TopTop
Begin typing your search above and press return to search.

സ്നേഹലത റെഡ്ഡിയുടെ മകള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ്

സ്നേഹലത റെഡ്ഡിയുടെ മകള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ്

തന്റെ മാതാവും പ്രമുഖ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരവുമായിരുന്ന സ്നേഹലതാ റെഡ്ഡി അടിയന്തരാവസ്ഥക്കാലത്ത് തടവില്‍ കഴിഞ്ഞ നാളുകള്‍ ഓര്‍ക്കുകയും ആ കറുത്ത ദിനങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ആവശ്യകത വ്യക്തമാക്കുകയുമാണ് മനുഷ്യാവകാശ, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ന്ദന റെഡ്ഡി.

പ്രമുഖ സംവിധായകനായിരുന്ന പട്ടാഭിരാമ റെഡ്ഡിയുടെ ഭാര്യയായിരുന്ന സ്‌നേഹലതയെ, സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള സൗഹൃദം മൂലം 1976 മെയ് 2നാണ് അറസ്റ്റ് ചെയ്തത്. ബറോഡ ഡൈനാമിക് കേസില്‍ ബന്ധം ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസും മറ്റുള്ളവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും ചാര്‍ജ്ജ് ഷീറ്റില്‍ സ്‌നേഹലതയുടെ പേര് ഉള്‍പ്പെടുത്തിയില്ല.

എങ്കിലും ബാംഗ്ലൂര്‍ ജയിലില്‍ ക്രൂരമായ പീഡനങ്ങളാണ് ഇവര്‍ നേരിടേണ്ടി വന്നത്. 1977 ജനുവരി 15ന് ഇവര്‍ അനാരോഗ്യത്തെ തുടര്‍ന്ന് ജയില്‍ മോചിതയായി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരണമടയുകയും ചെയ്തു.

അപ്രതീക്ഷിതമായ ആ ഫോണ്‍ബെല്‍ നിശബ്ദതയെ മുറിച്ചു. ഞാന്‍ എത്തിച്ചേരുന്നതിന് മുമ്പ് അത് നിലയ്ക്കില്ലെന്ന പ്രതീക്ഷയില്‍ ധൃതിയില്‍ ഗോവണി ഇറങ്ങി താഴേക്ക് ചെന്നു. ഞാന്‍ എന്റെ അമ്മയുടെ പതറിയ ശബ്ദം കേട്ടു. ''അവരെന്നെ വീണ്ടും ഇവിടെ കൊണ്ടുവന്നു, നിനക്കു വരാനാകുമോ?'' അവര്‍ അമ്മയെ അവിടെ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് എത്താനാകണമേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ഓടി.

ആ ദൃശ്യങ്ങള്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും എന്നെ തുടര്‍ച്ചയായി വേട്ടയാടുന്നു. ഞാന്‍ ഇപ്പോഴും ആ ഫോണ്‍ വിളിയുടെ ആയാസത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുകയും അടിയന്തരാവസ്ഥയുടെ ഉന്മാദം തിരിച്ചറിയുകയും ചെയ്യുന്നു. അത്ര ചെറുപ്പത്തില്‍, ആ സമയത്ത്, അത്രയും നേരത്തെ എനിക്ക് നഷ്ടമായ അമ്മയ്ക്ക് പകരമാകാന്‍ ഒന്നിനുമാകില്ല. എങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തികളിലൂടെ ഞാനെന്റെ ദേഷ്യത്തെ ഇല്ലാതാക്കിയത് എന്തിനെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. അങ്ങനെ ചെയ്ത് ഞാന്‍ അവരെ മടക്കിക്കൊണ്ടു വരികയാണ്, അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. എത്ര ദയനീയമായാണ് അതില്‍ ഞാന്‍ പരാജയപ്പെടുന്നതെന്ന് ഓരോ ദിവസവും തിരിച്ചറിയുന്നുണ്ട്. ഇന്ന്, ഒരു മതവാദിയായ പ്രധാനമന്ത്രിക്ക് കീഴില്‍ ആ പഴയ ദിനങ്ങളുടെ ഭീതി വീണ്ടുമുയരുകയാണ്.

