞ്ച് പേരാണ് ആ മരണവീട്ടില്‍ ഉണ്ടായിരുന്നത്. മരിക്കുന്നതിന് മുന്നേ ദിവസങ്ങളില്‍ വേദന കാരണം അവന്റെ കയ്യും കാലുമെല്ലാം കയറുകൊണ്ട് വലിച്ചു കെട്ടിയ തരത്തിലായിരുന്നു, കണ്ടത്. ആരും, ഒന്നും പറഞ്ഞില്ല. ഉള്‍നാട്ടില്‍ കിടക്കുന്ന വിവരങ്ങളൊന്നും പുറം ലോകത്തേക്ക് എത്തുന്നതേ ഇല്ല. മരണ വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇതാണ് നമ്മള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൊടുക്കുന്ന വിദഗ്ധ ചികിത്സ. ശീലാബതിക്കും ഒന്നും കിട്ടിയിരുന്നില്ല.


ഓരോരുത്തരായി മരിച്ചു തീര്‍ന്നുകൊണ്ടിരിക്കുകയാണിവിടെ. എന്‍മകജെയിലെ(നോവലിലെ) ഒരുപാട് കുഞ്ഞുങ്ങള്‍ മരിച്ചുപോയി. ചിലര്‍ ബാക്കിയായിട്ടുണ്ട്. ഈ കുഞ്ഞുങ്ങളെല്ലാം മരിക്കുകയാണ് വേണ്ടത്. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കും, ലോബിക്കും ആവശ്യം ഇവര്‍ എത്രയും പെട്ടെന്ന് മരിച്ച് പോവുക എന്നതാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് യാതൊരു വിധ വിദഗ്ധ ചികിത്സയും ലഭിക്കാന്‍ ഇടയില്ല. മെഡിക്കല്‍ കോളേജ് വരില്ല കാസറഗോഡ്്. 36 മെഡിക്കല്‍ കോളേജുകളുണ്ട് കേരളത്തില്‍, 2013ല്‍ ഒരെണ്ണം പാസ്സായെങ്കിലും കാസറഗോഡ്് ഒരെണ്ണം പോലുമില്ല.


നീതിക്കായി തെരുവിലിറങ്ങിയ അമ്മമാരുടേയും, കുഞ്ഞുങ്ങളുടേയും കൂട്ടത്തില്‍ ഒരിക്കലും ശീലാബതിയും, ദേവകിയും ഉണ്ടായിരുന്നില്ല. ചികിത്സയ്ക്കായി കുറച്ചുകാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നു, ദേവകി. ഒന്നും, എവിടെയും എത്തിയില്ല. ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട് അത്രമാത്രം. ഇനിയൊന്നും വേണ്ട, അവള്‍ക്ക്. ഇങ്ങനെ ഓരോ ഇരയും മരിച്ചു വീഴും വരെയും നമ്മുടെ ഭരണകൂടം കയ്യും കെട്ടി നോക്കി നില്‍ക്കുമോ? ഇവിടെ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടക്കാന്‍ പോവുകയാണ്... എത്ര പേര്‍ ലിസ്റ്റിന് അകത്തും പുറത്തുമാകുമെന്ന് കണ്ടറിയണം. നീതി ലഭിക്കുന്നതുവരെയും അവര്‍ പട്ടിണി സമരമിരിക്കാന്‍ പോവുകയാണ്, ഏപ്രില്‍ മൂന്ന് മുതല്‍ സെക്രട്ടറിയേറ്റിലേക്ക്.. അതാണ് ഇരകളുടെ തീരുമാനം. സര്‍ക്കാരിന് ഇനിയും ദിവസങ്ങളുണ്ട്, ഭീകരത കാട്ടി തലമുറകളെ തകര്‍ത്തുകളഞ്ഞ ഭരണകൂടം ഇനി അവരെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് കൂടി കേരളം സാക്ഷിയാകാതിരിക്കട്ടെ...


Next Story

Related Stories