UPDATES

ട്രെന്‍ഡിങ്ങ്

ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം; ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ കുറയ്ക്കും

ഭേദഗതിയുടെ ഉദ്ദേശം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടുക എന്നുള്ളതാണെങ്കില്‍ സ്ഥാപന ഉടമയ്ക്ക് ഉത്തരാവാദിത്വം കൊടുക്കുന്നത് വഴി അവസരങ്ങള്‍ കുറയാനാണ് സാധ്യത

1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഭേദഗതി ചെയ്ത ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളുടെ സുരക്ഷ, ഇരിപ്പിടം, രാത്രി ജോലിക്കുള്ള അവകാശം, തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി, റജിസ്ടറുകള്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാനുള്ള അനുമതി, നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ തുടങ്ങിയ വ്യവസ്ഥകളാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചില്‍ (സിപിടിആര്‍) നിന്നും സാറാ ജോണ്‍ നേതൃത്വം നല്‍കി രൂപരേഖ തയ്യാറാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മോഡല്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിനെ എങ്ങനെ കേരളത്തിന്റെ സാഹചര്യത്തില്‍ ഉപോഗിക്കാം എന്ന പ്രോജക്ട് ചെയ്തതില്‍ നിന്നാണ് ലേബര്‍ കമ്മീഷനിലേക്ക് രൂപരേഖ അയയ്ക്കുന്നത്. എന്നാല്‍ പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി സൂചിപ്പിക്കുന്നുവെങ്കിലും പ്രായോഗികതലത്തില്‍ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ കുറയ്ക്കുമെന്നാണ് സാറാ ജോണ്‍ അഭിപ്രായപ്പെടുന്നത്.

‘ഒരു രൂപരേഖയാണ് ഞങ്ങള്‍ കൊടുത്തിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോഡല്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിര്‍ദ്ദേശങ്ങളാണ് അതിലൂടെ മുന്നോട്ട് വെച്ചിരുന്നത്. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന് പറയുമ്പോള്‍ ചെറിയ കടകള്‍ തുടങ്ങി പല വലിപ്പത്തിലുള്ളവയുണ്ടാകാം. ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് ഒമ്പത് മണി വരെ അല്ലെങ്കില്‍ രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്ന് പറയുന്നുണ്ട്. പക്ഷേ അതിന്റെ ഉത്തരവാദിത്വം സ്ഥാപന ഉടമയ്ക്കാണ് നല്‍കിയിരിക്കുന്നത്. ഈ ഭേദഗതിയുടെ ഉദ്ദേശം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടുക എന്നുള്ളതാണെങ്കില്‍ സ്ഥാപന ഉടമയ്ക്ക് ഉത്തരാവാദിത്വം കൊടുക്കുന്നത് വഴി അവസരങ്ങള്‍ കുറയാനാണ് സാധ്യത. ലിംഗവ്യത്യാസമില്ലാതെ സ്ത്രീക്കും പുരുഷനും സുരക്ഷ, ഗതാഗത സൗകര്യം എന്നിവയായിരുന്നു ഞങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിപ്പോള്‍ സ്ത്രീകളെ ജോലിക്കു വെക്കുമ്പോള്‍ അധിക ഉത്തരവാദിത്വങ്ങള്‍ അല്ലെങ്കില്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ സ്ത്രീകളെ പിന്തള്ളാനുള്ള പ്രവണതയാകും ഉണ്ടാകുക.’ സാറാ അഭിപ്രായപ്പെടുന്നു.

Read More: കസേരയിട്ടാല്‍ മാത്രം പോര, അവര്‍ക്ക് ഇരിക്കാന്‍ സമയം കിട്ടുന്നു എന്നുകൂടി ഉറപ്പുവരുത്തണം

ഇന്ത്യന്‍ സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ ലിംഗസമത്വം കാണാന്‍ കഴിയുന്ന ഒന്നല്ല. കേരളത്തിലെ അവസ്ഥയും മറിച്ചല്ല. വേതനം, സ്ഥാനമാനങ്ങള്‍, സ്ഥാനക്കയറ്റം തുടങ്ങിയ വിഷങ്ങളില്‍ ഇന്നും വിവേചനം അനുഭവിക്കാനാകും. അതിന് മുകളിലാണ് കൂടുതല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഉള്ള കൂടുതല്‍ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നത്. ഇത് അവസരങ്ങള്‍ ഇല്ലാതാക്കും. മറ്റേര്‍ണിറ്റി കണ്‍സിഡറേഷന്‍ പോലുള്ള നിയമങ്ങള്‍ സ്ത്രീകളുടെ ഉന്നമനത്തിനായി അവതരിക്കപ്പെട്ടുവെങ്കിലും അവ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വെച്ച് താരതമ്യം ചെയ്താല്‍ കേരളത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. പക്ഷേ സാക്ഷരത പോലുള്ള മറ്റ് സോഷ്യല്‍ ഇന്‍ഡിക്കേറ്റേഴ്‌സുകളില്‍ ഇവിടുത്തെ സ്ഥിതി വളരെ മെച്ചപ്പെട്ടതുമാണ് എന്ന വിഷയം ഇവിടെ ശ്രദ്ധേയമാണ്.

