TopTop
Begin typing your search above and press return to search.

ഷാര്‍ജ: സുഷമ സ്വരാജ് കുമ്മനടിക്കരുതെന്ന് സോഷ്യല്‍ മീഡിയ; കേന്ദ്രത്തെ നോക്കുകുത്തിയാക്കി കേരളത്തിന്റെ ഇടപെടല്‍

ഷാര്‍ജ: സുഷമ സ്വരാജ് കുമ്മനടിക്കരുതെന്ന് സോഷ്യല്‍ മീഡിയ; കേന്ദ്രത്തെ നോക്കുകുത്തിയാക്കി കേരളത്തിന്റെ ഇടപെടല്‍
മൂന്ന് വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും മോചിപ്പിക്കുമെന്ന് ഭരണാധികാരി ഡോ. ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുന്നത് ഇന്നലെ ഉച്ച കഴിഞ്ഞ് 2.07-ന്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രഖ്യാപിക്കുന്നത് ഇന്നലെ രാത്രി 9.10-ന്. സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച ഇപ്പോള്‍ ഇതാണ്. എങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിനെ അപ്രസക്തമാക്കിക്കൊണ്ട് കേരളം ഇക്കാര്യത്തില്‍ മുന്നേ നടന്നത് എന്നാണ് മലയാളികള്‍ അടക്കമുള്ളവര്‍ സുഷമ സ്വരാജിന്റെ പോസ്റ്റിനു താഴെ കുറിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ഷാര്‍ജ ഭരണാധികാരി ഈ തീരുമാനം പ്രഖ്യാപിച്ചത്. പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ തീരുമാനം. 149 ഇന്ത്യക്കാര്‍ക്കാണ് ഈ തീരുമാനത്തോടെ ഷാര്‍ജയിലെ ജയിലുകളില്‍ നിന്നും മോചനം ലഭിച്ചിരിക്കുന്നത്.

ക്രിമിനല്‍ അല്ലാത്ത കുറ്റകൃത്യങ്ങളില്‍ പെട്ട് മൂന്ന് വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്നാണ് പിണറായി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഗുരുതര കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശിയരെയും മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതുകൂടാതെ ജയില്‍ മോചിതരായവര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങി പോകേണ്ടതില്ലെന്നും ഷാര്‍ജയില്‍ തന്നെ തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ഷെയ്ഖ് സുല്‍ത്താന്‍ ഉറപ്പുനല്‍കുന്നു. ജയിലിലുള്ളവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് താന്‍ അഭ്യര്‍ത്ഥിച്ചത്. 'എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം, അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ ജോലി നല്‍കും' എന്നാണ് ഷെയ്ഖ് സുല്‍ത്താന്‍ പറഞ്ഞതെന്ന് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.കേരളമെന്ന കൊച്ചു പ്രദേശത്തേക്കുള്ള ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം ലോകത്തിലെ പലയിടങ്ങളിലുമുള്ള ജനങ്ങള്‍ക്കാണ് വഴിത്തിരിവായിരിക്കുന്നത്. തൊഴില്‍ തര്‍ക്കം, വിസ പ്രശ്‌നം, ചെക്ക് കേസുകള്‍ എന്നിങ്ങനെയുള്ള കേസുകളില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേരാണ് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നത്. ക്രിമിനല്‍ കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കില്ലെന്നും ഷെയ്ഖ് സുല്‍ത്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഷാര്‍ജയില്‍ മലയാളികള്‍ക്ക് ഭവന പദ്ധതിയുള്‍പ്പെടെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച് എട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും സുല്‍ത്താന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതും നികുതിയില്‍ ഇളവുനല്‍കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറയുന്നു. യുഎഇയിലെ 42 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ പകുതിയിലേറെയും മലയാളികളും. ലോകത്ത് വിവിധ രാജ്യങ്ങളിലെ ജയിലുകളിലായി 7620 ഇന്ത്യക്കാരാണ് കഴിയുന്നത്. ഇതില്‍ 56 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്കാണ് കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ഗുണം ചെയ്യുന്നത്.