പതിവുപോലെ ആര്‍എംഒയുടെ മുറിയില്‍ പൊതുജനാരോഗ്യത്തെയും വനിത തടവുകാരുടെ ആരോഗ്യത്തെയും കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ അമ്മയ്ക്കരികിലെത്തിയത്. എനിക്ക് നേരെ തിരിഞ്ഞ അമ്മ കുലീനയായിരുന്നെങ്കിലും അവരുടെ മനോഹരമായ കണ്ണുകളില്‍ നിന്ന് വേദനയും ദു:ഖവും വായിച്ചെടുക്കാമായിരുന്നു. ഒന്നും സംസാരിക്കാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഞാന്‍ കുറച്ചു നേരം എന്റെ അമ്മയെ ചുറ്റിപ്പിടിച്ചു നിന്നു. ഞാന്‍ എത്രമാത്രം കെട്ടിപ്പിടിക്കുന്നോ അത്രമാത്രം ഞങ്ങളെ അകറ്റാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

സമയം കടന്നു പോയി. കെട്ടിപ്പിടിച്ചുകൊണ്ട് ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴേക്കും അമ്മയെ തിരികെ കൊണ്ടുപോകാനായി പോലീസ് എത്തി. അവര്‍ പോലീസ് വാഹനത്തിലേക്ക് കയറുന്നത് കണ്ടുകൊണ്ട് നിന്നപ്പോള്‍ എനിക്ക് തളര്‍ച്ചയും നിസാഹയതയും അനുഭവപ്പെട്ടു. വാതിലുകള്‍ അടഞ്ഞതോടെ അമ്മയെ എനിക്ക് അഴികള്‍ക്കിടയിലൂടെ കഷ്ടിച്ച് മാത്രമാണ് കാണാന്‍ സാധിച്ചത്. ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു. ഞാന്‍ ബാംഗ്ലൂരിലെ തെരുവുകളിലൂടെ പോലീസ് വാനിനെ പിന്തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലെത്തി. കൊട്ടാരം പോലുള്ള ആ കെട്ടിടത്തിന്റെ വാതിലുകള്‍ തുറന്ന ഭീകരമായ ശബ്ദം അതിനുള്ളിലെ വലിയ ഭിത്തികളില്‍ തട്ടി പുറത്തേക്ക് പ്രതിധ്വനിച്ചു. വാഹനം അകത്തേക്ക് പോയപ്പോള്‍ ഞാന്‍ എന്റെ കൈ വീശി, അമ്മയും. ഒരു സ്ഫോടന ശബ്ദത്തോടെ ആ വാതില്‍ വീണ്ടും അടയുന്നത് വരെ ഞങ്ങളുടെ കൈകള്‍ ചലിച്ചു കൊണ്ടിരുന്നു. മനസുകൊണ്ട് അമ്മയെ പിന്തുടര്‍ന്ന ഞാന്‍ കുറേ നേരത്തേക്ക് ഒന്നിലേക്കും നോക്കിയില്ല. ദേഹ പരിശോധന. അഴിക്കൂട്ടിലേക്കുള്ള ദൈര്‍ഘ്യമേറിയ നടത്തം. സെല്ലിന്റെ വാതിലിന്റെ ശബ്ദം, താക്കോലുകളുടെ ചിലമ്പല്‍, വാര്‍ഡന്റെ പരുക്കമായ ചിരി. കട്ടിലിന് താഴേക്കുള്ള അമ്മയുടെ ഇരിപ്പ്. നിയന്ത്രണാധീതമായി ഒഴുകുന്ന കണ്ണീര്‍. അവര്‍ വളരെയധികം ദൂരെയാണെങ്കിലും ഏറ്റവും അടുത്താണെന്ന് എനിക്ക് തോന്നി.