നിയമലംഘനം നടത്തുന്ന സ്ഥാപന ഉടമകള്‍ക്കുള്ള പിഴ തുക 5000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ആവര്‍ത്തിച്ച് നിയമലംഘനം നടത്തിയാല്‍ പിഴ 10,000ല്‍ നിന്ന് രണ്ട് ലക്ഷമാക്കുമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.

‘പുതിയ വ്യവസ്ഥകളില്‍ പിഴത്തുക ഭീമമായി കൂട്ടിയിരിക്കുകയാണ്. പൊതുവില്‍ കേരളത്തിലെ വ്യവസായമേഖല സൗഹൃദപരമായ ഒന്നല്ല. ചട്ടങ്ങളൊക്കെ അനുസരിച്ച് സ്ഥാപനം നടത്താനുള്ള ചെലവ് എല്ലാവര്‍ക്കും ഉടന്‍ സാധ്യമാകണമെന്നുമില്ല. അതിന് പുറമേ ഭാരിച്ച പിഴ കൂടി വരുമ്പോള്‍ സത്യത്തില്‍ നിരുത്സാഹപ്പെടുത്തലാണ് ഇതിലൂടെ നടക്കുക’. സാറാ വിശദീകരിച്ചു. ‘സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കാനാണ് മറ്റേര്‍ണിറ്റി ബെനിഫിറ്റ്‌സ് പോലുള്ളവ നടപ്പാക്കുന്നത്. പക്ഷേ ഉടമയുടെ വശം ചിന്തിക്കുമ്പോള്‍ എത്രത്തോളം അവയെല്ലാം പ്രായോഗികമാക്കാന്‍ കഴിയും എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.’

‘ഞങ്ങളുടെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത് ഒരു കൂട്ടം ഉടമകള്‍ ചേര്‍ന്നോ അല്ലെങ്കില്‍ മെര്‍ച്ചന്റ് അസോസിയേഷന്‍കാര്‍ ചേര്‍ന്നോ ഒരു കോര്‍പറേറ്റീവ് എഫേര്‍ട് ആയി ഒരു സംവിധാനം രൂപീകരിക്കുക എന്നതായിരുന്നു. രാത്രികാലങ്ങളില്‍ സ്ത്രീക്കും പുരുഷനും ഗതാഗത സൗകര്യം കിട്ടാന്‍ ബുദ്ധിമുട്ടാണ്. എസ് ആന്റ് ഇ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന് ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യത്തിന് ഫണ്ട് നല്‍കാന്‍ സാധിക്കും. ഇതിനായി ജോലിക്കാരുടെ പേര് വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് തയ്യാറാക്കണം. പിന്നെ ഇത് സ്വകാര്യ ഏജന്‍സികളുായി കോണ്‍ട്രാക്ട് രൂപീകരിക്കാന്‍ കഴിയും. സുരക്ഷ ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായവും ലഭ്യമാക്കാം. ഉടമയ്ക്ക് ഡ്രൈവറുടെ വിവരങ്ങളും സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, സ്വകാര്യ ഏജന്‍സി, ഉടമ തുടങ്ങിയവരുടെ കൂട്ടായ ഉത്തരവാദിത്വം ഇതില്‍ ഉണ്ടാകും. ഇതിലൂടെ വെല്‍ഫയര്‍ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യാം. ഇങ്ങനെയൊരു നിര്‍ദ്ദേശം ഞങ്ങള്‍ രൂപരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു.’

‘ഒരുപാട് നിയമങ്ങളും വ്യവസ്ഥകളും ഉളളതുകൊണ്ട് അതില്‍ ഏതൊക്കെയാണ് താന്‍ പിന്തുടരേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതിനായി രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഉടമ പാലിക്കേണ്ട നിയമങ്ങള്‍ ഡിജിറ്റലിയോ അല്ലാതെയോ അറിയിക്കേണ്ടതാണ്. അതുകൂടാതെ കംപ്ലയിന്റ്‌സ് ഹെല്‍പ് ലൈന്‍ കൂടി ഇക്കാര്യത്തില്‍ ആവശ്യമാണ്. ഉടമയ്‌ക്കോ ജോലിക്കാരനോ എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കാനും അതൊരു എളുപ്പമാര്‍ഗമാണ്.’, സാറാ ജോണ്‍ പറഞ്ഞു.

Read More: ‘ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടു നിവര്‍ത്താന്‍’; ആ പെണ്ണുങ്ങളുടെ ഇരിക്കല്‍ സമരം വിജയിച്ചിരിക്കുന്നു

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