Top

വാട്‌സ് ആപ്പിലെ ഗുഡ് മോണിംഗ് മെസേജുകാരോട്; മറ്റുള്ളവരുടെ ഫോണ്‍ നശിപ്പിക്കരുത്!

വാട്‌സ് ആപ്പിലെ ഗുഡ് മോണിംഗ് മെസേജുകാരോട്;  മറ്റുള്ളവരുടെ ഫോണ്‍ നശിപ്പിക്കരുത്!
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ ഒരാളുടെ ഫോണില്‍ സ്‌പേസ് കുറയുന്നതാണ് ഇപ്പോള്‍ സിലിക്കണ്‍ വാലിയിലെ ഐടി സാങ്കേതിക വിദഗ്ധര്‍ക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. പുതുതായി ഓണ്‍ലൈന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ രാജ്യത്തെ ഉപയുക്താക്കളുടെ ഫോണ്‍ ദുരുപയോഗമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ ഉപയോക്താക്കള്‍ അനാവശ്യമായി ആശംസകള്‍ കൈമാറുന്നതാണ് ഫോണില്‍ പെട്ടെന്ന് ഇടമില്ലാതാകുന്നതിന് കാരണമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂക്കളുടെയും കുഞ്ഞുങ്ങളുടെയും പക്ഷികളുടെയും സൂര്യാസ്തമനത്തിന്റെയും ഒക്കെ വലിയ ചിത്രങ്ങളോടെ 'സുപ്രഭാതം' 'ശുഭരാത്രി' തുടങ്ങിയ സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിലെ തുടക്കക്കാരായ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് നിറയ്ക്കുകയാണെന്ന് സിലിക്കണ്‍ വാലിയിലെ സാങ്കേതിക വിദഗ്ധര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സുപ്രഭാത സന്ദേശങ്ങള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഗൂഗിള്‍ തിരച്ചില്‍ പത്തിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഒമ്പതിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 20 കോടി വാട്ട്‌സ് ആപ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒറ്റയടിക്ക് സുപ്രഭാതം പറയാന്‍ സാധിക്കുന്ന സ്റ്റാറ്റസ് മെസേജ് കഴിഞ്ഞ വര്‍ഷം വാട്ട്‌സ് ആപ് ഇറക്കിയിരുന്നു. ഇന്ത്യയില്‍ സുപ്രഭാത സന്ദേങ്ങളുടെ ആരാധകരില്‍ ഏറ്റവും പ്രമുഖന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. യോഗ പരിശീലനത്തിനായി രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കുന്ന അദ്ദേഹം വെളിച്ചം വീഴുമ്പോള്‍ തന്നെ സുപ്രഭാത സന്ദേശങ്ങള്‍ അയയ്ക്കുന്നു. തന്റെ ആശംസകള്‍ക്ക് പ്രത്യഭിവാദ്യം ചെയ്യാതിരുന്നതിന് ഒരു സംഘം ബിജെപി എംപിമാരെ അദ്ദേഹം കഴിഞ്ഞ വര്‍ഷം ശാസിക്കുകയും ചെയ്തിരുന്നു.

സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയ വൃത്തങ്ങളുമായി ഇന്ത്യക്കാര്‍ക്കുള്ള മാനസിക ബന്ധങ്ങള്‍ ശക്തമാണ്. ഇത് മൂലമാണ് സ്മാര്‍ട്ട് ഫോണുകളില്‍ ആശംസ സന്ദേശങ്ങളുടെ പെരുക്കവും ഉണ്ടാകുന്നത്. എന്നാല്‍ വിലകുറഞ്ഞ, സാധാരണ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സന്ദേശപ്രവാഹം വലിയ തലവേദനയാണ്. അവരുടെ ഫോണുകള്‍ പെട്ടെന്ന് തന്നെ നിശ്ചലമാകുന്നു. ഇപ്പോള്‍ സുപ്രഭാത ആശംസകളുടെ തലവേദനയില്‍ നിന്നും രക്ഷപ്പെടാന്‍ പലരും ഗ്രൂപ്പുകള്‍ തന്നെ വിട്ടുപോവുകയോ അല്ലെങ്കില്‍ സന്ദേശം ഡൗണ്‍ലോഡ് ചെയ്യാതിരിക്കുകയോ ചെയ്യുന്നു.

ആയിരക്കണക്കിന് സുപ്രഭാത സന്ദേശങ്ങളാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ ഫോണുകളില്‍ വന്നു നിറയുന്നതെന്ന് ഗൂഗിള്‍ നടത്തിയ ഒരു പരിശോധനയില്‍ വ്യക്തമായി. അതുമൂലം മൂന്ന് ഉപയോക്താക്കളില്‍ ഒരാളുടെ ഫോണ്‍ ദിവസവും ഇടമില്ലാതെ പ്രവര്‍ത്തനരഹിതമാവുന്നു. അമേരിക്കയില്‍ ഈ നിരക്ക് പത്തില്‍ ഒന്നുമാത്രമാണ്. ഈ പ്രശ്‌നത്തിന് പരിഹാരവുമായി ഗൂഗിള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫയല്‍സ് ഗോ എന്ന ആപ്പ് ഉപയോഗിച്ച് ഇത്തരം അനാവശ്യ സന്ദേശങ്ങള്‍ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ടീഷര്‍ട്ട് ധരിച്ച കുഞ്ഞുങ്ങളുടെ പടത്തോട് കൂടിയ സന്ദേശങ്ങള്‍ ഉടനടി ഡിലീറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് തുടക്കത്തില്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ വച്ച് ഈ ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ വലിയ പ്രചാരമാണ് ആപ്പിന് ലഭിച്ചിരിക്കുന്നത്.

പുതുവര്‍ഷം പോലെയുള്ള സന്ദര്‍ഭങ്ങളിലും പ്രാദേശിക ആഘോഷകാലത്തുമാണ് സന്ദേശങ്ങളുടെ പ്രവാഹം ഉണ്ടാവുന്നത്. 2018 പിറന്നപ്പോള്‍ ഇന്ത്യയില്‍ രണ്ട് കോടി സന്ദേശങ്ങളാണ് കൈമാറപ്പെട്ടതെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. ഇതൊരു റെക്കോഡാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.


Next Story

Related Stories