ക്രിസ്തുമതം സ്വീകരിച്ച ഇന്ത്യക്കാരായ മാതാപിതാക്കളുടെ പുത്രിയാണ് സ്നേഹ എന്ന് എല്ലാവരും വിളിക്കുന്ന സ്നേഹലത റെഡ്ഡി. ബ്രിട്ടീഷുകാരുടെയും അവരുടെ കോളനി വാഴ്ചയെയും വെറുത്തിരുന്ന എന്റെ അമ്മ അതിനാല്‍ തന്നെ ഇന്ത്യന്‍ പേര് സ്വീകരിക്കുകയും ഇന്ത്യന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് സാഹസത്തിലേക്ക് ഭീതി കലര്‍ത്താനും സൂര്യപ്രകാശത്തിലേക്ക് ഇരുള്‍ കടത്താനുമുള്ള മായാജാലം കൈവശമായിരുന്നു. യാതനകള്‍ നിറഞ്ഞ ഒരു ബാല്യം അനുഭവിച്ച അവര്‍ക്ക് എന്റെ വ്യാകുലതകള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു. അവര്‍ എല്ലാവരെയും സ്നേഹിക്കുകയും ക്രൂരതയെയും അനീതിയെയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഏത് രാജ്യത്തെയായാലും ജാതി, മത സംവിധാനങ്ങളോട് കാര്യമായ ബഹുമാനം പ്രകടിപ്പിക്കാതിരുന്ന അവര്‍ വിവേചനങ്ങള്‍ക്കെതിരെയുള്ള നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരെ വിലകല്‍പ്പിക്കണമെന്നും അറിവും പരിചയസമ്പത്തും നേടണമെന്നും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഒരു സ്ത്രീ സമത്വവാദിയെന്ന നിലയില്‍ തുല്യ അവകാശത്തില്‍ അവര്‍ വിശ്വസിക്കുകയും സ്ത്രീകളെ ചൂഷണം ചെയ്യാന്‍ പാരമ്പര്യത്തെ മറ പിടിക്കുന്ന പുരുഷന്മാരെ അവര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

ഡോ. ലോഹ്യയുടെ സ്വാധീനത്താല്‍ എന്റെ മാതാപിതാക്കള്‍ സോഷ്യലിസ്റ്റുകളായിരുന്നു. എങ്കിലും അവര്‍ തങ്ങളുടെ ജീവിത പ്രത്യയശാസ്ത്രവും കര്‍മ്മങ്ങളും കലയുടെ രൂപത്തിലാണ് പ്രകടിപ്പിച്ചത്. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ടിതമായ ഒരു ദാമ്പത്യ ബന്ധമായിരുന്നു അവരുടേത്. അമ്മ ഒരു വികാരജീവിയും ഊഷ്മളമായ മനസിന് ഉടമയുമായിരുന്നു. അച്ഛന്‍ ശാന്തസ്വഭാവക്കാരനായിരുന്നെങ്കിലും കറതീര്‍ന്ന വിപ്ലവകാരിയായിരുന്നു. അമ്മയുടെ വ്യക്തിത്വമാകുന്ന തീജ്വാലകളെ സംരക്ഷിച്ചു നിര്‍ത്തുന്ന തണലായിരുന്നു അച്ഛന്‍.

അമ്മയുടെ ശുഷ്‌കമായ സ്വകാര്യ ശേഖരത്തില്‍ നിന്ന് ഞങ്ങള്‍ ഒരു നോട്ട്ബുക്ക് കണ്ടെടുത്തിരുന്നു. അതില്‍ അവര്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ''ഒരു സ്ത്രീ അകത്തേക്ക് വന്നാല്‍ അവര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് നഗ്‌നയാക്കപ്പെട്ടിരുന്നു. ഒരാള്‍ ജയിലിലടയ്ക്കപ്പെട്ടാല്‍ അത് പുരുഷനായാലും സ്ത്രീയായാലും അവര്‍ക്ക് അതില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാനില്ല. ഏതൊരു മനുഷ്യ ശരീരമായാലും ഇത്തരത്തില്‍ തരംതാഴ്ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടോ? ഈ തലതിരിഞ്ഞ രീതികള്‍ക്ക് ആരാണ് ഉത്തരവാദി. ബുദ്ധിസാമര്‍ത്ഥ്യമുള്ള സൂപ്രണ്ടന്റുമാരും ജയില്‍ ഐജിമാരും ഈ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നില്ലേ? ഈ ലോകത്ത് ജനിക്കുന്ന എല്ലാ മനുഷ്യ ജീവികളുടെയും ലക്ഷ്യം എന്താണ്? പരിപൂര്‍ണതയുടെ ഔന്നത്യത്തിലേക്ക് മനുഷ്യ വര്‍ഗ്ഗത്തെ ഉയര്‍ത്താന്‍ സാധിക്കില്ലേ? മനുഷ്യ വര്‍ഗ്ഗത്തിന്റെ ജന്മ ലക്ഷ്യം മനുഷ്യ വികാരങ്ങളുടെയും ചിന്തകളുടെയും നിലവാരം സാധ്യമായ എല്ലാ തരത്തിലും ഉയര്‍ത്തുക എന്നതാണ്''.