ഈ തീരുമാനം കൊണ്ട് മോചിപ്പിക്കപ്പെടുന്നത് മലയാളികളോ ഇന്ത്യക്കാരോ മാത്രമല്ല, പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളാണെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. നയതന്ത്ര ചര്‍ച്ചകളുടെ തഞ്ചവും തരവും നോക്കി തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടനവധി ജനങ്ങള്‍ കാത്തിരുന്ന ഒരു തീരുമാനം നടപ്പാക്കാന്‍ നമുക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. കേരളവുമായുള്ള നൂറ്റാണ്ടുകളായുള്ള ബന്ധമാണ് ഷാര്‍ജ ഭരണാധികാരിയെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. അക്ഷരങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന ഷെയ്ഖ് സുല്‍ത്താന്‍ സംഘടിപ്പിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കേരളത്തില്‍ നിന്നുള്ള പ്രസാധകരും വര്‍ഷങ്ങളായി പങ്കെടുക്കുന്നു. മേളയുടെ അണിയറയിലും ഒട്ടനവധി മലയാളികളാണ് പങ്കെടുക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല ഇപ്പോള്‍ അദ്ദേഹത്തിന് സമ്മാനിച്ച ഡി-ലിറ്റ് പദവിയും ഇത്തരമൊരു ബന്ധത്തിന്റെ ഭാഗമാണ്. ഷാര്‍ജ പുസ്തകോത്സവത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാളും മലയാളിയുമായ മോഹന്‍ദാസ് ആണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍വകലാശലയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അത് അംഗീകരിച്ച സര്‍വകലാശാലയും സര്‍ക്കാരും അന്നത്തെ മന്ത്രി എം.കെ മുനീര്‍ വഴി സുല്‍ത്താനെ ഇക്കാര്യം ധരിപ്പിക്കുകയായിരുന്നു. സുല്‍ത്താന് കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തെ ഉപയോഗപ്പെടുത്താന്‍ സാധിച്ചതോടെയാണ് കേരള സര്‍ക്കാരിന് വളരെ നിര്‍ണായകമായ ഒരു തീരുമാനത്തില്‍ സ്വാധീന ശക്തിയാകാന്‍ സാധിച്ചത്.

സുഷമ സ്വരാജിന്റെ അറിയിപ്പ് വന്നതോടെ പിണറായിയും ഷാര്‍ജ ഭരണാധികാരിയും നില്‍ക്കുന്ന ഫോട്ടോയും പിണറായിയുടെ ഫേസ്ബുക്കിലെ അറിയിപ്പും അവിടെ പോസ്റ്റ്‌ ചെയ്യുകയായിരുന്നു മലയാളികള്‍ അടക്കമുള്ളവര്‍.പിണറായി കുമ്മനടിക്കുകയായിരുന്നു എന്ന രസകരമായ കമന്റുകളും ഇതിനിടയിലുണ്ട്.എന്നാല്‍ കേരള മുഖ്യമന്ത്രി നടത്തിയ ശ്രമത്തില്‍ കയറി സുഷമ സ്വരാജ് കുമ്മനടിക്കരുതെന്ന് വേറൊരാള്‍ അഭിപ്രായപ്പെടുന്നു.ഷാര്‍ജ ഭരണാധികാരിക്കൊപ്പമുള്ള പിണറായിയുടെ ഫോട്ടോ ചൂണ്ടിക്കാട്ടി 'ആ വെളുത്ത ഷര്‍ട്ടിട്ട ആളുടെ നടപടിയെ അപലപിക്കൂ മാഡം എന്നാണ് ഒരാള്‍ പരിഹസിക്കുന്നത്.ഇത്തരത്തിലൊരു നയതന്ത്ര വിജയം നേടിയതിന് കേരള മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണ് സുഷമ സ്വരാജ് ചെയ്യേണ്ടതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു.

അര്‍ണാബ് ഗോസ്വാമിയുടെ #arnabdidit മാതൃകയില്‍ #sushmadidit എന്ന ഹാഷ്ടാഗ് വേണമെന്ന് വേറൊരാള്‍ പരിഹസിക്കുന്നു.
Next Story

Related Stories