1976 ജൂണ്‍ ഒമ്പതിന് അവര്‍ എഴുതി; ''കുറഞ്ഞപക്ഷം എനിക്ക് ഇവിടെ നിന്ന് ചിലതെങ്കിലും നേടാനായി. വനിതാ തടവുകാര്‍ക്ക് പതിവായി ലഭിച്ചിരുന്ന ദണ്ഡനം ഇല്ലാതാക്കാന്‍ എനിക്കായി. അവര്‍ക്കുള്ള ഭക്ഷണത്തിന്റെ നിലവാരവും അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ജലവിതരണം എന്നും നടുക്കുന്ന ഒരു ഓര്‍മ്മയായിരിക്കുമെങ്കിലും പൈപ്പ് കണക്ഷനുകള്‍ അനുവദിക്കുമെന്ന വാഗ്ദാനങ്ങള്‍ ആശ്വാസകരമാണ്. അതിനേക്കാളെല്ലാമുപരി ആ വനിതാ തടവുകാര്‍ക്കിടയിലെ ഭയം കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. ഭക്ഷണത്തിന്റെ നിലവാരം കുറച്ചെങ്കിലും വര്‍ദ്ധിപ്പിക്കുന്നതു വരെ ഞാന്‍ നിരാഹാര സമരം നടത്തി''.

1971ല്‍ പാകിസ്ഥാനെതിരായ യുദ്ധ വിജയത്തിന് ശേഷം ഇന്ദിര ഗാന്ധി ജനസമ്മതിയുടെ ഔന്നത്യത്തിലായിരുന്നു. 1973ല്‍ ഉയര്‍ന്ന വിലക്കയറ്റത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും അഴിമതിക്കും ജീവിതനിലവാര തകര്‍ച്ചയ്ക്കും എതിരെ നടന്ന മുന്നേറ്റങ്ങള്‍ ഉത്തരേന്ത്യയെ പ്രക്ഷുബ്ധമാക്കി. 1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി മുന്‍ തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തുകയും അവര്‍ സ്ഥാനമൊഴിയണമെന്ന് വിധിക്കുകയും ചെയ്തു. രാജ്യവ്യാപകമായി അവരുടെ രാജി ആവശ്യം ഉയരുന്നതിനിടെ 1975 ജൂണ്‍ 25-ന് ഇന്ദിര ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഒരു അധോലോക മുന്നേറ്റവുമായി മുന്നോട്ട് വന്നു. എന്റെ അമ്മ അതൊരു അക്രമരഹിത മുന്നേറ്റമാകണമെന്ന് ശക്തമായി വാദിച്ചെങ്കിലും അദ്ദേഹം നേരിയതോതിലുള്ള ആക്രമണങ്ങളാണ് ആഗ്രഹിച്ചിരുന്നത്. ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ ഞാനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്റെ അമ്മയ്ക്ക് എന്റെ സുരക്ഷയില്‍ ഭീതിയുണ്ടായിരുന്നതിനാല്‍ മനസില്ലാ മനസോടെ എന്നെ അതിന് സമ്മതിച്ചു. എന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് എന്റെ രാഷ്ട്രീയമായ ധാര്‍മ്മിക ബാദ്ധ്യതകള്‍ പ്രകടമാക്കേണ്ടതുണ്ടെന്ന് അവര്‍ മനസിലാക്കിയിരുന്നു. ഞങ്ങളെ അവര്‍ വളരെ നന്നായി അത്തരം കാര്യങ്ങള്‍ പഠിപ്പിച്ചിരുന്നു. ഞങ്ങളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ നിരസിക്കപ്പെട്ടപ്പോള്‍ വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ ഞങ്ങള്‍ക്കാകില്ലായിരുന്നു. തനിക്ക് മാത്രമല്ല, അമ്മ ഞങ്ങള്‍ക്കു വേണ്ടിയും മൂല്യങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നു.

അവര്‍ വളരെ ശ്രദ്ധാലുവായ അമ്മയായിരുന്നു. അത് എനിക്ക് അജ്ഞാതമായ വസ്തുതകള്‍ കണ്ടെത്തുന്നതിന് ധൈര്യം നല്‍കി. എന്റെ ലക്ഷ്യത്തില്‍ നിന്ന് ഏറെ അകന്നു നില്‍ക്കുമ്പോഴും അമ്മയുടെ ശ്രദ്ധ എനിക്ക് ആത്മവിശ്വാസം നല്‍കി. മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍, ധൈര്യവും പരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കണ്ടെത്തലുകള്‍ നടത്താനും ഞാന്‍ ഇഷ്ടപ്പെടുന്ന അറിവുകള്‍ നേടാനും അതെന്നെ സഹായിച്ചു. അതായിരുന്നു അമ്മ എനിക്ക് നല്‍കിയ വരം.

1976 മെയ് 1ന് അമ്മ ഇങ്ങനെ എഴുതി: ''അക്ഷരാര്‍ത്ഥത്തില്‍ ആത്മാവിന് ഇരുട്ടുപിടിച്ച രാത്രിയായിരുന്നു അത്, അപ്പോള്‍ പുലര്‍ച്ചെ ഏകദേശം മൂന്ന് മണിയായിരുന്നു''. ഞാന്‍ ആയാസപ്പെട്ട് ഉണര്‍ന്നു. അപ്പോഴും പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. സ്വപ്നത്തില്‍ തുടരാന്‍ വേണ്ടി ഞാന്‍ കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. ജയില്‍ വാതിലുകള്‍ അടയുന്ന ശബ്ദം, അപ്രത്യക്ഷമാകുന്ന പോലീസ് വാഹനം, നിശ്ചലമായ അമ്മയുടെ ഉയര്‍ത്തിപ്പിടിച്ച കൈ. പക്ഷെ അതിനെ അവിടെ അവസാനിപ്പിക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. ഞാന്‍ അമ്മയെ എനിക്കൊപ്പം കെണ്ടു വന്നു. ഞങ്ങള്‍ ഇപ്പോള്‍ ഒരു ബീച്ചില്‍ മനോഹരമായ അസ്തമയം കണ്ടുകൊണ്ട് പരസ്പരം കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. അമ്മ ശാന്തതയും മനസമാധാനവും അനുഭവിച്ചു. ഞാന്‍ സുരക്ഷിതയാണ്. എനിക്ക് എന്റെ കടം വീട്ടാന്‍ സാധിച്ചു.

പക്ഷെ നമ്മള്‍ ഇപ്പോഴും പഴയ പ്രവര്‍ത്തനങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിഴുങ്ങിക്കളയുന്ന തരത്തില്‍ ഒരു ഇരുട്ട് നമുക്ക് ചുറ്റും വ്യാപിക്കുകയും അത് നമ്മെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോള്‍ അത് സൂക്ഷ്മവും മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ളതുമാണ്. എന്നാല്‍ എല്ലായ്പ്പോഴത്തെയും പോലെ അത് നിര്‍ലജ്ജമായ വിധം സ്വേച്ഛാധിപത്യപരവുമാണ്. മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന എന്റെ ജീവിതം എന്നെ കേവലം സാക്ഷിയും കാഴ്ചക്കാരിയുമാകാന്‍ അനുവദിക്കില്ല. സാധ്യമാകുന്ന എല്ലാ വിധത്തിലും ഞാന്‍ അതിനെതിരെ പോരാടും.

(2015 ജൂണ്‍ 27ന് ദിഹിന്ദുവില്‍ പ്രസിദ്ധീകരിച്ചതിന്റെ സ്വതന്ത്ര വിവര്‍ത്തനം)

Next Story

Related Stories